പി.സി ജോർജ്, ഇൻഡിഗോ, ശബരിനാഥൻ; തോൽവി തുടർക്കഥ, ആഭ്യന്തരവകുപ്പിന് ഇതെന്തുപറ്റി

പിണറായി വിജയൻ സർക്കാറിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച് ആദ്യകാലം മുതൽക്കുതന്നെ വ്യാപക പരാതികൾ ഉയർന്നിരുന്നു. ചില കേസുകൾ പൊലീസ് കൈകാര്യം ചെയ്യുന്നതിൽ കാട്ടുന്ന അമിത താൽപര്യവും സംഘ്പരിവാർ-ബി.ജെ.പി കേസുകളോട് കാണിക്കുന്ന മൃദു സമീപനവും പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. മുൻ എം.എൽ.എ പി.സി ​ജോർജിനെ കൃത്യമായ കാരണങ്ങളുണ്ടായിട്ടും അറസ്റ്റ് വൈകിച്ചതും ഒടുവിൽ നാടകീയ അറസ്റ്റ് ചെയ്തതിലും തുടങ്ങുന്നു അടുത്തിടെയുണ്ടായ പൊലീസിന്റെ വീഴ്ച.

ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും അമിതോത്സാഹത്തിന് കിട്ടിയ തിരിച്ചടികളിൽ ഒടുവിലത്തേതാണ് കോൺഗ്രസ് മുൻ എം.എൽ.എ കെ.എസ്.ശബരീനാഥനു ലഭിച്ച ജാമ്യം. ആഭ്യന്തര വകുപ്പിന്റെ മാറുന്ന പ്രവർത്തനശൈലി ഗുണത്തെക്കാൾ ദോഷമെന്നു ചിന്തിക്കുന്ന ഒരു വിഭാഗം സി.പി.എം നേതൃത്വത്തിൽ തന്നെയുണ്ട്. എന്നാൽ, മുഖ്യമന്ത്രിയോടുള്ള ഭയം കാരണം അത് തുറന്നുപറയാൻ നേതാക്കൾ തയ്യാറാകുന്നില്ല എന്ന് മാത്രം.

പുത്തലത്ത് ദിനേശന് പകരം പി. ശശി മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി വന്നതിന് ശേഷമാണ് ഈ ദുരന്തങ്ങളുടെ തുടക്കമെന്നാണ് പാർട്ടിയിൽതന്നെയുള്ള സംസാരം. പി. ശശിയുടെ നിയമനം തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാക്കൾ പരിഹാസ രൂപേണ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പുതിയ അമിതാധികാര ശക്തികൾ എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ദേശിച്ചതും ശശിയെ തന്നെ.

സ്വപ്ന സുരേഷിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതികളിൽ ഒരാളുമായ സരിത്തിനെ തിരക്കിട്ട് വിജിലൻസ് കസ്റ്റഡിയിൽ എടുത്തതു മുതലാണ് വകുപ്പിന്റെ പ്രവർത്തനത്തിലെ മാറ്റം പ്രകടമായത്. വിജിലൻസിന്റെ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയെ വിവരക്കേടായാണു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശേഷിപ്പിച്ചത്.

മുൻ എം.എൽ.എ പി.സി.ജോർജിന്റെ രണ്ട് അറസ്റ്റുകൾ ഇതിനു ശേഷം വാർത്തകളിൽ ഇടംപിടിച്ചു. വിവാദ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ ജോർജിനെ അതുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം സരിത നായരുടെ പരാതിയുടെ പേരിൽ പൊലീസ് ലൈംഗിക പീഡനത്തിന് അറസ്റ്റ് ചെയ്തെങ്കിലും രാത്രി തന്നെ ജാമ്യം ലഭിച്ചു.

ശബരീനാഥന്റെ കാര്യത്തിലും സമാനമായ രീതിയിലാണു കാര്യങ്ങളുണ്ടായത്. മുൻകൂർ ജാമ്യാപേക്ഷയെ മറികടക്കാനുളള അടവ് പൊലീസ് ഉപയോഗിച്ചെന്ന ആരോപണം ശക്തം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. എന്നിട്ടും ശബരിക്കു ജാമ്യം നിഷേധിക്കാൻ സാധ്യമായ എല്ലാ ശ്രമവും പൊലീസ് നടത്തിയത് കോടതി തളളി.

സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിന് നേരെ പടക്കംപോലെയുള്ള സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടന്നിട്ട് ആഴ്ചകൾ പിന്നിട്ടും പ്രതിയെ തിരിച്ചറിയാനോ പിടികൂടാനോ ഇതുവരെ പൊലീസിന് ആയിട്ടില്ല. 

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് യാത്രാ വിലക്കു പ്രഖ്യാപിച്ച ഇൻഡിഗോ കമ്പനിക്കെതിരെ സർക്കാരിന്റെ പ്രതികാര ശൈലി പ്രകടമായതും ചർച്ചയായിട്ടുണ്ട്. നികുതി അടച്ചില്ലെന്ന പേരിൽ അവരുടെ ബസ് കോഴിക്കോട്ട് പിടിച്ചെടുക്കുകയായിരുന്നു. ഇതിൽ രാഷ്ട്രീയം ഇല്ലെന്നാണ് ട്രാൻസ്‍പോർട്ട് വകുപ്പ് പറയുന്നത്.

ഇത് സംബന്ധിച്ച് വ്യാപക ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. ബി.ജെ.പിയെ പോലെയും ഉത്തർ പ്രദേശിലെ യോഗി സർക്കാറിനെ പോലെയും പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് പിണറായി സർക്കാർ എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. മുൻ മന്ത്രി എം.എം മണി അടുത്തിടെ ​കെ.കെ രമ എം.എൽ.എക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിലും സി.പി.എം ശക്തമായി ഒറ്റപ്പെട്ടിരുന്നു. 

Tags:    
News Summary - continous setback for pinarayi and cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.