ഇന്ത്യയുടെ വെളിച്ചം ഊതിക്കെടുത്തുന്നവർ

വിവാദങ്ങൾക്ക് ഒരുകാലത്തും പഞ്ഞമില്ലാത്ത മുംബൈ നഗരത്തിലെ പുതിയ വിവാദം പരിസ്ഥിതിസൗഹൃദ ദീപാവലി ആഘോഷം പ്രോത്സാഹിപ്പിക്കാനായി, ബോംബെ ഹൈകോടതിയുടെ നിർദേശപ്രകാരം സിനിമ, കായിക താരങ്ങളെ പങ്കെടുപ്പിച്ച് മുംബൈ നഗരസഭ (ബി.എം.സി) പുറത്തിറക്കിയ വിഡിയോകളിലൊന്നാണ്. ബോളിവുഡ് നടിമാരായ മാധുരി ദീക്ഷിത്, ദിയ മിർസ, നിഷിഗന്ധ വാഡ്, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ എന്നിവരെ അണിനിരത്തി ബി.എം.സി കമീഷണർ അശ്വിനി ഭിഡെയുടെ മേൽനോട്ടത്തിലാണ് വിഡിയോ സന്ദേശങ്ങൾ പുറത്തിറക്കിയത്.

വായുമലിനീകരണം തടയാനും വായുഗുണമേന്മ നിലനിർത്താനും ലക്ഷ്യമിട്ട് പൊതുവിടങ്ങളിൽ പടക്കം പൊട്ടിക്കരുതെന്ന സന്ദേശമാണ് പ്രചരിപ്പിക്കാൻ ശ്രമിച്ചത്. മുംബൈ നഗരത്തിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെ ബോംബെ ഹൈകോടതി മുന്നോട്ടുവെച്ച നിർദേശം ബി.എം.സി നടപ്പാക്കിയതാണ്. അതിൽ ദിയ മിർസയെ ഉൾപ്പെടുത്തിയതിനെതിരെ ബി.ജെ.പിയും ഷിൻഡെ പക്ഷ ശിവസേനയും രൂക്ഷവിമർശനവുമായി രംഗത്തെത്തി. പിന്നാലെ മുംബൈ നഗരസഭയുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽനിന്ന് ആ വിഡിയോ നീക്കം ചെയ്യപ്പെടുകയും ചെയ്തു.

‘‘ആഘോഷനാളുകൾ വന്നണഞ്ഞു, ദീപാവലിയുടെ സന്തോഷങ്ങൾ കൊണ്ടാടുമ്പോൾ നമ്മൾ പരിസ്ഥിതിയെയും ആരോഗ്യത്തെയും കൂടി പരിഗണിക്കണം. പടക്കങ്ങളിൽനിന്നുണ്ടാകുന്ന ശബ്ദവും പുകയും സൃഷ്ടിക്കുന്ന വായുമലിനീകരണം ഏവർക്കും ഹാനികരമാണ്. ദീപാവലി ശബ്ദഘോഷങ്ങൾ കൊണ്ടല്ല, സന്തോഷം കൊണ്ട് ആഘോഷിക്കണമെന്ന് നിങ്ങളോരോരുത്തരോടും ഞാൻ അഭ്യർഥിക്കുന്നു, ഏവർക്കും ഹൃദയംഗമമായ ദീപാവലി ആശംസകൾ’’ – 18 സെക്കൻഡ് ദൈർഘ്യമുള്ള ആ വിഡിയോയിൽ അവർ പറഞ്ഞത് ഇതുമാത്രമായിരുന്നു. അതോടെ, ഇന്ത്യൻ സംസ്കാരത്തിന്റെ കുത്തകക്കാർ ഇളകി. ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് ദിയ മിർസയിൽനിന്ന് പഠിക്കേണ്ട ഗതികേടൊന്നും ഞങ്ങൾക്കില്ലെന്ന് പ്രഖ്യാപിച്ച ബി.ജെ.പി മുംബൈ ഘടകം പ്രസിഡന്റ് അമിത് സാതം, ദിയ മിർസ തുക്‌ഡെ തുക്‌ഡെ സംഘത്തിൽപ്പെട്ട രാജ്യവിരുദ്ധയാണെന്നും ആക്ഷേപിച്ചു.

