വലതുപക്ഷത്തെ എങ്ങനെ നേരിടാം? ഇന്ത്യൻ പ്രതിപക്ഷത്തിന് നാല് പാഠങ്ങൾ

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയേറ്റു. ഡെമോക്രാറ്റിക് പാർട്ടി സെനറ്റിലും ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം ഉറപ്പിച്ചു. ബ്രസീലിലാകട്ടെ, ഇടതുപക്ഷ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവ, തീവ്രവലതുപക്ഷ സ്ഥാനാർഥി ഫ്ലാവിയോ ബോൾസനാരോക്കെതിരായ രണ്ടാംഘട്ട പോരാട്ടത്തിൽ ആദ്യഘട്ടത്തിലെ പിന്നോക്കാവസ്ഥ മറികടന്ന് വിജയിച്ചു. സെർബിയയിൽ ശക്തനായ ഭരണാധികാരി അലക്സാണ്ടർ വുചിച്ചിന്റെ പതിനാല് വർഷത്തെ ഭരണത്തിന് വിരാമമിട്ട്, രാജ്യത്ത് അഴിമതിക്കെതിരായ പ്രക്ഷോഭങ്ങളിൽനിന്ന് ഉയർന്നുവന്ന വിദ്യാർഥി കൂട്ടായ്മ വിജയം നേടി. ഈ രാജ്യങ്ങളുടെ രാഷ്ട്രീയ സംവിധാനങ്ങളിൽ പ്രകടമായ വ്യത്യാസങ്ങളുള്ളതിനാൽ ഇന്ത്യയുമായി നേർക്കുനേർ താരതമ്യം ചെയ്യുന്നത് പൂർണമായി സാധ്യമല്ല. ബ്രസീലിൽ ആനുപാതിക പ്രാതിനിധ്യമുള്ള പ്രസിഡൻഷ്യൽ രീതിയാണ്, സെർബിയയിൽ ആനുപാതിക പ്രാതിനിധ്യം കലർന്ന പാർലമെന്ററി സമ്പ്രദായവും;യു.എസ് സെനറ്റിലാകട്ടെ സംസ്ഥാനം മുഴുവൻ ഒരുമിച്ചാണ് വോട്ട് ചെയ്യുന്നത്. എന്നാൽ, ഈ വ്യത്യാസങ്ങൾക്കിടയിലും സ്വയംഭരണ സ്ഥാപനങ്ങൾ ദുർബലപ്പെടുന്നത്, കോർപറേറ്റ് പ്രമാണിമാരുമായുള്ള സർക്കാറിന്റെ ഒത്തുകളി, മണ്ഡല പുനർനിർണയത്തിലെ പക്ഷപാതം, ന്യൂനപക്ഷങ്ങളുടെയും ദരിദ്രരുടെയും വോട്ടവകാശം ലക്ഷ്യമിട്ടുള്ള ഔദ്യോഗിക നടപടികൾ, വിദ്വേഷ രാഷ്ട്രീയം, മാധ്യമങ്ങളിൽ വലതുപക്ഷത്തിന്റെ സ്വാധീനം എന്നിങ്ങനെ ഒരുപാട് സമാനതകളുണ്ട്. രാഷ്ട്രീയ ഘടന എന്തുതന്നെയായാലും വോട്ടർമാരെ ബോധ്യപ്പെടുത്തുക, സാമൂഹിക സഖ്യങ്ങൾ രൂപീകരിക്കുക എന്ന അടിസ്ഥാന ലക്ഷ്യം എല്ലാ തെരഞ്ഞെടുപ്പിലും ഒന്നുതന്നെയാണ്. വലതുപക്ഷ ജനപ്രിയവാദികളെ തോൽപിക്കാൻ ഇന്ത്യൻ പ്രതിപക്ഷത്തിന് മുന്നിലുള്ള നാല് പ്രധാന പാഠങ്ങൾ ഇവയാണ്:

സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധവെക്കുക

വിദ്വേഷത്തെയും പ്രത്യയശാസ്ത്രത്തെയും പാർട്ടി കൂറുകളെയും മറികടക്കാൻ ഉപജീവന പ്രശ്നങ്ങൾക്ക് കഴിയുമെന്ന് യു.എസ് ഫലങ്ങൾ തെളിയിച്ചു. ടെക്സസ്, കൻസാസ്, സൗത്ത് കരോലിന തുടങ്ങിയ കടുത്ത റിപ്പബ്ലിക്കൻ സ്വാധീന മേഖലകളിൽ ഡെമോക്രാറ്റുകൾ നേടിയ വിജയം ഇതിന് ഉദാഹരണമാണ്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ റിപ്പബ്ലിക്കൻമാർക്ക് വലിയ വോട്ട് ചോർച്ചയുണ്ടായി. വിദേശ യുദ്ധങ്ങളുണ്ടാകില്ലെന്ന വാഗ്ദാനം തെറ്റിച്ച് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇറാനെ ആക്രമിച്ചതും, അതിന്റെ ഫലമായി ഹോർമുസ് കടലിടുക്ക് ഉപരോധിക്കപ്പെട്ട് എണ്ണവിലയും അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയർന്നതും റിപ്പബ്ലിക്കൻമാർക്ക് തിരിച്ചടിയായി. സാംസ്കാരിക തർക്കങ്ങളിൽ കുടുങ്ങാതെ സാമ്പത്തിക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഡെമോക്രാറ്റ് സ്ഥാനാർഥികൾ വലിയ മുന്നേറ്റമുണ്ടാക്കി. അഭിപ്രായ സർവേകൾ പ്രകാരം 39 മുതൽ 50 ശതമാനം വരെ അമേരിക്കക്കാർ സമ്പദ്‌വ്യവസ്ഥയെ പ്രധാന വിഷയമായി ഉയർത്തിക്കാട്ടി. ഇന്ത്യയിലെ അവസ്ഥയും സമാനമാണ്. 2026 ആഗസ്റ്റിലെ ജനവികാരം സംബന്ധിച്ച സർവേ പ്രകാരം അമ്പത് ശതമാനത്തിലധികം പേരും പ്രധാന ആശങ്കയായി പറഞ്ഞത് സാമ്പത്തിക വിഷയങ്ങളാണ്. വിലക്കയറ്റം 23 ശതമാനം, തൊഴിലില്ലായ്മ 16 ശതമാനം, സാമ്പത്തിക വളർച്ച 14 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.

ബ്രസീലിലും, രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ലുല സാധാരണക്കാരുടെ സാമ്പത്തിക ദുരിതങ്ങൾ പരിഹരിക്കാൻ വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. കുറഞ്ഞ വരുമാനക്കാർക്കുള്ള സാമ്പത്തിക സഹായത്തിൽ 15 ശതമാനം വർധന, ആഴ്ചയിലെ പ്രവൃത്തിദിനങ്ങൾ ആറിൽനിന്ന് അഞ്ചാക്കൽ, ദേശീയ കടാശ്വാസ പദ്ധതി, ചെറുകിട ബിസിനസുകൾക്കുള്ള പാക്കേജുകൾ എന്നിവ നടപ്പാക്കി. എന്നാൽ, ഇന്ത്യയിൽ കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എൻ.ഡി.എ ഭരിക്കുന്നതിനാൽ ഇത്തരം തെരഞ്ഞെടുപ്പ് മുൻകൂർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ അവർക്കാണ് കൂടുതൽ സാധ്യത. എന്നിരുന്നാലും, ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര അജണ്ടയെ പ്രതിരോധിക്കാൻ സാമ്പത്തിക വിഷയങ്ങളിൽ ഊന്നിയ പ്രചാരണത്തിന് സാധിക്കും.

