ലൈംഗിക അരാജകത്വത്തിന്‍റെ രക്തസാക്ഷി


പൊതുവാഹനങ്ങളിൽ നഗ്നതാ പ്രദർശനം നടത്തുകയും സഹയാത്രികരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിന് ഇക്കഴിഞ്ഞ ഏഴു ദിവസങ്ങൾക്കിടെ കുറഞ്ഞത് ആറ് കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. കണ്ടില്ലെന്ന് നടിക്കാനും നിശ്ശബ്ദമായി ഉപദ്രവം സഹിക്കാനും തയാറാവേണ്ടതില്ല എന്ന് യാത്രക്കാരികൾ തീരുമാനിച്ചതിെൻറ ഫലമായാണ് ഇപ്പറഞ്ഞ സംഭവങ്ങളിലെ പ്രതികൾ പിടിയിലായത്. ‘സർവം സഹിക്കേണ്ടവൾ’ എന്ന് സമൂഹം പതിച്ചുകൊടുത്ത ലേബലിൽനിന്ന് കുതറിമാറാൻ സ്ത്രീകൾ നടത്തുന്ന ഏതൊരു ശ്രമവും ശ്ലാഘിക്കപ്പെടേണ്ടതുണ്ട്. വിഷയം പരമ്പരാഗത മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിനിടയിലും വലിയ ചർച്ചകളും സൃഷ്ടിച്ചിരിക്കുന്നു. മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിെൻറ അടയാളമായാണ് ഈ സംഭവങ്ങൾ എണ്ണപ്പെട്ടത്. എന്നാൽ, ഇതിനിടയിൽ അധികം ചർച്ചചെയ്യാതെപോയ, ഒരു കുറ്റകൃത്യം, നടുക്കുന്ന ഒരു കൊലപാതകവും കേരളത്തിൽ അരങ്ങേറി. ലൈംഗികമായി അതിക്രമിക്കുകയും സ്ത്രീത്വത്തിെൻറ അന്തസ്സും ആത്മാഭിമാനവും പിച്ചിച്ചീന്തുകയും ചെയ്യുന്നതിനെ ചെറുക്കാനും നിയമമാർഗത്തിൽ ചോദ്യംചെയ്യാനും മുന്നോട്ടുവന്ന യുവതിയാണ് നിഷ്ഠുരമായി കൊലചെയ്യപ്പെട്ടത്.

ഭാര്യമാരെ ലൈംഗികവൈകൃതങ്ങൾക്കായി കൈമാറുന്ന (വൈഫ് സ്വാപിങ്) ഏർപ്പാട് കോട്ടയം കേന്ദ്രീകരിച്ച് നടക്കുന്നതായി ഒന്നരവർഷം മുമ്പാണ് യുവതി പരാതി നൽകിയത്. അന്യപുരുഷന്മാരുമായി കിടക്ക പങ്കിടാൻ ഭർത്താവ് തന്നെ നിർബന്ധിക്കുകയും ശാരീരിക-മാനസിക ഉപദ്രവങ്ങൾ ഏൽപിക്കുകയും ചെയ്യുന്നതായി അവരന്ന് വെളിപ്പെടുത്തി. തുടർന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ച കറുകച്ചാൽ പൊലീസ് പരാതിക്കാരിയെ ഒമ്പതു പുരുഷന്മാർ പീഡിപ്പിച്ചതായി കണ്ടെത്തുകയും ആറുപേരെ പിടികൂടുകയും ചെയ്തു. സമൂഹമാധ്യമ സൗഹൃദങ്ങളുടെ മറവിൽ നടമാടുന്ന ഈ കുറ്റകൃത്യത്തിന് വ്യാപ്തിയേറെയാണെന്നും വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഉന്നതർ ഉൾപ്പെടുന്ന വലിയ സംഘങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുവെന്നും വ്യക്തമായെങ്കിലും വൈകാതെ അന്വേഷണം വഴിമുട്ടി. 2022 ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ 2023 മേയ് മാസമായിട്ടും കുറ്റപത്രം സമർപ്പിക്കപ്പെട്ടില്ല.

മുഖ്യകുറ്റാരോപിതൻ ഇതിനിടയിൽ ജയിൽ മോചിതനാവുകയും പരാതിക്കാരിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിച്ചും പ്രലോഭിപ്പിച്ചും കൂട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. മറ്റുള്ളവർക്കൊപ്പം വൈകൃതങ്ങൾ ചെയ്യാൻ വീണ്ടും നിർബന്ധിച്ചതോടെ തീർത്തും വേർപെട്ട് ജീവിച്ചിരുന്ന യുവതിയാണ് പൊടുന്നനെ കൊലചെയ്യപ്പെട്ടിരിക്കുന്നത്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവാണ് ഈ ഹത്യക്ക് പിന്നിലെന്ന് ബലമായി സംശയിക്കപ്പെടുന്നുവെങ്കിലും വൈഫ്സ്വാപിങ് സംഘത്തിലെ മറ്റു പലർക്കും ഇതിൽ പങ്കുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. എത്രമാത്രം ശക്തരാണ് ലൈംഗിക റാക്കറ്റിലെ കണ്ണികൾ എന്ന് ബോധ്യപ്പെടുത്തുന്നു ഈ കുറ്റകൃത്യം. പ്രമാദമായ കേസിലെ പരാതിക്കാരിക്ക് സുരക്ഷ ഉറപ്പാക്കാനും പ്രതിയുടെ വിഹാരം നിയന്ത്രിക്കാനും പൊലീസ് കാണിച്ച ഉപേക്ഷ അക്ഷന്തവ്യമാണെന്ന് പറയാതിരിക്കാനാവില്ല.

