??.??.??????????, ???.??. ????, ?????? ???????

ഗൊഗോയി രാജ്യസഭയിലേക്ക്; നീതിപീഠം ഇരുളിലേക്ക്​

‘‘ന്യായാധിപന്മാർ ഔദ്യോഗികവിരാമത്തിനു ശേഷമുള്ള ജീവിതത്തെപ്പറ്റി ഉത്കണ്ഠാകുലരാകുന്നു. ഭരണനിർവഹണവിഭാഗം ഈ ദൗർബല്യം ഉപയോഗപ്പെടുത്തി, വയോധികരായ ന്യായാധിപ സഹോദരങ്ങളുടെ സത്യസന്ധതയെ വളച്ചെടുക്കുകയോ അവരുടെ പക്ഷപാതിത്വം വിലക്കു വാങ്ങുകയോ ചെയ്യുന്നു’’- ജസ്​റ്റിസ് വി.ആർ. കൃഷ്ണയ്യർ വർഷങ്ങൾക്കുമുമ്പ്​ ചൂണ്ടിക്കാട്ടിയ മഹാദുരന്തം, ഇരുൾമൂടിയ ഇൗ കാലത്ത് കൂടുതൽ അനാവൃതമാകുകയാണ്. ഈ ദുരന്തത്തി​​​െൻറ ഏറ്റവും പുതിയ ഉദാഹരണമാണ് മുൻ സുപ്രീംകോടതി ചീഫ് ജസ്​റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്‌ട്രപതി നാമനിർദേശം ചെയ്ത നടപടി.

‘നീതി നടപ്പിലാക്കിയാൽ മാത്രം പോരാ, അത്​ നടപ്പിലാക്കി എന്ന് ബോധിപ്പിക്കുകയും വേണം’ എന്ന ലോർഡ് ഹേവാർഡി​​​െൻറ പ്രസക്തമായ ഉപദേശം ഇവിടെ ലംഘിക്കപ്പെടുന്നു. റഫാൽ, ബാബരി മസ്ജിദ് കേസുകളിൽ സർക്കാറിനും ഭരിക്കുന്ന പാർട്ടിക്കും അനുകൂലമായ വിധി നൽകിയ മുഖ്യന്യായാധിപൻ വിരമിച്ച് കേവലം നാലു മാസത്തിനകം ഇതേ ഭരണകൂടത്തി​​​െൻറ ആനൂകൂല്യംപറ്റി രാജ്യസഭയിലേക്ക് പ്രവേശിക്കുമ്പോൾ ഇരുളിലാണ്ടുപോവുന്നത് നീതിപീഠത്തി​​​െൻറ വിശ്വാസ്യതയും നിക്ഷ്പക്ഷതയുമാണ്.

1983 ൽ ബിഹാറിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ ഒരു അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കി മാസങ്ങൾക്കുള്ളിൽ വിധിപറഞ്ഞ സുപ്രീംകോടതി ന്യായാധിപൻ ജസ്​റ്റിസ് ബഹ്‌റുൽ ഇസ്​ലാം കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായതാണ് സമാനമായ മറ്റൊരു ചരിത്രം. മറ്റൊരു സുപ്രീംകോടതി ചീഫ് ജസ്​റ്റിസ് രംഗനാഥ് മിശ്ര 1998 മുതൽ 2004 വരെ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിൽ അംഗമായിരുന്നു. എന്നാൽ , ഒരു ന്യായാധിപൻ സർക്കാറി​​​െൻറ കാരുണ്യത്തിൽ രാജ്യസഭയിൽ പ്രവേശിക്കുന്നത്​ ആദ്യമായാണ്. സുപ്രീംകോടതിയിൽ നിന്നു വിരമിച്ചു മാസങ്ങൾക്കുള്ളിൽ കേരളഗവർണറായി നിയമിതനായ പി. സദാശിവമാണ് കാരുണ്യത്തിന്​ അർഹത നേടടിയ മറ്റൊരാൾ.

