എന്നു തുടങ്ങും കണക്കെടുപ്പ്?

കോവിഡ് മഹാമാരി പടർന്നു പിടിച്ചതിൽപിന്നെ നമ്മുടെ പ്രവർത്തനങ്ങളും താളംതെറ്റി. പലതും മാറ്റിവെക്കപ്പെട്ടു. അതിലൊന്നാണ് ദേശീയ ജനസംഖ്യ കണക്കെടുപ്പ്. സെൻസസിന്റെ ആദ്യഘട്ടം 2020 ഏപ്രിൽ മുതൽ സെപ്റ്റംബർവരെയാണ് നടക്കേണ്ടിയിരുന്നത്. രണ്ടാം ഘട്ടം 2021 ഫെബ്രുവരിയിലും. നമ്മുടെ സാമൂഹികജീവിതം തന്നെ റദ്ദുചെയ്ത്, ബലപ്രയോഗത്തോടെ ലോക്ഡൗൺ പ്രാബല്യത്തിലിരുന്ന 2020 ഏപ്രിലിൽ സെൻസസ് പോലൊരു പ്രക്രിയ തികച്ചും അസാധ്യമായിരുന്നു. രണ്ടാംഘട്ടം നടക്കേണ്ടിയിരുന്ന 2021ന്റെ ആദ്യപാദത്തിൽ രാജ്യം, വിശിഷ്യ ഉത്തരേന്ത്യ കോവിഡ് രണ്ടാം തരംഗത്തിൽ ആടിയുലയുകയായിരുന്നു. എന്നാലിപ്പോൾ ലോകം കോവിഡിന്റെ പിടിയിൽനിന്ന് ഏറക്കുറെ വിടുതൽ നേടിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർ​പ്രദേശിലുൾപ്പെടെ തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നു. ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും തിരിച്ചുവന്നിരിക്കുന്നു. എന്നാൽ, എന്ന് ജനസംഖ്യ കണക്കെടുപ്പ് തുടങ്ങുമെന്ന കാര്യത്തിൽമാത്രം നിശ്ചയമില്ല.'സെൻസസും അനുബന്ധ പ്രവർത്തനങ്ങളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാറ്റിവെച്ചിരിക്കുന്നു' എന്നാണ് ഈ വർഷം ഏപ്രിലിൽ സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്.

നോട്ടുനിരോധനവും ലോക്ഡൗണും നടപ്പിൽവരുത്തിയതുപോലെ നേരമിരുട്ടി വെളുക്കുമ്പോൾ ആരംഭിക്കാനാവില്ല സെൻസസ് പ്രക്രിയ. പ്രാരംഭപ്രവർത്തനങ്ങൾ ഒരു വർഷം മുമ്പെങ്കിലും തുടങ്ങേണ്ടതുണ്ട്. അങ്ങനെ വരുകിൽ ഈ വർഷം പ്രാഥമികപ്രവർത്തനങ്ങൾക്കുപോലും സാധ്യതയില്ല.

ഈ അനിശ്ചിത കാലവിളംബം വരുത്തിവെക്കുന്ന പ്രയാസങ്ങൾ പറഞ്ഞാൽ തീരാത്തതാണ്. ജനസംഖ്യ കണക്കെടുപ്പ് വിലയിരുത്തി വേണം വികസന പ്രവർത്തനങ്ങൾ പലതും ആവിഷ്കരിക്കാൻ. ആരോഗ്യം, തൊഴിൽ, ക്ഷേമ പദ്ധതികൾ എന്നിവയെല്ലാം സംബന്ധിച്ച നയരൂപവത്കരണത്തിന് സെൻസസ് വിവരങ്ങളുടെ വിശകലനം അത്യന്താപേക്ഷിതമാണ്. പുതിയ കണക്കുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ 2011ൽ നടത്തിയ സെൻസസിന്റെ വിവരങ്ങളിലൂന്നി നയരൂപവത്കരണവും പദ്ധതികളുമായി മുന്നോട്ടുപോവുകയേ നിവൃത്തിയുള്ളൂ (2011ലെ ജനസംഖ്യ കണക്കെടുപ്പിൽ ശേഖരിച്ച പല വിവരങ്ങളും പുറത്തുവന്നത് എട്ടു വർഷങ്ങൾ കഴിഞ്ഞ് 2019ലാണ് എന്നോർക്കണം). സംസ്ഥാനങ്ങൾക്ക്​ ഭക്ഷ്യധാന്യ വിഹിതം അനുവദിക്കുന്നതുപോലും സെൻസസ് കണക്കുക​ളെ അടിസ്ഥാനപ്പെടുത്തിയാണ്. അങ്ങനെ വരുകിൽ സർക്കാറിന്റെ ഭക്ഷ്യ സബ്സിഡി പദ്ധതിയിൽനിന്ന് 10 കോടിയിലേറെ ആളുകൾ പുറത്തുപോകുമെന്നാണ് ആക്ടിവിസ്റ്റുകളും ഗവേഷകരും ചൂണ്ടിക്കാട്ടുന്നത്. പട്ടിണിയിലേക്കും അതിദാരിദ്ര്യത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ദുർബല വിഭാഗങ്ങൾക്ക്​ അക്ഷരാർഥത്തിൽ വയറ്റത്തടിതന്നെയാവുമെന്ന് സ്പഷ്ടം.

