പൂജക്കാലത്ത് ദുർഗാ ദേവിയുടെ പെയിന്റിങ്ങുകൾ ഒരുക്കുന്ന ഡൽഹി അസീം ആശ ഫൗണ്ടേഷനിലെ കലാകാരികൾ

മിത്രങ്ങളേ, എത്രകാലം ബഹിഷ്കരിക്കും നിങ്ങൾ?

ഹലാൽ ഉൽപന്നങ്ങൾക്കും മുസ്‍ലിം സ്ഥാപനങ്ങൾക്കുമെതിരെ ബഹിഷ്കരണാഹ്വാനവും അക്രമഭീഷണികളും ഉയരുന്ന സാഹചര്യത്തിൽ തൊണ്ണൂറുകളിൽ ബോംബെയിൽ നടമാടിയ മുസ്‍ലിം വിരുദ്ധ കലാപം നഗരത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർത്തതെങ്ങനെ എന്ന് ഓർത്തെഴുതുകയാണ് ശിവസേനയുടെയും ബാൽതാക്കറെയുടെയും രാഷ്ട്രീയ ജീവചരിത്രമായ 'സമ്രാട്ട് ബാലാസാഹബ് താക്കറെ' ഉൾപ്പെടെയുള്ള പുസ്തകങ്ങളുടെ രചയിതാവും മുതിർന്ന മാധ്യമപ്രവർത്തകയുമായ ലേഖിക.

ഈ കഥ ഞാൻ മുമ്പും പറഞ്ഞിട്ടുള്ളതാണ്, വീണ്ടും ഓർമിക്കാൻ ഹിന്ദുത്വ വെറിയന്മാർ കാരണമായതുകൊണ്ട് വീണ്ടും പറയുകയാണ്. 2002ൽ ഗുജറാത്ത് കണ്ടതാവും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കലാപം, പക്ഷേ അതിനു മുമ്പ് 1992-93ൽ ബാബരി മസ്ജിദ് തകർത്തശേഷം ബോംബെയിലും വലിയ കലാപമുണ്ടായിരുന്നു.

മുസ്‍ലിംകൾ നഗരത്തിൽനിന്ന് ഏറക്കുറെ അപ്രത്യക്ഷമായ അവസ്ഥയായിരുന്നു അന്ന്. ഉൾക്കൊള്ളാവുന്നതിലുമേറെ ആളുകളെ കുത്തിനിറച്ച് യു.പിയിലേക്കും ബിഹാറിലേക്കുമെല്ലാം പോയ ട്രെയിനുകൾ ആളൊഴിഞ്ഞ് തിരിച്ചുവന്നു. ഒരിക്കൽ ഒരു ട്രെയിൻ മുഴുവൻ പരതി നടന്നിട്ടും ഒരു ഡസനോളം യാത്രക്കാരെ മാത്രമേ കാണാൻകിട്ടിയുള്ളൂ, അവർ തന്നെ സുരക്ഷയോർത്ത് രാത്രിയിൽ ഒറ്റ കമ്പാർട്ടുമെന്റിൽ ഒരുമിച്ചുകൂടിയാണ് യാത്ര ചെയ്തത്.

അതുമൂലം വിനാശം സംഭവിച്ചത് നഗരത്തിന്റെ സമ്പദ്‍വ്യവസ്ഥക്കായിരുന്നു. ചിത്രത്തുന്നൽ ചെയ്ത വസ്ത്രങ്ങൾ ചോദിച്ച് ഒരു കടയിൽ ചെന്നപ്പോൾ കഴിഞ്ഞ സീസണിലെ പൊടിപിടിച്ച നിറംമങ്ങിയ കുറച്ച് ഡിസൈനുകൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഒന്നു രണ്ടു തവണ വീണ്ടും ചെന്നപ്പോഴും മെച്ചമായതൊന്നും കാണാഞ്ഞ് എന്തേ പുത്തൻ ഡിസൈനുകളൊന്നും സ്റ്റോക്ക് ചെയ്യാത്തതെന്ന് കടക്കാരനോട് ചോദിച്ചു. ദേഷ്യസ്വരത്തിൽ അദ്ദേഹം നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു:

'' കൊല്ല്, മുസ്‍ലിംകളെ ഇങ്ങനെ കൊന്ന് ഓടിച്ചശേഷം ഇതുപോലെ വന്ന് കടയിൽ പുതിയതൊന്നുമില്ലാത്തെതന്ത് എന്ന് ചോദിച്ചിട്ട് എന്തു കാര്യം.''

