വൈറസിന്‍റെ മൂന്നാംവരവ്​  അത്ര എളുപ്പമല്ല 

കേരളം ഇപ്പോള്‍ കോവിഡ്-19​​െൻറ മൂന്നാം വരവ് നേരിടുകയാണ്. ആദ്യത്തെ രണ്ടു ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി പ്രയാസകരമായ ഘട്ടമാണിത്. ലോകരാഷ്​ട്രങ്ങളില്‍ ആകെ വൈറസ് ബാധ കുറയുകയല്ല, കൂടിക്കൊണ്ടേയിരിക്കുകയാണ് എന്നതും ഇന്ത്യയിലേക്കും കേരളത്തിലേക്കും അത്തരം പ്രദേശങ്ങളില്‍നിന്നുള്ള വരവ് കൂടുന്നുവെന്നതും ഉത്കണ്ഠയുളവാക്കുന്നുണ്ട്​. ആദ്യത്തെ രണ്ടു ഘട്ടങ്ങളിലേക്കാള്‍ വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളില്‍നിന്നാണ് ഇപ്പോള്‍ ആളുകള്‍ വരുന്നത് എന്നത് പകര്‍ച്ച കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈറസ് ബാധയും മരണങ്ങളും അനുദിനം വര്‍ധിക്കുന്നതും ആശങ്കയുളവാക്കുന്നുണ്ട്. അത്തരം സംസ്ഥാനങ്ങളില്‍നിന്ന്​ കേരളത്തിലേക്കുള്ള ജനപ്രവാഹം ആരംഭിച്ചിരിക്കുകയാണ്. സ്വന്തം സംസ്ഥാനം തേടി വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മലയാളികള്‍ വരുമ്പോള്‍ അവരെ സ്വീകരിച്ചേ മതിയാകൂ. എന്നാല്‍, കൊറോണക്കു മുമ്പുള്ള കാലത്തേതുപോലെ സ്വതന്ത്രമായി, കിട്ടാവുന്ന വാഹനങ്ങളിലൂടെയും വഴികളിലൂടെയും അനിയന്ത്രിതമായി നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വരുന്നത് അതീവ ഗുരുതരമായ പ്രതിസന്ധിക്കിടയാക്കും. ഒന്നും രണ്ടുമല്ല പതിനായിരക്കണക്കിന് ആളുകളാണ് വരുന്നത്. അവരെ ഓരോരുത്തരേയും പ്രാഥമിക രോഗപരിശോധനക്ക്​ വിധേയമാക്കി യാത്രാവിവരങ്ങള്‍ പരിശോധിച്ച് തരംതിരിച്ച് സർക്കാർ മുന്‍കൂട്ടി തയാറാക്കിയ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയക്കുക ശ്രമകരമാണ്. അതുകൊണ്ടുതന്നെ ഈ വരവിന് ചില മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഓരോ ദിവസവും കര, കടല്‍, വ്യോമ മാര്‍ഗത്തില്‍ വരുന്നവരുടെ എണ്ണം നിജപ്പെടുത്തിയും ഒരു ദിവസം പരമാവധി പരിശോധിക്കാവുന്നവരുടെ എണ്ണമനുസരിച്ച് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പുകളുടേയും വളൻറിയര്‍മാരുടേയും പ്രവര്‍ത്തനം ക്രമീകരിച്ചുമാണ് ഈ കാര്യം നടത്തുന്നത്. ഇങ്ങനെയുള്ള പരിശോധന സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോഴാണ് മനുഷ്യര്‍ കൂട്ടത്തോടെ രോഗബാധിതരായി മരണത്തിന് കീഴ്‌പ്പെടേണ്ടി വരുന്നത്. 

അതിര്‍ത്തിയില്‍ പാസില്ലാതെ ആയിരങ്ങള്‍ വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എല്ലാവരും മനസ്സിലാക്കണം. ആയിരക്കണക്കിന് ആളുകളെ വീടുകളിലും സ്ഥാപനങ്ങളിലുമായി നീരീക്ഷണത്തില്‍ ​വെക്കുമ്പോള്‍ അവരെയാകെ ശ്രദ്ധിക്കുന്നതിനും മറ്റു കൊറോണേതര രോഗങ്ങളുടെ കാര്യത്തിലുള്ള ദൈനംദിന കൃത്യനിര്‍വഹണത്തിനും എത്ര ആളുകളെ നിശ്ചയിച്ചാലും തികയാത്ത അവസ്ഥയുണ്ടാകും. കേരളം പോലുള്ള ചെറിയ സംസ്ഥാനത്തിന് താങ്ങാനാവാത്ത പ്രശ്‌നങ്ങളാണ് ഈ വൈറസ്മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

