ജഡ്ജി നിയമനത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം അരുത്

സുപ്രീംകോടതി  ചീഫ് ജസ്റ്റിസ് ഏപ്രിലില്‍ കരഞ്ഞതും ആഗസ്റ്റില്‍ ക്രുദ്ധനായതും ശ്രദ്ധിക്കപ്പെട്ടത്, രണ്ടു സന്ദര്‍ഭങ്ങളിലും അദ്ദേഹം ഉന്നയിച്ച ഗുരുതരമായ പ്രശ്നത്തെ പരിഗണിച്ചായിരുന്നു. ഉന്നത കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ വിമര്‍ശിച്ച ജസ്റ്റിസ് ടി.എസ്. ഠാകുര്‍, കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യവും ജഡ്ജിമാരുടെ എണ്ണത്തിലുള്ള കുറവും എടുത്തുപറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജഡ്ജി നിയമന നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാത്തതിലുള്ള അതൃപ്തിയാണ് അദ്ദേഹത്തിന്‍െറ വാക്കുകളില്‍ ഉണ്ടായിരുന്നത്. സുപ്രീംകോടതിയില്‍ 29ഉം ഹൈകോടതികളില്‍ 621ഉം ജഡ്ജിമാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. നികത്താന്‍ ബാക്കിയുള്ളത് 44.3 ശതമാനം ജഡ്ജി തസ്തികകളാണ്. ഇത് അന്തിമമായി ബാധിക്കുക ജനങ്ങളെയും രാജ്യത്തെയുമാണെന്ന് പറയേണ്ടതില്ല. വര്‍ഷങ്ങളോളം കേസുകള്‍ക്കു പിന്നാലെ നടന്നിട്ടും നീതികിട്ടാതെ നിരാശരാകുന്നവര്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുക. മാത്രമല്ല, വിചാരണത്തടവുകാരായി ജയിലില്‍ കിടക്കുന്ന ആയിരങ്ങളോട് ചെയ്യുന്ന അനീതികൂടിയാണ് ജുഡീഷ്യറിയിലെ കാലവിളംബം.

ജഡ്ജി നിയമനം സംബന്ധിച്ച നടപടിക്രമങ്ങളെച്ചൊല്ലി സര്‍ക്കാറും ജുഡീഷ്യറിയും തമ്മിലുള്ള വിയോജിപ്പാകാം ഇപ്പോഴത്തെ മരവിപ്പിന് കാരണം. ന്യായാധിപന്മാരെ നിയമിക്കാന്‍വേണ്ടി ഒരു ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ സ്ഥാപിക്കണമെന്ന സര്‍ക്കാറിന്‍െറ നിര്‍ദേശം കോടതി തള്ളിയിരുന്നു. അതേസമയം, നിലവിലുള്ള സുപ്രീംകോടതി കൊളീജിയം സംവിധാനത്തിലൂടെ നിയമനത്തിനായി സുപ്രീംകോടതി നല്‍കിയ പട്ടികകള്‍ കേന്ദ്രം വെച്ചുതാമസിപ്പിക്കുകയും ചെയ്യുന്നു. വിഷയത്തില്‍ സുപ്രീംകോടതി നേര്‍ക്കുനേരെ ഇടപെടുമെന്ന ചീഫ് ജസ്റ്റിസിന്‍െറ മുന്നറിയിപ്പിന്‍െറ ഫലമായിട്ടോ എന്തോ, കേന്ദ്രം പുതിയ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്ന നടപടിക്രമത്തില്‍ സുപ്രീംകോടതിയുടെ ചില നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കരടില്‍, നിയമജ്ഞരില്‍നിന്നും അഭിഭാഷകരില്‍നിന്നും പരമാവധി മൂന്നു പേരെ മാത്രമേ എടുക്കാവൂ എന്ന് നിഷ്കര്‍ഷിച്ചിരുന്നു; ഈ പരിധി ഇപ്പോള്‍ എടുത്തുമാറ്റി. ജഡ്ജിമാര്‍ക്കു സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ യോഗ്യതയും സീനിയോറിറ്റിയും പരിഗണിക്കണമെന്ന് പറഞ്ഞിരുന്നത് മാറ്റി, സീനിയോറിറ്റി മാത്രം നോക്കിയാല്‍ മതി എന്നാക്കിയിട്ടുണ്ട്. അതേസമയം, മര്‍മപ്രധാനമായ തര്‍ക്കവിഷയത്തില്‍ സര്‍ക്കാര്‍ ഒരു നീക്കുപോക്കും വരുത്തിയിട്ടില്ല- സുപ്രീംകോടതി കൊളീജിയം സമര്‍പ്പിക്കുന്ന നിയമനപ്പട്ടികയില്‍നിന്ന് ആരെയും തള്ളാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് നിലനിര്‍ത്തുന്നത്. ‘പൊതുതാല്‍പര്യത്തിന്‍െറയും ദേശീയസുരക്ഷയുടെയും’ പേരില്‍ ആരുടെ നിയമനം തടയാനും കേന്ദ്രത്തിന് അധികാരം വേണമത്രെ. പുതിയ കരടില്‍ ഈ വിഷയത്തില്‍ ആകെക്കൂടി വരുത്തിയ മാറ്റം, സുപ്രീംകോടതി ശിപാര്‍ശചെയ്തയാളെ തള്ളുമ്പോള്‍ അതിന്‍െറ കാരണംകൂടി കോടതിയെ അറിയിക്കും എന്നതുമാത്രമാണ്.

