കമ്മ്യൂണിസ്​റ്റ്​ ചൈനയിൽ കാണാതെ പോകുന്ന കാടത്തം

ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അവിടത്തെ സിന്‍ജിയാംഗ് പ്രവിശ്യയിലെ മുസ്‌ലിംകള്‍ക്കെതിരെ നടത്തിവരുന്ന കടുത് ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. ഉയിഗുര്‍ വിഭാഗക്കാരായ മുസ്‌ലിംകളുടെ ആരാധനാ സ്വാതന്ത്ര്യം തടയുകയും യുവാക്കള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകളെ ജയിലില്‍ അടച്ച് പീഡിപ്പിക്കുകsയും ചെയ്യുന്ന കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ വിവിധ അന്താരാഷ്ട്ര വേദികളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും അത്തരമൊരു സംഭവമേയില്ലെന്നു പറഞ്ഞ് ലോകത്തിനുമേല്‍ കൊഞ്ഞനം കുത്തുന്ന നീക്കങ്ങളാണ് ഇക്കാലമത്രയും ബീജിംഗ് തുടര്‍ന്നുപോന്നത്.

സ്വന്തം സമുദായാംഗങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും അതിനെതിരെ ചൈനീസ് ഭരണാധികാരികളുടെ മുഖത്തുനോക്കി ശബ്ദിക്കാന്‍ ഒരൊറ്റ മുസ്‌ലിം രാഷ്ട്രവും തയ്യാറായിട്ടില്ലെന്നതാണ് അനുഭവം. ഇസ്‌ലാമോഫോബിയക്കെതിരെ ശക്തമായി രംഗത്തുവരാറുള്ള തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോവന്‍, മലേഷ്യന്‍ പ്രധാന മന്ത്രി മഹാതീര്‍ മുഹമ്മദ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ എന്നിവര്‍ പക്ഷേ, ചൈനയുടെ കാര്യത്തിലെത്തുമ്പോള്‍ കവാത്ത് മറക്കുന്നതാണ് കാണുന്നത്.

ഇതെഴുതുമ്പോള്‍ ഇമ്രാന്‍ ഖാന്‍ ചൈനയില്‍ സ്‌റ്റേറ്റ് വിസിറ്റിലാണ്. എര്‍ദോവനും മഹാതീറും ഈയ്യിടെയാണ് ചൈന സന്ദര്‍ശം പൂര്‍ത്തിയാക്കി വിവിധ വാണിജ്യ കരാറുകളില്‍ കമ്യൂണിസ്റ്റ് ഭരണകൂടവുമായി ഒപ്പുവെച്ചത്. ആകാശത്തിനു കീഴിലെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ നേതാക്കള്‍ ഉയിഗുര്‍ മുസ്‌ലിംകളുടെ കാര്യം ശ്രദ്ധയില്‍പെടുത്തുന്നതില്‍ പ്രകടിപ്പിക്കുന്ന വീഴ്ച പൊറുക്കാനാവാത്തതാണ്.

ഇക്കഴിഞ്ഞ ജൂലൈയില്‍ 22 പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ചൈനയുടെ മുസ്‌ലിം വേട്ടക്കെതിരെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഹൈക്കമ്മീഷണര്‍ക്ക് കത്ത് നല്‍കിയപ്പോള്‍ അതിനെതിരെ ചൈനീസ് അനുകൂല രാജ്യങ്ങള്‍ നടത്തിയ നീക്കങ്ങള്‍ക്കൊപ്പമാണ് മുസ്‌ലിം രാജ്യങ്ങള്‍ നിലയുറപ്പിച്ചത്. ചൈനക്കെതിരെ 22 രാജ്യങ്ങളാണ് രംഗത്തുവന്നതെങ്കില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തെ വെള്ളപൂശിയ 37 രാജ്യങ്ങളോടൊപ്പമായിരുന്നു മുസ്്‌ലിം രാജ്യങ്ങള്‍!

ഇത്രയും എഴുതാന്‍ കാരണം ഉയിഗര്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ രണ്ട് സംഭവങ്ങളാണ്.

ഒന്ന്: സിന്‍ജിയാംഗില്‍ മുസ്‌ലിം വേട്ട തുടരുന്ന ചൈനീസ് സര്‍ക്കാറിനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിനുമെതിരെ അമേരിക്ക വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. 28 ചൈനീസ് പബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോകള്‍ക്കും കമ്പനികള്‍ക്കും തി്ങ്കളാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഗവണ്‍മെന്റിലെയും പാര്‍ട്ടിയിലെയും നേതൃത്വത്തിനും വിലക്ക് ബാധകമാക്കിയത്. ഉയിഗുറുകളും ഖസാക്ക് വംശജരുമായ മുസ്‌ലിംകളെ പീഡിപ്പിക്കുന്ന നടപടികളെ 'നൂറ്റാണ്ടിന്റെ കറ' എന്നാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്.

