ആഭ്യന്തര വകുപ്പ് ഒരു ഒഴിയാബാധയോ?

ഭൂപ്രഭുത്വം നിലനിന്നിരുന്ന കാലത്ത്, കരം നൽകാൻ വിസമ്മതിച്ചിരുന്ന ഗ്രാമീണ കർഷകർക്കുമേൽ സമീന്ദാർമാർ ക്രൂരമായ ലാത്തിപ്രയോഗം നടത്തിയതിന്റെ ചരിത്രം നമുക്കു മുന്നിലുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ആവശ്യമെങ്കിൽ 'അനുസരണ' പഠിപ്പിക്കാനും പൊലീസുകാരുടെ കൈകളിൽ വെള്ളക്കാർ ചൂരൽവടി ഏൽപിച്ചത് അതിനൊക്കെ ശേഷമാണ്. കാലമേറെ കഴിഞ്ഞിട്ടും, പൊലീസിന്റെ അധികാരദണ്ഡായി ലാത്തി ഇപ്പോഴും നിലകൊള്ളുന്നു. ആധുനിക ജനാധിപത്യയുഗത്തിലും ചൂരൽപ്രയോഗത്തിന്റെ ഈ മനോഘടനക്ക് മാറ്റമൊന്നും സംഭവിക്കാത്തതിന്റെ പ്രധാന കാരണം, നമ്മുടെ അധികാരികൾക്കിപ്പോഴും പഴയ സമീന്ദാർമാരുടെ മനോഭാവമായതുകൊണ്ടാണ്. പൊലീസ് നിയമങ്ങളിൽ കാലോചിത പരിഷ്കാരം ആവശ്യപ്പെടുന്ന കാക്കത്തൊള്ളായിരം പഠന റിപ്പോർട്ടുകളും നിർദേശങ്ങളും കോടതിവിധികളുമെല്ലാമുണ്ടായിട്ടും അധികാരിവർഗം അതൊന്നും കേട്ടഭാവം നടിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. ഇതിന്റെയൊക്കെ ദുരിതം പേറാൻ വിധിക്കപ്പെട്ടിരിക്കുന്നത് പാവപ്പെട്ട സാധാരണക്കാരാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലം ജില്ലയിലെ കിളികൊല്ലൂരിലുണ്ടായ പൊലീസ് മുറ. പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിഘ്നേഷും, സഹോദരനും സൈനികനുമായ വിഷ്ണുവുമാണ് പൊലീസിന്റെ ഭീകരമായ ലാത്തി പ്രയോഗത്തിനിരയായത്. സംഭവത്തിൽ ഏതാനും ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക നടപടിയുണ്ടായിട്ടുണ്ടെങ്കിലും, കാര്യങ്ങൾ അവിടെയൊന്നും നിൽക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

'മൃദുഭാവേ, ദൃഢകൃത്യേ' എന്നാണ് കേരള പൊലീസിന്റെ ആദർശ വാചകം. 'ജനമൈത്രി'യെന്നൊക്കെ പേരുമാറ്റിയെങ്കിലും പഴയ ഇടിയൻ പൊലീസിന്റെ 'ദൃഢകൃത്യ'ത്തിൽനിന്ന് സേനക്ക് ഇപ്പോഴും 'മൃദുഭാവം' വന്നിട്ടില്ലെന്ന് ഇതിനെ പലരും കളിയാക്കാറുണ്ട്. സാധാരണക്കാരന്റെ അഭയകേന്ദ്രമാകേണ്ട പൊലീസ് സ്റ്റേഷനുകളിലേക്ക് ഒരു പരാതിയുമായി കയറിച്ചെല്ലാൻ പോലും കഴിയാത്ത സ്ഥിതിവിശേഷം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കിളികൊല്ലൂർ സംഭവംതന്നെ എടുക്കുക. ലഹരിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ ജാമ്യത്തിലിറക്കാൻ വരണമെന്നാവശ്യപ്പെട്ടാണ് വിഘ്നേഷിനെ ആഗസ്റ്റ് അവസാന വാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സംഭവം ലഹരിക്കേസാണെന്നറിഞ്ഞതോടെ ഇടപെടാനില്ലെന്ന് വ്യക്തമാക്കി വിഘ്നേഷും വിഷ്ണുവും സ്റ്റേഷനിൽനിന്ന് മടങ്ങാൻ തുനിഞ്ഞപ്പോൾ പൊലീസ് അവരെ തടയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നത്രെ. പ്രതിരോധിക്കുന്നതിനിടെ ഒരു പൊലീസുകാരനും പരിക്കേറ്റു. അതോടെ, സ്റ്റേഷനിൽ കയറി പൊലീസുകാരെ മർദിച്ചുവെന്ന കേസിൽ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും 12 ദിവസം ജയിലിലടക്കുകയും ചെയ്തു. ഇതോടെ, വിഷ്ണുവിന്റെ വിവാഹം മുടങ്ങി; പൊലീസ് കായികക്ഷമത മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ട വിഘ്നേഷിന് അവസരം നഷ്ടമാവുകയും ചെയ്തു. ഈ സമയമത്രയും പൊലീസ് സ്റ്റേഷൻ ആക്രമിച്ചവരെന്ന നിലയിലാണ് ഇരുവരെയും സമൂഹവും മാധ്യമങ്ങളും അവതരിപ്പിച്ചത്. പിന്നീട്, മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമെല്ലാം ഇവർ പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ യഥാർഥ ചിത്രം പുറത്തുവന്നത്.

