കോലം മാറിയ നെടുന്തൂണുകൾ

ആകസ്മികം എന്നു പറയാനാവില്ല. സ്വാതന്ത്ര്യം 75 പിന്നിടുമ്പോൾ ജനാധിപത്യത്തിന്‍റെ പരമോന്നത പ്രതീകം സ്മാരകമായി. ഇപ്പോഴത്തെ പാർലമെന്‍റ് മന്ദിരത്തിൽ ഇനി ലോക്സഭയോ രാജ്യസഭയോ സമ്മേളിച്ചെന്നുവരില്ല. ചരിത്രം സ്പന്ദിക്കുന്ന ആ മന്ദിരത്തെ പിന്നാക്കം തള്ളി 'പുതിയ ഇന്ത്യ'ക്കായി പുതിയതൊന്ന് ഉയരുകയാണ്. ശീതകാല പാർലമെന്‍റ് സമ്മേളനം അവിടെയായിരിക്കും. വൃത്താകാരത്തിൽനിന്ന് ത്രികോണാകാരത്തിലേക്കൊരു രൂപമാറ്റം മാത്രമല്ല പാർലമെന്‍റിന് സംഭവിക്കുന്നത്. പുതിയ കെട്ടിടത്തിലേക്കും പുതുമോടികളിലേക്കും കുടിയിരുത്തുന്നത് നിർഭാഗ്യവശാൽ, രൂപമാറ്റവും ബലക്ഷയവും വന്ന ജനാധിപത്യത്തെയാണ്.

സ്വാതന്ത്ര്യത്തിന്‍റെ പഴക്കത്തിനൊത്ത് വടവൃക്ഷങ്ങളെപ്പോലെ കാതലിനു കനംവെക്കേണ്ടവയാണ് ജനാധിപത്യത്തെ താങ്ങിനിർത്തുന്ന നെടുന്തൂണുകൾ. എന്നാൽ, നിയമനിർമാണ സഭ, ഭരണ നിർവാഹകർ, നീതിപീഠം, മാധ്യമങ്ങൾ -ആ നാലു നെടുന്തൂണുകൾക്കുമുണ്ട് വലിയ ബലക്ഷയം. ജനാധിപത്യത്തിനും ജീവിതാവകാശങ്ങൾക്കും ഭരണരീതിക്കും, സ്വാതന്ത്ര്യത്തിനു തന്നെയുമുണ്ട് രൂപമാറ്റം. ചെങ്കോൽ പിടിക്കുന്നവരുടെ സ്ഥാപിത താൽപര്യങ്ങൾ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും ഭരണ-മുതലാളിമാർ അജീർണ വളർച്ച നേടുകയും ചെയ്യുമ്പോൾ, ധാർമികവും ബൗദ്ധികവും സാമ്പത്തികവുമായി ജനത പാപ്പരാകാതെ തരമില്ല.

കെട്ടിടത്തിന്‍റെ ജീർണത മറികടക്കാൻ പുതിയ പാർലമെന്‍റ് മന്ദിരം പണിയാം. പാർലമെന്‍ററി സങ്കൽപങ്ങളെ ജീർണിപ്പിക്കുന്നതിന് പരിഹാരമെന്താണ്? തുടർച്ചയായി എട്ടു തവണയാണ് നിശ്ചയിച്ചതിനേക്കാൾ നേരത്തേ പാർലമെന്‍റ് സമ്മേളനം അവസാനിപ്പിച്ചത്. നിയമനിർമാണങ്ങൾ പ്രതിപക്ഷത്തിന് ഒരു പങ്കുമില്ലാത്ത വിധം, സർക്കാറിന്‍റെ സ്വകാര്യ അഹങ്കാരമായി. അടിയന്തരമായി പാർലമെന്‍റ് ചില വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാൽ അത് അവഗണിച്ചു തള്ളുന്നതായി പ്രതിപക്ഷ ബഹുമാനം. ജനം തെരഞ്ഞെടുത്തു വിടുന്ന എം.പിമാരെ അപമാനിക്കുന്നവിധം സസ്പെൻഷൻ പതിവു രീതിയായി.

