ഇന്ത്യൻ സ്കൂൾ മുലദ്ദ കായികമേള; യെല്ലോ ഹൗസിന് കിരീടം
മുലദ്ദ: ഇന്ത്യൻ സ്കൂൾ മുലദയുടെ 36-ാമത് വാർഷിക കായികമേളയും ഡ്രിൽ ഡിസ്പ്ലേയും സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ആവേശകരമായ മത്സരങ്ങളും വിദ്യാർഥികളുടെ വർണാഭമായ ഡ്രിൽ പ്രകടനങ്ങളും മേളക്ക് മാറ്റുകൂട്ടി. മത്സരങ്ങൾക്കൊടുവിൽ യെല്ലോ ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ബ്ലൂ ഹൗസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ പതാക ഉയർത്തി കായികമേളക്ക് തുടക്കം കുറിച്ചു. സ്പോർട്സ് ആൻഡ് കോ-കരിക്കുലർ സബ് കമ്മിറ്റി ചെയർപേഴ്സൺ ഷമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പോർട്സ് കോർഡിനേറ്റർ മൃദുല മോഹൻ റാം സ്വാഗതം പറഞ്ഞു.
വിദ്യാർഥികളുടെ മാർച്ച് പാസ്റ്റിന് ശേഷം സ്പോർട്സ് കോർഡിനേറ്റർ മുഹമ്മദ് ഷെസിൻ ഷംസുദ്ദീൻ കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിനെ വിവിധ മത്സരങ്ങളിൽ പ്രതിനിധീകരിച്ച ഇഷാൻ നഹാസ്, അഭിനന്ദ സൗമ്യ, ജിസ്നി ജോസ് എന്നിവർ ദീപശിഖ തെളിയിച്ചു.
പ്രിപ്പറേറ്ററി വിഭാഗത്തിലെ 490 വിദ്യാർഥികൾ അവതരിപ്പിച്ച ബോൾ ഡ്രിൽ, ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർഥിനികളുടെ എയറോബിക്സ്, മിഡിൽ വിഭാഗത്തിലെ 130 വിദ്യാർഥിനികളുടെ റിബൺ ഡ്രിൽ എന്നിവ ശ്രദ്ധേയമായി. 200 മീറ്റർ ഫൈനൽ, 4 x 100 മീറ്റർ റിലേ മത്സരങ്ങളും ആവേശകരമായി.
സമാപന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. നയർ ഇഖ്ബാൽ വിജയികളെ അഭിനന്ദിച്ചു. വിവിധ ഇനങ്ങളിലെ വിജയികൾക്കും വ്യക്തിഗത ചാമ്പ്യന്മാർക്കും മാർച്ച് പാസ്റ്റ് വിജയികൾക്കും ട്രോഫികൾ സമ്മാനിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ഡോ. അജീബ് പാലക്കൽ കായികമേളയുടെ സമാപനം പ്രഖ്യാപിച്ചു. സ്കൂൾ ഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.