നയംമാറ്റം നന്ന്; പരിഷ്കരണവും നന്നാവണം



നിയമവും നീതിനിർവഹണവും ആർക്കുവേണ്ടി എന്ന ചോദ്യത്തിന് ഉറക്കെയുള്ള ഉത്തരം ജനതക്കുവേണ്ടി എന്നാണ്​. എന്നാൽ, പ്രയോഗത്തിൽ അത്​ ഭരണകൂടത്തിന്‍റെയും ഭരണക്കാരുടെയും താൽപര്യനിവർത്തിക്കുവേണ്ടി എന്നായിത്തീരുകയാണ്​ പതിവ്​. അക്കാര്യത്തിൽ പൂർവാപരവൈരുധ്യമോ ഇരട്ടത്താപ്പോ ഒന്നും ഭരണകൂടങ്ങൾക്കോ അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷികൾക്കോ അലോസരമുണ്ടാക്കാറില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമാദമായ സായുധസേന പ്രത്യേകാധികാര നിയമം (അഫ്​സ്പ) വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭാഗിക​മായോ ഒട്ടുമുക്കാലായോ പിൻവലിക്കുന്ന ആലോചനകളുയർത്തിയിരുന്നു. അതിന്‍റെ സ​ന്ദർഭോചിതമായ സാംഗത്യം കഴിഞ്ഞ ദിവസത്തെ മുഖപ്രസംഗത്തിൽ ഞങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഫ്​സ്പയുടെ ബൂട്ടിനടിയിൽ സൈന്യം അമർത്തിവെച്ചിട്ടും വടക്കുകിഴക്കും ജമ്മു-കശ്മീരുമൊന്നും വരുതിയി​ലേക്കു വഴങ്ങുകയല്ല, നമ്മുടെ ദേശീയതാൽപര്യങ്ങളിൽനിന്നു കൂടുതൽ കുതറിച്ചാടുകയാണ്​ ചെയ്യുന്നത്. അതറിഞ്ഞുതന്നെയാവണം നേരത്തേ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇപ്പോൾ പ്രധാനമന്ത്രി നേരിട്ടും അഫ്​സ്പ പുനരവലോകനം ​ചർച്ചയാക്കുന്നത്​.

ഇന്ത്യയിൽ പുതിയ നിയമങ്ങൾ നിർമിക്കുന്നതിനും ഭേദഗതിയും പരിഷ്കാരങ്ങളും കൊണ്ടുവരുന്നതിനും നിയമനിർമാണസഭയും നീതിന്യായ സംവിധാനവുമൊക്കെയുണ്ട്​. ഈ സംവിധാനങ്ങളുടെ പരിപാവനത പരിപാലിച്ച് പ്രഖ്യാപിത ലക്ഷ്യങ്ങൾക്കനുസൃതമായി അതിന്‍റെ നിയന്താക്കൾ നീങ്ങുമ്പോഴാണ്​ രാജ്യത്ത്​ പ്രജാക്ഷേമത്തിലൂന്നിയ ഭരണം നിലവിൽ വരുക. അതേസമയം, നിക്ഷിപ്ത രാഷ്​ട്രീയതാൽപര്യങ്ങൾ അധികാരികളെ പിടികൂടിയാൽ ഈ സംവിധാനങ്ങൾ അവരുടെ ചൊൽപ്പടിക്കൊത്ത് ചലിക്കുകയാണ് ചെയ്യുക. അതിൽ കക്ഷിപക്ഷഭേദങ്ങളൊന്നുമില്ല. നിയമം നിലനിർത്തേണ്ടതും ഭേദഗതിയും പരിഷ്കരണവും വരുത്തേണ്ടതും ജനതയേക്കാൾ ഭരണകൂടത്തിന്‍റെ ആവശ്യമായി വരു​ന്നത്​ ഇത്തരം സന്ദർഭങ്ങളിലാണ്​.