ഇന്ത്യയിൽ മാത്രമല്ല, പത്തിലേറെ രാജ്യങ്ങളിൽ കോവിഡ് ലോക്ഡൗൺ സെൻസസ് പ്രവർത്തനങ്ങളെ അവതാളത്തിലാക്കിയിരുന്നു. ആശ്രയിക്കാനാവുന്ന മറ്റു ചില ​സ്രോതസ്സുകളെ മുഖവിലക്കെടുത്ത് ചെറുരാജ്യങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയും. 138 കോടി ജനങ്ങൾ പാർക്കുന്ന ഇന്ത്യപോലൊരു രാജ്യത്ത് അത് തീർത്തും അസാധ്യമാണ്. എന്നാൽ, സെൻസസ് നീട്ടിവെച്ച വലിയ രാജ്യങ്ങളിൽ പലരും സെൻസസ് എന്നു തുടങ്ങാം എന്നതു സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയിരിക്കുന്നു. ജനസംഖ്യയിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള, കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈന 2020ാമാണ്ടിൽ രോഗക്കെടുതിയിൽനിന്ന് ഒരല്പം മുക്തിനേടിയ ഘട്ടത്തിൽതന്നെ ​കണക്കെടുപ്പ് മുന്നോട്ടു കൊണ്ടുപോവുകയും അടുത്ത വർഷം പൂർത്തിയാക്കുകയും ചെയ്തു.

കോവിഡ് നിയന്ത്രണവിധേയമായാൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്ന പൗരത്വനിയമ ഭേദഗതി നടപ്പാക്കുമെന്ന് പലവട്ടം പ്രഖ്യാപിച്ച ഇന്ത്യൻ സർക്കാറിന് രാജ്യത്ത് ജനങ്ങളെത്ര, അതിൽ ഉണ്ണാനും ഉടുക്കാനുമില്ലാതെ അത്താഴപ്പട്ടിണി കിടക്കുന്നവരെത്ര എന്ന കാര്യം എന്നുമുതൽ എണ്ണിത്തിട്ടപ്പെടുത്തണം എന്ന് തീരുമാനിക്കാനായിട്ടില്ല എന്നത് ദൗർഭാഗ്യകരം തന്നെയാണ്. കോവിഡാനന്തര കാലത്ത് ആരോഗ്യ മേഖലയിലെ നയരൂപവത്കരണത്തിനും പഠന-പരീക്ഷണങ്ങൾക്കും സെൻസസ് വിവരങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്. കൃത്യമായ കണക്കുകളും വിശദാംശങ്ങളും ലഭ്യമല്ലാത്തപക്ഷം സ്വതേ അദൃശ്യവത്കൃതരായ സാമൂഹികവും സാമ്പത്തികവുമായി ദുർബല മേഖലകളിലുള്ള ജനങ്ങൾ വികസനചിത്രത്തിൽനിന്നുതന്നെ പൂർണമായും മാഞ്ഞുപോകും. സാഹചര്യത്തെയും കോവിഡ് രോഗാണുവിനെയും മാത്രം പഴിപറഞ്ഞ് ന്യായീകരിക്കാനാവുന്നതല്ല സെൻസസിന് വരുത്തുന്ന കാലവിളംബം. രാജ്യം ഭരിക്കുന്നവരുടെ നയരാഹിത്യമാണ് ഇതിൽ പ്രകടമാവുന്നത്, ജനങ്ങളുടെ, ദുർബലസമൂഹങ്ങളുടെ ക്ഷേമത്തിലും ശാക്തീകരണത്തിലുമല്ല തങ്ങളുടെ താൽപര്യമെന്നാണ് അവർ ഇതിലൂടെ പറഞ്ഞുവെക്കുന്നത്.

Tags:    
News Summary - madhyamam editorial 2022 june 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.