ഡിജിറ്റൽ വിവരസംരക്ഷണ ബിൽ ആ​രെ സംരക്ഷിക്കാൻ?


പൗരന് ഭരണപരമായ വിവരങ്ങൾ ലഭിക്കാനും വിവരസ്വകാര്യതക്കുമുള്ള അവകാശം ജനാധിപത്യത്തിൽ ഉള്ളടങ്ങിയതാണ്. ആദ്യത്തേതിനു​ 2005ലെ വിവരാവകാശനിയമത്തിന്‍റെ പിൻബലമുണ്ട്​. രണ്ടാമത്തേത്​ ഭരണഘടനയിലെ മൗലികാവകാശങ്ങൾ തന്നെ ഉറപ്പുതരുന്നു എന്ന കാര്യം 2017 മുതൽ പലപ്പോഴായി വന്ന കോടതിവിധികളിലൂടെ സ്ഥിരപ്പെട്ടതാണ്​. എന്നാൽ, ഇവ രണ്ടും ദുർബലപ്പെടുത്തുന്ന നിയമഭേദഗതികളും ഭരണകൂട നടപടികളും അടുത്തകാലത്തായി കണ്ടുവരുന്നു. ജനാധിപത്യ സ്ഥാപനങ്ങളും സംവിധാനങ്ങളും ദുർബലപ്പെടുകയാവും അതിന്‍റെ ഫലം.

ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ച, മുമ്പത്തേക്കാളധികം വിവരങ്ങൾ സ്വകാര്യമല്ലാതാവാനും ചോർന്നുപോകാനും ഇടയാക്കിയിട്ടുണ്ട്​. കൈകാര്യം ചെയ്യുന്ന വ്യക്തികളും ഏജൻസികളും വിവരം ചോർത്തി സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുന്നതും സാധാരണമായിരിക്കുന്നു. ഭരണകൂടങ്ങൾ വിവരങ്ങൾ ചോർത്തുന്നത് സ്വകാര്യത നഷ്ടപ്പെടാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാവും ലോകത്തെ 194ൽ 137 രാജ്യങ്ങളും വ്യത്യസ്തരീതിയിലുള്ള നിയമങ്ങൾ ആവിഷ്കരിച്ചതെന്നു യു.എൻ ഏജൻസിയായ UNCTAD നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ വിവരസംരക്ഷണ ചട്ടങ്ങൾ വിവിധ നിയമങ്ങളിലായി ചിതറിക്കിടക്കുകയാണ്. 2000ത്തിലെയും 2011ലെയും ഐ.ടി. നിയമങ്ങൾ, 2019 ലെ ഉപഭോക്‌തൃ സംരക്ഷണനിയമം, ദേശീയ ടെലികോം നയമടക്കമുള്ള ഒട്ടനവധി നിയമങ്ങൾ അടങ്ങിയതാണീ സംഹിത. ഏറ്റവും ഒടുവിലായി ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബിൽ 2022 അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അതിന്റെ കരട് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി കഴിഞ്ഞയാഴ്ച പുറത്തുവിട്ടു. നേരത്തേ അവതരിപ്പിച്ച കരട് പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കുമ്പോൾ കൂടുതൽ സമഗ്രമായ നിയമനിർമാണം നടത്തുകയാണെന്നാണ് കേന്ദ്ര ഭരണകൂടം അവകാശപ്പെടുന്നത്​. എന്നാൽ, വിവരസംരക്ഷണത്തിന്‍റെ പുതിയ പതിപ്പിൽ പൗരന്റെ അവകാശങ്ങൾ കൂടുതൽ അപഹരിക്കുകയാണെന്ന്​ പൊതുവിമർശനം ഉയർന്നുകഴിഞ്ഞു.

