എം. രഞ്ജിത്

അത്യുത്തര കേരളത്തിൽ സിനിമ തളിർക്കുമ്പോൾ എന്തിന് വേവലാതി?

മലയാള സിനിമാ ചിത്രീകരണം ഓരോ കാലഘട്ടങ്ങളിൽ ഓരോരോ ദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് വളർന്നു വന്നത്. പ്രേക്ഷകന് പുതുമ സമ്മാനിക്കാനാണ് വ്യത്യസ്ത സംസ്കാരങ്ങളെയും ജീവിത രീതികളെയും ഭാഷാപ്രയോഗങ്ങളെയും മാറ്റി പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ആദ്യകാലങ്ങളിൽ കോടമ്പാക്കം മാത്രമായിരുന്നു മലയാളസിനിമ ചിത്രീകരണത്തിന്‍റെ തട്ടകം. പിന്നീട് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമൊക്കെ ചേക്കേറി. മാത്രമല്ല മലയാള സിനിമ ഒരുപാട് കാലം ഈ മൂന്നു ജില്ലകളിൽ മാത്രമായി ഒതുങ്ങി. പിന്നീട് ക്യാമറക്കണ്ണുകൾ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം തുടങ്ങിയ വള്ളുവനാടൻ‍ ഗ്രാമങ്ങളിലേക്കും ആലപ്പുഴയുടെ കായൽ പരിസരങ്ങിലേക്കും ചുവടുമാറ്റി. കാലക്രമേണ അവിടെനിന്നും മാറി ഇടുക്കിയിലെ മലനിരകളെ കൂടി കൂടെകൂട്ടി. അപ്പോഴും കൊച്ചിയും തിരുവന്തപുരവും മലയാള സിനിമയുടെ കേന്ദ്രീകൃത ആസ്ഥാനാനങ്ങളായി നിലനിന്നിരുന്നു എന്നതാണ് സത്യം. സിനിമയിലേതന്നെ സാങ്കേതിക വിദ്യയുടെ വളർച്ചയും സുഗമമായ ഗതാഗത സൗകര്യങ്ങളും തന്നെയാവാം ഇതിനു പ്രധാന കാരണം.

എന്നാൽ സമീപകാലത്തായി ഇതുവരെ വളരെ വിരളമായി മാത്രം സിനിമകൾക്കു പശ്ചാത്തലമായിട്ടുള്ള അത്യുത്തരകേരളത്തിന്‍റെ മണ്ണ് മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനായി പരിണമിച്ചു. മലയാള സിനിമക്കാർ മാത്രമല്ല, തെലുങ്ക്, കന്നട, തമിഴ് സിനിമക്കാരും കണ്ണൂർ, കാസർകോട് ജില്ലകളിലെത്തി പടം പിടിച്ച് ലാഭം കൊയ്തു. (ബാഹുബലിയുടെ ഏറ്റവും നല്ല കുറേ ദൃശ്യങ്ങൾ കണ്ണൂർ കണ്ണവം വനമേഖലയുടേതാണ്). കൃത്യമായി പറഞ്ഞാൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പയ്യന്നൂർ ഭാഗങ്ങളും കാസർകോട് ജില്ലയുമാണിപ്പോൾ സംവിധായകരുടെ പ്രധാന മേച്ചിൽപ്പുറങ്ങൾ. വൈവിധ്യമാർന്ന ഭൂപ്രകൃതിയും പ്രകൃതിഭംഗി തുളുമ്പുന്ന ഗ്രാമീണതയും തൽസ്ഥലങ്ങളിലെ ജീവിത രീതികളും സംസാരശൈലിയും ഉൾകൊള്ളിച്ചു കൊണ്ടുള്ള മിക്ക സിനിമകളും പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി വിജയിച്ചു. സിനിമ സംഘങ്ങൾക് ജനങ്ങൾ നൽകുന്ന വമ്പിച്ച സ്വീകരണവും സഹകരണവും കൂടുതൽ സംവിധാകരെ ഇവിടങ്ങളിലേക്ക് അടുപ്പിക്കുന്നതിനു കാരണമായി.


ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, പ്രജേഷ് സെന്നിന്റെ ‘വെള്ളം’, ഖാലിദ് റഹ്മാന്റെ ‘ഉണ്ട’, രതീഷ് ബാലകൃഷ്ണപൊതുവാളിന്റെ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, ‘എന്നാ താൻ കേസ്‌ കൊട്’, സെന്ന ഹെഡ്ജിന്റെ ‘തിങ്കളാഴ്ച നിശ്ചയം’, നിഖിൽ മുരളിയുടെ ‘പ്രണയവിലാസം’, ഇപ്പോൾ തിയേറ്ററിൽ മുന്നേറുന്ന സുധീഷ് ഗോപിനാഥിന്റെ ‘മദനോത്സവം’ തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. വാണിജ്യ സിനിമകൾക്കു പുറമെ എൻഡോസൾഫാൻ ഇരകളെക്കുറിച്ചുള്ള ഡോ. ബിജുവിന്റെ ‘വലിയചിറകുള്ള പക്ഷികൾ’, മനോജ് കാനയുടെ ‘അമീബ’ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങളുടെയും പശ്ചാത്തലം ഇവിടങ്ങൾ തന്നെയായിരുന്നു. ഇതിലൂടെ ഒരുപാട് മികച്ച കലാകാരന്മാർക്ക് മലയാള സിനിമയിലേക്ക് കടന്നുവരാനും സാധിച്ചു. ബിഗ് ബജറ്റ് ചിത്രങ്ങൾ അടക്കം നിരവധി സിനിമകളാണ് ഇനിയും വടക്കൻ മണ്ണിന്‍റെ കഥ പറയാനൊരുങ്ങുന്നത്.

തെക്കൻ കേരളത്തിലും മദ്യകേരളത്തിലും തങ്ങി നിന്ന മലയാള സിനിമയുടെ കണ്ണ് വടക്കോട്ടെത്തിക്കുന്നതിൽ ചിലർക്കെങ്കിലും മാനസിക പ്രയാസമുണ്ട്. ഇതുവരെ അവഗണന ഏറ്റുവാങ്ങിയ കലാകാരന്മാരുടെ മുഖ്യ ധാരയിലേക്കുള്ള കടന്നുവരവ് ഇതുവരെ സിനിമ കൈയടക്കി വെച്ചവർക്ക് ഉണ്ടാക്കുന്ന അലോസരം ചെറുതല്ല. ഇതിന്‍റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

മലയാള സിനിമയിലെ രണ്ടു യുവതാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുള്ള അഭിമുഖ പരിപാടിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത് പറഞ്ഞത്, സിനിമ മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വളരെ കൂടി വരുകയാണെന്നും ഇത്തരം വസ്തുക്കളുടെ അനായാസ ലഭ്യതക്കു വേണ്ടിയാണ് മംഗലാപുരത്തിനടുത്ത് നിൽക്കുന്ന കേരളത്തിന്റെ വടക്കേ അറ്റത്തേക്ക് സിനിമാ ചിത്രീകരണങ്ങൾ പറിച്ചുനടുന്നത് -എന്നാണ്.

അങ്ങേയറ്റം നിരുത്തരവാദിത്തപരവും അപലപനീയവുമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. മാത്രമല്ല, അത്യുത്തരകേരളത്തിലെ ജനങ്ങളെ അപമാനിക്കുക കൂടിയാണ് ഈ പ്രസ്താവനയിലൂടെ രഞ്ജിത്ത് ചെയ്തത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗം നടത്തുന്നതും അതിനെതിരായ കേസുകൾ ചുമത്തപ്പെടുന്നതും അതിൽ സെലിബ്രിറ്റികൾ ഉൾപ്പെടുന്നതും മംഗലാപുരത്തിനടുത്തു നിൽക്കുന്ന കാസർകോടും കണ്ണൂരുമല്ല എന്നും, അത് കൊച്ചിയിലാണെന്നുമുള്ള സത്യം അദ്ദേഹത്തിനറിയാത്തതാണ് എന്നു വിശ്വസിക്കാൻ പ്രയാസമുണ്ട്. രഞ്ജിത്തിന്റെ പ്രസ്താവന ഇതിനോടകം വിവാദമായിട്ടുണ്ട്. പ്രസ്താവനക്കെതിരെ സിനിമാ മേഖലയിലെ തന്നെ നിരവധിപേർ രംഗത്തെത്തിക്കഴിഞ്ഞു. പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - m ranjith controversial remark about northern kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.