പല കാലങ്ങളിലായി കേരളത്തിെൻറ പല ഭാഗങ്ങളിൽ ഇത്തരം സമൂഹവിരുദ്ധ-സ്ത്രീ വിരുദ്ധ വൈഫ് സ്വാപിങ് ശൃംഖലകൾ പ്രവർത്തിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കൊച്ചിയിലും കായംകുളത്തുമെല്ലാം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ഈ സംഭവങ്ങളിലെ തുടരന്വേഷണങ്ങൾ എന്തായി, ഏതൊക്കെ പ്രതികൾ ശിക്ഷിക്കപ്പെട്ടു എന്നിങ്ങനെയുള്ള കണക്കെടുപ്പുകൾ നടക്കുന്നില്ല. അന്യ സ്ത്രീ പുരുഷന്മാർ തമ്മിൽ പരസ്പരസമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധങ്ങൾ കുറ്റകരമല്ലെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നാണ് കേസുകളുടെ മുന്നോട്ടുപോക്കിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാദത്തിനുവേണ്ടി അതു സമ്മതിച്ചാൽപോലും, സുപ്രീംകോടതി നിർവചിച്ച ഉഭയസമ്മതപ്രകാരമല്ല, ഭാര്യമാരെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പണവും സ്ഥാനമാനങ്ങളും സ്വന്തമാക്കാൻ പുരുഷന്മാർ നടത്തുന്ന ലൈംഗിക വ്യാപാരമാണിവിടെ നടക്കുന്നതെന്ന് കാണാതെപോകരുത്. പച്ചക്ക് പറഞ്ഞാൽ വിവാഹബന്ധത്തിെൻറ മറവിൽ പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റുകൾ.

പലപ്പോഴും കുടുംബത്തിെൻറ ‘മാനം’ കരുതിയും കുഞ്ഞുങ്ങളെയോർത്തും സ്ത്രീകൾ ക്ഷമിക്കാൻ നിർബന്ധിക്കപ്പെടുകയും കേസുകൾ തേഞ്ഞുമാഞ്ഞുപോവുകയുമാണ് ചെയ്യുന്നത്. സമൂഹത്തിൽ സ്വാധീനമുള്ളവർക്കെതിരെയാണ് ആരോപണമെങ്കിൽ പിന്നെ പറയാനുമില്ല. പത്തു വർഷം മുമ്പ് കൊച്ചിയിൽ ഭർത്താവായ നാവികസേനാ ഉദ്യോഗസ്ഥനും അദ്ദേഹത്തിെൻറ മേലധികാരികൾക്കുമെതിരെ വൈഫ് സ്വാപിങ് നടത്തുന്നതായി പരാതി നൽകിയ യുവതിയെ ഒറ്റപ്പെടുത്താനും മറ്റു കേസുകളിൽ കുടുക്കാനുമാണ് അധികൃതർ തിടുക്കപ്പെട്ടത്. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ 2016ൽ രാജ്യത്തെ സുപ്രീംകോടതി കേരള പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർനടപടികളെന്തുണ്ടായി എന്നത് അജ്ഞാതം.

അതിഗുരുതരമായ ഇത്തരം ലൈംഗിക അരാജകത്വ പ്രവണതകളെ ഇല്ലാതാക്കാൻ വേണ്ടവിധമുള്ള ഒരു മുൻകൈയും സംസ്ഥാനത്ത് രൂപപ്പെടുന്നില്ല. മറിച്ച്, നഗരവത്കരണത്തിെൻറയും പുരോഗമനത്തിെൻറയും ഭാഗമെന്ന മട്ടിൽ ചിത്രീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന വാദങ്ങളാണുയരുന്നതെന്നത് ദൗർഭാഗ്യകരം തന്നെ. അവകാശ നിഷേധങ്ങൾക്കെതിരെ ശബ്ദിക്കുന്ന സ്ത്രീവാദിക്കൂട്ടായ്മകൾ പോലും കറുകച്ചാലിലെ വൈഫ്സ്വാപിങ് പരാതിക്കാരിക്ക് നീതി ഉറപ്പാക്കാനായി രംഗത്തുവന്നുകണ്ടില്ല. യുവതിയുടെ കൊലയാളികളെ കണ്ടെത്താനും ഓൺലൈനും ഓഫ്ലൈനുമായി പ്രവർത്തിക്കുന്ന ലൈംഗിക വ്യാപാര റാക്കറ്റുകളുടെ പിന്നിൽ പ്രവർത്തിക്കുന്നവരെ അമർച്ചചെയ്യാനും ഭരണകൂടം ഒരു നിമിഷംപോലും പാഴാക്കിക്കൂടാ.

Tags:    
News Summary - Witness the blood of sexual anarchy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.