അരവിന്ദ് കെജ്​രിവാളല്ല പ്രതിമ മിശ്ര

എട്ടുവർഷം മുമ്പ് നിർഭയക്കായി ഡൽഹിയിൽ ഒഴുകിയെത്തിയതുപോലെയായിരുന്നു ഗാന്ധിജയന്തി ദിനത്തിൽ ജന്തർ മന്തറിലേക്ക് ഒഴുകിയെത്തിയ പ്രതിഷേധക്കാരും. വിവിധ രാഷ്​​ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളുടെയും ആക്ടിവിസ്​റ്റുകളുടെയും അക്ഷീണയത്നത്തി െൻറ പ്രതിഫലനമായിരുന്നു കോവിഡ് നിയന്ത്രണങ്ങൾ ഭേദിച്ച് രാത്രിയായിട്ടും ജന്തർ മന്തറിലേക്കൊഴുകിയെത്തിക്കൊണ്ടിരുന്ന ജനം.

ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സമരമായി അതു മാറിയേക്കാമെന്ന് തോന്നിച്ച മണിക്കൂറുകൾ. എന്നാൽ, വിവിധ ആക്ടിവിസ്​റ്റുകളും നേതാക്കളും അഭിസംബോധന ചെയ്ത് വീര്യംപകർന്ന സമരക്കാർക്കിടയിലേക്ക് ആം ആദ്​മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്​രിവാൾ വന്നതോടെ സ്ഥിതിയാകെ മാറി. 2012ൽ നിർഭയ മാനഭംഗക്കൊലയുണ്ടായപ്പോൾ ഡൽഹി തെരുവുകളിലിറങ്ങിയ അരവിന്ദ് കെജ്​രിവാളിനെയല്ല കഴിഞ്ഞ ദിവസം കണ്ടത്. അന്ന് ഡൽഹി മാനഭംഗക്കൊലയെ കോൺഗ്രസ് മുക്ത ഭാരതത്തിനായുള്ള രാഷ്​ട്രീയദൗത്യമാക്കി പരിവർത്തിപ്പിക്കുന്നതിന് പ്രതിഷേധക്കാരുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട്ടുപടിക്കൽ വരെ ജനങ്ങളെയും കൊണ്ടുപോയ കെജ്​രിവാൾ വെള്ളിയാഴ്​ച ബി.ജെ.പി മുക്ത ഇന്ത്യക്കോ ബി.ജെ.പി മുക്ത ഉത്തർപ്രദേശിനോ വേണ്ടി സംസാരിച്ചില്ല.

ഹാഥറസിനെ കുറിച്ച് സംസാരിക്കുേമ്പാൾ രാഷ്​ട്രീയം മിണ്ടുന്നതുതന്നെ വൃത്തികെട്ട കളിയാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ആശ്വാസം പകർന്ന് ജന്തർ മന്തർ സമരത്തിെൻറ കാറ്റൊഴിച്ചുവിട്ടു. മോദിയുടെയോ യോഗിയുടെയോ പേര് പരാമർശിക്കാതെ നടത്തിയ പ്രസംഗത്തിൽ ഹാഥറസിലെ ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നത് ആരും രാഷ്​ട്രീയവത്​കരിക്കരുതെന്ന് ഡൽഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരെങ്കിലും അതിനു മുതിർന്നാൽ അവർ വൃത്തികേട് കളിക്കുകയാണെന്നുകൂടി പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചതോടെ ആളുകൾ പിരിഞ്ഞുപോകാനും തുടങ്ങി.

വേഷപ്പകർച്ച മാധ്യമങ്ങൾക്ക്; മാധ്യമ പ്രവർത്തകർക്കല്ല

ഒരു കാലത്ത് മോദിക്കു ബദലാകാൻ വേഷം കെട്ടി വാരാണസിയിൽ വരെ പോയ കെജ്​രിവാൾ ജന്തർ മന്തറിൽ വന്ന് നിരാശപ്പെടുത്തിയ ദിവസം ഇരുവർക്കും കടുത്ത തലവേദനയുണ്ടാക്കിയ പ്രതിമ മിശ്രയെന്ന ഒരു മാധ്യമപ്രവർത്തകയെ രാജ്യം മുഴുക്കെ ശ്വാസമടക്കിപ്പിടിച്ചിരുന്ന്​ കാണുകയായിരുന്നു. ഹാഥറസിലേക്ക് തിരിച്ച രാഹുൽ ഗാന്ധി, ഡെറിക് ഒബ്​റിയോൻ തുടങ്ങി പ്രതിപക്ഷ നേതാക്കളെയെല്ലാം തള്ളി താഴെയിട്ട യോഗിയുടെ ചൊൽപ്പടിക്കാരായ അധികാരികളെ രണ്ടുമണിക്കൂർ നേരമാണ് പ്രതിമ മിശ്ര വെള്ളം കുടിപ്പിച്ചത്. ആനന്ദ് ബസാർ പത്രിക ഗ്രൂപ്പിെൻറ 'എ.ബി.പി' ഹിന്ദി ചാനൽ മോദി ഭക്തിയിൽ മറ്റു ചാനലുകളോട് മത്സരിച്ചിരുന്നിടത്താണ് പ്രതിമ മിശ്രയിലൂടെ ഹാഥറസിലെ, ഉത്തർപ്രദേശിലെ തൽസ്ഥിതി ലൈവായി രാജ്യത്തെ കാണിച്ചത്.

