മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സെപ്റ്റംബർ 26ന് യൂത്ത് കോൺഗ്രസ് ന്യുഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധ പ്രകടനം 

ഭസ്മാസുരന് കിട്ടിയ വരം; ഗ്യാനേഷ് കുമാറിനും

ആ​കാ​ശ​മേ​ലാ​പ്പി​ൻ ചോ​ട്ടി​ൽ

മൂന്ന് പതിറ്റാണ്ടിലേറെയായി ഞാനും കുടുംബവും പട്ന ദീഘയിലെ വോട്ടർമാരായിരുന്നു. 2025 ആഗസ്റ്റിൽ, താമസം മാറിയതിനെത്തുടർന്ന് ദീഘ മണ്ഡലത്തിൽനിന്ന് പട്ന നഗരത്തിലെത്തന്നെ ഫുൽവാരി ശരീഫിലേക്ക് മാറ്റാനായി ഞാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാൽ വോട്ടർപട്ടികയിൽ എന്റെയും ഭാര്യയുടെയും പേരില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ശരിക്കും അമ്പരന്നുപോയി. ഞാൻ എന്റെയും ഭാര്യയുടെയും വോട്ടേഴ്സ് ഐഡി കാർഡുകൾ കാണിച്ച് ചോദിച്ചു: “ഞങ്ങൾ മുപ്പതിലേറെ വർഷങ്ങളായി വോട്ടുചെയ്യുന്നവരാണ്. എന്നിട്ട് ഞങ്ങളുടെ പേരുകൾ എങ്ങനെ പട്ടികയിൽനിന്ന് ഇല്ലാതായി?”

“ഒരു പ്രശ്നവുമില്ല! ഫോം-6 പൂരിപ്പിച്ചു തരൂ, നിങ്ങളുടെ പേര് പുനഃസ്ഥാപിച്ചുകിട്ടും,” ഉദ്യോഗസ്ഥൻ പറഞ്ഞു. എത്രയും വേഗം വോട്ടവകാശം തിരിച്ചുപിടിക്കാനുള്ള തിടുക്കത്തിൽ, ഞാനും ഭാര്യയും ഫോട്ടോകൾ പതിച്ച്, ഒപ്പുവെച്ച് ഫോം-6 പൂരിപ്പിച്ചു നൽകി. ഒരു മാസത്തിനുള്ളിൽ തപാൽവഴി ഞങ്ങൾക്ക് പുതിയ തിരിച്ചറിയൽ കാർഡുകൾ ലഭിച്ചു. അവയിൽ പുതിയ ‘എപിക്’ നമ്പറുകളാണുണ്ടായിരുന്നത്. അവ ദീഘ അസംബ്ലി മണ്ഡലത്തിലേക്കുതന്നെയായിരുന്നു. വോട്ടർമാർ എന്ന നിലയിലുള്ള അവകാശം തിരികെ കിട്ടിയതിൽ സന്തോഷം തോന്നിയെങ്കിലും, ഞങ്ങളുടെ കഴിഞ്ഞകാല വോട്ടിങ് ചരിത്രത്തിന് എന്തു സംഭവിച്ചു എന്നൊരു സംശയം ഉള്ളിൽ ബാക്കിയായി.

ആദ്യമായി വോട്ടർമാരാകുന്നവർക്കുവേണ്ടിയാണ് നിയമപരമായി ഫോം-6 രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും, വിലാസമോ വിവരങ്ങളോ തിരുത്താനും പുതുക്കാനും പുനഃസ്ഥാപിക്കാനും ഉപയോഗിക്കേണ്ടത് ഫോം-8 ആണെന്നും മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഡോ. എസ്.വൈ. ഖുറേഷി വ്യക്തമാക്കിയത് ഞാൻ കേട്ടു. അതോടെ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഫോം-8ന് പകരം ഫോം-6 പൂരിപ്പിച്ചു വാങ്ങിയത് എന്തിനാണെന്നോർത്ത് വീണ്ടും ആധിയായി. മൂന്ന് പതിറ്റാണ്ടിലേറെയായി വോട്ടുചെയ്തുവരുന്ന ഒരു പൗരന്റെ പേര് തെരഞ്ഞെടുപ്പ് കമീഷൻ പട്ടികയിൽനിന്ന് വെട്ടിമാറ്റുകയും, പിന്നീട് ഒരു കന്നിവോട്ടറെപ്പോലെ ഫോം-6 വഴി തികച്ചും പുതിയൊരു വോട്ടർ കാർഡ് നൽകുകയും ചെയ്യുമ്പോൾ, അത് പൗരാവകാശത്തിന്റെ പുനഃസ്ഥാപനമാണോ അതോ ചരിത്രത്തെ മായ്ച്ചുകളയലോ?

നമ്മുടെ വ്യക്തിപരമായ അനുഭവങ്ങൾക്കും ആവലാതികൾക്കുമുപരി ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് എച്ച്.കെ. ദുവയും എ.ജെ. ഫിലിപ്പും പി.എസ്. സെന്നും അടക്കമുള്ള പത്രാധിപന്മാർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ ആവലാതി ഞാൻ മനസ്സിൽത്തന്നെ ഒതുക്കുകയായിരുന്നു. എന്നാൽ, ഡൽഹിയിലെ ഒരു മുതിർന്ന അധ്യാപകസുഹൃത്ത് രണ്ടു ദിവസം മുമ്പ് സമാനമായൊരു അനുഭവം പങ്കുവെച്ചതോടെയാണ് ഈ കോളം എഴുതാൻ തീരുമാനിച്ചത്. അദ്ദേഹവും ഭാര്യയും മുപ്പതിലേറെ വർഷങ്ങളായി ഡൽഹിയിലെ വോട്ടർമാരായിരുന്നു. അടുത്തിടെ സൗത്ത് ഡൽഹിയിൽനിന്ന് ഫരീദാബാദിലേക്ക് മാറിയപ്പോൾ മണ്ഡലത്തിലെ വിലാസം മാറ്റാനായി അദ്ദേഹം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചതായിരുന്നു. അപ്പോഴാണ് വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ട വിവരം അവരറിയുന്നത്.

