കാലാവസ്ഥ മാറ്റം: ദുരന്തം അകലെയല്ല

ഈജിപ്തിലെ ശറമുശൈഖിൽ കാലാവസ്ഥ ഉച്ചകോടി (കോപ് 27)പുരോഗമിക്കുകയാണ്. മാനവകുലം ഇന്ന് നേരിടുന്ന ഏറ്റവും അടിയന്തരമായ ജീവൽപ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളുമാണ് രണ്ടാഴ്ച നീളുന്ന ഉച്ചകോടിയിൽ ചർച്ചയാവുക. 1992 മുതൽ തന്നെ യു.എൻ ആഭിമുഖ്യത്തിൽ ഇങ്ങനെയൊരു സമ്മേളനം നടന്നുവരാറുണ്ടെങ്കിലും അമേരിക്കയടക്കമുള്ള വൻശക്തി രാഷ്ട്രങ്ങളുടെ ഏകപക്ഷീയ നിലപാടുകൾ മൂലം അതീവ പ്രഹസനമായി അവ അവസാനിക്കാറാണ് പതിവ്.

എന്നാൽ, 2015ലെ പാരിസ് സമ്മേളനത്തിനുശേഷം കാര്യങ്ങൾക്ക് അൽപം മാറ്റം വന്നിട്ടുണ്ട്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും കേവല സിദ്ധാന്തങ്ങൾക്കപ്പുറം, ലോകത്തിന്റെ അനുഭവമായി മാറിയതിൽപിന്നെയാണ് ഈ മാറ്റം. ആഗോളതാപനത്തിന് കാരണമാകുന്ന കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുവരാൻ വൻശക്തി രാഷ്ട്രങ്ങൾപോലും തത്ത്വത്തിൽ അംഗീകരിച്ചതും 'ഹരിത രാഷ്ട്രീയ'ത്തിന്റെ മുദ്രാവാക്യങ്ങൾക്ക് ലോകവ്യാപകമായി സ്വീകാര്യത ലഭിച്ചതുമെല്ലാം ഇതിന്റെ തുടർച്ചയിലാണ്. മുൻകാലങ്ങളിലില്ലാത്തവിധം ഇത്തരം സമ്മേളനങ്ങൾക്ക് മാധ്യമശ്രദ്ധ കൈവന്നതും ഈ പശ്ചാത്തലത്തിലാണ്. ഇക്കുറി ലോകം മുഴുവൻ ശറമുശൈഖിലേക്ക് ഉറ്റുനോക്കുകയാണ്. അവിടെനിന്നുള്ള പ്രഖ്യാപനങ്ങളായിരിക്കും ഈ നീലഗ്രഹത്തിന്റെ ഭാഗധേയം നിർണയിക്കുകയെന്നതിൽ സംശയമില്ല. എന്തെന്നാൽ, പാരിസ് ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ പരിഹാരങ്ങൾ ഭൂമിയെ രക്ഷിച്ചെടുക്കാൻ പര്യാപ്തമല്ലെന്നാണ് സമ്മേളനത്തിന് മുന്നോടിയായി വിവിധ ഗവേഷണസ്ഥാപനങ്ങൾ പുറത്തിറക്കിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. ഭൂമി വെന്തുരുകിക്കൊണ്ടിരിക്കുകയാണ്; അതിലെ ജീവജാലങ്ങൾ പ്രളയക്കയത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ആഗോളതാപനത്തിന്റെ ഫലമായി ഉയർന്ന ഭൂമിയുടെ ചൂട് വ്യവസായവത്കരണത്തിനും മുമ്പത്തെ നിലയിലെത്തിക്കുക എന്നതായിരുന്നുവല്ലോ പാരിസ് ഉച്ചകോടിയിൽ ഉയർന്ന പ്രതിവിധികളിലൊന്ന്. ഏറിപ്പോയാൽ, അക്കാലത്തേതിനും ഒന്നര ഡിഗ്രിവരെയൊക്കെ അധികമാകാം. ഈ തോതിൽ പരിമിതപ്പെടുത്താനുള്ള നടപടികളും, സമീപഭാവിയിൽ വൻ പാരിസ്ഥിതിക ഭീഷണി നേരിടുന്ന രാജ്യങ്ങൾക്കുള്ള സാമ്പത്തിക-സാങ്കേതികവിദ്യ സഹായവുമൊക്കെയായിരുന്നു തുടർ സമ്മേളനങ്ങളുടെയെല്ലാം മുഖ്യഅജണ്ട. പക്ഷേ, അതിനെക്കാൾ തീവ്രമായ പരിഹാരം ആവശ്യപ്പെടുംവിധം കടലും കരയും വലിയ താപനിലയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ലോക കാലാവസ്ഥ സംഘടന (ഡബ്ല്യു.എം.ഒ)പുറത്തുവിട്ട പഠന റിപ്പോർട്ട് കാര്യങ്ങൾ എത്രത്തോളം സങ്കീർണമായിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. കാർബൺ ബഹിർഗമനത്തിന്റെ തോത് കുറക്കാനുള്ള നിർദേശങ്ങൾ ഇപ്പോഴും കടലാസിലൊതുങ്ങിയിരിക്കുന്നുവെന്ന് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രധാന ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ അളവ് കൂടിക്കൊണ്ടിരിക്കയാണത്രേ. മീഥൈൻ ഒരു വർഷത്തെ ഏറ്റവും കൂടിയ അളവിലാണ്. കടൽനിരപ്പും ക്രമാതീതമായി ഉയരുക തന്നെയാണ്. രണ്ട് വർഷത്തിനിടെ, സമുദ്രനിരപ്പ് ശരാശരി പത്ത് മില്ലീ മീറ്റർ ഉയർന്നു. ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസ്സായ ഹിമാനികളുടെ അളവിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ, സ്വിറ്റ്സർലൻഡിൽ മാത്രം 60 ഘന കിലോമീറ്റർ അളവിൽ ഹിമാനി ഉരുകിയൊലിച്ചുപോയി. ദക്ഷിണേഷ്യൻ രാജ്യങ്ങൾ കഴിഞ്ഞവർഷം മഴയിൽ മുങ്ങിയപ്പോൾ ആഫ്രിക്കയിൽ വൻ വരൾച്ചയാണ് രേഖപ്പെടുത്തിയത്. ഒരു വർഷത്തിനിടെ, ആഫ്രിക്കൻ വൻകരയിൽ രണ്ട് കോടി ജനങ്ങളെങ്കിലും കാലാവസ്ഥ മാറ്റത്തിന്റെ ദുരിതം കാരണം പട്ടിണിയിലായെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈയിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത 'അസാധാരണ കാലാവസ്ഥ പ്രതിഭാസ'ങ്ങളെ (എക്സ്ട്രീം വെയർ ഇവൻറ്സ്) അടിസ്ഥാനമാക്കുന്ന പഠന റിപ്പോർട്ട് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സി.എസ്.ഇ) കഴിഞ്ഞയാഴ്ച പുറത്തുവിടുകയുണ്ടായി. 2018ൽ കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിന്റെ കെടുതികൾ നമുക്കറിയാം. ആ വർഷം രാജ്യത്തെ 18 സംസ്ഥാനങ്ങളിലാണ് പ്രളയമുണ്ടായത്; നാല് സംസ്ഥാനങ്ങളിലെങ്കിലും വൻ ഹിമപാതമുണ്ടായി; മൂന്നിടത്ത് ഉഗ്രതാപവാതവും റിപ്പോർട്ട് ചെയ്തു; ഇക്കാലത്തുതന്നെ ഉത്തരേന്ത്യയിലാകെ ശീതതരംഗവുമുണ്ടായി. ഇവയൊന്നും കേവലമായ 'പ്രകൃതിദുരന്ത'ങ്ങളായിരുന്നില്ല. ഇതിനെ 'അസാധാരണ കാലാവസ്ഥ പ്രതിഭാസ'ങ്ങളെന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസങ്ങളിലെ 88 ശതമാനം ദിവസങ്ങളിലും രാജ്യത്തെവിടെയെങ്കിലും ഏതെങ്കിലുമൊരു 'അസാധാരണ കാലാവസ്ഥ പ്രതിഭാസം' റിപ്പോർട്ട് ചെയ്തുവെന്നാണ് സി.എസ്.ഇ റിപ്പോർട്ടിൽ പറയുന്നത്.

