ശുഭയാത്ര അന്യമാകുന്നുവോ?

ലോകത്തിലെതന്നെ ഏറ്റവും വലിയ റെയില്‍വേ നെറ്റ് വര്‍ക്കുകളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. 67,312 കിലോ മീറ്റര്‍ റെയില്‍വേ ലൈന്‍, 7,112 റെയില്‍വേ സ്റ്റേഷനുകള്‍, വര്‍ഷം പ്രതി 8.397 ബില്യന്‍ യാത്രക്കാര്‍, 1.05 ബില്യന്‍ ടണ്‍ ചരക്ക്; ഇങ്ങനെ പോകുന്നു ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ആശ്ചര്യകരമായ അടിസ്ഥാന കണക്കുകള്‍. 1853ല്‍ ആരംഭിച്ച ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം കൂടിയാണ്. ബൃഹത്തായ സംവിധാനങ്ങളും സാമാന്യം തരക്കേടില്ലാത്ത സേവനങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ ജനകീയ സ്ഥാപനമായി വികസിക്കാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. റെയില്‍വേക്ക് മാത്രമായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്ന രീതി 1924 മുതല്‍ നിലവിലുണ്ട്. റെയില്‍വേയുടെ പ്രാധാന്യത്തെയാണ് ഇത് അടിവരയിടുന്നത്. (റെയില്‍വേ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിക്കാനുള്ള ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയതാണ് ഏറ്റവും പുതിയ വാര്‍ത്ത.) ശുഭയാത്ര എന്ന റെയില്‍വേയുടെ അടയാളവാക്കിനോട് ഏതാണ്ട് നീതി പുലര്‍ത്തുന്നതരത്തില്‍ തന്നെയാണ് അതിന്‍െറ പ്രവര്‍ത്തന, സേവന രീതികള്‍.

എന്നാല്‍, കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തിലെ  റെയില്‍വേയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. ആഗസ്റ്റ് 29ന് പുലര്‍ച്ചെയാണ് അങ്കമാലിക്കടുത്ത കറുകുറ്റിയില്‍ മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയത്. ഭാഗ്യത്തിനാണ് അന്ന് ആളപായമില്ലാതെ രക്ഷപ്പെട്ടത്. രണ്ടു ദിവസം മുമ്പ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ചരക്കുവണ്ടി പാളം തെറ്റുകയും പാളം തകരുകയും ചെയ്തു. ഈ പാളം തെറ്റല്‍ വല്ല യാത്രാ വണ്ടിയുടേതുമായിരുന്നെങ്കില്‍ വലിയ ദുരന്തമായി മാറുമായിരുന്നു. രണ്ട് അപകടത്തത്തെുടര്‍ന്നും കേരളത്തിലെ റെയില്‍വേ സര്‍വിസ് വ്യാപകമായി താളം തെറ്റുകയും ആയിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലാവുകയും ചെയ്തു.

അപകടത്തില്‍പെട്ട പാളങ്ങള്‍ നന്നാക്കാനും ഗതാഗതം പഴയപടിയാക്കാനും റെയില്‍വേ വേഗത്തില്‍ പണിയെടുക്കുന്നുണ്ടെങ്കിലും അടിക്കടിയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ട്രെയിന്‍ യാത്രയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള വലിയ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നല്ല, ഇത്തരം അപകടങ്ങള്‍ ഇനിയും നടന്നേക്കാമെന്നും അപകട സാധ്യതയുള്ള പാളങ്ങള്‍ സംസ്ഥാനത്ത് പലേടത്തുമുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അത്തരം ആശങ്കകളെ ശക്തിപ്പെടുത്തുന്നതാണ്. കാലപ്പഴക്കമേറിയതും വിള്ളലുകള്‍ ഉള്ളതുമായ ട്രാക്കുകളാണ് സംസ്ഥാനത്ത് പലേടത്തും ഉപയോഗിക്കുന്നത്. വലിയ ട്രാഫിക് തിരക്കുള്ള  ട്രാക്കുകളില്‍ ഇനിയും അപകടങ്ങള്‍ ആവര്‍ത്തിച്ചേക്കാം. എറണാകുളം-തിരുവനന്തപുരം സെക്ഷനില്‍ ശേഷിയുടെ 100 ശതമാനത്തിനും മുകളിലാണത്രെ ട്രാക്കുകളുടെ വിനിയോഗം. 25 വര്‍ഷമാണ് ട്രാക്കുകളുടെ ശരാശരി ആയുസ്സെങ്കിലും സംസ്ഥാനത്ത് പലേടത്തും പാളത്തിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ട്.