'അഫ്​സ്പ' എന്ന അപരിഷ്കൃതനിയമത്തിന്‍റെ വീണ്ടുവിചാരത്തിനൊരുങ്ങുന്ന ഭരണകൂടംതന്നെ ഇതിനകം ഒട്ടേറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ച രാജ്യദ്രോഹനിയമത്തിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ രണ്ടു മനസ്സു വെക്കുന്നത് ഉദാഹരണം. നിയമം പഴയതാണെങ്കിലും നേരത്തേ സുപ്രീംകോടതിയടക്കം ശരിവെച്ചതിനാൽ പുനരവലോകനംപോലും വേണ്ടെന്നാണ് കേന്ദ്ര സർക്കാർ ശനിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ, രാജ്യത്തെമ്പാടും എതിരഭിപ്രായങ്ങളും വിമർശനങ്ങളും ഉയർന്നിരിക്കെ നിയമം പുനഃപരിശോധിക്കാൻ തയാറാണെന്ന് തിങ്കളാഴ്ച കേന്ദ്രം നിലപാട് തിരുത്തിയിരിക്കുന്നു. കേന്ദ്ര സർക്കാറിന്റെ മുൻകൈയിൽ നടക്കുന്ന റിവ്യൂവും തുടർ നടപടികളും പൂർത്തിയാവുന്നതുവരെ തൽസംബന്ധമായ കോടതിവ്യവഹാരങ്ങൾ നിർത്തിവെക്കാൻ സുപ്രീംകോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനും സമരനേതാക്കളെ അന്യായമായി ജയിലിലടക്കാനും ബ്രിട്ടീഷ്​ അധിനിവേശഭരണകൂടം കൊണ്ടുവന്ന രാജ്യദ്രോഹനിയമമാണ്​ സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞും വള്ളിപുള്ളി വ്യത്യാസം കൂടാതെ നാം കൊണ്ടുനടക്കുന്നത്​. 1870ൽ ബ്രിട്ടീഷുകാർ ഇന്ത്യൻ ശിക്ഷാനിയമത്തിൽ എഴുതിച്ചേർത്ത നിയമത്തിന്‍റെ ആദ്യ ബലിയാട്​ ബാലഗംഗാധര തിലകൻ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം 1948ൽ ഭരണഘടന രൂപവത്​കരണചർച്ചയിൽ 'രാജ്യദ്രോഹം' (Sedition) എന്ന പ്രയോഗംതന്നെ ഭരണഘടനയിൽ വേണ്ട എന്ന കാര്യത്തിൽ രാഷ്ട്രശിൽപികളെല്ലാം ഏകാഭിപ്രായക്കാരായി. ഭരണഘടനയിൽ ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ വകുപ്പുകൾ ചേർത്തുകയും ചെയ്​തു. അപ്പോഴും അത്​ ഇന്ത്യൻ ശിക്ഷാനിയമ (​ഐ.പി.സി)ത്തിലെ 124എ വകുപ്പായി തുടർന്നു. 1951ൽ ജവഹർലാൽ നെഹ്​റു ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ 19 (1) എ വകുപ്പിനു ചില നിയന്ത്രണങ്ങളുമായി 19 (2) വകുപ്പ് കൊണ്ടുവന്നു. 1974ൽ ഇന്ദിര ഗാന്ധിയാകട്ടെ, 124എ വകുപ്പ്​ പൊലീസിന്​ വാറന്റ് കൂടാതെ അറസ്റ്റു ചെയ്യാൻ അനുമതി നൽകുംവിധം കുറേക്കൂടി ശക്തമാക്കി.

