അമേരിക്കന്‍ തെരഞ്ഞെടുപ്പ് പശ്ചിമേഷ്യ ഉറ്റുനോക്കുന്നത് ആരെ?

നവംബര്‍ എട്ടിന് നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ലോകത്തുടനീളം ജിജ്ഞാസ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു. അമേരിക്കക്ക് വെളിയില്‍ അത് ഏറ്റവും കൂടുതല്‍ ആകാംക്ഷ സൃഷ്ടിക്കുന്നത് മധ്യപൗരസ്ത്യ ദേശങ്ങളിലാണ്. യു.എസ് തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കുകയാണ് ഗള്‍ഫിലെ ഭരണകൂടങ്ങളും ഇസ്രായേല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും. എന്നാല്‍, ഒറ്റയാന്‍ നിലപാടുമായി ഇറാന്‍ അതിന്‍െറ വ്യത്യസ്തത ഇപ്പോഴും തുടരുന്നു. അമേരിക്കയില്‍ ആരു ജയിച്ചാലും തങ്ങള്‍ക്കതില്‍ പ്രത്യേക നേട്ടകോട്ടങ്ങള്‍ ഇല്ളെന്ന മട്ടിലാണ് തെഹ്റാന്‍ സമീപനം.

മോശപ്പെട്ടയാള്‍/വളരെ മോശപ്പെട്ടയാള്‍ എന്നീ രണ്ട് വ്യക്തികള്‍ക്കിടയില്‍ ഒരാളെ കണ്ടത്തൊന്‍ മാത്രമാണ് യു.എസ് വോട്ടര്‍മാര്‍ക്ക് അവസരം സിദ്ധിച്ചിരിക്കുന്നതെന്ന് ഈയിടെ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി പരസ്യമായി പ്രകടിപ്പിച്ച പരിഹാസം ഓര്‍മിക്കുക. എന്നാല്‍, ഹിലരി ക്ളിന്‍റന്‍ ആണോ ഡൊണാള്‍ഡ് ട്രംപ് ആണോ കൂടുതല്‍ മോശപ്പെട്ട വ്യക്തി എന്ന് റൂഹാനി സ്പഷ്ടമാക്കിയിരുന്നില്ല. യു.എസ് ബന്ധത്തില്‍ സാധാരണനില സ്ഥാപിതമാകാനുള്ള സാധ്യത വിദൂര ഭാവിയില്‍പോലും ഇല്ളെന്നാണ് ഇറാനിലെ ഭരണനേതൃത്വത്തിന്‍െറ വിലയിരുത്തല്‍.

അതേസമയം, ഇറാനെപ്പോലെ വെട്ടിത്തുറന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ സന്നദ്ധമല്ല മധ്യപൗരസ്ത്യ ദേശത്തെ ഇതര രാഷ്ട്രങ്ങള്‍.  ഹിലരി ക്ളിന്‍റന്‍ വിജയിക്കുന്നത് ഗുണകരമാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. സുരക്ഷാകാര്യങ്ങളിലും മറ്റും ഹിലരിയുടെ തുറന്ന സമീപനരീതിയെ ശുഭകരമായാണ് അവര്‍ വീക്ഷിക്കുന്നത്.

ഒബാമ യുഗത്തിന് തിരശ്ശീല വീഴാന്‍പോകുന്നതില്‍ ഗള്‍ഫ് രാഷ്ട്രത്തലവന്മാരും തുര്‍ക്കി-ഇസ്രായേല്‍ ഭരണകൂടങ്ങളും അല്‍പമൊരാശ്വാസം അനുഭവിക്കുന്നതായി തോന്നുന്നു. കാരണം, സൈനിക പിന്മാറ്റത്തിന്‍െറയും സേനാബലം വെട്ടിച്ചുരുക്കുന്നതിന്‍െറയും സൈദ്ധാന്തികനും പ്രയോക്താവുമാണ് ഒബാമ. എന്നാല്‍, വ്യത്യസ്ത കാഴ്ചപ്പാടുകാരിയാണ് ഹിലരി. പശ്ചിമേഷ്യയില്‍ ശക്തമായ യു.എസ് സേനാവിന്യാസം ആവശ്യമാണെന്ന പക്ഷക്കാരിയാണവര്‍.
കൃത്യമായി പറഞ്ഞാല്‍ മാറ്റത്തിന്‍െറയും തുടര്‍ച്ചയുടെയും പ്രതീകമെന്ന നിലയിലാണ് ഹിലരിയില്‍ പ്രതീക്ഷകള്‍ അര്‍പ്പിക്കപ്പെടുന്നത്. ഐ.എസിനെ തുടച്ചുനീക്കാന്‍ ഒബാമ ആരംഭിച്ച യജ്ഞം പൂര്‍ത്തീകരിക്കാനുള്ള ബാധ്യത ഹിലരി നിറവേറ്റുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍, സിറിയയുമായി ബന്ധപ്പെട്ട നയം പുനരവലോകനം ചെയ്യാന്‍ ഹിലരി മുതിര്‍ന്നേക്കും. ഇറാഖിലെ പുനര്‍നിര്‍മാണ പ്രശ്നത്തിലും അവര്‍ പുതുനയം പ്രഖ്യാപിച്ചേക്കും.

