‘സമ്മാനദീന’ത്തിന് ചട്ടഭേദഗതി പ്രതിവിധിയാകുമോ?

മരുന്നുകമ്പനികളുടെ ഓശാരംപറ്റി ചികിത്സ തേടിയത്തെുന്നവര്‍ക്ക് അനാവശ്യമരുന്നുകള്‍ കുറിച്ചുകൊടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് ശിക്ഷാവിധിയുമായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പെരുമാറ്റച്ചട്ടം പുതുക്കിയത് പ്രാവര്‍ത്തികമാകുകയാണെങ്കില്‍ വൈദ്യരംഗത്തെ മൂല്യവത്കരണത്തിലേക്കുള്ള ശ്രദ്ധേയമായൊരു ചുവടായിരിക്കുമത്. സാധാരണക്കാരായ രോഗികളെ ചൂഷണംചെയ്യുന്ന കൊടിയവഞ്ചനക്കെതിരെ ശിക്ഷാവിധികളുമായി രംഗത്തുവന്ന മെഡിക്കല്‍ കൗണ്‍സിലിന്‍െറ തീരുമാനത്തെ സ്വാഗതംചെയ്തേ മതിയാവൂ. അടുത്തകാലത്ത് ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഇതു സംബന്ധിച്ച പരാതികള്‍ മെഡിക്കല്‍ കൗണ്‍സിലിനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുമൊക്കെ ലഭിച്ചതാണ്. വന്‍കിട മരുന്നുകമ്പനികളില്‍നിന്ന് വീട്ടുപകരണങ്ങളില്‍ തുടങ്ങി ലക്ഷങ്ങളുടെ മാസപ്പടിയും വിദേശയാത്രകളുംവരെ അനുഭവിക്കുന്ന ഡോക്ടര്‍മാരുടെ ‘മരുന്നുപീഡന’ത്തിന് ഇരയാകേണ്ടിവരുന്ന പാവപ്പെട്ടരോഗികള്‍ക്ക് ആശ്വാസംപകരുന്ന നടപടിയിലേക്കു നീങ്ങാന്‍ കൗണ്‍സിലിന് ഇതുവരെ സാധിച്ചിരുന്നില്ല. മെഡിക്കല്‍ കൗണ്‍സിലിന്‍െറ കീഴിലുള്ള എത്തിക്സ് കമ്മിറ്റിയുടെ മുന്നില്‍ ഡോക്ടര്‍മാരുടെ സമ്മാന, സൗജന്യപ്പറ്റുകളെ കുറിച്ച പരാതികള്‍ ലഭിക്കാറുണ്ട്. അതിന്‍െറപേരില്‍ ഭിഷഗ്വരന്മാരെ ശാസിക്കാറുമുണ്ട്. എന്നാല്‍, ശക്തമായ ശിക്ഷാനടപടികളുടെ അഭാവത്തില്‍ ഇതൊന്നും കാര്യമായ ചലനങ്ങളുണ്ടാക്കാറില്ല. ഇതറിഞ്ഞുതന്നെയാവണം വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഈയിടെ ആവര്‍ത്തിച്ചുവന്ന പരാതികള്‍ക്കു പിറകെ ഇത്തരമൊരു തീരുമാനം മെഡിക്കല്‍ കൗണ്‍സില്‍ എടുത്തത്. 5000 മുതല്‍ 10,000 രൂപവരെ വിലയുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുന്നവരുടെ പേര് മൂന്നു മാസത്തേക്ക് ഡോക്ടര്‍മാരുടെ സംസ്ഥാന-ദേശീയ രജിസ്റ്ററുകളില്‍നിന്ന് നീക്കംചെയ്യുമെന്നും ഇക്കാലയളവില്‍ അവര്‍ക്ക് പ്രാക്ടീസിനാവില്ളെന്നുമാണ് ചട്ടഭേദഗതിയില്‍ പറയുന്നത്. ലക്ഷമൊ അതിലേറെയൊ പണമോ അത്ര വിലയുള്ള സൗജന്യമോ പറ്റുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രാക്ടീസ് നിര്‍ത്തേണ്ടിവരുമെന്നും ഭേദഗതിയില്‍ പറയുന്നു.
മരുന്നുകമ്പനികളും വൈദ്യലോകത്തുള്ളവരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് സുവിദിതമാണ്. ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ പലതും 100ഉം 200ഉം ബ്രാന്‍ഡുകളിലുള്ളതാണ്. ഇവക്കിടയില്‍നിന്ന് വിപണിയില്‍ ഇടം കണ്ടത്തൊനുള്ള മത്സരമാണ് ഡോക്ടര്‍മാരെ ഏതുവിധേനയെങ്കിലും വശപ്പെടുത്തുന്നതിനുള്ള വഴിവിട്ട മാര്‍ഗങ്ങളിലേക്ക് മരുന്നുകമ്പനികളെ എത്തിക്കുന്നത്. നിരുപദ്രവകരമായ സൗഹൃദ ഉപഹാരങ്ങളില്‍ നിന്നാരംഭിക്കുന്ന മരുന്നുകമ്പനിയുടെ ബന്ധം ക്രമേണ ഡോക്ടര്‍മാരെ മുഴുവനായി കമ്പനികളുടെ കീശയിലാക്കി കലാശിക്കുന്നു. ഒടുവില്‍ സമ്മാനബന്ധനത്തില്‍നിന്ന് തലയൂരാനാവാതെ കുടുങ്ങുന്നവരുടെയും അവരെ കുടുക്കുന്നവരുടെയും വൃത്തികെട്ട കളിക്കഥകള്‍ നേരത്തേ ‘മാധ്യമം’ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഉപഹാരം സ്വീകരിച്ചശേഷം കമ്പനിയുടെ താല്‍പര്യത്തിനൊത്ത് മരുന്നു കുറിക്കാത്തതിന്‍െറ പേരില്‍ വീട്ടുപകരണങ്ങളും കാറുമൊക്കെ ക്വട്ടേഷന്‍സംഘത്തെ വിട്ട് തട്ടിയെടുത്ത നാറുന്നകഥകളാണ് അന്നു കേരളത്തില്‍ ചിലയിടങ്ങളില്‍ നിന്നുതന്നെ പുറത്തുവന്നത്.