ട്രാക്ക്മാന്‍ തസ്തികയിലുള്ളവര്‍ കാല്‍നടയായി നടത്തുന്ന പരിശോധന, വിള്ളലുകള്‍ കണ്ടത്തെുന്നതിനുള്ള അള്‍ട്രാ സോണിക് ഫ്ളോ ഡിറ്റക്ടര്‍ തുടങ്ങിയ പരിശോധനകള്‍ ട്രാക്കുകളില്‍ മുറക്ക് നടക്കുന്നുണ്ട്. എന്നാല്‍, അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച് നടപടികള്‍ ഉണ്ടാകുന്നില്ളെന്നതാണ് പ്രശ്നം. നാല് കിലോമീറ്റര്‍ പരിധിയില്‍ പാളത്തിനുള്ളില്‍ ചുരുങ്ങിയത് രണ്ട് തകരാറുകള്‍ കണ്ടാല്‍ എത്രയും വേഗം ആ ഭാഗം മാറ്റി പുതിയത് സ്ഥാപിക്കണമെന്നൊക്കെയാണ് പ്രൊട്ടോകോള്‍.  തിരുവനന്തപുരം സെക്ഷനില്‍ മാത്രം 202 സ്ഥലങ്ങളില്‍ പോരായ്മകളുണ്ടെന്ന് പെര്‍മനന്‍റ് വേ ഇന്‍സ്പെക്ടര്‍മാര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കറുകുറ്റി അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ പാളങ്ങള്‍ മാറ്റിസ്ഥാപിച്ച ഭാഗത്താണ് കഴിഞ്ഞദിവസം ചരക്കുവണ്ടി പാളം തെറ്റിയത്. അതും 58 കി.മീ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍. അതായത്, പരിഹാരക്രിയകള്‍ പോലും വേണ്ടവിധം വിജയിക്കുന്നില്ല എന്നാണിത് കാണിക്കുന്നത്.

ദിനേന ലക്ഷക്കണക്കിന് മനുഷ്യജീവനുകളെ കയറ്റിക്കൊണ്ട് വേഗത്തില്‍ കുതിക്കുന്ന ഒരു സംവിധാനമാണ് നമ്മുടെ റെയില്‍വേ. അത്തരമൊരു സംവിധാനത്തെ ഇത്രയും അലസമായി കൈകാര്യം ചെയ്താല്‍ പോര. ജനങ്ങളുടെ സുരക്ഷ മറ്റെന്തിനെക്കാളും പ്രധാനമായി കാണണം. സാമ്പത്തിക ബാധ്യതകളോര്‍ത്തും ലാഭത്തെക്കുറിച്ചുള്ള അത്യാഗ്രഹങ്ങള്‍ മുന്നില്‍വെച്ചും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല. മഹത്തായ പാരമ്പര്യവും ജനങ്ങള്‍ക്കിടയില്‍ വിശ്വാസവുമുള്ള ഒരു സ്ഥാപനത്തിന്‍െറ ഖ്യാതി നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്. അതിന്‍െറ പ്രാഥമിക ഉത്തരവാദിത്തം അത് നടത്തുന്നവര്‍ക്ക് തന്നെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.