പ്രവാസി മാമാങ്കത്തില്‍ ഗള്‍ഫുകാരന്‍െറ ഇടമെന്ത്?

അക്കരെപ്പച്ച തേടി കടല്‍ കടന്നുപോയ  ഇന്ത്യക്കാരുടെ സംഗമത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കംകുറിച്ചിട്ട് ഒന്നര  പതിറ്റാണ്ടായി.  പ്രവാസി ഭാരതീയ ദിവസ് 14ാമത് എഡിഷന്‍ ബംഗളൂരുവില്‍ ജനുവരി ഏഴ് ശനിയാഴ്ച  തുടങ്ങുമ്പോള്‍ അതില്‍ ഗള്‍ഫുകാരന്‍െറ ഇടം എവിടെയാണ്?  ബംഗളൂരു മാമാങ്കത്തിന്‍െറ കാര്യപരിപാടിയിലൂടെ കണ്ണോടിച്ചാല്‍ ഗള്‍ഫ് പ്രവാസിക്ക് അതില്‍ റോള്‍ ഒന്നുമില്ല. പ്രവാസത്തിന്‍െറ പ്രശ്നങ്ങളും പ്രയാസങ്ങളും സമ്മേളനത്തില്‍ അജണ്ടയിലില്ല.  വാജ്പേയി സര്‍ക്കാറിന്‍െറ കാലത്ത്  പ്രവാസി സമ്മേളനം തുടങ്ങിവെച്ച കാലം മുതലുള്ള കാര്യപരിപാടിയാണ് മോദി സര്‍ക്കാര്‍ തിരുത്തിയത്. കഴിഞ്ഞുപോയ എല്ലാ പ്രവാസി സമ്മേളനങ്ങളിലും ഗള്‍ഫിന് മാത്രമായി  പ്രത്യേക സെഷന്‍ ഉണ്ടായിരുന്നു. ഇക്കുറി അത് വേണ്ടെന്നുവെച്ചിരിക്കുന്നു.  പ്രവാസി ദിവസിന്‍െറ മറ്റു കാര്യപരിപാടികളിലൊന്നും മാറ്റമില്ല. മൂന്നു ദിവസം കോടികള്‍ പൊടിച്ച് നടത്തുന്ന സമ്മേളനത്തില്‍ ഗള്‍ഫ് പ്രവാസം ചര്‍ച്ചയാകേണ്ടെന്ന തീരുമാനത്തിന്  കാരണം എന്തെന്നതിന് സര്‍ക്കാറിന് വിശദീകരണമില്ല. പ്രവാസികാര്യ വകുപ്പിന്‍െറ ചുമതല കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേന മേധാവിയുമായ റിട്ട. ജനറല്‍ വി.കെ. സിങ്ങിനാണ്. ഗള്‍ഫ് പ്രശ്നം ഏതു സെഷനിലും ഉന്നയിക്കാമല്ളോ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന്  വി.കെ. സിങ്ങിന്‍െറ മറുപടി.   ഇ.സി.ആര്‍ (എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള) രാജ്യങ്ങളിലെ കുടിയേറ്റപ്രശ്നങ്ങളെക്കുറിച്ച് മുക്കാല്‍ മണിക്കൂര്‍ ചര്‍ച്ച കാര്യപരിപാടിയിലുണ്ട്. ഗള്‍ഫ് പ്രശ്നങ്ങള്‍ അവിടെ പറഞ്ഞോളൂ എന്നാണ് പ്രവാസി വകുപ്പ്  സെക്രട്ടറി പറഞ്ഞത്.