അടിത്തട്ടിലെ കരുത്തും ജനകീയ പ്രക്ഷോഭങ്ങളും

തൊഴിലാളി സംഘടനകൾ, വിദ്യാർഥി പ്രസ്ഥാനങ്ങൾ, പരിസ്ഥിതി കൂട്ടായ്മകൾ എന്നിവ ഉൾപ്പെട്ട അടിത്തട്ടിലെ പ്രചാരണമാണ് ബ്രസീലിൽ ലുലയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. യു.എസിൽ അധികാരാധിപത്യത്തിനെതിരായ ജനകീയ പ്രതിഷേധം വോട്ടർമാരെ സംഘടിപ്പിക്കുന്ന പ്രസ്ഥാനമായി മാറി ഡെമോക്രാറ്റുകളെ സഹായിച്ചു.

തെരുവ് പ്രക്ഷോഭം എങ്ങനെ ഒരു വലതുപക്ഷ സർക്കാറിനെ താഴെയിറക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സെർബിയയിൽ കണ്ടത്. 2024 നവംബറിൽ നോവി സാദിലെ റെയിൽവേ സ്റ്റേഷൻ മേൽക്കൂര തകർന്ന് 16 പേർ മരിച്ചതിനെ തുടർന്ന് വിദ്യാർഥികൾ തുടങ്ങിയ അഴിമതിവിരുദ്ധ പ്രക്ഷോഭം പിന്നീട് പൊതുജനങ്ങളിലേക്കും പടർന്നു. തുടർച്ചയായി നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ അവർ പ്രത്യേക രാഷ്ട്രീയ കൂട്ടായ്മയുണ്ടാക്കി. പ്രധാന പ്രതിപക്ഷ പാർട്ടികൾ ഇവരെ പിന്തുണച്ച് സ്ഥാനാർഥികളെ പിൻവലിച്ചതും വിജയത്തിന് വഴിയൊരുക്കി.

ഇന്ത്യയിൽ കർഷക, തൊഴിലാളി സംഘടനകളോടും മറ്റ് പൗരസമൂഹ കൂട്ടായ്മകളോടും പ്രതിപക്ഷ മുന്നണി എങ്ങനെ പ്രതികരിക്കും എന്നത് നിർണായകമാണ്. മുൻപ് ഗുജറാത്തിലും അസമിലും മറ്റും പ്രക്ഷോഭ നേതാക്കളെ കോൺഗ്രസ് ഒപ്പം ചേർത്തിട്ടുണ്ടെങ്കിലും വലിയൊരു പൗരസമൂഹ കൂട്ടായ്മ ഇനിയും ആവശ്യമാണ്.

കൃത്യമായ രാഷ്ട്രീയ ആശയവിനിമയം

രാഷ്ട്രീയ സംവാദങ്ങളെയും അജണ്ടകളെയും സാംസ്കാരിക, സ്വത്വ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിടാനുള്ള വലതുപക്ഷസാമർഥ്യത്തെ വ്യക്തവും സ്ഥിരതയുള്ളതുമായ ആശയവിനിമയത്തിലൂടെ പൊളിച്ചടുക്കാനാവണം.

മിഷിഗണിൽനിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ അൽ സെയ്ദ്, റിപ്പബ്ലിക്കൻമാരുടെ വിദ്വേഷ പ്രചാരണത്തെ മറികടന്നത് തന്റെ ഉറച്ച നിലപാടിലൂടെയാണ്: “രാഷ്ട്രീയത്തിൽനിന്ന് പണത്തെ പുറത്താക്കുക; നിങ്ങളുടെ പോക്കറ്റിൽ പണം എത്തിക്കുക; എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക.”