ബി.എം.സി മേയറായ ബി.ജെ.പി നേതാവ് റിതു താവ്ഡെയും സമാന അഭിപ്രായം പ്രകടിപ്പിച്ചു. ഹിന്ദു ആചാരങ്ങളെയും ആഘോഷങ്ങളെയും വിമർശിക്കുന്ന ദിയ മുസ്‌ലിം ആഘോഷവേളകളിൽ മൗനം പാലിക്കുകയാണെന്നും സംഘ്പരിവാർ സോഷ്യൽ മീഡിയയും ഗോദി മീഡിയയും വഴി പ്രചരിപ്പിച്ചു. യഥാർഥത്തിൽ ദിയ പറഞ്ഞ വാക്കുകളല്ല, അവരുടെ സ്വത്വമാണ് സംഘ്പരിവാറിന്റെ രോഷത്തിന് കാരണം.

ജർമൻ ഡിസൈനറും ആർക്കിടെക്റ്റുമായ ഫ്രാങ്ക് ഹെൻഡ്രിച്ചും ബംഗാളി വംശജയായ ഡിസൈനർ ദീപയുമാണ് ദിയയുടെ മാതാപിതാക്കൾ. മകൾക്ക് നാലര വയസ്സുള്ളപ്പോൾ ഇവർ വേർപിരിഞ്ഞു. പിന്നീട് ഹൈദരാബാദ് സ്വദേശി അഹ്‌മദ് മിർസയെ ദീപ വിവാഹം ചെയ്തു. ഏറെ സ്നേഹവാത്സല്യങ്ങൾ നൽകി വളർത്തിയ രണ്ടാനച്ഛന്റെ കുടുംബപ്പേരാണ് ദിയ തന്റെ പേരിനൊപ്പം ചേർത്തത്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പദ്ധതികളുടെ ഗുഡ്‌വിൽ അംബാസഡറും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അഡ്വക്കറ്റുമായ അവർ പ്ലാസ്റ്റിക് മലിനീകരണത്തിനും വായുമലിനീകരണത്തിനുമെതിരെ ലഭിക്കുന്ന വേദികളിലെല്ലാം ശബ്ദമുയർത്താറുമുണ്ട്. തനിക്ക് മതമില്ലെന്നും മാനവിക മൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും പ്രഖ്യാപിച്ച് മതപരമായ സ്വത്വത്തെ മാറ്റിവെച്ച വ്യക്തിയാണ് ദിയ എന്നതും സംഘ്പരിവാറിന് വിദ്വേഷ കാമ്പയിൻ നടത്തുന്നതിന് തടസമായില്ല.

എന്നാൽ, വിഷയത്തിൽ സ്വമേധയാ ഇടപെട്ട ബോംബെ ഹൈകോടതി, ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും എല്ലാവരെയും ചേർത്തുപിടിക്കലാണ് ആഘോഷങ്ങളുടെ അന്തസ്സത്തയെന്നും ഓർമിപ്പിച്ചു. ഏതാനും നേതാക്കളുടെ വിമർശനത്തിന് വഴങ്ങി വിഡിയോ പിൻവലിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് ഗിരീഷ് എസ്. കുൽക്കർണി, ജസ്റ്റിസ് നീല കെ. ഗോഖലെ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്, വിഡിയോ പുനഃസ്ഥാപിക്കണമെന്നും ഉത്തരവിട്ടു. ദിയ മിർസയെപ്പോലൊരാളെ ഇതിനായി തിരഞ്ഞെടുത്തതിന് ബി.എം.സി കമീഷണർ അശ്വിനി ഭിഡെയെ കോടതി അഭിനന്ദിക്കുകയും ചെയ്തു. പ്രകൃതിസൗഹൃദ ആഘോഷം ലക്ഷ്യമിട്ടുള്ള വിഡിയോ പ്രചാരണത്തിന് മറ്റൊരു നിറം നൽകിയത് നിർഭാഗ്യകരമാണെന്ന് പറഞ്ഞ കോടതി, ഭരണഘടനയിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കാൻ ആ വിഡിയോ വീണ്ടും അപ്‌ലോഡ് ചെയ്യുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കി. മുംബൈ നഗരം നിലനിൽക്കുന്നത് തന്നെ ഒത്തൊരുമയിലാണെന്നും അവിവേക പരാമർശങ്ങളാൽ അത് തകർക്കപ്പെടരുതെന്നും കോടതി ഓർമിപ്പിച്ചു.

