ജാതി സെൻസസിനെ ആരാണ് പേടിക്കുന്നത് ?

2023 ഒക്ടോബർ രണ്ട് സാമൂഹിക നീതിയുടെ പരിപ്രേക്ഷ്യത്തിൽ ചരിത്രപരമായ ദിനമാണ്. നിയമപോരാട്ടങ്ങളുടെയും രാഷ്ട്രീയ ചതികളുടെയും കനൽപാതകൾ താണ്ടിയ ബിഹാർ ജാതിയും മതവും തിരിച്ച് സാമൂഹിക, സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുകയും പുറത്തുവിടുകയും ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ജാതി സെൻസസ് നടത്തി ഡേറ്റ പ്രസിദ്ധീകരിക്കുന്നത്. 1891ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ സെൻസസ് ആരംഭിച്ചതുമുതൽ 1931 വരെ ജാതികോളമുണ്ടായിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. സ്വാതന്ത്ര്യത്തിനുശേഷം കേന്ദ്രം നിയോഗിച്ച കാക കലേൽക്കർ കമീഷന്‍റെ പ്രധാന നിർദേശങ്ങളിലൊന്ന് 1961ലെ സെൻസസിൽ ജാതികൂടി ഉൾക്കൊള്ളിക്കണമെന്നായിരുന്നു. പക്ഷേ, ശക്തമായ എതിർപ്പുകളിൽ ആ നിർദേശം തഴയപ്പെട്ടു. 1977-78ലെ മുൻഗേരി ലാൽ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കടുത്ത എതിർപ്പുകൾക്കുശേഷവും ഒ.ബി.സി സംവരണം നടപ്പാക്കിയ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന്‍റെ ഇച്ഛാശക്തിയോടാണ് നിതീഷ് കുമാർ-തേജസ്വി യാദവ് കൂട്ടുകെട്ടിന്‍റെ ജാതി സെൻസസ് നടപടികളെ സാമൂഹിക നിരീക്ഷകർ തുലനപ്പെടുത്തുന്നത്. അതിൽ ഒട്ടും അതിശയോക്തിയില്ല. സംഘ്പരിവാർ അനുകൂല പ്രതിനിധികൾ ജാതി സെൻസസ് തടയാൻ കോടതി വ്യവഹാരങ്ങളിലൂടെ ആവത് ശ്രമിച്ചിട്ടും 2022 ആഗസ്റ്റിൽ പട്ന ഹൈകോടതിയുടെ സെൻസസിന് അനുകൂലമായ ഉത്തരവും അത് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ച സന്ദർഭവും പ്രയോജനപ്പെടുത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ അവർ കാണിച്ച ഉത്കർഷേച്ഛ ധീരം തന്നെയാണ്.

2011ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ രാജ്യത്ത് സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് പൂർത്തിയാക്കിയിരുന്നു. പക്ഷേ, ജാതിസംഘർഷങ്ങളെ അധികരിപ്പിക്കുമെന്ന സമ്മർദഭീഷണിയിൽ മുട്ടുമടക്കി ജാതി തിരിച്ച കണക്കുകൾ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചു. ഏകദേശം 125 കുടുംബങ്ങളുള്ള 24 ലക്ഷം ബ്ലോക്കുകളാക്കി രാജ്യത്തെ മൊത്തം പൗരരുടെ വിവര സമാഹരണമായിരുന്നു അന്ന് നടന്നത്. ശീതീകരിക്കാൻ വിധിക്കപ്പെട്ട ആ സുപ്രധാന വിവരങ്ങളാണത്രേ പിന്നീട് രാജ്യത്തെ അധികാര ബലതന്ത്രങ്ങളെ അട്ടിമറിച്ച ‘സോഷ്യൽ എൻജിനീയറിങ്ങി’ന്‍റെ അടിസ്ഥാനദത്തങ്ങളായി ഉപയോഗിക്കപ്പെട്ടത്. ദാരിദ്ര്യത്തിന്‍റെ ബഹുമുഖ കാരണങ്ങളെ എണ്ണിത്തിട്ടപ്പെടുത്താനും സർക്കാറുകളുടെ ക്രിയാത്മക ഇടപെടലുകൾ ഉറപ്പുവരുത്താനുമുള്ള ആ റിപ്പോർട്ട് നിഷ്ഫലമായെങ്കിലും പത്ത് വർഷത്തിനുശേഷം ഒരു സംസ്ഥാനമെങ്കിലും ആ ലക്ഷ്യം സാക്ഷാത്കരിച്ചിരിക്കുന്നു. തീർച്ചയായും, ബിഹാർ സർക്കാർ പുറത്തുവിട്ട ഈ ഡേറ്റ ജാതി ജനസംഖ്യാശാസ്‌ത്രത്തിന്റെ വിശദമായ ചിത്രം അവതരിപ്പിക്കുക മാത്രമല്ല, ബിഹാറിലെയും ഇന്ത്യയിലെയും മൊത്തത്തിലുള്ള പ്രാതിനിധ്യം, സാമൂഹികനീതി, രാഷ്ട്രീയ തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതിയ സംവാദങ്ങൾക്കുകൂടിയാണ് തിരികൊളുത്താൻ പോകുന്നത്.