ബ്രസീലിൽ ലുലയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയ സാമൂഹികമാധ്യമ കൂട്ടായ്മ മികച്ച ഡിജിറ്റൽ ആശയവിനിമയത്തിന് ഉദാഹരണമാണ്. പടയാളികൾ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവർത്തകരാണ് ദിവസേന പ്രചാരണ ദൗത്യങ്ങൾ നിർവഹിച്ചത്. അവർ എതിരാളികളുടെ വിദ്വേഷ ഉള്ളടക്കങ്ങളോട് പ്രതികരിച്ച് സമയം കളയാതെ, ലുലയുടെ പദ്ധതികളും പ്രസംഗങ്ങളും പോസിറ്റീവായ ട്രോളുകളും പരിഹാസചിത്രങ്ങളുമായി സന്തോഷകരമായൊരു ഉത്സവ അന്തരീക്ഷം സൃഷ്ടിച്ച് പ്രചരിപ്പിച്ചു.

എതിർപക്ഷ വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലുക

സ്വന്തം അനുഭാവികളെ ഒരുമിപ്പിച്ചു നിർത്തുന്നതിനൊപ്പം തന്നെ എതിർപക്ഷത്തിന്റെ സ്വാധീനമേഖലകളിൽ കടന്നുചെല്ലാനും ഡെമോക്രാറ്റുകൾ ശ്രമിച്ചു. മിസിസിപ്പിയിൽ ഡെമോക്രാറ്റ് സ്ഥാനാർഥി സ്കോട്ട് കൊളോം, ട്രംപ് അനുകൂല റാലികളിൽ നേരിട്ടെത്തി വോട്ട് അഭ്യർഥിച്ചു. കൻസാസിൽ പ്രമുഖ സഭാ പാസ്റ്ററായ ആദം ഹാമിൽട്ടണെ സ്ഥാനാർഥിയാക്കി 94 വർഷങ്ങൾക്ക് ശേഷം ഡെമോക്രാറ്റുകൾ സീറ്റ് തിരിച്ചുപിടിച്ചു. വലതുപക്ഷ വോട്ടർമാരെല്ലാം ഒരേപോലെയല്ലെന്നും അവരിൽ ഒരു വിഭാഗത്തോട് സംവദിക്കാൻ ഇടമുണ്ടെന്നുമുള്ള തിരിച്ചറിവാണ് ഇതിൽ പ്രധാനം. ഇത് വോട്ടർമാരുടെ ധ്രുവീകരണം കുറയ്ക്കാൻ സഹായിച്ചു. ബങ്കീപൂർ, ദാതിയ തുടങ്ങിയ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ അവർക്കുണ്ടായ പരാജയങ്ങൾ ഇന്ത്യയിലും ഇത്തരം വോട്ടർമാരെ മാറ്റിയെടുക്കാൻ കഴിയുമെന്നതിന്റെ സൂചനയാണ്.

വ്യത്യസ്തമാണ് ഇന്ത്യയിലെ സാഹചര്യം

ഈ മൂന്ന് രാജ്യങ്ങളും ഇന്ത്യയും തമ്മിൽ ഘടനാപരമായ വലിയ വ്യത്യാസങ്ങളുണ്ട്: അടിത്തറയിലെ സന്തുലിതാവസ്ഥയാണ് ഇതിൽ പ്രധാനം. യു.എസിലും ബ്രസീലിലും ഇരുപക്ഷങ്ങൾക്കും ഏതാണ്ട് തുല്യമായ വോട്ടുബാങ്കും വിഭവങ്ങളുമുണ്ട്. എന്നാൽ, ഇന്ത്യയിൽ ബി.ജെ.പിയുടെ അടിസ്ഥാന വോട്ടുബാങ്ക് കോൺഗ്രസിനേക്കാൾ വളരെ വലുതാണ്. 2024ൽ ബി.ജെ.പിക്ക് 37 ശതമാനം വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് 21 ശതമാനം മാത്രമാണ് ലഭിച്ചത്. കൂടാതെ, മറ്റെല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ആകെ ഫണ്ടിനേക്കാൾ കൂടുതൽ സാമ്പത്തിക വിഭവങ്ങൾ ബി.ജെ.പിക്കുണ്ട്.