വൈറസി​​െൻറ ഈ മൂന്നാംവരവ് നേരിടുക അത്ര എളുപ്പമല്ല. മേയ് നാലിനുശേഷം നമുക്ക് പുതിയ 61 പോസിറ്റിവ് കേസുകളുണ്ടായിരിക്കുന്നു. ഇവരില്‍ 21 പേര്‍ വിദേശത്തുനിന്നുവന്നവരും 18 പേര്‍ തമിഴ്‌നാട്, മഹാരാഷ്​ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന​ുവന്നവരും ബാക്കിയുള്ളവര്‍ അവരുടെ സമ്പര്‍ക്കപ്പട്ടികയിൽ ഉണ്ടായിരുന്നവരുമാണ്. ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റ് ചൈനയിലെ വുഹാന് സമാനമായി മാറിയിരിക്കുന്നു. ഇവിടെനിന്ന്​ വയനാട്ടിലെത്തിയ ട്രക്ക് ​ഡ്രൈവറിലൂടെ 11 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതിര്‍ത്തിയിലെ ചെക്ക്പോസ്​റ്റിലൂടെ വരാതെ കാനനപാതകളിലൂടെയും ഊടുവഴികളിലൂടെയും പൊലീസി​​െൻറ കണ്ണില്‍പെടാതെ വന്നവരുമ​ുണ്ട്. ഒരു ദിവസംതന്നെ ആയിരങ്ങള്‍ എയര്‍പോര്‍ട്ടിലും റെയില്‍വേ സ്​റ്റേഷനിലും അതിര്‍ത്തി റോഡുകളിലും എത്തുമ്പോള്‍ അവരെയാകെ പരിശോധിക്കുക അങ്ങേയറ്റം ശ്രമകരമായി മാറുന്നു. എങ്കിലും വരുന്ന സഹോദരങ്ങളെ സ്വീകരിച്ച് നിരീക്ഷണത്തിന് വിധേയമാക്കി അവരെ സംരക്ഷിക്കുന്നതിനും അവർ വഴി രോഗബാധയുണ്ടാകാതെ മറ്റുള്ളവരെ സംരക്ഷിക്കുന്നതിനും നാം പരിശ്രമം തുടരുകയാണ്.

ഈ ഘട്ടത്തില്‍ നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതല്‍ പതിയേണ്ടത് എളുപ്പത്തില്‍ രോഗം പകരാന്‍ സാധ്യതയുള്ള, രോഗമുണ്ടായാല്‍ മരണസാധ്യത കൂടുതലുള്ള വിഭാഗത്തെയാണ്. റിവേഴ്‌സ് ക്വാറ​ൻറീന്‍ എന്ന പേരില്‍ പ്രായംചെന്നവര്‍, ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ കൊറോണബാധിത മേഖലകളില്‍നിന്നും വരുന്നവരില്‍നിന്ന്​ പൂര്‍ണമായി മാറ്റിനിര്‍ത്തുന്നതിനും സമ്പര്‍ക്കം ഒഴിവാക്കുന്നതിനും വലിയ പദ്ധതിതന്നെ തയാറാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് പിറകെ പൊലീസ്, സാമൂഹികനീതി വകുപ്പ്, അംഗൻവാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, വളൻറിയര്‍മാര്‍ തുടങ്ങിയവര്‍ മേൽപറഞ്ഞ വിഭാഗത്തില്‍പ്പെട്ട ആളുകളുള്ള ഓരോ വീടുമായും ബന്ധപ്പെട്ട് അവരുടെ സമ്പര്‍ക്ക വിലക്ക് ഉറപ്പാക്കുകയാണ്. 43 ലക്ഷം പേരെ ഇതിനകം ബന്ധപ്പെട്ടു. ഇതോടൊപ്പം, ജീവിതശൈലീ രോഗങ്ങൾക്കടക്കം ദൈനംദിനം മരുന്നുകള്‍ കഴിക്കുന്ന ആളുകളുടെ കാര്യവും മുന്‍കൂട്ടി പ്ലാന്‍ ചെയ്​തു. ആരോഗ്യ വകുപ്പി​​െൻറ എൻ.സി.ഡി വിഭാഗത്തെ ഉപയോഗപ്പെടുത്തി മരുന്നുകള്‍ വീട്ടിലെത്തിക്കുന്ന പ്ലാനുകള്‍ നേരത്തേ തുടങ്ങിയിരുന്നതുകൊണ്ടാണ് ലോക്ഡൗണ്‍ കാലത്തുപോലും വലിയ പ്രശ്‌നങ്ങളില്ലാതെ രക്ഷപ്പെടാന്‍ കഴിഞ്ഞത്. 

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് അതിര്‍ത്തികളടക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായകമാണ്. എങ്കിലും ഒരു രാജ്യത്തിനും ഏറെക്കാലം ദൈനംദിന പ്രവര്‍ത്തനങ്ങളുടെ എല്ലാ വാതിലുകളും അടച്ചിടാന്‍ കഴിയില്ല. ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും തൊഴില്‍നഷ്​ടവും വികസന മുരടിപ്പും കാരണം മനുഷ്യരാശി കൂട്ടത്തോടെ ഒടുങ്ങിപ്പോകും. അതുകൊണ്ട് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്താന്‍ നാം നിര്‍ബന്ധിതമാകുന്നു. 
കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന്. ലോകാരോഗ്യ സംഘടനയും ഇതു സൂചിപ്പിച്ചുകഴിഞ്ഞു. പ്രതിരോധ വാക്‌സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികള്‍ നടത്താന്‍ നിര്‍ബന്ധിതനാണ് ഓരോരുത്തരുമെന്ന് മറന്നുപോകരുത്. രോഗപ്പകര്‍ച്ചയുടെ കണ്ണിപൊട്ടിക്കുക എന്ന ‘ബ്രേക് ദ ചെയിന്‍’ കാമ്പയിന്‍ കൂടുതല്‍ ശക്തമായി ഏറ്റെടുക്കണം. സോപ്പുപയോഗിച്ച് കൈകഴുകുക, മാസ്‌ക് ധരിക്കുക, വ്യക്തിപരമായി അകലം പാലിക്കുക. ഇത് നിര്‍ബന്ധമാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഒഴിവാക്കാനാകാത്ത കാര്യമാണ്. കൊറോണയുടെ ഈ മൂന്നാംവരവിനേയും നാം നേരിടും. ഈ യുദ്ധത്തില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് മനുഷ്യര്‍ക്ക് നാം പിന്തുണ നല്‍കണം.

Tags:    
News Summary - third phase of covid would not be simple -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.