സംഖ്യാബലം ഇല്ലാത്ത പ്രതിപക്ഷത്തിന് പ്രതിപക്ഷ നേതൃപദവി അനുവദിച്ചുകൊടുക്കേണ്ട, ലോക്സഭക്ക് െഡപ്യൂട്ടി സ്പീക്കർ പദവി വേണ്ട എന്നൊക്കെ തീരുമാനിക്കാൻ ഭരണപക്ഷത്തിന് സങ്കോചമില്ല. മുഖ്യപ്രതിപക്ഷ പാർട്ടി മുക്തമായൊരു ഭാരതം ഭരണകക്ഷിയുടെ മുദ്രാവാക്യമായി മാറുന്ന വൈചിത്ര്യം. ഭരണപക്ഷത്തിന്‍റെ നിർബാധ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്ന ഓരോ നേതാക്കളെയും പാർട്ടികളെയും നേരിടുന്ന സ്വതന്ത്ര അന്വേഷണ ഏജൻസികൾ. ഏറ്റുമുട്ടൽ, അഹിംസകൊണ്ടു സ്വാതന്ത്ര്യം വെട്ടിപ്പിടിച്ച രാജ്യത്തിന്‍റെ അടിസ്ഥാന പ്രമേയമായി മാറിയിരിക്കുന്നു.

ഭരണാധികാരികൾ ഞാനും നീയുമായി പരസ്പരം കാണാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഒരു വശത്ത് ഭിന്നിപ്പിക്കൽ, മറുവശത്ത് കോർപറേറ്റ് പ്രീണനം. മതനിരപേക്ഷ രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഭൂരിപക്ഷ മത സേവകനായി പ്രവർത്തിക്കുന്നു. പള്ളി പൊളിച്ചേടത്ത് അമ്പലം പണിയാനും പുതിയ പാർലമെന്‍റ് മന്ദിരത്തിനും ഒരുപോലെ അദ്ദേഹം ശിലാപൂജ നടത്തുന്നു. ഒരു സർക്കാർ അധികാരത്തിൽ വന്ന ശേഷം ചുരുങ്ങിയ എട്ടു വർഷം കൊണ്ട് ഒരു വ്യവസായി ലോകത്തെ നാലാമത്തെ അതിസമ്പന്നനെന്ന ഭീമവളർച്ച നേടണമെങ്കിൽ, അധികാരം ദുരുപയോഗിക്കാതെയോ പൊതുമുതൽ കൊള്ളയടിക്കാതെയോ കഴിയില്ല.

ജനകീയ പ്രശ്നങ്ങളിൽ കാര്യമായ നടപടികൾ ഉണ്ടാകാതെ പോകുന്നത് ജനരോഷത്തെ ഭിന്നിപ്പിക്കൽ അജണ്ട കൊണ്ട് മറികടക്കാമെന്ന ഉത്തമബോധ്യമുളളതുകൊണ്ടാണ്. സ്റ്റേജ് പ്രകടനങ്ങൾക്കും വായ്ത്താരിക്കുമപ്പുറം, ഭരണം സാന്ത്വന സ്പർശമായി അനുഭവപ്പെടുന്നുവോ എന്നതാണ് പ്രധാനം. അധികാരം എങ്ങനെയും ഉപയോഗിക്കുന്നത് എന്തൊരു ദുരന്തമായിരിക്കുമെന്നതിന് സമീപവർഷങ്ങളിൽ എത്രയോ ഉദാഹരണങ്ങൾ. കറൻസി നോട്ട് നിരോധനം, ജമ്മു-കശ്മ്മീർ വിഭജനം, കോവിഡ് കാല ഭരണ നിർവഹണം, കാർഷിക നിയമഭേദഗതി, തൊഴിൽമേഖല നിയമനിർമാണങ്ങൾ എന്നിങ്ങനെ നീളുന്നു ആ പട്ടിക. ബുൾഡോസർ അധികാരിയുടെ അടയാളവും, ന്യൂനപക്ഷ നിന്ദ അർമാദ ഇനവുമായി മാറിപ്പോയ കാലം.