ആ മറുപടി എന്നെ അമ്പരപ്പിച്ചുവെങ്കിലും ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ അതേക്കുറിച്ച് കൂടുതൽ അന്വേഷിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ പുതിയ സ്റ്റോക്കുകൾ എത്താത്തതിന്റെ കാരണവും അദ്ദേഹം പറഞ്ഞ ഉത്തരത്തിന്റെയും ബന്ധങ്ങൾ കണ്ടെത്താനായി. അദ്ദേഹമുൾപ്പെടെ കടയുടമകളെല്ലാം ഹിന്ദുക്കളായിരുന്നു. പക്ഷേ, അവരുടെ കൈപ്പണിക്കാർ മുസ്‍ലിംകളും. കടയിൽ വിൽപനക്ക് വെച്ചിരുന്ന വിശിഷ്ടമായ ചിത്രത്തുന്നലുകളെല്ലാം യു.പിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്ന മുസ്‍ലിം കരകൗശല ജോലിക്കാർ നിർമിക്കുന്നവയായിരുന്നു. കലാപത്തെ തുടർന്ന് നഗരം വിട്ടോടിയ അവർ മുംബൈയിലേക്ക് മടങ്ങിവരാൻ വിസമ്മതിക്കുന്നു. വജ്രവ്യാപാര രംഗത്തും സമാനമായ ഒരു സാഹചര്യം ഉടലെടുത്തിരുന്നു. വജ്രം മുറിക്കുന്നവർ മാത്രമല്ല, വിശ്വസ്തരായ അങ്കഡികളും (എത്തിച്ചു കൊടുക്കുന്നവർ) അവരുടെ ഘെറ്റോകൾക്കുള്ളിൽനിന്ന് പുറത്തിറങ്ങാൻ മടിച്ചു. കുതിച്ചെത്തുന്ന ലഹളക്കാർ തങ്ങളെ കൊള്ളയടിക്കുകയോ ആക്രമിച്ച് കൊല്ലുകയോ ചെയ്തേക്കുമെന്ന് അവർ ആകുലപ്പെട്ടു.

കലാപം ശമിച്ച് മാസങ്ങൾക്കുശേഷം ഫർണിച്ചർ നിർമാണ, ടൈലിങ്, പ്ലമ്പിങ്, ഇലക്ട്രിക് ജോലികൾ, കൊത്തുപണികൾ എന്നിവയുടെയെല്ലാം ബിസിനസുകൾ ചെയ്തിരുന്ന ചെറുകിട, ഇടത്തരം ഹിന്ദു വ്യാപാരികൾ ജീവനക്കാരുടെ ക്ഷാമം മൂലം പാപ്പരായിത്തീർന്നു.

ഈ വ്യാപാരികളിൽ പലരും ഭാരതീയ ജനത പാർട്ടിയുടെ 'മിത്രങ്ങൾ' ആയിരുന്നു. കലാപത്തിന്റെ പ്രാരംഭഘട്ടത്തിൽ മുസ്‍ലിംകളെ പാഠംപഠിക്കാൻ കിട്ടിയ അവസരത്തെക്കുറിച്ചോർത്ത് അവരിൽ പലരും ആവേശം കൊണ്ടെങ്കിലും കുറച്ചു മാസങ്ങൾക്കുശേഷം കലാപം സൃഷ്ടിച്ചവരെ ശപിക്കാൻ തുടങ്ങി. പിന്നീട് വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽചെന്ന് തങ്ങളുടെ വിശ്വസ്തരായ ജോലിക്കാരെ പറഞ്ഞു മനസ്സിലാക്കിയും സുരക്ഷ ഉറപ്പാക്കാമെന്ന് വാഗ്ദാനം നൽകിയും തിരികെകൊണ്ടുവരുവാൻ പുറപ്പെട്ടു അവരെല്ലാം.

ബിൽഡർമാരും വൻകിട സംരംഭകരുമുൾപ്പെടെയുള്ളവർ പരസ്യമായി യോഗം ചേർന്ന് കലാപവും വിദ്വേഷവും മതിയേ മതി എന്ന് ആഹ്വാനം ചെയ്യുന്ന സാഹചര്യവുമുണ്ടായി.

അതു കണ്ടാണ് ബാൽതാക്കറേക്ക് ബോധം വന്നതും മുസ്‍ലിംകൾക്ക് എതിരായ അതിക്രമം നിർത്തിയതും. ഏതാനും വർഷങ്ങൾക്കുശേഷം ശിവസേന വീണ്ടും അധികാരത്തിലേറുകയും പല സേന നേതാക്കളും മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് വാചാലരാവുകയും ചെയ്തപ്പോൾ ജനം ആശങ്കയിലായത് ആ പഴയ അനുഭവമോർത്താണ്.

