ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണം

ലോകത്ത് എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ഗാര്‍ഹിക തൊഴിലാളികളുടെ ആവശ്യകത വര്‍ധിക്കുകയാണ്. കോവിഡ് കാലത്തടക്കം ഏറെ നേരം ജോലി ചെയ്യുന്ന ഇക്കൂട്ടര്‍ പക്ഷെ, പല രാജ്യങ്ങളിലും തൊഴില്‍നിയമ പരിധിയില്‍ പോലും വരുന്നില്ല. ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും വിവരിക്കുകയാണിവിടെ.

ഗാര്‍ഹിക തൊഴിലാളികള്‍; പുത്തന്‍ പ്രതീക്ഷകള്‍

വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ഏകദേശം 11.5 മില്യണ്‍ പേരുണ്ട്. ഇവരില്‍ 75 ശതമാനം പേരും സ്ത്രീ തൊഴിലാളികളാണ്. വര്‍ധിച്ചുവരുന്ന ആയുര്‍ദൈര്‍ഘ്യം, കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധികള്‍, മറ്റ് തൊഴില്‍ രംഗത്ത് കൂടുതല്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നിവ ഗാര്‍ഹിക തൊഴിലാളികളുടെ ആവശ്യകത വര്‍ധിപ്പിക്കുകയാണ്.

65 വയസ്സിസ് മുകളിലുള്ളവരുടെ ജനസംഖ്യ 1990 വരെ 5% ആയിരുന്നത് 2019ല്‍ 9.1% ആയി ഉയരുകയും 2030ല്‍ 11.7% ആവുമെന്നും 2050ല്‍ ഇത്16% ത്തിനും മുകളില്‍ ആവുമെന്നും കണക്കാക്കുന്നു. ലോകത്തിലെ പല ജോലികളും ഔട്ട് സോഴ്‌സ്, ഓട്ടോമേഷന്‍ തുടങ്ങിയവ ചെയ്യുമ്പോഴും വ്യക്തിപര പരിചരണം ആവശ്യമുള്ള ഈ സേവനങ്ങള്‍ അങ്ങിനെ ചെയ്യാന്‍ സാധിക്കില്ലല്ലോ. അതുപോലെ, കോവിഡ് കാലത്ത് ശക്തമായ അണുനശീകരണം പോലുള്ളവ ഇനിയും ഏറെക്കാലം തുടരുമെന്നാണ് കണക്കാക്കുന്നത്. ഇതെല്ലാം കാണിക്കുന്നത് ലോകത്ത് ഗാര്‍ഹിക തൊഴില്‍ എന്നത് ഇപ്പോഴുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായി ശാസ്ത്രീയമായി പരിവര്‍ത്തിച്ച് മെച്ചപ്പെട്ട സേവനം പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ലോകം നീങ്ങുന്നതെന്നാണ്.

നേരിടുന്ന പ്രശ്‌നങ്ങള്‍

ഏറ്റവും അത്യാവശ്യമായതും കോവിഡ് കാലത്തടക്കം ഏറെ നേരം ജോലി ചെയ്യുന്ന ഇക്കൂട്ടര്‍ പക്ഷെ, പല രാജ്യങ്ങളിലും തൊഴില്‍ നിയമ പരിധിയില്‍ പോലും വരുന്നില്ല. ലോക തൊഴില്‍ സംഘടനയുടെ അഭിപ്രായത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ലോകാടിസ്ഥാനത്തില്‍ 3/5 പേരും യാതൊരു തൊഴില്‍ നിയമ പരിരക്ഷയും ലഭിക്കാത്തവരാണ്. എട്ട് മണിക്കൂര്‍ ജോലി എന്നത് ആഗോള നിയമമാവുമ്പോഴും ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ എഴുപത് ശതമാനത്തിന് മുകളിലും ഈ ആനുകൂല്യം ലഭ്യമല്ലെന്നും ഐ.എല്‍.ഒ വ്യക്തമാക്കുന്നു. ഇങ്ങിനെയൊക്കെ തൊഴില്‍ ചെയ്യുമ്പോഴും മറ്റ് ജോലികള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പുകുതിയിലും താഴെയാണ് ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം. ഗാര്‍ഹിക പീഡനങ്ങളും മറ്റ് ചൂഷണങ്ങള്‍ക്കും വിധേയമാവുന്ന സന്ദര്‍ഭങ്ങളും ഏറെയാണെന്നും വിലയിരുത്തുന്നു. കോവിഡ് കാലത്ത് ആരോഗ്യ പരിരക്ഷ പോലും ഇല്ലാതെ വളരെ ഏറെ നേരം തൊഴില്‍ എടുക്കേണ്ടി വരികയും ഏറെ പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