ദിയ മിർസ

രാജ്യത്തെ ആഘോഷങ്ങൾ എല്ലാവരുടേതുമാണെന്നും ഒരു ആഘോഷങ്ങളിൽനിന്നും ആരെയും മാറ്റിനിർത്തരുതെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണവും ഹൈകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു മതേതര രാജ്യത്ത് ഐക്യവും സാമുദായിക സൗഹൃദവും അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി, ഈ മൂല്യങ്ങൾ വിസ്മരിച്ചാണ് വിഡിയോ പിൻവലിച്ചതെന്നും ചൂണ്ടിക്കാട്ടി. ‘‘ഇന്ത്യ ഒരു മതേതര രാഷ്ട്രമല്ലേ’’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ പരാമർശം.

അതേസമയം, ഈ വിവാദം മുംബൈ നഗരസഭയിലെ ഉദ്യോഗസ്ഥവൃന്ദവും ജനപ്രതിനിധികളും തമ്മിലുള്ള അധികാരത്തർക്ക ചർച്ചകൾക്ക് വഴിവെച്ചു. ദിയ മിർസയെ ഉൾപ്പെടുത്തി വിഡിയോ പുറത്തിറക്കിയത് തങ്ങളുടെ അനുമതിയില്ലാതെയാണെന്ന് മേയർ റിതു താവ്ഡെ പറയുമ്പോൾ, അതിനൊന്നും നേരമുണ്ടായിരുന്നില്ലെന്നാണ് ബി.എം.സി ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക മറുപടി. കോടതി ഉത്തരവിനെത്തുടർന്ന് തിടുക്കത്തിൽ തയാറാക്കിയതാണെന്നും അടുത്ത കൗൺസിൽ യോഗം ചേരുന്നതുവരെ കാത്തിരിക്കാനുള്ള സാവകാശമുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്നതിന് കോടികൾ പ്രതിഫലം വാങ്ങുന്ന ദിയ മിർസ ഉൾപ്പെടെയുള്ള താരങ്ങൾ ഒരു രൂപ പോലും വാങ്ങാതെയാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്.

എന്നാൽ, വിഡിയോ നീക്കം ചെയ്തതിൽ തെറ്റില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എന്തൊക്കെ നിലനിർത്തണം, എന്തൊക്കെ ഒഴിവാക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണെന്നും ദിയ മിർസ വിവാദം തന്റെ നിലവാരത്തിന് ചേർന്ന വിഷയമല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. വർഗീയ-വിഭാഗീയ ചിന്തകളാൽ കലുഷിതമായ മനസ്സുകൾക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ലെങ്കിലും, വിഷയത്തിലെ ബോംബെ ഹൈകോടതിയുടെ ഇടപെടൽ ഇന്ത്യൻ ഭരണഘടനയിലും മതേതരമൂല്യങ്ങളിലും വിശ്വാസമർപ്പിക്കുന്ന ജനങ്ങൾക്ക് പകരുന്ന പ്രത്യാശ ചെറുതല്ല.

Tags:    
News Summary - India's Diminishing Light

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.