പൊലീസ് സേനയുടെ സാമാന്യ പ്രവർത്തന രീതിയായിത്തന്നെ ഈ സംഭവത്തെ കാണാവുന്നതാണ്. പാലക്കാട്ട് ഹൃദ്രോഗിയായ മാതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി സഹോദരങ്ങളെ പൊലീസ് വഴിയിൽവെച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവം അരങ്ങേറിയിട്ട് ഒരാഴ്ചയായിട്ടില്ല. അതേദിവസമാണ് മഞ്ചേരിയിൽ പത്ത് വയസ്സുമാത്രമുള്ള കുട്ടിയുടെ മുന്നിൽവെച്ച് യുവതി പൊലീസ് അക്രമത്തിനിരയായത്. മർദനങ്ങളും അസഭ്യവർഷവും മാത്രമല്ല, മോഷണമടക്കമുള്ള പൊലീസിന്റെ മറ്റു കുറ്റകൃത്യങ്ങളും ഇതേ ദിവസങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. മേൽസൂചിപ്പിച്ച സംഭവങ്ങളിലെല്ലാം വകുപ്പുതല നടപടികളുണ്ടായിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ, അത്തരം നടപടികൾക്കൊന്നും തുടർച്ചയുണ്ടാവാറില്ല എന്നതാണ് യാഥാർഥ്യം. പൊലീസ്-മാഫിയ ബന്ധം പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായി 2019 ജനുവരി 13ന് അമ്പതിലധികം പൊലീസ് സ്റ്റേഷനുകളിൽ 'ഓപറേഷൻ തണ്ടർ' എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത് ഈയവസരത്തിൽ ഓർക്കാവുന്നതാണ്. കാസർകോട്ട് ഒരു എസ്.ഐയുടെ മേശവലിപ്പിൽനിന്ന് അന്ന് 125 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. തൊണ്ടിയായി പിടിക്കപ്പെട്ട മൊബൈൽ ഫോണും സ്വർണാഭരണങ്ങളുമെല്ലാം രജിസ്റ്ററിൽ രേഖപ്പെടുത്താതെ പൊലീസുകാർ സ്വന്തമാക്കിയതിന്റെയും വിവിധ ഖനന മാഫിയകളുമായി ഇക്കൂട്ടർക്കുള്ള ബന്ധവുമെല്ലാം ആ ഒരൊറ്റ ദിവസം പുറത്തുവന്നതാണ്. എന്നിട്ടും 'ഓപറേഷൻ തണ്ടറി'ന് ആ ദിവസത്തിനപ്പുറം പോകാനായില്ല.

പൊലീസ് സേന ഇങ്ങനെയൊക്കെ മതിയെന്ന നിലപാടാണ് ഭരിക്കുന്നവർക്കും. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ സമ്പൂർണ പരാജയമാണെന്ന് രാഷ്ട്രീയമായി അദ്ദേഹത്തെ അനുകൂലിക്കുന്നവർപോലും സമ്മതിക്കുന്ന കാര്യമാണ്. അടിസ്ഥാനപരമായി ഒരു പൊലീസ് നയം രൂപവത്കരിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടില്ല. സർവം സേനക്ക് വിട്ടുകൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. കോവിഡ് കാലത്ത്, ലോക്ഡൗൺ നിയന്ത്രണങ്ങൾക്കായി പൊലീസിനെ കെട്ടഴിച്ചുവിട്ടത് ആരും മറന്നിട്ടുണ്ടാകില്ല. ആരോഗ്യ അടിയന്തരാവസ്ഥക്ക് ലാത്തികൊണ്ട് പരിഹാരം കാണാനാണ് അന്നു ശ്രമിച്ചത്. പിന്നീട്, സൈബർ കേസുകളിൽ പൊലീസിന് സവിശേഷ അധികാരം നൽകുന്ന നിയമനിർമാണത്തിനും ആഭ്യന്തര മന്ത്രി തുനിഞ്ഞു. സ്വന്തക്കാർപോലും എതിരുനിന്നതോടെ പിൻവലിയേണ്ടിവന്നത് വേറെ കാര്യം. ഒരു തത്ത്വദീക്ഷയുമില്ലാതെ ആളുകൾക്കുമേൽ യു.എ.പി.എ അടക്കമുള്ള ജനാധിപത്യവിരുദ്ധ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതും സംഘ്പരിവാർ കേന്ദ്രങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നതടക്കമുള്ള ആഭ്യന്തര വകുപ്പിന്റെ മറ്റു നടപടികളും ഒട്ടേറെ തവണ ചർച്ചയായിട്ടുണ്ട്. ചുരുക്കത്തിൽ, ആഭ്യന്തര വകുപ്പ് ഒരു ഒഴിയാബാധയായി സാധാരണക്കാർക്കുമുന്നിൽ നിൽക്കുകയാണ്. കാലോചിത പരിഷ്കാരമല്ലാതെ മറ്റൊന്നുമല്ല പ്രതിവിധി.

Tags:    
News Summary - Madhyamam Editorial on Kerala Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.