സെൻസസിൽ ജാതിതിരിച്ച കണക്ക് വരട്ടെ

ഇപ്പോഴുള്ള ഫോറത്തിൽ ജാതിപ്പേര് പൂരിപ്പിച്ചാൽ അതെങ്ങനെയിരിക്കുമെന്നതിനു 2011ലെ സെൻസസ് അനുഭവംതന്നെ തെളിവാണ്. അന്ന് പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കാതെ സ്വയം ജാതിപ്പേര് എഴുതിയ മൊത്തം കണക്കു നോക്കിയപ്പോൾ ഇന്ത്യയിൽ മൊത്തം 46 ലക്ഷം ജാതിപ്പേരുകൾ!

2027 സെൻസസിന്റെ നടത്തിപ്പ് സങ്കീർണമാക്കുന്നതിൽ ബന്ധപ്പെട്ടവർ അസാമാന്യ വിരുതു തന്നെയാണ് പ്രകടിപ്പിക്കുന്നത് എന്നു തോന്നിപ്പോവുന്നു. സർക്കാറും സെൻസസ് അധികാരികളും അടിക്കടി പുറത്തുവിടുന്ന തീരുമാനങ്ങളും അവയിൽ നിന്നുള്ള പിന്മാറ്റങ്ങളും അതാണ് സൂചിപ്പിക്കുന്നത്. പത്തു വർഷത്തിൽ ഒരിക്കൽ മാത്രം (ഇത്തവണ അത് 16 വർഷമാവും) ദേശവ്യാപകമായി നടക്കേണ്ട ബൃഹത്തായൊരു പ്രക്രിയയിലാണ് ഇത്തരം യുക്തിരഹിത തീരുമാനങ്ങൾ ഉണ്ടാവുന്നത് എന്നതാണ് കഷ്ടം. 2027 സെൻസസിന്റെ ജനസംഖ്യാബന്ധിതമായ ചോദ്യാവലിയിൽ 2011ലേതിനേക്കാൾ കൂടുതലായി ചേർത്ത 13 ചോദ്യങ്ങളുടെ കൂട്ടത്തിൽ മതം എന്ന തലക്കെട്ടിനടിയിൽ ഹിന്ദു, ഇസ്‌ലാം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന എന്നീ ആറു മതങ്ങൾക്കു പുറമെ ‘മറ്റുള്ളവ’ എന്നതിനു താഴെ നൽകിയ 287 മതങ്ങളുടെ പട്ടികയിൽനിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ ആദ്യം ഡ്രോപ് ഡൗൺ മെനു നൽകി, ശേഷം വലിയ കോലാഹലങ്ങളായപ്പോൾ ഒരു ദിവസത്തിനകം പിൻവലിച്ചു.

സെൻസസ് അധികാരികൾ ഇറക്കിയ പട്ടികയനുസരിച്ച് ശ്രീകൃഷ്ണ പ്രസ്ഥാനം, രാമകൃഷ്ണ പരമഹംസർ, സനാതന, ശ്രീ രാം, ബാൽമികി, രാംദേവ്, ബിഷ്ണോയ്, ശരണ, താന്ത്രിക്, യോഗി, ശിയാ, സുന്നി, പെന്തകോസ്റ്റ, മെതഡിസ്റ്റ് തുടങ്ങിയ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ഉപവിഭാഗങ്ങളും എല്ലാം വ്യത്യസ്ത മതങ്ങളായി രേഖപ്പെടുത്തേണ്ടി വരുമായിരുന്നു.