ന്യായപീഠത്തി​​​െൻറ നിഷ്​പക്ഷതയും വിശ്വാസ്യതയുമാണ് പൗരാവകാശങ്ങളുടെയും ജനാധിപത്യത്തി​​​െൻറയും ഗാരണ്ടി. ഇത് വെറും മൃതാക്ഷരങ്ങളായി മാറുമ്പോൾ രാഷ്​​ട്രശിൽപികൾ വിഭാവന ചെയ്ത സാമൂഹികവും സാമ്പത്തികവും രാഷ്​ട്രീയവുമായ നീതി എന്ന ലക്ഷ്യത്തിലേക്കുള്ള തീർഥാടനത്തിനു മാർഗഭ്രംശം സംഭവിക്കുന്നു. ഭരണഘടനയുടെ അനുഛേദം 80(3) ആണ് രാഷ്​ട്രപതിയെ രാജ്യസഭയിലേക്ക് 12 അംഗങ്ങളെ നാമനിർദേശം ചെയ്യാൻ അധികാരപ്പെടുത്തുന്നത്. സാഹിത്യം, ശാസ്ത്രം, കല, സാമൂഹികസേവനം എന്നീ നാലുമേഖലകളിൽനിന്നാണ് നാമനിർദേശം നടത്തേണ്ടത് എന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. വിരമിച്ച ന്യായാധിപന്മാരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാൻ രാഷ്​ട്രപതിക്ക് അധികാരമില്ല എന്നുതന്നെ പറയാം. ആയതിനാൽ, ഇതിനെതിരെ ഒരു ക്വാവാറ​േൻറാ റിട്ടിനുപോലും സാധ്യതയുണ്ട്. കേന്ദ്ര ഭരണകൂടം അധികാര ദുർവിനിയോഗവും ഭരണഘടന ലംഘനവുമാണ് നടത്തിയിരിക്കുന്നത്.

രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദേശം നടത്തുന്നത് സംബന്ധിച്ച് ഭരണഘടന നിർമാണസഭയിൽ കൂലങ്കഷമായ സംവാദം നടന്നിരുന്നു. ജനാധിപത്യരാഷ്​ട്രത്തിൽ ഒരു വരേണ്യവർഗത്തെ സൃഷ്​ടിക്കാൻ ഭരണഘടനശിൽപികൾ ആഗ്രഹിച്ചിരുന്നില്ല. ഭരണഘടന നിർമാണസഭ ജവഹർലാൽ നെഹ്റുവി​​​െൻറ അധ്യക്ഷതയിൽ രാജ്യസഭയിലേക്കുള്ള നാമനിർദേശത്തെപ്പറ്റി വിശദമായി പഠിക്കുകയും ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു: ‘‘ഉപരിസഭയിൽ ശാസ്ത്രജ്ഞന്മാരു ടെയും സർവകലാശാല അധ്യാപകരുടെയും പ്രാതിനിധ്യം ഉണ്ടാവേണ്ടതാണ്. ഈ ലക്ഷ്യം നേടുന്നതിന് പത്തോളം അംഗങ്ങളെ ശാസ്ത്ര സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും പര്യാലോചന നടത്തി നാമനിർദേശം ചെയ്യാനുള്ള അധികാരം രാഷ്​ട്രപതിക്ക് നൽകാവുന്നതാണ്.’’

രാഷ്​ട്രനിർമാണ പ്രക്രിയയിൽ ശാസ്ത്രജ്ഞരുടെയും പണ്ഡിതന്മാരുടേയും പങ്കാളിത്തം ഉപയോഗപ്പെടുത്തുകയായിരുന്നു ഇതി​​​െൻറ ലക്ഷ്യം എന്ന് വ്യക്തം. ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത് വിദ്യാഭ്യാസവിചക്ഷണനായ ഡോ.സാകിർ ഹുസൈൻ, സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. ജെ.എം. കുമരപ്പ, സാഹിത്യകാരനായ മൈഥിലി ശരൺ ഗുപ്‌ത എന്നിവരായിരുന്നു. സർക്കാറി​​​െൻറ ഇഷ്​ടക്കാരെ നിയമിക്കാനല്ല ഈ വകുപ്പ് ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ബ്രിട്ടീഷ് പ്രഭുസഭയിലെ പോലെ ‘നിയമ പ്രഭുക്കന്മാർ’ (ലോ ലോർഡ്‌സ്) പോലുള്ള നിയമവിദഗ്ധരെ രാജ്യസഭയിലേക്ക് കൊണ്ടുവരാൻ ഭരണഘടനശിൽപികൾ ഉദ്ദേശിച്ചിട്ടില്ല. അതിനാൽ, ജസ്​റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനു ന്യായീകരണമൊന്നുമില്ല. എന്നു മാത്രമല്ല, അത് സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിപീഠം എന്ന ഭരണഘടന സങ്കൽപത്തിനുമേൽ കരിനിഴൽ വീഴ്ത്തുകയും ചെയ്യുന്നു. ഭരണഘടനയെ തകർക്കുക എന്ന സംഘ് അജണ്ടയുടെ പൂർത്തീകരണത്തിന് ഇത് സഹായകമാവും. ഭരണഘടനയുടെ കാവലാളായി വിഭാവന ചെയ്യപ്പെട്ട സുപ്രീംകോടതിയുടെ മുഖ്യ ന്യായമൂർത്തിയായിരുന്ന ആളെ തന്നെ ഇതിനു കരുവാക്കിയെന്നത് സംഘ്​പരിവാറി​​​െൻറ സൃഗാലബുദ്ധിയാണ് വെളിവാക്കുന്നത്.