അങ്ങനെ ഇന്ത്യക്കാരെ കുടുക്കാൻ നിയമം കൊണ്ടുവന്ന ബ്രിട്ടൻ അവരുടെ നാട്ടിൽ 'രാജ്യദ്രോഹ' അപരാധമൊക്കെ വലിച്ചെറിഞ്ഞപ്പോഴും ഇന്ത്യ പഴയ കോളനിവിഴുപ്പ്​ ഇപ്പോഴും ചുമന്നു നടക്കുകതന്നെയാണ്​. ഇക്കാര്യം പലപ്പോഴും പല കേസുകളിലും വിവിധ കോടതികൾ ​ചൂണ്ടിക്കാണിക്കുകയും ഈ കോളനികാല കിരാതനിയമം പിൻവലിക്കുന്നതിനെക്കുറിച്ച്​ ആലോചിക്കാൻ ഗവൺമെന്‍റിനോട്​ ആവശ്യപ്പെടുകയും ചെയ്തു. 1951ൽ താരാസിങ്​ ഗോപിചന്ദ്​ കേസിൽ പഞ്ചാബ്​ ഹൈകോടതി ഐ.പി.സിയിലെ 124എ വകുപ്പ്​ ഭരണഘടനവിരുദ്ധമെന്നു വിധിച്ചു. രാജ്യദ്രോഹക്കുറ്റം നേരിടാൻ ശിക്ഷാനിയമത്തിൽ വേറെയും വകുപ്പുകൾ ഉണ്ടെന്നിരിക്കെ ആവിഷ്കാരസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തിന്‍റെ പ്രാഥമികമര്യാദകളെയും പരിഹസിക്കുന്ന ഇതൊഴിവാക്കുന്നതിന്​ അമാന്തമെന്തിന്​ എന്ന ചോദ്യം രാജ്യത്ത്​ സ്വാതന്ത്ര്യാനന്തരം നിരന്തരം ഉയർന്നുകേൾക്കുന്നതാണ്​. ഒരു വർഷത്തിലേറെയായി തീർപ്പുകൽപിക്കാതെ കിടന്ന നാലു പെറ്റീഷനുകൾ പരിഗണനക്കെടുത്തപ്പോൾ സുപ്രീംകോടതിയും സമാനമായ ചോദ്യമാണ്​ ഉന്നയിച്ചത്​. അതിനു മറുപടിയായി ​കേന്ദ്ര സർക്കാർ നിയമത്തെ കണ്ണുംപൂട്ടി ശരിവെക്കുന്ന നിലപാടാണ്​ കോടതിയെ അറിയിച്ചത്​. 1962ൽ ബിഹാറിലെ കേദാർനാഥ്​ സിങ്ങിനെതിരായ കേസിൽ സുപ്രീംകോടതി 124എ വകുപ്പിനെ നല്ലതെന്നു വിശേഷിപ്പിച്ചുവെന്നാണ് കേന്ദ്രം പറഞ്ഞ ന്യായം. എന്നാൽ, നിയമം പുനരവലോകനം ചെയ്യാനാവശ്യപ്പെട്ടും നിയമത്തിലെ ബാലിശതകൾ ചൂണ്ടിക്കാണിച്ചും വേറെയും കോടതിവിധികൾ നിലവിലുള്ളതൊന്നും അവിടെ കേന്ദ്രത്തിനു ബോധിച്ചില്ല. അവിടെനിന്നാണിപ്പോൾ കേന്ദ്രം കളംമാറിച്ചവിട്ടിയിരിക്കുന്നത്. ഈ നയംമാറ്റം സ്വാഗതാർഹമാണ്. ഗവൺമെന്റിന്റെ തുടർനീക്കങ്ങൾ കാത്തിരുന്നു കാണാം.

ഗവൺമെന്‍റിനെതിരെ ചെറുവിരൽ അനക്കുന്നത്​ പഴയ ബ്രിട്ടീഷ്​ രാജവാഴ്ചക്കണ്ണിലൂടെതന്നെയാണ്​ സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടങ്ങൾ ഇപ്പോഴും കാണുന്നത്​. കഴിഞ്ഞ വർഷം മാത്രം വിവിധ സംസ്ഥാനങ്ങളിലായി ചാർജ്​ ചെയ്യപ്പെട്ട 14 കേസുകളുടെ ബാലിശത ഈയിടെ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. ഭരിക്കുന്നത്​ ബി.ജെ.പിയോ കോൺഗ്രസോ എന്ന ഭേദമൊന്നും ഇക്കാര്യത്തിലില്ല. അതുകൊണ്ടുതന്നെ നിയമം പുനരവലോകനം ചെയ്യാൻ വിശാല ബെഞ്ചിനു ​വിടുന്ന കാര്യം സുപ്രീംകോടതി ആരായുകയുണ്ടായി. പൗരന്മാരിൽനിന്നും പൗരാവകാശപ്രവർത്തകരിൽനിന്നും നിരന്തരം വിമർശനമുയരുകയും രാജ്യത്തിന് അപകീർത്തി വരുത്തുന്ന തരത്തിൽ നിരപരാധികൾ നിരന്തരം ഭരണകൂടത്തിന്‍റെ വൈരനിര്യാതനസന്തോഷത്തിനുവേണ്ടി പിടികൂടപ്പെടുകയും ചെയ്യുമ്പോൾ രാജ്യത്തെ പരമോന്നത നീതിപീഠം അത്തരമൊരു മുൻകൈയെടുത്തത് വെറുതെയായില്ല എന്നു സർക്കാറിന്റെ മനംമാറ്റം തെളിയിക്കുന്നു. ഭരണഘടനയോടും ജനാധിപത്യ ക്രമത്തോടും പ്രതിബദ്ധത പുലർത്തുന്ന നിയമ പുനരവലോകനത്തിനും പരിഷ്കരണത്തിനും കേന്ദ്രം മുതിരുമോ എന്നാണ് ഇനിയറിയേണ്ടത്.

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.