ഏഴു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശനം തന്നെ നിഷേധിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവു പുറത്തിറക്കിയ ട്രംപ് ഭരണകൂടം സിന്‍ജിയാംഗിലെ മുസ്‌ലിംകളോട് കാണിക്കുന്ന ദയാവായ്പിനു പിന്നില്‍ തനി രാഷ്ട്രീയമാണെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ അമേരിക്കന്‍ നടപടിയുടെ പൊള്ളത്തരങ്ങളെക്കുറിച്ച ചര്‍ച്ചക്കും പ്രസക്്തിയില്ല. എങ്കിലും, ചൈനീസ് ഭരണകൂടം ഏറെക്കാലമായി തുടര്‍ന്നുവരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് ലോക ശ്രദ്ധ തിരിക്കാന്‍ അമേരിക്കയുടെ നടപടി സഹായിക്കുമെന്നതില്‍ സംശയമില്ല. അതോടൊപ്പം, സ്വന്തം സമുദായാംഗങ്ങള്‍ കടുത്ത പീഢനങ്ങള്‍ക്ക് ഇരയാകുമ്പോള്‍ അവര്‍ക്ക് വേണ്ടി രംഗത്തുവരാത്ത 56 മുസ്‌ലിം രാജ്യങ്ങള്‍ക്കുള്ള പ്രഹരം കൂടിയായി അമേരിക്കന്‍ നീക്കത്തെ വിശേഷിപ്പിക്കാം.

രണ്ട്: വിഘടനവാദക്കുറ്റം ചുമത്തി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് 2014 മുതല്‍ ചൈനീസ് തടങ്കലില്‍ കഴിയുന്ന ഉയിഗുര്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും ബുദ്ധിജീവിയുമായ ഇല്‍ഹാം തോതി യൂറോപ്പിലെ ഏറ്റവും വലിയ മനുഷ്യാവകാശ പുരസ്‌കാരമായ സഖറോവ് പ്രൈസിന് ശുപാര്‍ശ ചെയ്യപ്പെട്ട വാര്‍ത്ത പുറത്തു വന്നതും ഒക്‌ടോബര്‍ എട്ട് ചൊവ്വാഴ്ചയാണ്. യൂറോപ്യന്‍ പാര്‍ലമെന്റാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനായ തോതിയുടെ പേര് അവാര്‍ഡിന് പരിഗണിക്കാന്‍ നിര്‍ദേശിച്ചത്. സമാധാനത്തിനുള്ള നൊബെയ്ല്‍ സമ്മാനത്തിന് ഇദ്ദേഹത്തെ ശുപാര്‍ശ ചെയ്യുമെന്ന് മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തില്‍ ഒരു സംഘം യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

കൊല്ലപ്പെട്ട ബ്രസീലിയന്‍ ആക്റ്റിവിസ്റ്റ് മരിയല്ല ഫ്രാങ്കോ, അമസോണ്‍ വനങ്ങളുടെ നശീകരണത്തിനെതിരെ ശക്തമായി രംഗത്തുവന്ന ഗോത്ര നേതാവ് റാവോനി മെറ്റുക്റ്റയര്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ക്ലോഡലൈസ് സില്‍വ സാന്റോസ് എന്നിവരും അരലക്ഷം യൂറോ സമ്മാനത്തുകയുള്ള സഖറോവ് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. പെണ്‍ ചേലാകര്‍മത്തിന് ഇരയാകുന്നവരെ സഹായിക്കാന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ച അഞ്ച് കെനിയന്‍ വിദ്യാര്‍ഥികളും ഒക്ടോബര്‍ 24ന് പ്രഖ്യാപിക്കുന്ന പുരസ്‌കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.