സാമൂഹിക മുൻവിധികളിലെ അന്തരവും വലുതാണ്. മിഷിഗണിൽ മുസ്‌ലിം ജനസംഖ്യ അഞ്ച് ശതമാനത്തിൽ താഴെയായിട്ടും അബ്ദുൽ അൽ സെയ്ദ് അമ്പത് ശതമാനത്തിലധികം വോട്ട് നേടി യു.എസിലെ ആദ്യ മുസ്‌ലിം സെനറ്ററായി. അദ്ദേഹത്തിന് വോട്ട് ചെയ്തവരിൽ 90 ശതമാനവും മുസ്‌ലിം ഇതര വോട്ടർമാരായിരുന്നു. ക്രൈസ്തവ, യഹൂദ വിഭാഗങ്ങൾ അദ്ദേഹത്തിന് വേണ്ടി രംഗത്തിറങ്ങി. എന്നാൽ, സമാനമായ ജനസംഖ്യാ അനുപാതമുള്ള ഒരു ഇന്ത്യൻ മണ്ഡലത്തിൽ ഒരു മുസ്‌ലിം സ്ഥാനാർഥി ജയിക്കുക എന്നത് ഇന്നത്തെ സാമൂഹിക യാഥാർഥ്യത്തിൽ അചിന്തനീയമാണ്. കാരണം, ഇന്ത്യയിൽ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയേക്കാൾ ചെറുതാണ്.

അമേരിക്കയിലെയോ ബ്രസീലിലെയോ വലതുപക്ഷത്തേക്കാൾ സാമൂഹികാധിപത്യം ഇന്ത്യയിൽ ഹിന്ദുത്വത്തിനുണ്ട്. ഇതിനെ മറികടക്കാൻ സെർബിയൻ മാതൃക ചില സൂചനകൾ നൽകുന്നുണ്ട്. സെർബിയയിലെ വിദ്യാർഥി കൂട്ടായ്മ വുചിച്ചിനെതിരെ പോരാടുമ്പോഴും അവിടുത്തെ ഭൂരിപക്ഷ വികാരങ്ങളെ തള്ളിക്കളഞ്ഞില്ല; റഷ്യയുമായുള്ള ബന്ധവും സെർബിയൻ ഓർത്തഡോക്സ് സഭയുമായുള്ള അടുപ്പവും അവർ നിലനിർത്തി. ഇന്ത്യയിൽ കോക്രോച്ച് ജനതാ പാർട്ടിയും ആം ആദ്മി പാർട്ടിയും സെർബിയൻ ശൈലിയോട് അടുത്താണ് നിൽക്കുന്നത്. അതേസമയം കോൺഗ്രസും ഇടതുപക്ഷവും പ്രതിനിധീകരിക്കുന്നത് ബ്രസീൽ, യു.എസ് മാതൃകയെയാണ്. ഈ വിശകലനങ്ങൾ കേവലം സിദ്ധാന്തങ്ങൾ മാത്രമല്ല. അന്താരാഷ്ട്ര തലത്തിൽ ഇത്തരം രാഷ്ട്രീയ സഹകരണങ്ങൾ സജീവമാണ്. ഹൈദരാബാദിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ഉച്ചകോടിയിൽ ലോകത്തിന്റെ പല കോണുകളിൽ നിന്നായി അമ്പതിലധികം പുരോഗമന പ്രസ്ഥാനങ്ങൾ പങ്കെടുക്കുന്നുണ്ട്. അതിൽ ഒരു പ്രധാന പ്രതിനിധി സംഘം എത്തുന്നത് ബ്രസീലിൽനിന്നാണ്.

(Thequint.com പൊളിറ്റിക്കൽ എഡിറ്ററായ ലേഖകൻ എഴുതിയ ദീർഘലേഖനത്തിന്റെ സംഗ്രഹ വിവർത്തനം)


Tags:    
News Summary - Indian Opposition Right Lessons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.