വീണ്ടെടുക്കണം നഗരാസൂത്രണത്തിന്റെ സ്വത്വം
ആധുനിക ലോകത്ത് വേണ്ടത്ര തിരിച്ചറിയപ്പെടാത്ത ഒരു പ്രഫഷനാണ് നഗരാസൂത്രണം. പലരും ഇതിനെ ആർക്കിടെക്ചറുമായോ സിവിൽ എൻജിനീയറിങ്ങുമായോ തെറ്റിദ്ധരിക്കുന്നു. മാസ്റ്റർ പ്ലാനുകൾ തയാറാക്കുന്നതിലും ഭൂവിനിയോഗം ക്രമീകരിക്കുന്നതിലും നയരൂപവത്കരണത്തിലും പൈതൃകസംരക്ഷണത്തിലും നഗരാസൂത്രകർ വഹിക്കുന്ന പങ്ക് ഇന്നും പൊതുസമൂഹത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. നാം ജീവിക്കുന്ന ഇടങ്ങളെ കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമാക്കുന്ന ശാസ്ത്രീയ–സാമൂഹിക പ്രക്രിയയാണ് നഗരാസൂത്രണം. നഗരങ്ങൾക്കു മാത്രമല്ല, ഗ്രാമങ്ങൾക്കും ജില്ലകൾക്കും സംസ്ഥാനത്തിനാകെയും ബാധകമായ സ്ഥലപരാസൂത്രണമായി (Spatial Planning) ഇതിന്റെ വ്യാപ്തി ഇന്ന് മാറിയിരിക്കുന്നു.
ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ച് ഭൂമിയെയും ഭൗതിക പരിസരത്തെയും നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നഗരാസൂത്രണത്തെ ‘സ്ഥലങ്ങളുടെ സർക്കാർ’ എന്നു വിശേഷിപ്പിക്കുന്നത്. ഭൂമി എങ്ങനെ ഉപയോഗിക്കണം, എവിടെയെല്ലാം കെട്ടിടങ്ങളും പൊതുയിടങ്ങളും ഗതാഗതശൃംഖലകളും വരണം എന്നതുൾപ്പെടെയുള്ള നിർണായക കാര്യങ്ങൾ ഇതിന്റെ പരിധിയിലാണ്. അതുകൊണ്ടുതന്നെ ഇത് കേവലം സാങ്കേതിക അഭ്യാസമല്ല; ഭൂമിയും വിഭവങ്ങളും ആർക്ക് ലഭിക്കുന്നു, ആരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നതുകൂടി പരിശോധിക്കുന്ന രാഷ്ട്രീയ–ഭരണ പ്രക്രിയയാണ്. പൊതുതാൽപര്യം മുൻനിർത്തി വികസനത്തിന് ദിശാബോധം നൽകുകയാണ് ഇതിന്റെ മുഖ്യലക്ഷ്യം.
സാമ്പത്തിക–സാമൂഹിക വികസനത്തിന്റെ അടിത്തറ ഭൗതിക കാഴ്ചപ്പാടാണ്. ഇവ പരസ്പരം ബന്ധിപ്പിക്കാതെയും സ്ഥലപരാസൂത്രണമില്ലാതെയും സമഗ്രവികസനം സാധ്യമല്ല. ഇത്തരം മുന്നൊരുക്കമില്ലാതെ പോയാൽ ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതി തകരുകയും വികസനം വിപരീതഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് മുൻ ചീഫ് സെക്രട്ടറി വി. രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിൽ 1955-ൽ ആരംഭിച്ച നഗരാസൂത്രണ വകുപ്പ്, ഏഴു പതിറ്റാണ്ടോളം നീണ്ട ചരിത്രത്തിനൊടുവിൽ 2022-ൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലയിപ്പിക്കപ്പെട്ടതോടെ സ്വതന്ത്ര പദവി നഷ്ടമായി. ഇത് കേവലമൊരു ഭരണപരമായ പുനഃസംഘടനയല്ല; മറിച്ച് നഗര-ഗ്രാമാസൂത്രണത്തിന്റെ പ്രഫഷണൽ സ്വാതന്ത്ര്യത്തെയും ഉത്തരവാദിത്വത്തെയും ദുർബലപ്പെടുത്തുന്ന നടപടിയാണ്. മലബാറിലെ 1920-ലെ മദ്രാസ് ടൗൺ പ്ലാനിങ് ആക്ടും തിരുവിതാംകൂർ-കൊച്ചിയിലെ പഴയ നിയമങ്ങളും മാറ്റി ഏകീകൃത നിയമം കൊണ്ടുവരാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നു. 1983-ൽ നിയമസഭയിൽ കൊണ്ടുവന്ന ബില്ലിന്റെ ചർച്ചയിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ, ‘‘ഇനി ഇവർ ഗ്രാമത്തിലും ശല്യം ഉണ്ടാക്കുവാനാണ്’’ എന്ന് തമാശയായി പറഞ്ഞതിൽപ്പോലും ഈ രംഗത്തോടുള്ള പൊതുധാരണയുടെ പ്രതിഫലനമുണ്ടായിരുന്നു.
