പ്രകടനാത്മക നയതന്ത്രത്തിന്‍െറ പരാജയം

എന്‍.എസ്.ജി അംഗത്വശ്രമത്തില്‍ ഇന്ത്യക്കേറ്റ തിരിച്ചടി ഏറക്കുറെ ഉറപ്പുള്ളതായിരുന്നു. കേന്ദ്രസര്‍ക്കാറിന് ഒരുപക്ഷേ, ഇത് അപ്രതീക്ഷിതമായിരിക്കാം. എന്‍.എസ്.ജിയുടെ കവാടങ്ങള്‍ അടയാന്‍ ചൈനയുടെ ഒറ്റയാള്‍പ്പോരാട്ടമാണ് കാരണമായതെന്ന വിശദീകരണമാണ് സര്‍ക്കാര്‍ നിരത്തുന്നതെങ്കിലും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത രാജ്യത്തിന് അംഗത്വം നല്‍കുന്നതില്‍ അംഗരാഷ്ട്രങ്ങളില്‍ പലര്‍ക്കുമുള്ള എതിര്‍പ്പ് നേരത്തേതന്നെ വ്യക്തമാക്കപ്പെട്ടിരുന്നു.  ആണവ നിര്‍വ്യാപന കരാര്‍ ഒപ്പുവെക്കാതെതന്നെ ഫ്രാന്‍സ് എന്‍.എസ്.ജി അംഗത്വം നേടിയത് ഇന്ത്യയുടെ അംഗത്വത്തിന് ന്യായമാകരുതെന്ന  വാദം ഉയരുകയും, അംഗത്വാപേക്ഷയുമായി  പാകിസ്താന്‍ രംഗത്തുവരുകയും ചെയ്തതോടെ അംഗത്വവിഷയം രാഷ്ട്രാന്തരീയ മേല്‍ക്കോയ്മയുമായി ബന്ധപ്പെട്ട വന്‍ശക്തി താല്‍പര്യങ്ങളുടെ ഭാഗമായി മാറി. ഇതിനെതുടര്‍ന്ന് ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്,  ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് എതിരായി. 

ചൈനയുടെ അധീശത്വത്തെ തകര്‍ക്കാനുള്ള അമേരിക്കന്‍ പദ്ധതിയുമായി ഇന്ത്യ സഹകരിക്കുമെന്ന ആശങ്കയും  മേഖലയില്‍ സൈനികവും രാഷ്ട്രീയവുമായ സ്വാധീനം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങളിലുള്ള അങ്ങേയറ്റം അസംതൃപ്തിയുംമൂലം ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വശ്രമങ്ങളോടുള്ള എതിര്‍പ്പുമായി ചൈന നേരത്തേതന്നെ രംഗപ്രവേശം ചെയ്തിരുന്നു. എന്നിട്ടും,   മുന്‍കാലത്തുനിന്ന് വിഭിന്നമായി  പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അങ്ങേയറ്റം പ്രകടനാത്മകമായ നയതന്ത്രനീക്കങ്ങള്‍ അവസാന നിമിഷംവരെ നിര്‍വഹിച്ച്  ഇന്ത്യ പരാജയത്തിലേക്കും സ്വയം അപകര്‍ഷബോധത്തിലേക്കും എടുത്തുചാടുകയായിരുന്നു. അതാകട്ടെ,  ചൈനയുടെയും പാകിസ്താന്‍െറയും നയതന്ത്രവിജയത്തിന് വഴിയൊരുക്കുകയും ആ രാജ്യങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം ആര്‍ജിക്കുന്നതിന് നിമിത്തമാവുകയും ചെയ്തു. വിദേശകാര്യ വക്തമാവ് വികാസ് സ്വരൂപിന്‍െറ പ്രസ്താവനയില്‍ അതിന്‍െറ നീരസം നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഈ തോല്‍വി ഇന്ത്യ-ചൈന സംഘര്‍ഷം വര്‍ധിക്കുന്നതിലേക്ക് നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഇന്ത്യയുടെ ആണവ വാണിജ്യാവശ്യങ്ങള്‍ക്ക് ആണവദാതാക്കളുടെ ഗ്രൂപ്പിലെ (എന്‍.എസ്.ജി) ധിറുതിപിടിച്ചുള്ള അംഗത്വം പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യില്ളെന്നതാണ് വസ്തുത. ഇക്കാര്യം പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ കമീഷന്‍ അംഗവുമായ എം.ആര്‍. ശ്രീനിവാസന്‍ കഴിഞ്ഞദിവസം തുറന്നുപറയുകയും ചെയ്തിരിക്കുന്നു.  റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനും ആണവ ഇന്ധനങ്ങളുടെയും ഉപകരണങ്ങളുടെയും കയറ്റിറക്കുമതിക്കുമുള്ള പ്രധാന തടസ്സങ്ങള്‍ 2008ലെ ആണവ കരാറിലൂടെ മന്‍മോഹന്‍ സര്‍ക്കാര്‍ നീക്കംചെയ്തിരുന്നു. എന്നിട്ടും, ആണവോര്‍ജ കമീഷനോട് അംഗത്വത്തിന്‍െറ അനിവാര്യതയും പ്രസക്തിയും വേണ്ടത്ര ആലോചിക്കുകപോലും ചെയ്യാതെ  വിദേശകാര്യ മന്ത്രാലയത്തെ മുന്നില്‍നിര്‍ത്തി നരേന്ദ്ര മോദി നടത്തിയ ചടുലനീക്കങ്ങള്‍ അമേരിക്ക നല്‍കിയ ഉറപ്പിലുള്ള അമിതവിശ്വാസത്തിന്‍െറ അടിത്തറയിലായിരുന്നു. 