അപ്പോഴേക്ക് സമ്പദ് വ്യവസ്ഥ എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെന്ന് സകലരും, കുറഞ്ഞപക്ഷം മുംബൈക്കാരെങ്കിലും ശരിക്കും മനസ്സിലാക്കിയിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയിൽനിന്ന് ബീഫ് നിരോധനം ആരംഭിച്ച ഘട്ടത്തിൽ പോലും ഇവിടെ ഒന്നും സംഭവിച്ചില്ല. കാരണം, മുസ്‍ലിംകൾക്ക് അവരുടെ തീൻമേശയിൽ നിന്ന് ഒരു വിഭവമേ അതുമൂലം കുറഞ്ഞുള്ളൂ പക്ഷേ, പ്രയാസപ്പെട്ടത് ഹിന്ദു കർഷകരാണ്. അവർക്ക് സാമ്പത്തിക മെച്ചമില്ലാത്ത കന്നുകാലികളെ വിറ്റൊഴിവാക്കാൻ കഴിയാതെയായി. അത് ആ വർഷങ്ങളിൽ അവരെ നശിപ്പിച്ചുകളഞ്ഞു.

അതുകൊണ്ട് സിപ്ല, വിപ്രോ, ഹിമാലയ, ഹംദർദ് തുടങ്ങി മുസ്‍ലിംകൾ നടത്തുന്ന കമ്പനികളെ ഉന്നംവെക്കുന്ന മതഭ്രാന്തന്മാർ ഒരു കാര്യം മനസ്സിലാക്കണം, അവരുടെ ഉൽപന്നങ്ങളുടെ ഉപയോക്താക്കൾ മാത്രമല്ല, ജീവനക്കാരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഈ കമ്പനികൾ അടച്ചുപൂട്ടുന്നതു മൂലം വിശ്വസനീയമായ നിരവധി ഉൽപന്നങ്ങളും ജീവൻ രക്ഷാ മരുന്നുകളും ഇല്ലാതാകുമെന്ന് മാത്രമല്ല, ആളുകൾ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും എത്തിപ്പെടാനും വഴിവെക്കും.

ഇനി ഹലാലിനെക്കുറിച്ച് പറയാം. ഓർക്കുമ്പോൾ ചിരിയടക്കാൻ കഴിയാത്ത ഒരു ഹലാൽ അനുഭവം എനിക്കുണ്ട്. രാജ്യത്തെ ഒരു പ്രമുഖ (അമുസ്‍ലിം) ബിസിനസ് സംരംഭകരുടെ ബ്യൂട്ടി സലൂണിൽ ഒരു സുഹൃത്തുമൊത്ത് പോയതാണ് ഞാൻ. മുടി കൊഴിച്ചിലിന് എന്താണ് പ്രതിവിധിയെന്ന് എന്റെ സുഹൃത്ത് അവിടെയുണ്ടായിരുന്ന സ്റ്റൈലിസ്റ്റിനോട് തിരക്കി. ബദാം എണ്ണ ഫലപ്രദമാകുമെന്നും മാർക്കറ്റിൽ ഒരുപാട് നല്ല ബ്രാന്റുകളുണ്ടെന്നും അയാൾ ശിപാർശ ചെയ്തു. ഏറ്റവും നല്ലത് ഏതു ബ്രാന്റാണ് എന്ന് എന്റെ കൂട്ടുകാരി എടുത്തുചോദിച്ചപ്പോൾ അയാൾ പറഞ്ഞു: ഹംദർദിന്റെ രോഗൻ ബദാം ഷിറിൻ ഉപയോഗിച്ചാൽ നല്ല ഫലമുണ്ടാകും.

വേറെ ബ്രാന്റുകളൊന്നുമില്ലേ? അവർ ചോദിച്ചു. അവരുടെ ചോദ്യത്തിന്റെ സ്വഭാവം മനസ്സിലാക്കി അയാൾ പറഞ്ഞു: "നിങ്ങൾക്ക് പതഞ്ജലി തൃപ്തിയാകുമോ? അവരും ബദാം എണ്ണ ഇറക്കുന്നുണ്ട്.

എന്നിട്ട് ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു, "അവരുടെ എണ്ണയും ഹലാലാണ്. അതും നിങ്ങൾക്ക് സമാനമായ ഫലങ്ങൾ നൽകും.