ഭരണസാഹചര്യങ്ങൾക്കൊത്ത് നീതിപീഠത്തിന്‍റെ ദൗർബല്യവും ത്രാസിന്‍റെ ചരിവും കൂടുതൽ പ്രകടമായി വരുന്നു. അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ ക്ഷേത്രം നിർമിക്കാനും ദൂരെയൊരു ദിക്കിൽ പള്ളി പണിയാനും വിവാദ വിധി പറഞ്ഞയാൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് ഇറങ്ങിയ പാടേ രാജ്യസഭാംഗമായി. ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാന് ഇന്ന് മനുഷ്യാവകാശങ്ങളേക്കാൾ ബോധ്യം സർക്കാറിന്‍റെ അവകാശങ്ങളെക്കുറിച്ചാണ്. ഗ്യാൻവാപി പള്ളിയിൽ ശിവലിംഗ പരിശോധന നടത്താനും നമസ്കാര നിയന്ത്രണം ഏർപ്പെടുത്താനുമൊക്കെ കോടതി കാണിച്ച സവിശേഷ താൽപര്യം ചർച്ച ചെയ്യപ്പെട്ടതാണ്.

മഥുരയിൽ പള്ളി നിർമിച്ചത് കൃഷ്ണജന്മഭൂമിയിലാണെന്ന കേസിൽ കീഴ്കോടതിയുടെ കാഴ്ചപ്പാട് തള്ളാൻ മേൽക്കോടതി പ്രത്യേക താൽപര്യം കാട്ടി. ജമ്മു-കശ്മീർ വിഭജനത്തിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ ഹരജികൾ വർഷങ്ങൾ കഴിഞ്ഞിട്ടും പരിഗണിച്ചു തീർപ്പാക്കേണ്ട പ്രധാന വിഷയങ്ങളായി സുപ്രീംകോടതി ഇനിയും കണക്കിലെടുത്തിട്ടില്ല. ഇസ്രായേൽ സോഫ്ട് വെയർ പെഗസസ് ഉപയോഗിച്ച് വ്യാപകമായി സർക്കാർ ചാരപ്പണി നടത്തിയെന്ന കേസിനുമുണ്ടൊരു കഥ പറയാൻ. ഗുജറാത്ത് വംശഹത്യയിൽ ഇന്ന് കുറ്റവാളികൾ ഇരകൾക്കുവേണ്ടി ശബ്ദിച്ചവരാണ്. ജെ.എൻ.യു വിദ്യാർഥി നജീബിന്‍റെ തിരോധാനത്തിന് ഉത്തരം തേടുന്നവർക്കും ഉമർ ഖാലിദിന്‍റെയും സിദ്ദീഖ് കാപ്പന്‍റെയുമൊക്ക അനന്തകാല ജയിൽവാസം അവസാനിച്ചു കിട്ടാൻ ആഗ്രഹിക്കുന്നവർക്കും നീതി അകലെ.

സ്വാതന്ത്ര്യ സമരകാലത്ത് അറിയാനും അറിയിക്കാനുള്ള സന്ദേശവാഹകരുമായി പ്രവർത്തിച്ച മാധ്യമങ്ങൾ ഇന്ന് പടിക്കു പുറത്താണ്. സുതാര്യതയുടെ വായ്ത്താരി എന്തായാലും, പാർലമെന്‍റിലും ഭരണാലയങ്ങളിലും മാധ്യമപ്രവർത്തകർക്ക് കർക്കശ നിയന്ത്രണമാണ്. കോവിഡ്കാല നിയന്ത്രണങ്ങൾ അന്താരാഷ്ട്ര യാത്രകളിലടക്കം ഇല്ലാതായിട്ടും, മന്ത്രിമാരും എം.പിമാരും ജീവനക്കാരുമെല്ലാം മാസ്ക് പോലും നിർബന്ധമല്ലാതെ പാർലമെന്‍റിൽ എത്തുമ്പോഴും, കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പ്രസ് ഗാലറികൾ ആളൊഴിഞ്ഞു കിടന്നു.