'ഇന്ത്യ ടുഡെ'യുടെ തനുശ്രീ, 'പ്രിൻറി'െൻറ മനീഷ മൊണ്ടൽ, ഡിസ്നി തുടങ്ങി പ്രഗ്യാ മിശ്രയെ പോലുള്ള യുട്യൂബ് ചാനൽ നടത്തുന്നവരടക്കം രണ്ടു ഡസനിലേറെ വനിത മാധ്യമപ്രവർത്തകർ ഹാഥറസിനെ സജീവ ചർച്ചയാക്കി നിലനിർത്തി. കൊന്നുകളഞ്ഞ ബാലികയുടെ ഭൗതിക ശരീരം അന്ത്യക്രിയകൾക്കുപോലും വിട്ടുകൊടുക്കാതെ പൊലീസുകാർതന്നെ കത്തിക്കുന്നതു കണ്ട് അതു തങ്ങളാണെന്ന് മനസ്സിൽ നിരൂപിച്ച് ഹാഥറസിലേക്ക് തിരിച്ച വനിത മാധ്യമപ്രവർത്തകർ സമാനമായ അനുഭവത്തിെൻറ തത്സമയ ദൃശ്യങ്ങൾ രാജ്യത്തിനു മുമ്പാകെ വെച്ചു.

എല്ലാവരും മത്സരിച്ചതോടെ ഉത്തർപ്രദേശിലെ യോഗിരാജിെൻറ ശരാശരി ചിത്രം രാജ്യത്തിനു മുന്നിൽ വെളിപ്പെട്ടു. ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്ത ഇന്ത്യ ടുഡെതന്നെ അദ്ദേഹത്തിെൻറ ഉത്തർപ്രദേശ് 'ബനാന റിപ്പബ്ലിക്' ആണോ എന്നുവരെ ചോദിച്ചു. ഹാഥറസിലെ പെൺകുട്ടിയുടെ വീട്ടുകാർക്ക് ലോകത്തോട് പറയാനുള്ളത് കേൾപ്പിക്കാൻ ആത്മാർഥമായ ശ്രമം നടത്തിയ വനിത മാധ്യമ പ്രവർത്തകർ കാണിച്ച ധീരതയാണ് അത്ര പോകാൻ ചാനലുകളെ പ്രേരിപ്പിച്ചത്. എന്നിട്ടും അവരെ ശ്ലാഘിക്കുന്നതിനു പകരം സംഘ്പരിവാർ ഗൂഢാലോചനയുടെ സംശയദൃഷ്​ടിയോടെ നോക്കാൻ പലരെയും പ്രേരിപ്പിച്ചത് അവരുടെ ട്രാക്ക് റെക്കോഡാണ്. കാരണം നാളിതുവരെയായി മോദിഭക്തി കാണിച്ചിരുന്ന ചാനലുകളുടെ അസാധാരണമായ പ്രകടനം കണ്ട് മുതിർന്ന സുപ്രീംകോ

ടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞതാണ് ശരി. ''അധികാരത്തിെൻറ കഷണം കിട്ടിയ ലഹരിയിൽ ഏറെ നാളുകളായി ഇൗ ചാനലുകളെല്ലാം രാജ്യത്തെ ജനങ്ങളുടെ തലക്കകത്ത് വൈക്കോൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാജ്യം കത്തുേമ്പാൾ എല്ലാവരുടെ വീടുകളും ചാമ്പലാകുമെന്നും ഒരുത്തനും ബാക്കിയാകില്ലെന്നും ഇപ്പോൾ അവർ സാവകാശം മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്''.

എ.ബി.പി ചാനലും ടെലിഗ്രാഫ് പത്രവും

ആനന്ദ്ബസാർ പത്രിക (എ.ബി.പി) ഗ്രൂപ്പിെൻറ കീഴിലുള്ള പത്രം ഒരു നിലപാടും ചാനല്‍ മറ്റൊരു നിലപാടും എടുക്കുന്നത് എന്തുകൊണ്ടാണെന്ന് 'ടെലിഗ്രാഫ്' എഡിറ്റർ രാജഗോപാലുമായുള്ള അഭിമുഖത്തിൽ ഒരിക്കൽ നേരിട്ട് ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ താന്‍ പര്യാപ്തനല്ലെന്നും അതേക്കുറിച്ച് കൃത്യമായ അറിവില്ലെന്നും മറുപടി നൽകിയ ശേഷം മലയാളിയായ എഡിറ്റർ രാജഗോപാൽ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ വ്യക്തിപരമായി പറഞ്ഞ ഒരു കാര്യമുണ്ട്.