ഒരു മുസ്‍ലിം കമ്പനിയുടെ ഉൽപന്നത്തിന് ഹെയർ സ്റ്റൈലിസ്റ്റ് ബോധപൂർവം നൽകുന്ന പ്രമോഷനും പതഞ്ജലിയെ ഹലാലുമായി കൂട്ടിക്കെട്ടിയുള്ള പറച്ചിലും കേട്ട് എന്റെ സുഹൃത്ത് പൊട്ടിത്തെറിച്ചു. അവർ പതഞ്ജലിയുടെ ഉൽപന്നം വാങ്ങി- അതിന്റെ പേരും രോഗൻ ബദാം ഷിറിൻ എന്നു തന്നെ. നല്ല വ്യക്തമായ ഒരു ഹലാൽ മുദ്രയും അതിലുണ്ടായിരുന്നു. എന്തുകൊണ്ടായിരിക്കും പതഞ്ജലി തങ്ങളുടെ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്നത്. അതിന്റെ ഉത്തരം എനിക്ക് കൃത്യമായി അറിഞ്ഞുകൂടാ, പക്ഷേ പരസ്പര ബന്ധിതമായ സാമ്പത്തിക സാഹചര്യങ്ങൾ അതിനുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.

പിന്നെ എന്തിനാവും ഹലാലിനെച്ചൊല്ലി ഈ ഒച്ചപ്പാടുകളെല്ലാം? മൃഗങ്ങളെ അറുക്കുന്നതിലെ സാഹചര്യമൊഴികെ ഹലാലിനെക്കുറിച്ച് എനിക്ക് ധാരണയില്ല. മതവെറിയന്മാർ പറയുന്നത് അത്തരത്തിൽ മൃഗങ്ങളെ അറുക്കുന്നത് ക്രൂരതയാണ് എന്നാണ്. കോഴികളെ ഇരുട്ടുമുറിയിൽ തലകീഴായി കെട്ടിത്തൂക്കിയിട്ട് രാത്രി ബോധം മറയുമ്പോൾ തലയറുക്കുന്ന ഒരു പ്രമുഖ ബ്രാന്റ് ഇവിടെയുണ്ട്. എന്തിനാണ് അപ്രകാരം ചെയ്യുന്നത് എന്ന് അതിന്റെ ഉടമയോട് ഞാൻ തിരക്കി: ''പകൽ സമയം ബോധത്തോടെ നിൽക്കുമ്പോൾ നമ്മൾ അറുക്കാൻ പിടിക്കാൻ ചെല്ലുന്നത് കോഴിക്ക് മനസ്സിലാവും. അങ്ങനെയാവുമ്പോൾ അവയുടെ മാംസം മരവിച്ച് കട്ടിയുള്ളതാവും. പക്ഷേ, ഉറക്കത്തിലാകുമ്പോൾ അവർ ഒന്നും അറിയില്ല. ഇപ്പോൾ ഞങ്ങളുടേതാണ് മാർക്കറ്റിലെ ഏറ്റവും മൃദുവായ ചിക്കൻ'' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇങ്ങനെ അറുക്കുന്നത് ഹറാമാണോ ഹലാലാണോ? പല വെറിയന്മാരും ആ കമ്പനിയുടെ കോഴിയിറച്ചി ഇഷ്ടപ്പെടുന്നവരായുണ്ട്. ആ കച്ചവടക്കാരനും മുസ്‍ലിമല്ല എന്ന് പ്രത്യേകം പറയട്ടെ.

മുസ്‍ലിംകളെ ജോലിക്കുവെക്കുന്ന കമ്പനിയിലെ മെക്കാനിക്കിനെ എ.സി നന്നാക്കാൻ ഞാൻ വിളിക്കാതിരിക്കില്ല, ആ കമ്പനി ഒരു പക്ഷേ പതഞ്ജലിപോലെ ശുദ്ധ ഹിന്ദുവിന്റേതായിരിക്കും. അതേപോലെ, അന്യായ വിലകൊടുത്ത് വാങ്ങുന്ന മരുന്നുകളേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് മുസ്‍ലിം ഉടമസ്ഥരുടെ കമ്പനികൾ നിർമിക്കുന്ന വില കുറഞ്ഞ ജനറിക് ജീവൻരക്ഷാ മരുന്നുകളും സൗന്ദര്യ വസ്തുക്കളുമാണ്. മുഖത്തോട് ദേഷ്യം തോന്നി മൂക്കു മുറിച്ചുകളയാൻ ഞാനെന്തായാലും ഒരുക്കമല്ല.

Tags:    
News Summary - Friends, how long will you boycott?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.