പ്രഗത്ഭ നിയമജ്ഞരായിരുന്ന എം.സി.സെറ്റൽവാദും (ഇന്ത്യയുടെ ആദ്യ അറ്റോണി ജനറൽ) എം.സി. ഛഗ്ലയും അംഗമായ ഒന്നാം നിയമകമീഷൻ, ന്യായാധിപന്മാർ റിട്ടയർമ​​െൻറിനുശേഷം സർക്കാർ പദവികൾ സ്വീകരിക്കുന്നതിനെ വിമർശിക്കുകയും ഈ ഏർപ്പാട് നിർത്തലാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ എം.സി. ഛഗ്ല തന്നെ ഈ നിർദേശം ലംഘിച്ചു. ബോംബെ ഹൈകോടതിയിൽനിന്ന് രാജിവെച്ച് അദ്ദേഹം, അമേരിക്കയിലെ അംബാസഡർ, ബ്രിട്ടനിലെ ഹൈകമീഷണർ, കേന്ദ്രത്തിൽ വിദ്യാഭ്യാസ, വിദേശകാര്യ വകുപ്പുകളിൽ മന്ത്രി എന്നീ പദവികൾ സ്വീകരിച്ചു.

ഇതിനെ നിശിതമായി വിമർശിച്ചു എം.സി. സെറ്റൽവാദ് ത​​​െൻറ ആത്മകഥയായ ‘മൈ ലൈഫ്: ലോ ആൻഡ് അദർ തിങ്‌സി’ൽ ഇങ്ങനെ എഴുതി: ‘‘ലോ കമീഷൻ ഗഹനമായ പഠനത്തിനുശേഷമാണ് ന്യായാധിപന്മാർ റിട്ടയർമ​​െൻറിനുശേഷം സർക്കാർ പദവികൾ സ്വീകരിക്കുന്നത് അനഭിലഷണീയമാണ് എന്ന നിലപാട് ഐകക​ണ്​ഠ്യേന എടുത്തത്. അത്തരം നടപടി നീതിപീഠത്തി​​​െൻറ സ്വാതന്ത്ര്യത്തെ ബാധിക്കും. എന്നാൽ, അദ്ദേഹം (ഛഗ്ല) രാഷ്​ട്രീയത്തിൽ അതിതൽപരനായതിനാൽ അദ്ദേഹംതന്നെ ഒപ്പിട്ട റിപ്പോർട്ടിൽ മഷിയുണങ്ങും മു​േമ്പ രാജിവെച്ച് അമേരിക്കയിലെ അംബാസഡറായി. നമ്മുടെ പല പ്രമുഖ വ്യക്തികളുടെയും സ്വാർഥനിലപാടുകളെയാണ് ഇത് സൂചിപ്പിക്കുന്നത്.’’ എം.സി . സെറ്റൽവാദി​​​െൻറയും ഒന്നാം ലോ കമീഷ​​​െൻറയും നിലപാടുകൾ ഇന്നും പ്രസക്തമാണ്.