ജുഡീഷ്യറിയില്‍ എക്സിക്യൂട്ടിവിന് അമിതമായ സ്വാധീനം നല്‍കുന്ന ഈ നിര്‍ദേശം, സര്‍ക്കാര്‍ നീതിന്യായ സംവിധാനങ്ങളിലെ സന്തുലനം തകിടംമറിക്കുമെന്ന് ഭയപ്പെടണം. അതുകൊണ്ടുതന്നെ, കോടതി നിര്‍ദേശിക്കുന്ന പട്ടികയിലുള്ളവരുടെ നിയമനത്തില്‍ സര്‍ക്കാറിന് വീറ്റോ അധികാരം നല്‍കുന്നത് അപകടകരമാകും. ഉദാഹരണത്തിന്, ഉത്തരാഖണ്ഡില്‍ സംസ്ഥാന സര്‍ക്കാറിനെ മാറ്റി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രനടപടി അസാധുവാക്കിയ ന്യായാധിപന്‍ സുപ്രീംകോടതിയിലേക്കുള്ള നിയമനപ്പട്ടികയില്‍ ഉണ്ടായിരിക്കുകയും കേന്ദ്രത്തിന് വീറ്റോ ചെയ്യാന്‍ അധികാരമുണ്ടാവുകയും ചെയ്താല്‍ എന്താവും അവസ്ഥ? ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ക്കപ്പുറം, കേന്ദ്രനടപടികളെ ഏതുവിധേനയും ശരിവെക്കുന്ന ന്യായരാഹിത്യത്തിലേക്ക് ഹൈകോടതി ജഡ്ജിമാര്‍ പതുക്കെപ്പതുക്കെ മാറാന്‍ ഇത് കാരണമാകില്ളേ? സര്‍ക്കാറും ഭരണകക്ഷിയും ജയിക്കുകയും ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കപ്പെടുകയുമല്ളേ ചെയ്യുക? മറുപുറത്ത്, സുപ്രീംകോടതി കൊളീജിയത്തിലും താല്‍പര്യങ്ങളുടെ ഏറ്റുമുട്ടലും സ്വജനപക്ഷപാതവും ഉണ്ടാകില്ളെന്നതിനും ഉറപ്പ് വേണം. ജുഡീഷ്യറിയുടെ നിഷ്പക്ഷതയും സ്വതന്ത്രസ്വഭാവവും കൈമോശം വരുന്ന ഏതവസ്ഥയും ആപല്‍ക്കരമാകും. തല്‍ക്കാലത്തേക്ക് കൊളീജിയം സംവിധാനം വഴി നിയമനങ്ങള്‍ നടത്തുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തികച്ചും സ്വതന്ത്രമായ ഏജന്‍സിയെപ്പറ്റി വിപുലമായ കൂടിയാലോചനകള്‍ തുടങ്ങുകയും ചെയ്യുന്നത് നന്നാവുമെന്ന് തോന്നുന്നു. വ്യവസ്ഥിതിയുടെ കുറ്റംകൊണ്ട് അന്യായ തടങ്കലില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് നഷ്ടപരിഹാരവും നല്‍കേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.