സർക്കാർ പാട്ടത്തിനെടുത്ത മാധ്യമങ്ങൾക്കും വേണ്ടപ്പെട്ട ചില മാധ്യമ പ്രവർത്തകർക്കും പ്രത്യേക ഇളവ്. ദീർഘകാല പാർലമെന്‍റ് റിപ്പോർട്ടിങ്ങിന്‍റെ അടിസ്ഥാനത്തിൽ നൽകിയ പെർമനന്‍റ് പാസ് കാഴ്ചവസ്തു. വിവിധ കക്ഷി നേതാക്കൾ, എം.പിമാർ തുടങ്ങിയവർക്ക് മുതിർന്ന മാധ്യമ പ്രവർത്തകരുമായി ഇടപഴകാനും വാർത്താ വിവരങ്ങൾ പങ്കുവെക്കാനും നൽകിപ്പോന്ന സെൻട്രൽ ഹാൾ പ്രവേശനാനുമതി നിർത്തലാക്കി. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സെൻട്രൽ ഹാൾ തന്നെയില്ല. മാധ്യമ പ്രവർത്തകരുടെ പാസ് അടക്കമുള്ള കാര്യങ്ങളിൽ ശിപാർശ നൽകാൻ ചുമതലപ്പെട്ട, തെരഞ്ഞെടുത്ത മാധ്യമ പ്രവർത്തകർ പ്രതിനിധികളായ പ്രസ് അഡ്വൈസറി കമ്മിറ്റിയും ഇല്ലാതായി. ബജറ്റ്, ബില്ലുകൾ എന്നിവയടക്കം വാർത്ത സ്രോതസ്സുകളായ പാർലമെന്‍റ് രേഖകൾ മാധ്യമ പ്രവർത്തകർക്ക് നൽകിവന്നത് ഡിജിറ്റൽവൽക്കരണത്തിന്‍റെ പേരിൽ നിർത്തലാക്കി.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ അക്രഡിറ്റേഷൻ ചട്ടങ്ങൾ പുതുക്കി കർക്കശമാക്കി. മന്ത്രാലയങ്ങളിൽ മാധ്യമ പ്രവർത്തകർ വാർത്ത തേടി ചെല്ലേണ്ട. ഉള്ളിൽ കയറാൻ അകത്തുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ രേഖാമൂലമുള്ള അനുമതി വേണം. വാർത്ത സ്രോതസ്സുകൾക്കു മേലുള്ള കൂച്ചുവിലങ്ങു കൂടിയാണത്. ഇത്തവണ രാഷ്ട്രപതി, ഉപരാഷ്ട്രപതിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഒട്ടുമിക്ക മാധ്യമ പ്രവർത്തകർക്കും പ്രവേശന അനുമതി ഉണ്ടായിരുന്നില്ല. രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക പരിപാടികൾക്ക് ഫോട്ടോഗ്രാഫർമാർക്ക് പാസ് നൽകാതെയായി.

ഇന്ത്യൻ വിമൻസ് പ്രസ് കോർ, ഫോറിൻ കറസ്പോണ്ടന്‍റ്സ് ക്ലബ് എന്നിവയുടെ പാട്ട കാലാവധി പുതുക്കാതെ കെട്ടിടം ഒഴിയാൻ നിർദേശിച്ചിരിക്കുന്നു. എട്ടു വർഷമായി പ്രധാനമന്ത്രി ഔദ്യോഗിക വാർത്തസമ്മേളനം നടത്തിയിട്ടില്ല. സർക്കാർ നൽകുന്ന വിവരങ്ങളും വിഡിയോയും അഭിമുഖങ്ങളും അടിസ്ഥാനപ്പെടുത്തി വാർത്ത തയാറാക്കിയാൽ മതിയെന്ന മട്ട്. ഫലത്തിൽ, വസ്തുതാന്വേഷണത്തിന് വിലക്ക്. വേട്ടയാടൽ അതു വേറെ. പത്രസ്വാതന്ത്ര്യ സൂചികയിൽ കൂടുതൽ രാജ്യങ്ങളുടെ താഴേക്ക് പോയിരിക്കുന്നു, ഇന്ത്യ.നെടുന്തൂണുകളുടെ കഥ എന്തായാലും, ഡി.പി നമുക്ക് ദേശാഭിമാനത്തിന്‍റെ അടയാളം. പ്രവൃത്തി എന്തുമാകട്ടെ, പ്രദർശനത്തിൽ കുറയരുത്.

Tags:    
News Summary - Pillars that have changed shape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.