അധികാരാരോഹണാനന്തരം ഹിലരി ഏറ്റെടുക്കുന്ന പ്രഥമ ദൗത്യങ്ങളില്‍ പ്രധാനം സിറിയന്‍ നയ പുന$പരിശോധന തന്നെയാകുമെന്ന് ഉറപ്പിക്കാം.
സിറിയയിലെ ‘ഭരണമാറ്റം’ എന്ന അജണ്ടക്ക് മധ്യപൗരസ്ത്യദേശങ്ങളുടെ പിന്തുണ ഉറപ്പുവരുത്താന്‍ ഹിലരി കരുനീക്കങ്ങള്‍ ആരംഭിക്കുമെന്ന് കരുതാം. ഈ തന്ത്രത്തിലൂടെ  വ്ളാദിമിര്‍ പുടിന്‍െറ റഷ്യയുമായൊരു പരോക്ഷ യുദ്ധത്തിന് അവര്‍ക്ക് അവസരം ലഭ്യമാകും. ബശ്ശാറിന് സൈനിക സംരക്ഷണം നല്‍കുന്ന റഷ്യയെ നിലക്കുനിര്‍ത്തണമെന്ന ഹിലരിയുടെ ശാഠ്യം ഇതുവഴി സാക്ഷാത്കരിക്കപ്പെട്ടേക്കാം. സിറിയന്‍ അങ്കക്കളത്തില്‍വെച്ച് റഷ്യയുടെ സഖ്യരാജ്യമായ ഇറാനെ അഭിമുഖീകരിക്കാനും യു.എസിന് അവസരമുണ്ടാകും. മധ്യപൗരസ്ത്യദേശത്തെ ഇറാന്‍െറ മേല്‍ക്കൈകള്‍ക്കെതിരെ ഊര്‍ജസ്വലമായ യു.എസ് നയം അനുപേക്ഷണീയമാണെന്ന ആശയക്കാരിയാണ് ഹിലരി.

ഇറാനോട് ശക്തമായ പക വെച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് ഹിലരിയുടെ പ്രധാന ഉപദേഷ്ടാവായ മൈക്ക്ള്‍ മോറല്‍. മേഖലയിലെ അഹിതപ്രവൃത്തികളുടെ പേരില്‍ ഇറാന് ശിക്ഷ നല്‍കേണ്ടതുണ്ട് എന്നാണ്  അദ്ദേഹത്തിന്‍െറ അഭിപ്രായം. ഹിലരി മന്ത്രിസഭയില്‍ ദേശീയ ഉപദേഷ്ടാവായി വാഴിക്കപ്പെടുമെന്ന് കരുതുന്ന ജെയ്ക് സള്ളിവന് കൂടുതല്‍ കടുത്ത അഭിപ്രായങ്ങളുണ്ട്. ‘‘നമ്മുടെ സുന്നി സഖ്യത്തിന്‍െറ വിശ്വാസമാര്‍ജിക്കുന്നതിനും ശിഥിലീകരണപ്രവര്‍ത്തനങ്ങളുടെ പേരിലും ഇറാന്‍ നടപടികള്‍ അര്‍ഹിക്കുന്നു’’ എന്നാണ് സള്ളിവന്‍െറ താക്കീത്.

