മോസ്കോ: അമേരിക്കൻ അഹന്തയുമായി നിരന്തരം ഏറ്റുമുട്ടിനിന്ന സോവിയറ്റ് യൂനിയൻ എന്ന 20ാം നൂറ്റാണ്ടിലെ വിശാല രാജ്യത്തിന്റെ അവസാന നേതാവായിരുന്നു മിഖായേൽ ഗോർബച്ചേവ്. തന്റെ വിശേഷണം അങ്ങനെയായിത്തീരുമെന്ന് അധികാരത്തിലെത്തുമ്പോൾ അദ്ദേഹം കരുതിയിട്ടുണ്ടാകില്ല.

ലെനിനുശേഷം സ്റ്റാലിനും പിന്നീട് സ്റ്റാലിന്റെ പിൻഗാമികളും കെട്ടിപ്പടുത്ത സോവിയറ്റ് രാഷ്ട്രത്തെ പരിഷ്കരിക്കുക എന്ന ദൗത്യമാണ് ഗോർബച്ചേവ് ഏറ്റെടുത്തത്. അതിനായി അദ്ദേഹം രണ്ട് ആശയങ്ങൾ മുന്നോട്ടുവെച്ചു. ഒന്ന്: പെരിസ്ട്രോയ്ക. രണ്ട്: ഗ്ലാസ്നോസ്ത് -പുനർനിർമാണവും തുറന്ന സമീപനവും. ലെനിൻ ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും റഷ്യയിലും വലിയ ആദരവുള്ള നേതാവാണ്. സ്റ്റാലിനെക്കുറിച്ചാണ് ഏറെയും അഭിപ്രായ ഭിന്നതകൾ. ഗോർബച്ചേവും കരുതിയിരുന്നത്, തന്റെ നൂതന ആശയങ്ങൾ വ്ലാദ്മിർ ലെനിന്റെ ആശയങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് എന്നാണ്.

ഇക്കാര്യം പെരിസ്ട്രോയിക്കയുടെ 25ാം വാർഷികത്തിൽ നൽകിയ ഒരു അഭിമുഖത്തിൽ ഗോർബച്ചേവ് പറഞ്ഞിരുന്നു. സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ കടുംപിടിത്തങ്ങൾ ഒഴിവാക്കാനും സ്വാതന്ത്ര്യത്തിന്റെ ജാലകങ്ങൾ തുറന്ന് ജീവിതം കൂടുതൽ മെച്ചപ്പെടുത്താനും സമ്പദ്‍വ്യവസ്ഥയെ കരുത്തുറ്റുതാക്കാനും തന്റെ നയങ്ങൾക്കാകുമെന്ന് അദ്ദേഹം കരുതി. എന്നാൽ, 'സ്വതന്ത്ര റിപ്പബ്ലിക്കുകളുടെ തകർക്കാനാകാത്ത സംഗമവേദി' യെന്ന സോവിയറ്റ് ഗീതത്തെ തന്നെ അർഥശൂന്യമാക്കുംവിധം ഗോർബച്ചേവിന്റെ സിദ്ധാന്തങ്ങൾ മാറി. 1991ൽ സോവിയറ്റ് യൂനിയൻ ഒരു വൻമരം പോലെ വീണു.

ഗോർബച്ചേവും എതിർപക്ഷക്കാരനായ ബോറിസ് യെൽത്സിനുമായുള്ള പ്രശ്നങ്ങളും തകർച്ചക്ക് ആക്കം കൂട്ടി. തുടർന്ന് പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ പലവിധ വംശീയ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധികളും നടമാടിയ കാലമായിരുന്നു. സ്വകാര്യ മേഖലയിൽ പുതിയ കോടീശ്വരന്മാരുണ്ടായി. അവർക്ക് ഭരണത്തിൽ കാര്യമായ സ്വാധീനം വന്നു. ചെചൻ പ്രശ്നം യുദ്ധസമാനമായി മാറി. പുടിന്റെ കാലമായപ്പോഴേക്കും നവ-യാഥാസ്ഥിതിക ദേശീയതയുടെ ഉദയവുമായി. കിർഗിസ്താനിലും ജോർജിയയിലും യുക്രെയ്നിലും പാശ്ചാത്യ അനുകൂല മുന്നേറ്റങ്ങൾ നടന്നു.

ഒടുക്കം യുക്രെയ്ൻ യുദ്ധവും. ഗോർബച്ചേവിന്റെ നഷ്ടങ്ങൾ പടിഞ്ഞാറിന്റെ നേട്ടങ്ങളാവുന്ന വിധത്തിലാണ് കാര്യങ്ങൾ സംഭവിച്ചത്. രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ഗോർബച്ചേവ് നടത്തിയ ശ്രമങ്ങളെ പിന്നീട് അദ്ദേഹത്തിന്റെ അനുകൂലികൾപോലും പിന്തുണച്ചതുമില്ല. റഷ്യൻ ഗ്രാമമായ പ്രിവോൽനോയെയിൽ 1931 മാർച്ച് രണ്ടിനാണ് ഗോർബച്ചേവിന്റെ ജനനം. റഷ്യൻ-യുക്രെയ്ൻ വേരുകളുള്ളതാണ് കുടുംബം. സ്റ്റാലിന്റെ 'ശുദ്ധീകരണ കാല'മായ 1930കളിൽ ഗോർബച്ചേവിന്റെ മുത്തച്ഛൻ ജയിലിലായിരുന്നു. ഈ മുറിവ് പാർട്ടി ഭാരവാഹിത്വത്തിൽ എത്തിയപ്പോഴും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതായി കരുതുന്നവരുണ്ട്. 15 വയസ്സായപ്പോഴേക്കും കൂട്ടുകൃഷി രംഗത്ത് അദ്ദേഹം മികവു തെളിയിച്ചു. ഇത് പാർട്ടി അംഗീകാരം ലഭിക്കാനും അതുവഴി മോസ്കോ യൂനിവേഴ്സിറ്റിയിലെ നിയമം പഠനത്തിനുമുള്ള സാഹചര്യമുണ്ടാക്കി. 1950ൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുടെ കാൻഡിഡേറ്റ് അംഗത്വം നേടി.