ഇന്ത്യയിൽ വിവരശേഖരണ-വിതരണങ്ങളുടെ നിയന്ത്രണത്തിനുള്ള അധികാര സമിതിയാണ്​ വിവരസംരക്ഷണ ബോർഡ്​ (ഡേറ്റ പ്രൊട്ടക്​ഷൻ ബോർഡ്​-ഡി.പി.ബി). അതിന്റെ ഘടനയും സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും കേന്ദ്രസർക്കാറാണ്​ തീരുമാനിക്കുന്നത്​. മുൻ കരടിൽ ഇതിലൊക്കെ നീതിപീഠത്തിന്റെ മേൽനോട്ടത്തിനു വകുപ്പുണ്ടായിരുന്നു. പുതിയതിൽ ഇതൊരു പരമാധികാര സംവിധാനമാണ്. മാത്രമല്ല, മുമ്പ്​ വിവരശേഖരണത്തിലെ സ്വകാര്യത ലംഘിച്ച് വിവരം പ്രയോഗിക്കുന്നത് രാജ്യസുരക്ഷ അപകടത്തിലാവുന്ന വിഷയത്തിൽ മാത്രമായിരുന്നു. എന്നാൽ, പുതിയ കരടനുസരിച്ച് പൊതു ക്രമസമാധാനം, വിവരത്തിന്റെ സ്വഭാവം, ജനാധിപത്യത്തിനുള്ള അപകടസാധ്യത, രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും ഉയർത്തുന്ന അപകടം തുടങ്ങി പലതും തീരുമാനിക്കുന്നത് ഈ ബോർഡാവും. അങ്ങനെ വരുമ്പോൾ വിവരസംരക്ഷണം കൂടുതൽ ഭദ്രമാവുന്നത്​ എങ്ങനെയാണെന്ന് ബിൽ വേണ്ടത്ര വ്യക്തമാക്കുന്നില്ല. മുമ്പത്തെ കരടിൽനിന്ന് വ്യത്യസ്തമായി വിവരശേഖരണത്തിലെ നിർണായക നിയന്ത്രണങ്ങൾ ഒന്നും പുതിയതിൽ കാര്യമായി പരാമർശിക്കുന്നില്ല. വിവരം കൈകാര്യം ചെയ്യുന്ന കക്ഷിക്ക്​ ഉപയോഗിക്കുന്നതിനാവശ്യമായത്ര സ്വകാര്യവിവരം മാത്രമേ ശേഖരിക്കാവൂ എന്നായിരുന്നു പഴയ നിയമത്തിൽ. പുതിയ കരടിൽ അത്തരം നിയന്ത്രണങ്ങൾ ഇല്ല. വിവരം ആരെക്കുറിച്ചാണോ അയാളുടെ സമ്മതം വാങ്ങണമെന്നായിരുന്നു നേരത്തേ. സമ്മതി നിഷേധിച്ചാൽ വിവരം നീക്കം ചെയ്യാൻ അയാൾക്ക്​ അവകാശമുണ്ടെന്നും പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ വിവര സംരക്ഷണകാര്യത്തിൽ ഇനിമേൽ അവസാന വാക്ക് എക്സിക്യൂട്ടീവിനായി മാറും.

അങ്ങനെ സ്റ്റേറ്റിന്‍റെ സ്വകാര്യ വിവരശേഖരണത്തിലുള്ള നിയന്ത്രണങ്ങളെല്ലാം നീങ്ങുമ്പോൾ സ്വകാര്യതക്കുള്ള അവകാശം അടക്കമുള്ള പൗരാവകാശങ്ങളുടെ സംരക്ഷണത്തിന്​ അന്ത്യമാവും. പുതിയ നിയമത്തിൽ ഡിജിറ്റൽ സ്വകാര്യതയേക്കാൾ സംരക്ഷണം ലഭിക്കുക സ്റ്റേറ്റിന്റെ വിവര ശേഖരണത്തിനാണ് എന്ന വിമർശനം ഇതിനകം ഉയരുന്നുണ്ട്. സമാനമായ ആശങ്ക ഉന്നതകേന്ദ്രങ്ങൾ മുമ്പേ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2017ലെ സുപ്രീംകോടതിയുടെ സ്വകാര്യതക്കുള്ള അവകാശ വിഷയത്തിലുള്ള വിധിയിൽ ഇത്തരം സൂക്ഷ്‌മനിരീക്ഷണത്തിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പുകളുണ്ടായിരുന്നു. 2018ലെ വിവരസംരക്ഷണ ചട്ടക്കൂടിനെക്കുറിച്ച പഠനത്തിനു നിയോഗിക്കപ്പെട്ട ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമീഷനും അതേ ആശങ്ക പങ്കുവെച്ചിരുന്നു. പുതിയ കരടിൽ അതിനൊന്നും ശക്തമായ നിയന്ത്രണങ്ങൾ ഇല്ലെന്നാണ് വിവരം.

എന്നാൽ മറുവശത്ത്, വിവരാവകാശ നിയമം നിലനിൽക്കുമ്പോഴും സർക്കാർ വർഷത്തിൽ എത്ര സൂക്ഷ്മപരിശോധനാ ഉത്തരവുകൾ നൽകി എന്ന കണക്ക് ചോദിച്ചാൽ മറുപടി നൽകാൻ അധികാരികൾ തയാറല്ല. അതിനാൽ അതിന്റെ സുതാര്യതയും ഒരാശ്വാസവും നൽകുന്നില്ല. പുതിയ നിയമത്തെക്കുറിച്ച കേന്ദ്രം ഇറക്കിയ വിശദീകരണക്കുറിപ്പിൽ പൗരസൗഹൃദമായ കവചങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ബിൽ ഇതേപടി പാസായാൽ മർമപ്രധാനമായ സ്വകാര്യതാ നഷ്ടത്തിനെതിരെ പൗരന്മാർക്ക് സംരക്ഷണം ലഭിക്കാനേ ഇടയില്ല.

Tags:    
News Summary - Nov 26th editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.