ട്രംപ്-നെതന്യാഹു കൂട്ടുകെട്ടിന്‍െറ പുതിയ ഉന്നം

ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റ് പദവിയില്‍ ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍  നേരത്തേ പ്രവചിച്ചതുപോലെ, അദ്ദേഹത്തിന്‍െറ വാക്കും പ്രവൃത്തികളും അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തെയും ആഗോള നയതന്ത്ര സാമൂഹിക ബന്ധങ്ങളെയും ആശങ്കജനകമായ രീതിയില്‍ അസ്ഥിരമാക്കുന്നതിലേക്കും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും നയിക്കുകയാണ്. അപക്വനായ പ്രസിഡന്‍റ് എന്നതില്‍നിന്ന് ധാര്‍ഷ്ഠ്യക്കാരനായ ഏകാധിപത്യ പ്രവണതയുള്ളയാള്‍ എന്ന വിശേഷണത്തിലേക്ക്  സ്വന്തം ചെയ്തികള്‍ നിമിത്തം  ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ അദ്ദേഹം എത്തിപ്പെട്ടിരിക്കുന്നു. ഏഴ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിസ നിരോധനം, ഒബാമ കെയര്‍ ആരോഗ്യസുരക്ഷ പദ്ധതി നിര്‍ത്തലാക്കല്‍, അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, 

മെക്സികോക്കും അമേരിക്കക്കും ഇടയിലുള്ള മതില്‍ നിര്‍മാണം, യൂറോപ്യന്‍ യൂനിയനെതിരായ നിലപാടുകള്‍, റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായുള്ള നിഗൂഢ ബന്ധങ്ങള്‍, അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളുമായുള്ള തുറന്ന പോര്, അനവസരത്തിലുള്ളതും അപക്വവും അമാന്യവുമായ ട്വീറ്റുകള്‍, മകളുടെ വ്യവസായവുമായി ബന്ധപ്പെട്ട് അധികാര ദുര്‍വിനിയോഗം, ഉന്നത മേഖലകളിലെ ബന്ധുനിയമനങ്ങള്‍, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ചട്ടങ്ങളുടെ ലഘൂകരണം,  വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍, കോര്‍പറേറ്റ് കമ്പനികള്‍ക്ക് നികുതി കുറക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി അസാധാരണമായ രീതിയില്‍ വിവാദങ്ങളുടെ ധാരാളം പോര്‍മുഖങ്ങള്‍ ഒരേസമയമാണ് അദ്ദേഹം തുറന്നുവെച്ചിരിക്കുന്നത്. അതില്‍ ഒടുവിലത്തേതാണ് പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കുന്നതിന് ഫലസ്തീന്‍ രാഷ്ട്രം ആവശ്യമില്ളെന്ന ട്രംപ് ഭരണകൂടത്തിന്‍െറ നിലപാട്.

1993ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍െറ കാര്‍മികത്വത്തില്‍ യാസിര്‍ അറഫാത്തും ഇസ്രായേല്‍ പ്രധാനമന്ത്രി ഇഷാക് റബിനും ചേര്‍ന്നു തയാറാക്കിയ ഓസ്്ലോ ഉടമ്പടിയിലാണ് ദ്വിരാഷ്ട്ര സങ്കല്‍പം പ്രബലമാകുന്നത്.  ഫലസ്തീനികളുടെ അവകാശ നിഷേധങ്ങള്‍ക്കും ഇസ്രായേലിന്‍െറ നിഷ്ഠുരമായ കൈയേറ്റങ്ങള്‍ക്കും  നിയമസാധൂകരണത്തിന് കാരണമാകുമെന്നതിനാല്‍ ഓസ്്ലോ കരാര്‍ അന്നുതന്നെ ഫലസ്തീനിനകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അറഫാത്തിനും റബിനും ഷിമോണ്‍പെരസിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചുവെന്നതല്ലാതെ കരാറുകൊണ്ട് ഫലസ്തീനികള്‍ക്ക് ഒരു പ്രയോജനവും സിദ്ധിച്ചില്ല. ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ‘ബത്സലേം’ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങളും ഫലസ്തീന്‍ ഭവനങ്ങളുടെ തകര്‍ക്കലും നടന്നത് 2016ലാണെന്നാണ്. 

വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും അനുസ്യൂതം നടക്കുന്ന നിയമവിരുദ്ധ കൈയേറ്റങ്ങളെ വിമര്‍ശിക്കാനോ എതിര്‍നിലപാട് സ്വീകരിക്കാനോ അമേരിക്ക തയാറാകാറില്ല. അതേസമയം, 1967 വരെയുള്ള ഇസ്രായേല്‍ കൈയേറ്റങ്ങള്‍ അംഗീകരിക്കുകയും അതിനുശേഷമുള്ള സ്ഥലങ്ങള്‍ ഫലസ്തീന് വിട്ടുകൊടുത്തുകൊണ്ട് കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ന്ന സ്ഥിരമായ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കുകയും ചെയ്യാമെന്ന കാഴ്ചപ്പാടാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തോളം അമേരിക്ക പ്രഖ്യാപിത നിലപാടായി പൊതുമധ്യത്തില്‍ ആവര്‍ത്തിക്കാറുള്ളത്. ഈ പതിവാണ് നെതന്യാഹു-ട്രംപ് സംയുക്ത പ്രസ്താവന തിരുത്തിയിരിക്കുന്നത്. അമേരിക്കയുടെ സ്ഥാനപതി കാര്യാലയം തെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുന്നതിന്‍െറ തുടക്കമായാണിത്  വിലയിരുത്തപ്പെടുന്നത്.

യഥാര്‍ഥത്തില്‍ ഒബാമയുടെ അവസാന നാളുകളില്‍ ഫലസ്തീന്‍ ഭൂമി കൈയേറി ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന പ്രമേയം രക്ഷാസമിതിയില്‍ പാസാകുന്നതിനുവേണ്ടി അമേരിക്ക വിട്ടുനിന്നതിലുള്ള പ്രതികാരമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി  നെതന്യാഹു ട്രംപിന്‍െറ പുതിയ പ്രഖ്യാപനത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്. ദ്വിരാഷ്ട്ര ഫോര്‍മുലയില്‍നിന്ന് പിന്നോട്ട് പോകുന്ന അമേരിക്കന്‍ നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍ോണിയോ ഗുട്ടെറസും അറബ്് ലീഗ് സെക്രട്ടറി ജനറല്‍ അഹ്്മദ് അബുല്‍ ഗൈത്വമും രംഗത്തുവന്നിട്ടുണ്ടെങ്കിലും പുതിയ അധികാരമാറ്റത്തിന്‍െറ പശ്ചാത്തലത്തില്‍ അമേരിക്കതന്നെ യു.എന്നിന് ഫലസ്തീന്‍ പക്ഷപാതിത്വമാണുള്ളതെന്ന ആരോപണവുമായി യാഥാര്‍ഥ്യങ്ങളെ വക്രീകരിച്ചുകൊണ്ടിരിക്കുകയാണ്.

വംശീയതയില്‍ പിറവിയെടുത്ത മതാധിഷ്ഠിതമായ ഇസ്രായേല്‍  അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിക്കുന്നത് നിര്‍ബാധം തുടരാനും വംശവിവേചനങ്ങള്‍ വര്‍ധിപ്പിക്കാനും അതിലൂടെ പശ്ചിമേഷ്യന്‍ രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണവും അപരിഹാര്യവുമായിത്തീര്‍ക്കുന്നതിനും ട്രംപ് ഭരണകൂടത്തിന്‍െറ പുതിയ നയം കാരണമാകാന്‍ പോവുകയാണ്. ഇറാനെതിരെ സൈനിക നടപടികള്‍ക്കുള്ള മുന്നൊരുക്കങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയും കടുത്ത ഇറാന്‍ വിരുദ്ധനുമായ ജെയിംസ് മാറ്റിസിന്‍െറ പശ്ചിമേഷ്യന്‍ സന്ദര്‍ശന ലക്ഷ്യം ഇറാനെതിരെയുള്ള ഐക്യസംഘ രൂപവത്കരണമാണ്.

ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുടെ ഗള്‍ഫ് സന്ദര്‍ശനങ്ങളുടെ താല്‍പര്യവും മാറിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇറാന്‍െറ സുരക്ഷക്കുവേണ്ടിയുള്ള കരുനീക്കങ്ങള്‍ നടത്താനാണ്. തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍ റിയാദില്‍ സല്‍മാന്‍ രാജാവിനെ സന്ദര്‍ശിച്ചതും പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടുന്ന പുതിയ യുദ്ധ കാര്‍മേഖങ്ങളെ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ്. സിറിയയിലും യമനിലും രാഷ്ട്രീയ സ്ഥിരതക്കുവേണ്ടിയുള്ള നയതന്ത്ര നീക്കങ്ങളും തുടരുകയാണ് തുര്‍ക്കി പ്രസിഡന്‍റ്. ട്രംപിനെ മുന്‍നിര്‍ത്തി ഇസ്രായേല്‍ തയാറാക്കുന്ന പുതിയ രാഷ്ട്രീയ അജണ്ടകളില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയം കൂടുതല്‍ കലുഷമാകാന്‍ പോകുന്നുവെന്നതിന്‍െറ ആദ്യ വെടിപൊട്ടലാണ് വൈറ്റ്ഹൗസിലെ സംയുക്ത പ്രസ്താവന.

Tags:    
News Summary - israel us talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.