പക്ഷേ, നിർഭാഗ്യവശാൽ ഛഗ്ലമാരുടെ എണ്ണം പെരുകുകയും സെറ്റൽവാദുമാർ കുറ്റിയറ്റുപോകുകയുമാണ്. ഭരണഘടനാ നിർമാണ സഭയിൽ തേജ് ബഹാദ​ൂർ സപ്രു, അല്ലാടി കൃഷ്ണ സ്വാമി അയ്യർ, കെ.ടി. ഷാ, എച്ച്.വി. കമ്മത്ത്, കെ. സന്താനം തുടങ്ങിയ പ്രഗത്ഭരായ അംഗങ്ങൾ, ന്യായാധിപന്മാർ സർക്കാർ പദവികൾ സ്വീകരിക്കുന്നതിനെതിരായി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ലോ കമീഷൻ അതി​​​െൻറ പതിനാലാം റിപ്പോർട്ടിൽ ജഡ്ജിമാർ സർക്കാർ പദവികൾ സ്വീകരിക്കുന്നത് നീതിപീഠത്തി​​​െൻറ സ്വാതന്ത്ര്യത്തെ മാത്രമല്ല, ന്യായാധിപസമൂഹത്തി​​​െൻറ മഹത്ത്വത്തിനും കളങ്കംചാർത്തുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രശസ്ത ഭരണഘടന വിദഗ്​ധനായ എച്ച്.എം. സീർവായ് ന്യായാധിപന്മാർ റിട്ടയർമ​​െൻറിനുശേഷം സർക്കാർ പദവികൾ സ്വീകരിക്കുന്നത് പൂർണമായും തടയണം എന്നാണ് അഭിപ്രായപ്പെട്ടത്. ​ൈട്രബ്യൂണലുകളിലും കമീഷനുകളിലും ന്യായാധിപ സാന്നിധ്യം ഉറപ്പാക്കുന്നതിനേക്കാൾ പ്രധാനമാണ് നീതിപീഠത്തി​​​െൻറ നിഷ്പക്ഷതയും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നത് എന്നാണ് സീർവായ് അഭിപ്രായപ്പെട്ടത്.

കംട്രോളർ–ഓഡിറ്റർ ജനറൽ, പബ്ലിക് സർവിസ് കമീഷൻ അംഗങ്ങൾ എന്നിവർക്ക് റിട്ടയർമ​​െൻറിനുശേഷം സർക്കാർ പദവികൾ വഹിക്കുന്നതിനു പൂർണ നിരോധനമുണ്ട്. അതേപോലെ, സുപ്രീം കോടതി, ഹൈകോടതി ന്യായാധിപന്മാരെയും സർക്കാർ പദവികളിൽനിന്ന് വിരമിച്ചശേഷം സർക്കാർപദവികളിൽനിന്ന് ഒഴിവാക്കേണ്ടതാണ്. ഭരണഘടന, പൗരസഞ്ചയവും രാഷ്​ട്രവും തമ്മിലുള്ള ഒരു സാമൂഹികകരാറാണ്. ഈ കരാർ പ്രകാരം പൗരന്മാർ രാഷ്​ട്രത്തെ അനുസരിക്കുന്നത് അവർക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾക്ക് പകരമായാണ്. ഈ കരാറിന്മേൽ പൗരന്മാരും രാഷ്​ട്രവും തമ്മിൽ ഉടലെടുക്കുന്ന തർക്കങ്ങളിൽ സ്വതന്ത്രമായും നിഷ്പക്ഷമായും തീർപ്പുകൽപിക്കാനുള്ള ഉത്തരവാദിത്തം നീതിപീഠത്തിനാണ്. എന്നാൽ, ഇതേ ന്യായാധിപന്മാർ ഭരണത്തിലിരിക്കുന്നവരുടെ ആനൂകൂല്യംപറ്റാൻ മത്സരിക്കുമ്പോൾ ഭരണഘടന തന്നെ വെറുംവാക്കുകളുടെ നിരർഥക സമാഹാരമായി മാറും. പൗരാവകാശങ്ങൾ അപകടത്തിലാകും. നീൽ ആംസ്‌ട്രോങ്ങി​​െൻറ വാക്കുകളിൽ പറഞ്ഞാൽ, രഞ്ജൻ ഗൊഗോയിക്ക് ലഭിച്ചത് ഒരു രാജ്യസഭാ സീറ്റു മാത്രം; എന്നാൽ, ജുഡീഷ്യറിക്ക് നഷ്​ടപ്പെടുന്നതോ അമൂല്യമായ അതി​​​െൻറ വിശ്വാസ്യതയും!

Latest Video

Full View
Tags:    
News Summary - rajya sabha seat of Ranjan Gogoi -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.