''കഴിഞ്ഞ 23 വര്‍ഷമായി നല്ല പരിചയമുള്ള മാനേജ്മെൻറുമായി ബന്ധപ്പെട്ട ഒരാളോട് ഈയിടെ ചാനലിനെക്കുറിച്ച് ഈ ചോദ്യം ഞാനുയര്‍ത്തിയിരുന്നു. ഏതെങ്കിലും ഒരു രാഷ്​ട്രീയ, സാമ്പത്തിക വാര്‍ത്ത കൊടുക്കണമെന്നോ കൊ

ടുക്കരുതെന്നോ താങ്കളോട് മാനേജ്മെൻറ്​ ഒരിക്കലെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്ന്​ അദ്ദേഹം തിരിച്ചുചോദിച്ചു. ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. പ്രസാധകരുടെ പിന്തുണയില്ലാതെ ഈ കഴിഞ്ഞ വര്‍ഷങ്ങളിലത്രയും ഞങ്ങള്‍ വാര്‍ത്ത കൊടുത്ത വഴിയിലൂടെ ഞങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നില്ല''.

''എല്ലാ പ്രസാധനാലയങ്ങളിലും തീരുമാനങ്ങളെടുക്കാനുള്ള ഉത്തരവാദിത്തം എഡിറ്റോറിയല്‍ ടീമിനാണ്. വസ്തുതപരമായി ശരിയാകുന്ന ഏതു സംഭവവും റിപ്പോര്‍ട്ട് ചെയ്യാനും ശരിയായ ചോദ്യങ്ങളുന്നയിക്കാനും എഡിറ്റോ

റിയല്‍ ടീമിന് കഴിയും. നിങ്ങളുടെ ചോദ്യത്തിനുള്ള എെൻറ വ്യക്തിപരമായ ഉത്തരം എഡിറ്റര്‍മാരാണ് മാനേജര്‍മാരല്ല, പത്രം എന്തു റിപ്പോര്‍ട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്. നിങ്ങള്‍ ശരിയാണെങ്കില്‍, ഉന്നയിക്കുന്നത് ശരിയായ ചോ

ദ്യവുമാണെങ്കില്‍ ഒരു മാനേജര്‍ക്കും നിങ്ങളെ ഭയപ്പെടുത്താനാവില്ല. ഒരു പരിധിക്കപ്പുറം വായനക്കാര്‍ എന്തു ചിന്തിക്കുന്നുവെന്ന് എഡിറ്റര്‍ ബോധവാനാകേണ്ട കാര്യമില്ല. അതേക്കുറിച്ച് സര്‍ക്കുലേഷന്‍ മാനേജര്‍ ആശങ്കപ്പെടട്ടെ. എന്നാല്‍, വായനക്കാര്‍ക്ക് നാം നല്‍കുന്ന വിവരങ്ങള്‍ കൃത്യവും ശരിയുമായിരിക്കണം. സാധ്യമാകുന്നിടത്തോളം രീതിയില്‍ ഇക്കാര്യം ഉറപ്പുവരുത്തണം''.

''ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അറിവും സന്നദ്ധതയും ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കു വേണം. ഒരു മാധ്യമ പ്രവര്‍ത്തകനില്‍നിന്ന് ചോദ്യം ചോദിക്കാനുള്ള അധികാരം ഒരാള്‍ക്കും എടുത്തുകളയാനാവില്ല. ശരി, മാനേജ്​മെൻറ്​ അത്തരം ഒരു എഡിറ്ററെ പുറത്താക്കുകയാണെങ്കില്‍ ചെയ്യട്ടെ. ഒരു ജോലിക്കു വേണ്ടി മാത്രമായിരുന്നുവെങ്കില്‍ നമുക്ക് മാധ്യമ പ്രവര്‍ത്തകരാകേണ്ടതില്ലായിരുന്നു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസിലോ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലോ ചേര്‍ന്നാല്‍ മതിയായിരുന്നു. അതേസമയം, ഒരു മൃദുഹിന്ദുത്വ ലൈനാണ് ഹിന്ദി ഹൃദയഭൂമിയില്‍ കൂടുതല്‍ വായനക്കാരെയും പ്രേക്ഷകരെയും കിട്ടാനുള്ള എളുപ്പ വഴി എന്നൊരു കാഴ്ചപ്പാടു​െണ്ടന്നാണ് കേവലം ഊഹത്തി​െൻറ മാത്രം അടിസ്ഥാനത്തില്‍ കരുതുന്നത്. ഒരു പക്ഷേ, സാമ്പത്തികമായ സമ്മര്‍ദമായിരിക്കുമിത്. എന്നാല്‍, കൂടുതല്‍ പ്രേക്ഷകരെയും വായനക്കാരെയും കിട്ടാന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്'' -അദ്ദേഹം പറഞ്ഞുനിർത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.