പുതുവഴികള്‍.... കെയര്‍ എക്കോണമി

ഗാര്‍ഹിക തൊഴില്‍ രംഗത്തെ ചൂഷണം അവസാനിപ്പിച്ച് മാന്യവും സുരക്ഷിതവും സാമൂഹ്യ പദ്ധതികളിലെ പങ്കാളിത്തവും ഉറപ്പ് വരുത്തുകയും അവരുടെ സേവനം ശാസ്ത്രീയമായി ലോക സാമ്പത്തിക ശാസ്ത്രത്തില്‍ ഇഴുകി ചേര്‍ക്കുകയും വികസനത്തിന് ഉപയുക്തമാക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ലോകത്ത് ജി.ഡി.പി കണക്കാക്കുമ്പോള്‍ ഈ സേവനം അടക്കം പുതിയ സംജ്ഞകള്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ ഏറെ സാമ്പത്തിക വിദഗ്ധരും വാദിക്കുന്നത്.

അമേരിക്കന്‍ മാതൃക

'പരിചരണമില്ലാതെ നിങ്ങള്‍ക്ക് ഒരു സമ്പദ്വ്യവസ്ഥ ഉണ്ടാകില്ല, പരിചരണ തൊഴിലാളികളില്ലാതെ നിങ്ങള്‍ക്ക് ഒരു സമ്പദ്വ്യവസ്ഥ വളര്‍ത്താനും കഴിയില്ല.' അമേരിക്കന്‍ തൊഴിലിടങ്ങളില്‍ കെയര്‍ എക്കോണമിക്ക് നല്‍കിയ പ്രാധാന്യത്തെക്കുറിച്ച് അമേരിക്കന്‍ ലേബര്‍ സെക്രട്ടറി മാര്‍ട്ടി വാര്‍ശിന്റെ വാക്കുകളാണിവ.

പരിചരണം നല്‍കുന്നവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വര്‍ദ്ധനവ് നല്‍കുകയും ആനുകൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തൊഴില്‍ ശക്തിയെ കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ചെയ്യും. 400 ബില്യണ്‍ ഡോളറാണ് ഈ രംഗത്ത് യു.എസ് നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. ഈ നിക്ഷേപം പ്രായമായ ബന്ധുക്കള്‍ക്കും വികലാംഗര്‍ക്കും വേണ്ടിയുള്ള ഗുണനിലവാരമുള്ള ഹോം അല്ലെങ്കില്‍ കമ്മ്യൂനിറ്റി അധിഷ്ഠിത പരിചരണത്തിലേക്കുള്ള ആക്സസ് വിപുലീകരിക്കും, അതുവഴി ഒടുവില്‍ അവര്‍ക്ക് ആവശ്യമായ ദീര്‍ഘകാല സേവനങ്ങളോ പിന്തുണയോ ലഭിക്കും. ഇതാണ് ബൈഡന്‍ ഭരണകൂടത്തിന്റെ നയമായി പ്രഖ്യാപിക്കപ്പെട്ടത്.

യൂറേപ്യന്‍ യൂനിയന്‍

ഈ രംഗത്ത് യൂറോപ്യന്‍ യൂണിയനും വ്യക്തമായ പഠനം നടത്തുകയും യൂറോപ്യന്‍ ഫണ്ടില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികള്‍ അടക്കമുള്ള ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാന്യമായ തൊഴിലും വേതനവും ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുകയാണ്.