അതിരുവിടുന്ന പീഡനങ്ങള്‍

കമ്യൂണിസത്തിന്റെ സ്വാധീനം അവശേഷിക്കുന്ന തുരുത്തുകളില്‍ ഒന്നാണ് ചൈന. വിപണി സമ്പദ്‌വ്യവസ്ഥയും മുതലാളിത്ത രീതികളും മുറുകെപ്പിടിച്ചാണ് ചൈനയുടെ പ്രയാണമെങ്കിലും ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇപ്പോഴും ഇരുമ്പുമറയ്ക്കുള്ളിലാണ്. ജനാധിപത്യവാദികളെ അവര്‍ ടിയനന്‍മെന്‍ കാണിച്ച് നിശബ്ദരാക്കും. ഹോങ്കോംഗിലെ സ്വാതന്ത്യവാദികളെ ജയിലിലടച്ചാണ് പീഡിപ്പിച്ചത്. സിന്‍ജിയാംഗിലെ ഇസ്‌ലാം മത വിശ്വാസികള്‍ക്കെതിരെ കമ്യൂണിസ്റ്റ് ഭരണകൂടം നടപടി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ രണ്ടു കൊല്ലമായി അത് കൂടുതല്‍ ഭീകരമാണ്. പള്ളികളില്‍ പ്രാര്‍ഥനക്കെത്തുന്നവരെ അറസ്റ്റ് ചെയ്യുക, റമദാനില്‍ നോമ്പെടുക്കുന്നവരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുക, നോമ്പുകാലത്ത് അടച്ചിടുന്ന ഹോട്ടലുകള്‍ തുറപ്പിക്കുക തുടങ്ങി നടപടികള്‍ ഈ വര്‍ഷവും അരങ്ങേറി.

ഉയിഗുറുകള്‍ക്കെതിരെ ചൈനീസ് ഭരണകൂടം നടത്തിവരുന്ന പീഡനങ്ങളുടെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ജയില്‍ യൂനിഫോമണിഞ്ഞ് കണ്ണുകള്‍ മൂടിക്കെട്ടിയും കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയും നൂറു കണക്കിന് ഉയിഗുര്‍ മുസ്‌ലിംകളെ ഒരു റെയില്‍വെ സ്റ്റേഷനു പുറത്ത് നിരനിരയായി നിര്‍ത്തിയിരിക്കുന്നതാണ് വീഡിയോ. ഇവരുടെ തലമുണ്ഡനം ചെയ്തിട്ടുണ്ട്. കുപ്പായത്തിനുമേല്‍ 'കഷ്ഗര്‍ ഡിറ്റന്‍ഷന്‍ സെന്റര്‍' എന്ന പേരും കാണാം. നൂറു കണക്കിന് പോലീസുകാരാണ് ഇവര്‍ക്കും ചുറ്റും നിലയുറപ്പിച്ചിരിക്കുന്നത്.

ഉയിഗുര്‍ സമൂഹത്തിനെതിരായ ചൈനയുടെ പീഡന നടപടികള്‍ യു.എന്‍ മനുഷ്യാവകാശ പാനല്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. വംശീയ വിവേചനങ്ങള്‍ക്ക് എതിരായ യു.എന്‍ കമ്മിറ്റി (സി.ഇ.ആര്‍.ഡി) ചൈനീസ് ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ പ്രസ്താവനകള്‍ നടത്തിയതും ശ്രദ്ധേയമാണ്. ചൈനയിലെ 20 ലക്ഷം വരുന്ന ഉയിഗുര്‍ മുസ്ലിം ന്യൂനപക്ഷം രഹസ്യ ക്യാമ്പുകളില്‍ പീഡിപ്പിക്കപ്പെടുന്നതായാണ് സി.ഇ ആര്‍.ഡി റിപ്പോര്‍ട്ട്്. 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതെ പുതിയ ചൈനയില്ല...' എന്നു തുടങ്ങുന്ന ഗാനം എല്ലാ രാത്രികളിലും ക്യാമ്പിലുള്ളവര്‍ കോറസായി പാടണം. തങ്ങള്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇരുട്ടറകളില്‍ അടക്കുക തുടങ്ങിയ ശിക്ഷാനടപടികള്‍ ഉണ്ടാകും. ആരോപണം നിഷേധിക്കുക മാത്രമല്ല, ഉയിഗുര്‍ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നാണ്് ചൈനീസ് സംഘം പ്രതികരിച്ചത്. മത തീവ്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ചിലരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വൊക്കേഷനല്‍ വിദ്യാഭ്യാസ, തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും അവരെ 'തെറ്റായ വിശ്വാസങ്ങളില്‍' നിന്ന് നേര്‍വഴിയിലേക്ക് കൊണ്ടുവരുന്നതില്‍ വിജയിച്ചതായും ചൈനീസ് ഗവണ്‍മെന്റ് സംഘം പാനലിനു മുമ്പാകെ വാദിക്കുകയും ചെയ്തു.
എന്നാല്‍ ചൈനീസ് അധികൃതരുടെ വാദങ്ങള്‍ പെരും നുണയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ യു.എന്‍ പാനലിന് ലഭിച്ചിരുന്നു. ഉയിഗുര്‍ മുസ്ലിംകളെ പീഡന ക്യാമ്പുകളില്‍ പാര്‍പ്പിക്കുകയും അവരെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടങ്ങളില്‍ വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയുണ്ടായി.