19ാം വയസ്സിൽ നിയമം പഠിക്കാനായാണ് ആദ്യമായി അദ്ദേഹം മോസ്കോയിലേക്ക് വരുന്നത്. ട്രെയിനിലായിരുന്നു ആ യാത്ര. 1960കളിൽ അദ്ദേഹം ജന്മനാട്ടിൽ പാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള പടവുകൾ കയറിത്തുടങ്ങി. 1971ൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. 1978ൽ ഭാര്യ റെയ്സക്കും മകൾ ഐറിനക്കുമൊപ്പം താമസം മോസ്കോയിലേക്ക് മാറ്റി. പാർട്ടി ഉന്നത സമിതിയിലിരിക്കെ പാശ്ചാത്യ രാജ്യങ്ങൾ സന്ദർശിച്ച ഗോർബച്ചേവ് അവിടുത്തെ വികസന മാതൃകകൾ കണ്ട് അമ്പരന്നു. ദശകങ്ങളായി സ്വന്തം നാട്ടിൽ കേട്ട 'ചീഞ്ഞളിഞ്ഞ മുതലാളിത്ത വ്യവസ്ഥ' അത്ര മോശമല്ലെന്ന് അദ്ദേഹത്തിന് തോന്നി.

ശീതയുദ്ധം കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അത്. സൈനിക ശക്തിക്കായി നടത്തുന്ന വൻ നിക്ഷേപങ്ങൾ സോവിയറ്റ് സമ്പദ്‍വ്യവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. രാജ്യത്തിനുള്ളിൽനിന്നുതന്നെ വിമത ശബ്ദങ്ങൾ കേട്ടുതുടങ്ങി. റോക്ക് സംഗീതമായും നിരോധിത പുസ്തകങ്ങളുടെ രഹസ്യ അച്ചടിയായും ഒരു രഹസ്യമുന്നേറ്റം രാജ്യത്ത് മുന്നേറി. ഇതിനിടെയാണ് 1985 മാർച്ച് 11ന് ഗോർബച്ചേവിനെ പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. ലിയോനിഡ് ബ്രെഷ്നേവിനും തുടർന്ന് ചെറിയ കാലം ഭരിച്ച യൂറി ആന്ത്രപ്പോവിനും കോൺസ്റ്റാന്റിൽ ചെർണെങ്കോവിനും പിന്നാലെ രാജ്യത്തിന്റെ ഗതി മാറ്റാനുള്ള ദൗത്യത്തിനുള്ള സമയം ഇതോടെ ഒരുങ്ങി. റഷ്യൻ സമ്പദ്‍വ്യവസ്ഥയും കാർഷിക രംഗവും തകർന്ന കാലമായിരുന്നു. ടോയ്‍ലറ്റ് പേപ്പറിനുപോലും ക്ഷാമമായിരുന്നു.

ചെറിയ വ്യാപാരങ്ങൾ അനുവദിക്കൽ, വിമതരെ വേട്ടയാടുന്നത് അവസാനിപ്പിക്കൽ, മാധ്യമ സെൻസറിങ് നിർത്തൽ, കലയോട് മൃദുസമീപനം തുടങ്ങിയ ഗോർബച്ചേവിന്റെ നയങ്ങൾ ജനപ്രീതി നേടിയെങ്കിലും സാമ്പത്തിക തീരുമാനങ്ങൾ വിജയം കണ്ടില്ല. എണ്ണവില തകർന്നു. പണപ്പെരുപ്പമുണ്ടായി. സർക്കാർ സ്റ്റോറുകളിൽ സാധനങ്ങൾ കിട്ടാതായി. സ്വകാര്യ കച്ചവട സ്ഥാപനങ്ങളിൽ സാധനങ്ങൾ വലിയ വിലക്ക് വിൽക്കാനും തുടങ്ങി. കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ ഐക്യമെന്ന തത്വം അദ്ദേഹം അവസാനിപ്പിച്ചു.

ഇതിന് പടിഞ്ഞാറൻ രാജ്യങ്ങളുടെ വലിയ കൈയടി കിട്ടി. 1988ൽ തന്റെ റെഡ് സ്ക്വയർ പ്രസംഗത്തിൽ യു.എസ് പ്രസിഡന്റ് റൊണാൾഡ് റീഗൻ ഇങ്ങനെ പറഞ്ഞു: 'ഞാൻ ഇനി യു.എസ്.എസ്.ആറിനെ ഒരു ചെകുത്താൻ രാഷ്ട്രമായി കാണുന്നില്ല'. 1991 ഡിസംബർ 25ന് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ക്രിസ്മസ് സമ്മാനമെന്നോണം ആ വാർത്ത കിട്ടി. ഗോർബച്ചേവ് സോവിയറ്റ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ചരിത്രം കൊണ്ടും സംസ്കാരം കൊണ്ടും വൈജാത്യങ്ങളുള്ള 15 റിപബ്ലിക്കുകളുടെ ഐക്യരൂപമായ സോവിയറ്റ് യൂനിയൻ ഇല്ലാതായതായി അദ്ദേഹം പ്രഖ്യാപിച്ചു.

Tags:    
News Summary - Gorbachev wrote an obituary for the Soviet Union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.