ജാതി അടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ ബിഹാറിന്‍റെ സാമൂഹിക ഘടനയെക്കുറിച്ച് പുതി​യൊരു ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നുണ്ട്. പിന്നാക്ക ജനത അധികാരത്തിൽനിന്ന് ബഹിഷ്കൃതമാകുന്നതിന്‍റെ കാരണങ്ങളിലേക്കും അവ വെളിച്ചം വീശുന്നു. നോക്കൂ, ജനസംഖ്യയിൽ 63 ശതമാനമുള്ള ഒ.ബി.സിക്ക് 27 ശതമാനമാണ് സംവരണമെങ്കിൽ 15.52 ശതമാനമുള്ള മുന്നാക്ക ജാതികൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം നിയമമാക്കിയ രാജ്യമാണിത്. കേന്ദ്രസർക്കാറിലെ 90 സെക്രട്ടറിമാരിൽ മൂന്നുപേർ മാത്രമാണ് ഒ.ബി.സി വിഭാഗക്കാർ. ഇത്തരം വൈരുധ്യങ്ങളെ തുറന്നുകാണിക്കാനും നിയമപരമായി ചെറുത്തുതോൽപിക്കാനും ജാതി സ്ഥിതിവിവരക്കണക്കുകൾ അറിയേണ്ടത് നിർബന്ധമാണ്. പിന്നാക്ക സമൂഹങ്ങളുടെ അധികാരപങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണമെന്ന ഭരണഘടനാപരമായ ലക്ഷ്യം സഫലീകരിക്കാനും അത്​ അനിവാര്യമാണെന്ന് തീർച്ചപ്പെടുത്തുന്നു ബിഹാർ നടത്തിയ യജ്ഞം.

ഡേറ്റ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ, ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും കൃത്യമായ എണ്ണം വെളിപ്പെടുത്തുക മാത്രമല്ല, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം, തൊഴിൽ (സ്വകാര്യം, സർക്കാർ, ഗസറ്റഡ്, നോൺ-ഗസറ്റഡ് മുതലായവ) എന്നിവ കൃത്യപ്പെടാനും ജാതി സെൻസസ് സഹായിക്കും. വികസന നയങ്ങൾ രൂപവത്കരിക്കുന്നതിൽ സർക്കാറുകൾക്ക് നവീനമായ വഴികൾ അവ സമ്മാനിക്കുകയും ചെയ്യും. ഏത് ജാതിയുടെയും സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ സ്ഥിതി അറിയുകയും അവരുടെ ഉന്നമനത്തിനായി പദ്ധതികൾ തയാറാക്കുന്നത് എളുപ്പമാക്കുകയും ചെയ്യും. പക്ഷേ, ബി.ജെ.പിയും പ്രധാനമന്ത്രിയും അതിനെ രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിച്ച് ഇന്ത്യയെ തകർക്കാനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്. ജാതി സെൻസസിനെ ആരൊക്കെ എത്രത്തോളം ഭയപ്പെടുന്നുവെന്നു​ ബോധ്യപ്പെടുത്തുന്നുണ്ട് അതിനെതിരായ യുദ്ധാഹ്വാനങ്ങൾ. മുഖ്യധാരയിലും സമാന്തരമായും പ്രവർത്തിക്കുന്ന മാധ്യമങ്ങളിലടക്കം ജാതി സെൻസസ് വാർത്ത അവതരിപ്പിച്ച രീതികൾ പരിശോധിച്ചാൽ മതിയാകും വരേണ്യസമൂഹങ്ങൾ ജാതി സെൻസസിനെ പേടിക്കുന്നതിന്‍റെ ആഴമറിയാൻ. വസ്ത്രധാരണയിലും ഭക്ഷണത്തിലും പേരിലും ഒരേ ദേശത്തിലെ ആളുകളുടെ ഭാഷാ പ്രയോഗങ്ങളിൽവരെ ജാതി നിലനിൽക്കുന്ന രാജ്യത്ത് അധികാര പങ്കാളിത്തത്തിനും സാമൂഹികനീതിക്കും ജാതി സെൻസസ് എത്രമാത്രം അനിവാര്യമാണെന്നത്, അത് ഭയക്കുന്നവരുടെ ആക്രോശങ്ങളും കാമ്പയിനുകളും തെളിയിക്കുന്നു.

Tags:    
News Summary - MADHYAM EDITORIAL ON CAST CENSUS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.