ഉയിഗുര്‍ വംശജരായ മുസ്‌ലിംകളെ സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിവു നിരത്തി പറയും ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ്. പ്രവാസികളായ ഉയിഗുറുകളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണിത്. ഉയിഗുറുകളുടെ ഭാഷ പോലും ഇല്ലായ്മ ചെയ്യാനാണ് ചൈനീസ് അധികൃതര്‍ ശ്രമിക്കുന്നതെന്ന്് സംഘടന ചൂണ്ടിക്കാട്ടുന്നു. മത ന്യൂനപക്ഷങ്ങളുടെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കുമെന്ന് ചൈനിസ് ഭരണകൂടം പ്രചരിപ്പിക്കാറുണ്ടെങ്കിലും യാഥാര്‍ഥ്യം നേരെ വിപരീതമാണ്. ഏതുവിഭാഗം ജനങ്ങള്‍ക്കും അവരുടെ സംസാര, എഴുത്തു ഭാഷകള്‍ ഉപയോഗിക്കാനും പ്രസ്തുത ഭാഷകള്‍ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കാനും അവകാശമുണ്ടായിരിക്കുമെന്ന് ചൈനീസ് ഭരണഘടനയുടെ നാലാം ഖണ്ഡിക പറയുന്നു. രാജ്യത്തിന്റെ സ്വയംഭരണ പ്രവിശ്യകളില്‍ അവിടെ പ്രചാരത്തിലുള്ള ഭാഷകളിലാകണം ഭരണപരമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതെന്ന് ഖണ്ഡിക 121ലെ ആറാം ചാര്‍ട്ടര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഉയിഗുറുകളുടെ കാര്യത്തില്‍ ഇതിനു വിപരീതമായാണ് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

2017ല്‍ രാജ്യത്ത് മൊത്തം നടന്ന അറസ്റ്റുകളില്‍ അഞ്ചിലൊന്നും സിന്‍ജിയാങ് പ്രവിശ്യയില്‍ ആയിരുന്നുവെന്ന് ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയിലെ 130 കോടി ജനങ്ങളില്‍ രണ്ടു കോടി മാത്രമാണ് പ്രവിശ്യയിലെ ജനസംഖ്യ എന്നോര്‍ക്കണം.

ഉയിഗുര്‍ മുസ്ലിംകള്‍ മാത്രമല്ല കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്ന സൂചന. രാജ്യത്തെ ഹാന്‍ വംശത്തിന്റെ ഭാഗമായ ഹുയി മുസ്ലിംകളും കമ്യൂണിസ്റ്റ് തീവ്രതയുടെ ചൂടറിഞ്ഞിട്ടുണ്ട്. ചൈനയുമായി സാംസ്‌കാരികമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഹുയി മുസ്ലിംകള്‍. ഹൂയികള്‍ക്ക് സ്വാധീനമുള്ള നിംഗ്സിയ സ്വയംഭരണ പ്രവിശ്യയില്‍ ഈയ്യിടെ പള്ളി പൊളിക്കാനെത്തിയവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം തന്നെ പൊട്ടിപ്പുറപ്പെട്ടു. ഒടുവില്‍ ലക്ഷ്യം കാണാതെ അധികൃതര്‍ക്ക് മടങ്ങേണ്ടി വന്നു. സിറിയയിലും ലിബിയയിലും സംഭവിച്ചത് ചൈനയിലും ആവര്‍ത്തിക്കാതിരിക്കാനാണ് സിന്‍ജിയാങില്‍ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് കമ്യൂണിസ്റ്റ് ഭരമകൂടം പ്രചരിപ്പിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യമാകട്ടെ, തങ്ങളുടെ മതപരവും സാംസ്‌കാരികവുമായി അസ്തിത്വം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് സിന്‍ജിംയാംഗ് ജനത. ഹോങ്കോങില്‍ കമ്യൂണിസ്റ്റ് ഇരുമ്പുമറ തീര്‍ക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ അവിടെ തുടരുന്നത് ലോകം കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഉയിഗൂര്‍ വിഷയവും ചൈനക്ക് തിരിച്ചടിയായിരിക്കുന്നത്.


Tags:    
News Summary - Communist china issue-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.