വിവരങ്ങൾ ശേഖരിക്കാനായി വീണ്ടും വിളിച്ചപ്പോൾ അദ്ദേഹം യാചനാസ്വരത്തിൽ പറഞ്ഞു: “ദയവായി എന്റെ പേര് പരാമർശിക്കരുത്, എന്നെ ഉദ്ധരിക്കുകയുമരുത്. നിങ്ങൾക്കൊന്നും ചിന്തിക്കാൻ പോലുമാകാത്തത്ര പീഡനങ്ങൾക്ക് ഞാൻ ഇരയാക്കപ്പെട്ടേക്കാം.” ആ സുഹൃത്തിനെപ്പോലെ പലരും പ്രതികാരനടപടികളെക്കുറിച്ചുള്ള ഭയത്തിന്റെ പിടിയിലാണ്. പൗരരുടെ വോട്ടവകാശം സംരക്ഷിക്കാൻ ബാധ്യസ്ഥരായ തെരഞ്ഞെടുപ്പ് കമീഷൻതന്നെ അത് കവർന്നെടുക്കുമ്പോൾ, അതിനെതിരെ രണ്ടു വരിയെങ്കിലും എഴുതാതെ വയ്യ.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് സമാനനായ ഒരാളെ ഇന്ത്യൻ തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ ചരിത്രത്തിലോ ലോകത്തെ മറ്റ് ജനാധിപത്യ രാജ്യങ്ങളിലോ കണ്ടെത്തുക പ്രയാസമാണ്. എന്നാൽ ഇന്ത്യൻ പുരാണങ്ങളിലും നാടോടിക്കഥകളിലും അദ്ദേഹത്തിനൊരു സമാനത കാണാൻ കഴിഞ്ഞേക്കും; ശിവഭഗവാനെ തപസ്സുചെയ്ത് അമരത്വം വരം നേടിയ അത്യാഗ്രഹിയായ ‘ഭസ്മാസുരൻ’.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശിവനെപ്പോലെ വേഷംകെട്ടാനും തോന്നിക്കാനുമൊക്കെ പ്രത്യേകമായൊരു കമ്പമുണ്ട്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നെറ്റിയിൽ ഭസ്മം പൂശി, കാവിയുടുത്ത് പുരാതന മുനിയെപ്പോലെ നിന്ന് മോദി ഡമരു കൊട്ടുന്ന കാഴ്ച ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും മായാതെയുണ്ട്. അങ്ങനെ ശിവനെപ്പോലെ അഭിനയിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ സർക്കാർ ഗ്യാനേഷ് കുമാറിന് ‘അമരത്വത്തിന്റെ വരം’ കൽപ്പിച്ചുനൽകി: സി.ഇ.സി എന്ന നിലയിലുള്ള ഔദ്യോഗിക പദവിയിലിരിക്കുമ്പോഴോ, ആ പദവിയിൽനിന്ന് ഒഴിഞ്ഞശേഷമോ യാതൊരു നിയമത്തിനും അദ്ദേഹത്തെ ശിക്ഷിക്കാനാവില്ല. ഇന്ത്യൻ രാഷ്ട്രപതിക്കോ, ചീഫ് ജസ്റ്റിസിനോ, എന്തിന് ലോകത്തിലെ ഒരു അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തിക്കോ ഇല്ലാത്ത നിയമപരമായ പരിരക്ഷയാണ് ഗ്യാനേഷ് ആസ്വദിക്കുന്നത്; അദ്ദേഹം സ്വയം ഒരു നിയമമായി മാറിയിരിക്കുന്നു.

എന്നാൽ ഗ്യാനേഷ് കുമാറിന് ഈ ‘വരം’ നൽകുമ്പോൾ, താൻ സാക്ഷാൽ പരമശിവനല്ലെന്ന കാര്യം പ്രധാനമന്ത്രി മറന്നുപോയി. ഭാരതീയ ശാസ്ത്രങ്ങളിലും തത്ത്വചിന്തകളിലും ശിവൻ എന്നത് കേവലം ഒരു വ്യക്തിയല്ല, മറിച്ച് പ്രപഞ്ച അസ്തിത്വത്തിന്റെയും ശക്തിയുടെയും പ്രതീകമാണ്. ആധുനിക ജനാധിപത്യ ഇന്ത്യയുടെ പശ്ചാത്തലത്തിൽ ആ ശക്തിയുടെ പ്രതിനിധികൾ ജനങ്ങളാണ്; തങ്ങളെ സേവിക്കാനായി മോദിയെ ചുമതലപ്പെടുത്തിയ ഈ നാട്ടിലെ ജനങ്ങൾ!

അതുകൊണ്ടുതന്നെ, ജന്തർ മന്തറിലും പുറത്തും സമരം ചെയ്യുന്ന ഇന്ത്യൻ ജനത വോട്ടവകാശം കവർന്നെടുക്കുന്ന ദുഷ്ടശക്തിയെ പാഠം പഠിപ്പിക്കുകതന്നെ ചെയ്യുമെന്ന് ഈ കുറിപ്പുകാരന് ഉറച്ച വിശ്വാസമുണ്ട്.

Tags:    
News Summary - Bhasmasura got a boon; Gyanesh Kumar too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.