ഈ അപകടങ്ങളിലായി 2755 പേർ മരണപ്പെടുകയും 18 ലക്ഷം ഹെക്ടർ കൃഷി നശിക്കുകയും ചെയ്തു. മധ്യപ്രദേശിലാണ് ഏറ്റവുംകൂടുതൽ പേർ മരണപ്പെട്ടത്. താപവാതവും ശീതതരംഗവും പേമാരിയും കൊടുങ്കാറ്റും അവിടെ വൻനാശം വിതച്ചു. രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ ഇക്കുറി താപവാതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തേ, മധ്യേന്ത്യയിൽ മാത്രം അപൂർവമായി സംഭവിച്ചിരുന്ന ഈ പ്രതിഭാസം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇവയത്രയും കാലാവസ്ഥാമാറ്റത്തിന്റെ പ്രതിഫലനമാണെന്ന് വ്യക്തം. ആഗോള താപനം പ്രാഥമികമായി പ്രതിഫലിക്കുക സമുദ്രങ്ങളിലാണ്. യഥാർഥത്തിൽ അവിടെയുണ്ടാകുന്ന മാറ്റങ്ങളുടെ അനുരണനങ്ങളാണ് പ്രളയമായും ഉഷ്ണതരംഗങ്ങളായും ഹിമപാതങ്ങളായും പെയ്തുകൊണ്ടിരിക്കുന്നത്. കടൽനിരപ്പ് ക്രമാതീതമായി വർധിച്ചതിനെ തുടർന്ന്, പല ദേശങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നത് ഈ നൂറ്റാണ്ടിന്റെ പുതിയ യാഥാർഥ്യമാണ്. ഒരുപരിധിവരെ മനുഷ്യകരങ്ങളാൽ സൃഷ്ടിക്കപ്പെട്ട ദുരന്തമാണിത്. ഈ അപകടത്തെ ചെറുക്കാൻ അതേ കരങ്ങൾകൊണ്ട് പണിയെടുത്തേ മതിയാകൂ.

Tags:    
News Summary - Madhyamam Editorial on weather summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.