മരുന്നുകമ്പനികളില്‍നിന്നും ആരോഗ്യരക്ഷാ വ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും വ്യക്തിഗതമായി പണമോ സാമ്പത്തിക ആനുകൂല്യങ്ങളോ പറ്റാന്‍ പാടില്ളെന്ന് 2002ല്‍തന്നെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ തയാറാക്കിയ ഡോക്ടര്‍മാര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തില്‍ പറയുന്നുണ്ട്. ചട്ടം ലംഘിക്കുന്നവരുടെ ലൈസന്‍സ് രണ്ടു വര്‍ഷത്തേക്കുവരെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് നിയമം. കഴിഞ്ഞ മേയില്‍ അഹ്മദാബാദിലെ മരുന്നുകമ്പനികളുമായി ഒത്തുകളിച്ച ആന്ധ്രയിലെയും തെലങ്കാനയിലെയും 40 ഡോക്ടര്‍മാര്‍ക്കെതിരെ മെഡിക്കല്‍ കൗണ്‍സിലിന്‍െറ എത്തിക്സ് കമ്മിറ്റി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. അരഡസനോളം മരുന്നുകമ്പനികളില്‍നിന്ന് രണ്ടു മുതല്‍ നാലു ലക്ഷംവരെ രൂപ മാസപ്പടി പറ്റുകയും നാലും അഞ്ചും തവണ വിദേശയാത്ര തരപ്പെടുത്തുകയും ചെയ്ത ഡോക്ടര്‍മാര്‍ പ്രത്യുപകാരമായി, തങ്ങള്‍ പരിശോധിക്കുന്ന രക്തസമ്മര്‍ദ, പ്രമേഹരോഗികള്‍ക്ക് ഈ കമ്പനികളുടെ ഉയര്‍ന്നവിലയുള്ള മരുന്ന് കുറിച്ചുകൊടുക്കുകയായിരുന്നു. അന്ന് എത്തിക്സ് കമ്മിറ്റി നടത്തിയ രണ്ടുനാളത്തെ തെളിവെടുപ്പില്‍ അമേരിക്ക, ആസ്ട്രേലിയ, യു.എ.ഇ, ദക്ഷിണാഫ്രിക്ക, റഷ്യ എന്നിവിടങ്ങളിലേക്ക് ഡോക്ടര്‍മാര്‍ കൂടക്കൂടെ വിദേശയാത്ര നടത്തിയിരുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഹൃദ്രോഗം, ശിശുരോഗം, പ്രമേഹം, രക്തസമ്മര്‍ദം, ഹോര്‍മോണ്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവക്കുള്ള മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനികളാണ് ഈ ഡോക്ടര്‍മാരെ സ്പോണ്‍സര്‍ ചെയ്തുവരുന്നതെന്നും അന്നു കണ്ടത്തെി.
അഴിമതിയില്‍ അടിമുടിയുറച്ച ഒരു വ്യവസ്ഥയില്‍ ഭിഷഗ്വരന്മാര്‍മാത്രം അതില്‍ നിന്നൊഴിവാകണമെന്നില്ല. സമൂഹസേവയും ജീവകാരുണ്യവും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്നവരും മനുഷ്യപ്പറ്റില്‍ പണത്തൂക്കം മുന്നില്‍ നില്‍ക്കുന്നവരുമൊക്കത്തെന്നെയാണ് അവരില്‍ ഏറിയ കൂറും. ഇവരാണ് വൈദ്യരംഗത്തിന് പേരും പെരുമയും നല്‍കുന്നതും. എന്നാല്‍, ഉദാത്തവും സമൂഹപ്രതിബദ്ധവുമാകേണ്ട ഈ തൊഴില്‍രംഗത്തെ പുഴുക്കുത്തുകള്‍ ജനങ്ങളെ മൊത്തം ആശങ്കയിലാക്കാന്‍പോന്നതാണ്. ഇക്കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലിനും ഡോക്ടര്‍മാരുടെ സംഘടനക്കും ക്രിയാത്മകമായൊന്നും ചെയ്യാന്‍ കഴിയുന്നില്ളെന്നതിന് തെളിവ് ഇതുവരെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍തന്നെ. 2009ല്‍ പെരുമാറ്റച്ചട്ടം വിലക്കിയശേഷവും വൈദ്യസമ്മേളനങ്ങളും പരിപാടികളുമൊക്കെ വന്‍കിട മരുന്നുകമ്പനികളുടെ ചെലവിലും സംരക്ഷണത്തിലുമാണ് ഇപ്പോഴും നിര്‍ബാധം നടന്നുവരുന്നത്. എന്നിരിക്കെ വിലപിടിച്ച പാരിതോഷികങ്ങളുടെ ഒഴിയാബാധയില്‍നിന്ന് ഡോക്ടര്‍മാരെ രക്ഷപ്പെടുത്താന്‍ പുതിയ ചട്ടത്തിന് കഴിയുമോയെന്ന് കാത്തിരുന്നുകാണണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.