ഗോത്രവർഗങ്ങൾ, ഭിന്ന ആരാധനാ സമ്പ്രദായങ്ങൾ നിലനിർത്തുന്നതിനാൽ അതനുസരിച്ച് മതവിശ്വാസ തനിമ നിലനിർത്തണമെന്നും ഹിന്ദുക്കൾ എന്ന വിശാല പൊതുവിഭാഗത്തിൽ തങ്ങളെ പെടുത്തരുതെന്നും ആവശ്യപ്പെട്ടതാണ് ഇതിന്റെ പശ്ചാത്തലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ‘ശരണ’ വിഭാഗം ഉദാഹരണം. 2011ലെ സെൻസസിൽ അവരുടെ എണ്ണം നാലര ദശലക്ഷം വരുമെന്നും ‘മറ്റു വിശ്വാസങ്ങൾ’ എന്ന വിഭാഗത്തിലെ ആകെ എട്ടു ദശലക്ഷത്തിലെ 62 ശതമാനവും ആ വിഭാഗമാണെന്നുമാണ് കണക്കു വന്നത്. എങ്കിൽ മുഖ്യവിഭാഗമായി എണ്ണിയ ജൈനമതക്കാരുടെ ദേശീയ സംഖ്യയേക്കാൾ കൂടുതലാണെന്നും ആ വിഭാഗക്കാർ ചൂണ്ടിക്കാട്ടി. 2011 ലെ സെൻസസിലും മതം ഒരു ചോദ്യ ഇനമായിരുന്നുവെങ്കിലും അതിൽ പരാമർശിച്ച ആറു മതങ്ങളോടൊപ്പം ‘മറ്റു മതങ്ങളും വിശ്വാസങ്ങളും’ എന്നാണ് ഉണ്ടായിരുന്നത്. അത് എഴുതിച്ചേർക്കാൻ കള്ളിയുമുണ്ടായിരുന്നു. പക്ഷേ, വെറും 0.7 ശതമാനമായിരുന്നു ഈ വിഭാഗത്തിന്റെ എണ്ണമെങ്കിൽ അതോടൊപ്പം ഉണ്ടായിരുന്ന മതം എടുത്തുപറയാത്തവർ 0.2 ശതമാനം മാത്രമായിരുന്നു.

സത്യത്തിൽ സെൻസസിലെ മുൻനിശ്ചിത പട്ടികയനുസരിച്ച് ഒരു ഡ്രോപ് ഡൗൺ മെനു നൽകേണ്ടത് മതത്തിന്റെയല്ല, ജാതിയുടെ കോളത്തിലാണ്. ഡിജിറ്റലായും ജാതിവിവരങ്ങൾ ഉൾപ്പെടുത്തിയും ചരിത്രത്തിലാദ്യം നടക്കുന്ന സെൻസസിൽ നിലവിൽ പട്ടികജാതി-പട്ടികവർഗം എന്നത് മാത്രമേ നിർണിത ജാതിവിഭാഗങ്ങളായി തിരഞ്ഞെടുക്കാൻ പാകത്തിൽ ഡ്രോപ് ഡൗൺ നൽകിയിട്ടുള്ളൂ. അതൊഴിച്ചാൽ മറ്റുള്ളവരെല്ലാം ജാതി രേഖപ്പെടുത്തേണ്ടത് തുറന്ന ഫീൽഡിൽ പുതുതായി ജാതിപ്പേര് എഴുതിക്കൊണ്ടാണ്. അങ്ങനെ വരുന്ന 150 കോടി ജനങ്ങളുടെ വിവരങ്ങളിൽ ജാതികളെ എങ്ങനെ തരംതിരിച്ച് തിട്ടപ്പെടുത്തും എന്നതിന് വ്യക്തമായ മാർഗരേഖ സർക്കാറിന്റെ കൈവശമുള്ളതായി ഇതുവരെ സൂചനയില്ല. സെൽഫ് എന്യൂമറേഷൻ നടക്കുന്നതും ഇതാദ്യമാണ്. അപ്പോൾ ഈ തുറന്ന കള്ളിയിൽ എങ്ങനെ ജാതിയെഴുതുമെന്ന നിർണായക ചോദ്യം അത് തയാറാക്കിയവർ ആദ്യം സ്വയം ചോദിച്ച മട്ടിലല്ല കാര്യങ്ങൾ.

ജാതിവിഭാഗങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക പുരോഗതി അറിയാനും അതനുസരിച്ച് സ്റ്റേറ്റിന്റെ വിഭവങ്ങൾ അവരുടെ പുരോഗതിക്കു സഹായകമാവും വിധം വിതരണം ചെയ്യാനും മതാനുയായികളുടെ എണ്ണം തിട്ടപ്പെടുത്തേണ്ടത് ആവശ്യമാണ്. അതിനടിസ്ഥാനമായിരിക്കേണ്ടത് ഈ സ്ഥിതിവിവരക്കണക്കാണ്. എന്നിരിക്കെയാണ് ജാതി തരം തിരിവ് അസാധ്യമാകുംവിധം തുറന്ന കോളത്തിൽ പൂരിപ്പിക്കുന്നവർ അവരവരുടെ ഭാഷയിൽ മനസ്സിലാകുന്ന അക്ഷരമനുസരിച്ച് ജാതിപ്പേരുകൾ കുറിച്ചിടാൻ പോകുന്നത്. മറ്റു പിന്നാക്ക വിഭാഗങ്ങളും പ്രതിപക്ഷ കക്ഷികളും ഈ പോരായ്മ തിരുത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.

2027 സെൻസസ് നടപടികൾ കുറെ മുന്നോട്ടുപോയ ശേഷമാണ് ഇത് പറയേണ്ടി വന്നിരിക്കുന്നത്. വീടുകളുടെ സർവേ നടന്ന ഒന്നാം ഘട്ടത്തിനു ശേഷം മൂന്നു ദിവസം മുമ്പാണ് (നവംബർ 16) 2027ൽ തെരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിൽ സെൻസസിന്റെ രണ്ടാം ഘട്ടമായി സ്വയം വിവരങ്ങൾ പൂരിപ്പിക്കാനുള്ള പോർട്ടൽ തുറന്നത്. ഇപ്പോഴുള്ള ഫോറത്തിൽ ജാതിപ്പേര് പൂരിപ്പിച്ചാൽ അതെങ്ങനെയിരിക്കുമെന്നതിനു 2011ലെ സെൻസസ് അനുഭവംതന്നെ തെളിവാണ്. അന്ന് പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കാതെ സ്വയം ജാതിപ്പേര് എഴുതിയ മൊത്തം കണക്കു നോക്കിയപ്പോൾ ഇന്ത്യയിൽ മൊത്തം 46 ലക്ഷം ജാതിപ്പേരുകൾ! സർക്കാറിന് ഇനിയും ഇത്തരം ഒരു കണക്കു മതിയോ? സാമൂഹിക-വിദ്യാഭ്യാസ-സാമ്പത്തിക അവസ്ഥയുടെ കൃത്യമായ കണക്കുകൾവെച്ച് ഒരു ജാതിയെയും അളക്കാൻ കഴിയരുതെന്ന് ഗവൺമെന്റ് തീരുമാനിക്കുകയാണോ? അങ്ങനെയല്ലെങ്കിൽ, സാമാന്യബുദ്ധിക്കു യോജിക്കുന്ന രീതിയിൽ ഇത് തിരുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ജാതി നാമങ്ങൾ വെച്ച് ഒരു ഡ്രോപ് ഡൗൺ പട്ടിക തയാറാക്കുന്നതിന് തടസ്സമായി സർക്കാർ വൃത്തങ്ങൾ പറഞ്ഞ ന്യായം, രാജ്യത്തെ മൊത്തം ജാതികളുടെ ഒരു പട്ടിക കൈവശമില്ലെന്നാണ്. ഇല്ലെങ്കിൽ അത് തയാറാക്കൽ കൂടി ഇത്തരമൊരു അഭ്യാസത്തിന്റെ ഭാഗമാക്കുകയല്ലേ വേണ്ടത്? ഇനിയും 50 ലക്ഷം ജാതിപ്പേരുകൾ വന്നോട്ടെ, അതിന്റെ പേരിൽ പിന്നാക്കക്കാർ ആർക്കും ഒന്നും നൽകേണ്ടിവരില്ലല്ലോ എന്ന സൃഗാല ബുദ്ധി ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്നും സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.

Tags:    
News Summary - Let the census include caste-based data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.