ഇന്ത്യയുടെ പ്രകടനാത്മക നയതന്ത്ര നീക്കത്തില്‍ എന്‍.എസ്.ജി അംഗത്വത്തിനുള്ള അഭിലാഷത്തിനോടൊപ്പം ചൈനയെ തോല്‍പിക്കാനുള്ള വ്യഗ്രതയും ഗര്‍വും മുഴച്ചുനിന്നിരുന്നത് അതിനാലാണ്.  യഥാര്‍ഥത്തില്‍ ആണവദാതാക്കളുടെ  ക്ളബിലേക്കുള്ള ഇന്ത്യയുടെ പ്രവേശം തടഞ്ഞതിനോടൊപ്പം ഏഷ്യ-പസഫിക് മേഖലയില്‍  അമേരിക്കയുടെ അധീശത്വത്തിന് ഇന്ത്യയുടെ ആശീര്‍വാദത്തോടെ നടക്കുന്ന നയതന്ത്രനീക്കങ്ങളെക്കൂടിയാണ് സോളില്‍ ചൈന തകര്‍ത്തത്.  ഇന്ത്യ നേപ്പാളുമായി അകന്നുനില്‍ക്കുന്നതും പാകിസ്താനുമായി തുടരുന്ന വിദ്വേഷവും രാഷ്ട്രീയമായും സൈനികമായും ഉപകരിക്കുന്നത് ചൈനക്കാണ്. ഈ അയല്‍പക്ക വിദ്വേഷത്തെതന്നെ പ്രയോജനപ്പെടുത്തിയാണ് അമേരിക്ക ഇന്ത്യയില്‍ സൈനികവും രാഷ്ട്രീയവുമായ സ്വാധീനം പ്രബലപ്പെടുത്തുന്നതും. പരസ്പര പങ്കാളിത്തം വിപുലപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും അടുത്തിടെ തീരുമാനിച്ചതിനു പുറമെ പ്രതിരോധ, സുരക്ഷാ, വാര്‍ത്താവിനിമയ മേഖലകളിലടക്കം പ്രത്യക്ഷനിക്ഷേപത്തിന്‍െറ വാതിലുകള്‍ ഉദാരമായി വിദേശ കമ്പനികള്‍ക്ക് മോദി സര്‍ക്കാര്‍ തുറന്നുവെച്ചത് ഈ സ്വാധീനത്തിന്‍െറയും സമ്മര്‍ദത്തിന്‍െറയും ഫലമാണ്.
അയല്‍പക്കരാജ്യങ്ങളുമായി അനുരഞ്ജനത്തിന്‍െറയും സൗഹൃദത്തിന്‍െറയും സുദൃഢബന്ധത്തിന്‍െറ അനിവാര്യത ഭരണകര്‍ത്താക്കള്‍ക്ക് ബോധ്യപ്പെടാനും അമേരിക്കയുടെ വിധേയത്വത്തിനനുസൃതമായി അന്തര്‍ദേശീയ നിലപാടുകള്‍ സ്വീകരിക്കുന്ന സമീപനം അവസാനിപ്പിക്കാനും  ഈ പരാജയം ഇന്ത്യക്ക് പാഠമാകേണ്ടതുണ്ട്. 

ചൈന, നേപ്പാള്‍, പാകിസ്താന്‍ എന്നീ അയല്‍പക്കരാജ്യങ്ങളുമായി തുടരുന്ന വിദ്വേഷത്തിന്‍െറ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിനും സൗഹൃദത്തിന്‍െറ നയതന്ത്രനീക്കം പുനരാരംഭിക്കുന്നതിന് മുന്‍കൈയെടുക്കാനും ഇന്ത്യക്ക് സാധിക്കണം. അപകടകരമായ ഉന്മാദദേശീയതയും അര്‍ഥരഹിതമായ ചൈനാവിരുദ്ധനീക്കങ്ങളും അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ വിവേകംകൂടി  മോദി സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ വിദൂഷകസ്വഭാവമുള്ള നയതന്ത്രയാത്രകള്‍ക്ക് വിരാമമിടുകയും വിദേശകാര്യമന്ത്രാലയത്തെ മുഖവിലക്കെടുത്ത് ഉദ്യോഗസ്ഥതല നയതന്ത്ര അനുരഞ്ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തയാറാകുകയും വേണം.  ഗര്‍വ് പ്രസരിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്താവനകളും അമേരിക്കന്‍ വിധേയത്വവുമല്ല നയതന്ത്രമെന്ന തിരിച്ചറിവിന് ഈ പരാജയം ഇന്ത്യയെ സഹായിക്കുകയാണെങ്കില്‍ മേഖലയിലെ സമാധാനത്തിനും അഭിവൃദ്ധിക്കും ഉതകുന്നരീതിയില്‍ ആണവദാതാക്കളുടെ അടുത്ത പ്ളീനറിയില്‍ എല്ലാവരുടെയും അംഗീകാരത്തോടുകൂടി അംഗത്വം നേടാനും അത് ഉപകരിക്കാതിരിക്കില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.