‘‘ഞങ്ങളിതാ തിരികെ എത്തിയിരിക്കുന്നു. വീണ്ടും ഞങ്ങള്‍തന്നെ നയിക്കും’’ എന്നതാണ് ഹിലരിയും സംഘവും മധ്യപൗരസ്ത്യ ദേശങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം. മധ്യപൗരസ്ത്യദേശത്തില്‍ വീണ്ടും ശക്തമായ യു.എസ് ഇടപെടല്‍ എന്നാണ് ഈ സന്ദേശത്തിന്‍െറ സാരം. സുന്നി രാജ്യങ്ങളായ തുര്‍ക്കിയെയും സൗദിയെയും കൂട്ടുപിടിച്ചാകും ഹിലരി മധ്യപൗരസ്ത്യദേശ നയം പ്രാവര്‍ത്തികമാക്കുക. സുന്നി-ശിയാ വിഭാഗീയതയുടെ ഓരംപിടിച്ചു നീങ്ങി റഷ്യയെ സുന്നി വിരുദ്ധമായി ചിത്രീകരിക്കുന്നതില്‍ ഹിലരി ടീം വിജയം വരിച്ചേക്കും.

അതേസമയം, ഇത്തരമൊരു സാഹസികനയം അപായകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. സിറിയയിലെ റഷ്യ-യു.എസ് ഏറ്റുമുട്ടല്‍ ഒരു മൂന്നാംലോക യുദ്ധത്തിന് ജന്മം നല്‍കുമെന്ന ഡൊണാള്‍ഡ് ട്രംപിന്‍െറ മുന്നറിയിപ്പില്‍ പതിയിരിക്കുന്ന അപകടം ഉത്കണ്ഠാജനകമാണ്.
ബശ്ശാര്‍ വിരുദ്ധ വിമത ഗ്രൂപ്പുകളെ സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍വെച്ചാണോ അഭിമുഖീകരിക്കേണ്ടത്, അല്ളെങ്കില്‍ ഓരോ ഗ്രൂപ്പിന്‍േറയും മാതൃമേഖലകളില്‍വെച്ചോ എന്ന് നിര്‍ണയിക്കുന്നതില്‍ റഷ്യക്കും ഇറാനും യു.എസ് സാന്നിധ്യം പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തും. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഫ്ഗാനില്‍ ചേക്കേറുന്നത് റഷ്യക്കും ഇറാനും കടുത്ത അസ്വാസ്ഥ്യങ്ങള്‍ പകരാതിരിക്കില്ല.

ഏതായാലും യു.എസ് സ്വാധീനത്തിന്‍െറ പുതിയ പരീക്ഷണഭൂമിയാകും സിറിയ. മധ്യപൗരസ്ത്യദേശത്തെ യുദ്ധങ്ങളില്‍ യു.എസ് സേന  ഇനിയും മുഴുകുന്നതിനോട് അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് ഒട്ടും ആഭിമുഖ്യമില്ല. സിറിയന്‍ ഇടപെടലിനോട് സൈനികര്‍ക്കും വിമുഖതയാണുള്ളത്. പുതിയ യു.എസ് പ്രസിഡന്‍റിന്‍െറ അധികാരാരോഹണത്തിന് ബാക്കിനില്‍ക്കുന്ന 10 ആഴ്ചകള്‍ക്കിടയില്‍ മേഖലയിലെ യാഥാര്‍ഥ്യങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കാതിരിക്കില്ല. അലപ്പോ, റഖ, മൂസില്‍ എന്നീ നഗരനിയന്ത്രണ സമവാക്യങ്ങള്‍ തിരുത്തി  എഴുതേണ്ടതായി വരാം.

എന്നാല്‍, ഇപ്പോള്‍ നടത്തുന്ന വാഗ്ദാനങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഹിലരി വിജയിക്കുമോ എന്ന് തിട്ടപ്പെടുത്താന്‍ വയ്യ. കൂടുതല്‍ രണോത്സുകമായ വിദേശനയം അവരുടെ അധികാരാരോഹണത്തിന്‍െറ പ്രഥമവര്‍ഷം മുഴുവനായി കവര്‍ന്നെടുത്തേക്കാം. അത്തരമൊരു സാഹസിക സാഹചര്യം അമേരിക്കന്‍ സമ്പദ്ഘടനയുടെ പുനരുജ്ജീവനം, ഏഷ്യയിലെ ശാക്തിക സന്തുലനം എന്നീ പദ്ധതികള്‍ സുഗമമായി നിറവേറ്റുന്നതില്‍ വിഘാതങ്ങള്‍ സൃഷ്ടിക്കും.


പ്രമുഖ നയതന്ത്രജ്ഞനും മധ്യ-പശ്ചിമേഷ്യ രാഷ്ട്രകാര്യ വിദഗ്ധനുമാണ് ലേഖകന്‍

Tags:    
News Summary - us president election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.