അറബ് നാടുകള്‍

ലോക കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികളുടെ 19 ശതമാനവും അറബ് മേഖലയിലാണ്. മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകത്തിന്റെ മിക്ക ഭാഗങ്ങളിലെയും ഗാര്‍ഹിക തൊഴിലാളികള്‍ അറബ് മേഖലയില്‍ ജോലി ചെയ്യുന്നതായി കണക്കാക്കുന്നു. അറബ് മേഖലകളില്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ സമയം, വിശ്രമം, മിനിമം വേതനം, ലീവ് സാലറി, പിരിഞ്ഞ് പോവുമ്പോഴുള്ള ആനുകൂല്യങ്ങള്‍ എന്നിവയില്‍ പല നിയമങ്ങളും നിലവില്‍ വന്നു. ഖത്തര്‍, യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു. ഖത്തറില്‍ തൊഴിലാളികള്‍ക്ക് വേണ്ടി മറ്റാര്‍ക്കും തൊഴില്‍പരമായ കാര്യങ്ങളില്‍ പരാതി ബോധിപ്പിക്കാനുള്ള ചട്ടവും നിലവിലുണ്ട്.

ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്ന നാട്ടിലെ നിയമങ്ങള്‍

ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ നാട്ടില്‍ നിന്ന് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന വിഷമതകള്‍ പരിഹരിക്കുന്നതിന് നിയമപരമായും നയതന്ത്രപരമായും ഏറെ പരിശ്രമിക്കുന്നു. ഈ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്കായി ശക്തമായ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള എമിഗ്രേഷന്‍ ബില്‍ 2021 ഇത്തരം വിഷയങ്ങള്‍ കുറെക്കൂടി സമഗ്രമായി കൈകാര്യം ചെയ്യുന്നുണ്ട്.

അന്താരാഷ്ട സംഘടനാ നീക്കങ്ങള്‍

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ILO) നേതൃത്വത്തില്‍ 2011ല്‍ തന്നെ ഡൊമെസ്റ്റിക് വര്‍ക്കേഴ്‌സ് കണ്‍വെന്‍ഷന്‍ 2011 (നമ്പര്‍ 189) എന്ന പേരില്‍ പരിശ്രമം തുടങ്ങുകയും അത് ആഗോളതലത്തില്‍ ഏറെ അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുകയും ഈ കണ്‍വെന്‍ഷന്റെ ഫലമായി ലോക രാജ്യങ്ങള്‍ പരിമിതമായെങ്കിലും നിയമനിര്‍മ്മാണങ്ങള്‍ക്ക് തയാറാകുകയും ചെയ്തു.

അതുപോലെ, യു.എന്‍ കൊണ്ടുവന്നതും 164 രാജ്യങ്ങള്‍ അംഗീകരിച്ചതുമായ 2018ലെ ഗ്ലോബല്‍ കോംപാക്റ്റ് ഫോര്‍ മൈഗ്രേഷന്‍ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷിതവും നിയമപരവും അനസ്യൂത്യവുമായ കുടിയേറ്റം ഉറപ്പ് വരുത്തുന്നതിനായി ധാരാളം വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചത്.

ഇന്ത്യക്ക് വേണ്ടത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്ന സംവിധാനം ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിയമപരവും ചിലവ് കുറഞ്ഞതും ചൂഷണ മുക്തവുമാക്കാന്‍ സഹായിക്കും.

ഏജന്റുമാരാല്‍ വഞ്ചിക്കപ്പെടുന്നവരും നിയമപരിരക്ഷ ലഭിക്കാന്‍ പ്രയാസമുള്ളതിനാലും ധാരാളം പേര്‍ ഈ തൊഴില്‍ മേഖലയിലേക്ക് വരാന്‍ താത്പര്യപ്പെടുന്നില്ല. ബോര്‍ഡ് രൂപീകരണം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അതിലുപരി ഓരോ രാജ്യത്തേയും പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ച് അതിനനുസൃതമായ പരിശീലനങ്ങള്‍ നല്‍കി ഈ തൊഴില്‍ വിപണിയില്‍ ഇന്ത്യന്‍ പങ്കാളിത്തം ഉയര്‍ത്തി കൊണ്ടുവരാനും സാധിക്കും.

Tags:    
News Summary - Malayalam article about domestic workers issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.