തള്ളിക്കളഞ്ഞ ഈഴവ മെമ്മോറിയലുകൾ

തിരുവിതാംകൂറിലെ ജനസംഖ്യയുടെ അഞ്ചിലൊന്നുണ്ടായിരുന്ന ഈഴവ സമുദായത്തിന് സർക്കാർ ഉദ്യോഗങ്ങളിൽ നാമമാത്ര പ്രാതിനിധ്യം പോലും ലഭിച്ചിരുന്നില്ല. ഉന്നത വിദ്യാഭ്യാസം നേടിയ ഈഴവർ ജോലി അന്വേഷിച്ച് രാജ്യത്തിന് പുറത്തേക്ക് പോകേണ്ടിവന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവിതാംകൂറിലെ ആദ്യത്തെ മെഡിക്കൽ ബിരുദധാരിയും ഗവൺമെന്റ് നയത്തിന്റെ ഫലം അനുഭവിച്ച വ്യക്തിയുമായ ഡോ. പൽപ്പുവിന്റെ നേതൃത്വഈഴവ സമുദായത്തിലെ 13,176 പേർ ഒപ്പുവെച്ച നിവേദനം 1896 സെപ്റ്റംബറിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ചു.

ഈഴവരുടെ സാമൂഹിക പിന്നാക്കാവസ്ഥക്ക് കാരണം ഗവൺമെന്റ് സർവിസിൽ പ്രാതിനിധ്യം ഇല്ലാതിരുന്നതാണെന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു. കൂടാതെ മലബാർ പ്രദേശത്ത് ബ്രിട്ടീഷ് ഗവൺമെന്റിന് കീഴിൽ തങ്ങളുടെ സമാന സാമൂഹിക പദവിയുള്ള സമുദായമായ തീയർക്ക് ജോലി ലഭിക്കുന്നുണ്ടെന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട തങ്ങളുടെ സഹോദരങ്ങൾ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും തങ്ങൾക്കും അനുവദിച്ചുകിട്ടണമെന്നും മൊമ്മോറിയലിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഹരജിയിലെ ആവശ്യങ്ങള്‍ ദിവാന്‍ ശങ്കര സുബ്ബയ്യൻ നിരസിച്ചു. മെമ്മോറിയലിനോടുള്ള ഗവൺമെന്റിന്റെ സമീപനം നിരാശജനകമായതോടെ മറ്റൊരു ഹരജി (രണ്ടാം ഈഴവ മെമ്മോറിയൽ), 1900-ല്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വൈസ്രോയി കഴ്‌സണ്‍ പ്രഭുവിന് സമര്‍പ്പിച്ചു. ആവശ്യങ്ങളോട് അനുഭാവമുണ്ടെങ്കിലും ഒരു സാമന്തരാജ്യമായ തിരുവിതാംകൂറിലെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ ബ്രിട്ടന് താല്‍പര്യമില്ലെന്നായിരുന്നു നിലപാട്. രണ്ടു ഈഴവ മെമ്മോറിയലുകളും പരാജയപ്പെട്ടുവെങ്കിലും സാമൂഹികനീതി ഉറപ്പാക്കാനുള്ള പോരാട്ടങ്ങൾക്ക് ഈഴവ മെമ്മോറിയലുകൾ ഊർജമായി.


Tags:    
News Summary - Rejected Ezhava Memorials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.