കഴിഞ്ഞ 13 പ്രവാസി ദിവസ് സമ്മേളനങ്ങളില്‍ ഗള്‍ഫിന് പ്രത്യേക സെഷന്‍ ഉണ്ടായതുകൊണ്ട് ഗള്‍ഫുകാരന് എന്തെങ്കിലും പ്രയോജനം ഉണ്ടായോ എന്ന ചോദ്യത്തിന് ഒന്നുമില്ല എന്നതുതന്നെയാണ് ഉത്തരം. അതിനാല്‍, ഈ ചര്‍ച്ചാപ്രഹസനം നടന്നാലെന്ത്, നടന്നില്ളെങ്കിലെന്ത് എന്ന ചോദ്യം സ്വാഭാവികം. ഗള്‍ഫ് പ്രവാസികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍  കേന്ദ്രമന്ത്രിയുടെ മുന്നില്‍ നേരിട്ടുപറയാനുള്ള ഒരേയൊരു വേദിയാണ്  പ്രവാസി സമ്മേളനത്തിലെ ഗള്‍ഫ് സെഷന്‍.  അതാണ് ഇല്ലാതാകുന്നത്.  ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വലിയ വിഭാഗമാണ് ഗള്‍ഫ് പ്രവാസികള്‍. അമേരിക്കയിലും യൂറോപ്പിലും കുടിയേറിയവരില്‍നിന്ന് വ്യത്യസ്തവുമാണ് ഗള്‍ഫ് പ്രവാസികളുടെ നില. ചെന്നുകയറിയ നാട്ടില്‍ വേരുറപ്പിക്കുന്നത് സ്വപ്നം കാണാന്‍പോലും അനുവദിക്കുന്നില്ല ഗള്‍ഫിന്‍െറ പൗരത്വ, വിസ നിയമങ്ങള്‍. ഒരുനാള്‍ പിറന്ന മണ്ണിലേക്ക് തിരിച്ചുവരേണ്ടവരാണവര്‍.  മാത്രമല്ല, തൊഴില്‍പ്രശ്നങ്ങളും ചൂഷണങ്ങളും  ഏറെയുള്ളതും ഗള്‍ഫില്‍തന്നെ.  പ്രവാസി സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍കൊണ്ട്  പെട്ടെന്ന് ഒരുനാള്‍ അവയെല്ലാം  പരിഹരിക്കപ്പെടുമെന്ന് വ്യാമോഹിക്കുന്ന  ഒരു ഗള്‍ഫുകാരന്‍പോലുമില്ല. മറ്റൊരു രാജ്യത്ത്, അവിടത്തെ നിയമങ്ങളില്‍ ഇടപെടുന്നതിന്‍െറ പരിമിതികള്‍ ഓരോ പ്രവാസിക്കും നല്ല ബോധ്യമുണ്ട്.

മൂന്നു ദിവസം നീളുന്ന പ്രവാസി ദിവസിന്‍െറ കാര്യപരിപാടി ഒന്നുപരിശോധിക്കുക. ചര്‍ച്ചക്കുവെച്ച വിഷയങ്ങളില്‍ കേന്ദ്രത്തിന്‍െറ മനസ്സ് പകല്‍പോലെ വ്യക്തം. വന്‍കിട പദ്ധതികളിലേക്ക് പ്രവാസി നിക്ഷേപം ആകര്‍ഷിക്കല്‍, ടൂറിസം, ചികിത്സ രംഗങ്ങളിലെ കച്ചവടസാധ്യത, സ്റ്റാര്‍ട്ടപ്പ് പോലുള്ള സര്‍ക്കാര്‍ പദ്ധതികളിലെ പ്രവാസി യുവതയുടെ പങ്കാളിത്തം എന്നിവക്കൊപ്പം മറുനാടുകളില്‍ പ്രവാസിക ളെ ഇന്ത്യന്‍ ഭരണാധികാരികളുടെ അംബാസഡര്‍മാരായി ഉപയോഗപ്പെടുത്തല്‍ എന്നിങ്ങനെയാണ് ഓരോ ചര്‍ച്ചയുടെയും ലക്ഷ്യം. പ്രവാസികളെ മാറ്റാനുമുള്ള സര്‍ക്കാറിന്‍െറ ആഗ്രഹത്തിന് മാത്രമാണ് അവിടെ ഇടമുള്ളത്. പ്രവാസികള്‍ക്ക് എന്തെങ്കിലും നല്‍കുക എന്നതല്ല, മറിച്ച് പ്രവാസികളെ മുതലാക്കുകയെന്നാണ് സമീപനരീതി. ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നാണ് ഇന്ത്യക്കാര്‍. എല്ലാ നാടുകളിലും നമ്മുടെ സാന്നിധ്യമുണ്ട്. ആ മനുഷ്യശേഷി പിറന്ന നാടിന്‍െറ നല്ലതിലേക്ക് മുതല്‍കൂട്ടാനുള്ള ശ്രമം തെറ്റായി കാണേണ്ടതില്ല.  ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ളോ. എല്ലാ പ്രവാസികളും ഒരുപോലെയല്ല. അതുകൊണ്ടുതന്നെ എല്ലാവരോടും ഒരേ സമീപനവുമല്ല വേണ്ടത്. സമ്പത്തിന്‍െറയും സ്വാധീനത്തിന്‍െറയും സമൃദ്ധിയുടെ ഭാഗ്യം കടാക്ഷിച്ച പ്രവാസികള്‍,  പിറന്ന നാടിനെ സഹായിക്കാന്‍ തല്‍പരരാണ്. അത് അവര്‍ ചെയ്യുന്നുമുണ്ട്. എന്നാല്‍, പ്രശ്നങ്ങളുടെ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന  പ്രവാസികള്‍ നാട്ടിലെ ഭരണകൂടത്തിലേക്ക് നോക്കുന്നത്  എന്തെങ്കിലും ആശ്വാസം ലഭിക്കുമോയെന്ന പ്രതീക്ഷയോടെയാണ്.  പ്രവാസി സമ്മേളനത്തില്‍ ഗള്‍ഫിനെക്കുറിച്ച് ചര്‍ച്ച വേണ്ടെന്നുവെക്കുന്നത് പ്രശ്നമാകുന്നത് അതുകൊണ്ടാണ്. കേരളംപോലുള്ള സംസ്ഥാനത്തിന്‍െറ നട്ടെല്ലുതന്നെ ഗള്‍ഫ് പ്രവാസികളുടെ വിയര്‍പ്പാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്ന വിദേശനാണ്യമാണ് മാന്ദ്യത്തിന്‍െറ നാളുകളില്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നത്.

അഞ്ചു പതിറ്റാണ്ട് പിന്നിടുന്ന  പ്രവാസികളുടെ യാത്രകളില്‍നിന്ന് മാത്രം എമിഗ്രേഷന്‍ ക്ളിയറന്‍സ് ഇനത്തില്‍ സഹസ്ര കോടികളാണ് കേന്ദ്ര ഖജനാവിലേക്ക് ഒഴുകിയത്. അത് എത്രയെന്ന കണക്കുപോലുമില്ളെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടി. കോടികള്‍ എവിടെപ്പോയെന്ന് ചോദിച്ച് പ്രവാസികള്‍ മുറവിളികൂട്ടിയിട്ടില്ല.  ഉത്സവ സീസണുകളില്‍ ഗള്‍ഫ് സെക്ടറില്‍ സര്‍ക്കാര്‍ വിലാസം കമ്പനി എയര്‍ ഇന്ത്യ നേതൃത്വം നല്‍കുന്ന വിമാനക്കൊള്ളക്കെതിരായ പ്രതിഷേധം, നിതാഖാത് പോലുള്ള സന്ദര്‍ഭങ്ങളില്‍ അല്‍പം ഇളവിനുവേണ്ടിയുള്ള അഭ്യര്‍ഥന, അങ്ങനെ പരിമിത ആവശ്യങ്ങള്‍ മാത്രമാണ് ഗള്‍ഫില്‍നിന്ന് ഉയര്‍ന്നുകേട്ടത്.   പ്രവാസത്തിന്‍െറ മരുഭൂമിയില്‍ ഇടക്ക് ഇടറിവീണവരെ അവര്‍ പരസ്പരം സഹായിക്കുന്നു. നമ്മുടെ എംബസികള്‍ നല്‍കിവരുന്ന ധനസഹായത്തിന്‍െറ എത്രയോ മടങ്ങാണ്  അവിടത്തെ പ്രവാസി കൂട്ടായ്മകള്‍ സമാഹരിച്ച് പരസ്പരം നല്‍കുന്നത്.  സാധ്യമായ കാര്യങ്ങളിലെല്ലാം ജാതിമത ഭേദമന്യേ പ്രവാസികള്‍ മറുനാട്ടില്‍  പരസ്പരം ഊന്നുവടികളായി മുന്നോട്ടുപോകുന്നത്  വിദ്വേഷരാഷ്ട്രീയത്തിന്‍െറ വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ പച്ചപ്പുള്ള കാഴ്ചയാണ്. എന്നാല്‍, ഗള്‍ഫ് പ്രവാസികളെ കേള്‍ക്കാന്‍ പോലും തയാറല്ളെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ നടത്തിയ ഗള്‍ഫ് സന്ദര്‍ശനത്തില്‍  അദ്ദേഹത്തിന്‍െറ ഇടംവലം നിന്നത് പ്രവാസി വ്യവസായികളാണ്. മോദിക്ക് അറബ്മണ്ണില്‍ ലഭിച്ച സ്വീകരണത്തിനു പിന്നില്‍ ഈ വ്യവസായികളും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫ്യാത്രാ വേളയില്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കാന്‍ സമയം കണ്ടത്തെിയ മോദി രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിനപ്പുറം പ്രവാസികളില്‍ പ്രതീക്ഷ ഉണര്‍ത്തി.   അതുകൊണ്ടുതന്നെ പ്രവാസി സമ്മേളനത്തില്‍ ഗള്‍ഫുകാരന്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി മാറുന്ന സാഹചര്യം മോദി സര്‍ക്കാറില്‍നിന്നുണ്ടാകാന്‍ പാടില്ലാത്തതാണ്.

പ്രവാസി മന്ത്രാലയം നിര്‍ത്തലാക്കിയാണ് മോദി സര്‍ക്കാര്‍ തുടങ്ങിയത്.  പ്രവാസികാര്യം വിദേശകാര്യമന്ത്രാലയത്തില്‍ ഉപവകുപ്പായി ചുരുക്കിയത് തീര്‍ച്ചയായും പ്രവാസിവിരുദ്ധ നടപടിതന്നെ. എന്നിട്ടും പ്രവാസികളില്‍നിന്ന് കാര്യമായ പ്രതിഷേധം ഉയരാതെപോയതിന് വര്‍ഷങ്ങള്‍ കാബിനറ്റ് പദവിയില്‍ പ്രവാസി മന്ത്രാലയം ഭരിച്ചവരുടെ ‘പ്രവര്‍ത്തന മികവ്’ മാത്രമാണ്് കാരണം. കാബിനറ്റ് മന്ത്രിയും പ്രത്യേക വകുപ്പും ഉണ്ടായിട്ടും അക്കാലത്ത് പ്രത്യേക പ്രയോജനമൊന്നും ഉണ്ടായില്ളെന്നാണ് അനുഭവം. മലയാളിയായ പ്രവാസിമന്ത്രി വയലാര്‍ രവിക്ക്  ഗള്‍ഫിലെ ഭൂരിപക്ഷംവരുന്ന മലയാളികള്‍ക്കിടയില്‍പോലും നാലുവാക്ക് നല്ലതുപറയിപ്പിക്കാനായില്ല. ഇറാഖ്, ലിബിയ, സൗദി, യമന്‍ പ്രശ്നങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറയും സഹമന്ത്രി വി.കെ. സിങ്ങിന്‍െറയും ഇടപെടല്‍ പ്രവാസി മന്ത്രാലയം നിര്‍ത്തലാക്കിയതിന്‍െറ രോഷം മാറ്റിയെടുക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞുവെന്നത് നേര്. അതിന്‍െറ തുടര്‍ച്ചയാണ് ഉണ്ടാകേണ്ടത്.  മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ച പ്രവാസി സര്‍വകലാശാല എന്ന ആശയംതന്നെ മോദി സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നു. പ്രവാസികളുടെ മക്കള്‍ക്ക് വേണ്ടത്ര പഠനസൗകര്യങ്ങളില്ളെന്ന ആക്ഷേപത്തിന് മറുപടിയായി പ്രഖ്യാപിക്കപ്പെട്ട പദ്ധതി ഏറെ മുന്നോട്ടുപോയശേഷം പ്രായോഗിക പ്രശ്നങ്ങള്‍ പറഞ്ഞ് റദ്ദാക്കിയത് പ്രവാസിസമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നത്.

Tags:    
News Summary - pravasi meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.