ഒടുവിൽ 2016ൽ പാസാക്കിയ കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആക്ട്, നഗരങ്ങളെയും ഗ്രാമങ്ങളെയും കോർത്തിണക്കുന്ന വലിയൊരു കാൽവെപ്പായിരുന്നു. എന്നാൽ, 2021-ലെ നിയമഭേദഗതികൾ ഈ അടിസ്ഥാനലക്ഷ്യത്തെ തകിടംമറിച്ചു. ദീർഘകാല കാഴ്ചപ്പാടുകൾക്കാവശ്യമായ ചലനാത്മകത ഇല്ലാതാക്കുകയും, എല്ലാ സംസ്ഥാനങ്ങളിലുമുള്ള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ബോർഡുകൾക്ക് പകരം ഉപദേശകസമിതി മാത്രമാക്കി ചുരുക്കുകയും ചെയ്തത് വലിയ തിരിച്ചടിയായി. ഭരണഘടനയുടെ 74-ാം ഭേദഗതി വിഭാവനം ചെയ്ത ജില്ലാ ആസൂത്രണ സമിതികളുടെ ഉത്തരവാദിത്വങ്ങളെയും ഈ ഭേദഗതികൾ പരിമിതപ്പെടുത്തി.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്ന പശ്ചാത്തലത്തിൽ, തുറമുഖാധിഷ്ഠിത സാമ്പത്തിക വളർച്ച കേരളത്തിന് പുതിയ ആസൂത്രണവെല്ലുവിളികൾ ഉയർത്തുന്നുണ്ട്. വ്യാവസായിക മേഖലകൾ, ചരക്കുനീക്കം, ഗതാഗത ഇടനാഴികൾ, നഗരവികസനം, തൊഴിലാളികൾക്കുള്ള പാർപ്പിടം എന്നിവയെല്ലാം സമന്വയിപ്പിക്കുന്ന ദീർഘകാല സ്ഥലപരാസൂത്രണ പ്ലാറ്റ്ഫോം അനിവാര്യമാണ്. സാമ്പത്തിക വളർച്ചയെ ഭൗതിക ഇടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ സമീപനമാണ് നാടിന് ദീർഘകാലാടിസ്ഥാനത്തിൽ കരുത്താകുക.
വൻകിട വ്യവസായികളും വിവിധ സമുദായങ്ങളും തദ്ദേശസ്ഥാപനങ്ങളും ഉൾപ്പെടുന്ന ഭൂവിനിയോഗ തർക്കങ്ങളിൽ പൊതുതാൽപര്യം മുൻനിർത്തി നിഷ്പക്ഷമായ സാങ്കേതിക അഭിപ്രായം രേഖപ്പെടുത്താൻ ടൗൺ പ്ലാനർമാർക്ക് പ്രഫഷണൽ സ്വാതന്ത്ര്യം ഉറപ്പാക്കണം. കൂടാതെ, ഇരുപത് വർഷത്തേക്കുള്ള മാസ്റ്റർ പ്ലാനുകൾ കടലാസിൽ ഒതുങ്ങാതിരിക്കാൻ, അവയെ അഞ്ചുവർഷത്തെ സാമ്പത്തിക വികസനപദ്ധതികളുമായി ബന്ധിപ്പിക്കുന്ന ചലനാത്മക ആസൂത്രണരീതി കൊണ്ടുവരണം.
കേരളത്തിന്റെ സുസ്ഥിരവികസനത്തിന് മൂന്ന് അടിയന്തര നടപടികൾ അത്യന്താപേക്ഷിതമാണ്: നഗര-ഗ്രാമാസൂത്രണത്തിന് പ്രഫഷണൽ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര വകുപ്പ് പുനഃസ്ഥാപിക്കുക. നഗരങ്ങളെയും ഗ്രാമങ്ങളെയും ജില്ലകളെയും സംസ്ഥാനതലത്തിൽ ബന്ധിപ്പിക്കുന്ന നിയമപരമായ അടിത്തറ ശക്തിപ്പെടുത്തുക.
ദീർഘകാല മാസ്റ്റർ പ്ലാനുകളെ അഞ്ചുവർഷത്തെ നിർവഹണപദ്ധതികളുമായി ചേർത്തുവെക്കുന്ന ആസൂത്രണസംവിധാനം നടപ്പാക്കുക. കേരളത്തിന്റെ ഭാവി സാമ്പത്തിക വളർച്ചയുടെ കണക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല; ആ വളർച്ച എവിടെ സംഭവിക്കുന്നു, ഭൂമിയും വിഭവങ്ങളും എങ്ങനെ വിനിയോഗിക്കുന്നു, വരുംതലമുറകൾക്ക് നാം എങ്ങനെയുള്ള ഇടങ്ങൾ കൈമാറുന്നു എന്നിവകൂടി പ്രധാനമാണ്. നഗരാസൂത്രണത്തിന്റെ സ്വത്വം വീണ്ടെടുക്കുക എന്നാൽ കേരളത്തിന്റെ വികസനത്തിന് ദീർഘകാല കാഴ്ചപ്പാടും ഭൗതിക അടിത്തറയും ഉറപ്പാക്കുക എന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.