????. ?????? ????

പ്രഫ. ഷംനാദ് ബഷീർ: നിയമരംഗത്തെ അക്കാദമിക്​ ആക്ടിവിസ്റ്റ്

ബൗദ്ധിക സ്വത്തവകാശ നിയമ രംഗത്ത് ആഗോള രംഗത്തു തന്നെ അതുല്യ സംഭാവനകളർപ്പിച്ച പ്രഫ. ഷംനാദ് ബഷീറിനെ കർണാടകയിലെ ചിക്കമംഗളുരുവിനടുത്ത് ബാബാബുന്ധൻഗിരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞയാഴ്ചയാണ്. അകാലത്തിൽ പൊലിഞ് ഞുവെന്ന പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ കാണിച്ചു തരുന്നതാണ് വിയോഗം ഒരാഴ്ച പിന്നിടുമ്പോഴും അദ്ദേഹത്തെ അനുസ്മരിച് ചു സഹപ്രവർത്തകരും പ്രമുഖ നിയമജ്ഞരും ന്യായാധിപന്മാരും വിദ്യാർഥികളും ദേശീയ മാധ്യമങ്ങളിൽ എഴുതി കൊണ്ടിരിക്കുന് ന കുറിപ്പുകൾ. സൈദ്ധാന്തിക വ്യവഹാരങ്ങളിൽ മുഴുകിയിരിക്കുന്ന കേവല അക്കാദമിഷ്യനായിരുന്നില്ല പ്രൊഫ. ഷംനാദ്, മറിച് ചു താൻ മുന്നോട്ടുവെച്ച തിയറികൾ പ്രായോഗിക രംഗത്ത് കൊണ്ട് വരാനും അതിലൂടെ സർഗാത്മകമായ ഫലങ്ങളുണ്ടാക്കാൻ മുന്നിട ്ടിറങ്ങുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി. അത് കൊണ്ട് തന്നെ ഒരു 'അക്കാദമിക്ക് ആക്ടിവിസ്റ്റ്' എന് ന തലക്കെട്ടായിരിക്കും അദ്ദേഹത്തെ അടയാളപ്പെടുത്താൻ ഉചിതം.

കൊല്ലം കുളത്തൂപ്പുഴ സ്വദേശിയായ അദ്ദേഹത്തിന് മര ിക്കുമ്പോൾ 43 വയസ്സ് മാത്രമായിരുന്നു പ്രായം. ബെംഗളൂരുവിലെ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദവും ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും ബി.സി.എൽ, എം.ഫിൽ, ഡി.ഫിൽ ബിരുദങ്ങൾ നേടിയ ശേഷം ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ അസ്സോസിയേറ്റ് പ്രൊഫസറായിയിട്ടായിരുന്നു അക്കാദമിക ജീവിതത്തിന്‍റെ ആരംഭം. 2005 ൽ spicyIP എന്ന ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് ചർച്ച ചെയ്യുന്ന ബ്ലോഗ് തുടങ്ങി വെച്ച അദ്ദേഹം 2008ൽ മാനവ വിഭവ ശേഷി വകുപ്പിന്‍റെ പിന്തുണയോടെ പശ്ചിമ ബംഗാളിലെ ദേശീയ നിയമ സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന ഇന്റലെക്ച്വൽ പ്രോപ്പർട്ടി വകുപ്പിന്​ നേതൃത്വം നൽകാൻ ഇന്ത്യയിലേക്ക് തിരികെ വന്നു. നിരവധി ദേശീയ നിയമ സർവകലാശാലകളിലും യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ ഓഫ് ലോ അടക്കമുള്ള വിദേശ യൂണിവേഴ്സിറ്റികളിലും വിസിറ്റിങ് പ്രഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

2013ലെ നൊവാർട്ടിസ് കേസിലൂടെ കാന്‍സര്‍ മരുന്നിനു വില കുറയ്ക്കാന്‍ വേണ്ടി നിയമപോരാട്ടം നടത്തിയതിന്‍റെ പേരിലാണ് ഷംനാദ് ശ്രദ്ധേയനാകുന്നത്. രക്താര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ആവശ്യമായ മരുന്ന് ഇന്ത്യയില്‍തന്നെ ഉല്‍പാദിപ്പിക്കാമെന്നും ആഗോള പേറ്റന്റ് നിയമം ബാധകമല്ലെന്നും കോടതി വിധിക്കാൻ കാരണം അമിക്കസ് എന്ന നിലയിൽ ഇദ്ദേഹത്തിന്‍റെ അക്കാദമിക ഇടപെടലാണ്. ഇതാണ് പിന്നീട്​ കാന്‍സര്‍ മരുന്ന് ചുരുങ്ങിയ ചെലവില്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കാന്‍ വഴി തുറന്നത്. അത് കൊണ്ട് കൂടിയാണ് നിയമപരമായ പ്രശ്‌നങ്ങള്‍ക്കും നിയമവിദ്യാഭ്യാസത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 2014ല്‍ അദ്ദേഹത്തിനു മാനവികതയ്ക്കുള്ള ഇന്‍ഫോസിസ് പുരസ്‌കാരം ലഭിച്ചത്.

2009 -2010 കാലത്ത് ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് പകർപ്പവകാശ നിയമ ലംഘനത്തെ പേടിക്കാതെ പകർപ്പവകാശമുള്ള ബുക്കുകളും രേഖകളും വിഡിയോകളും മറ്റും ഉപയോഗിക്കുന്നതിന് പകർപ്പവകാശ നിയമത്തിൽ ഭേദഗതി കൊണ്ട് വരുന്നതിനു പാർലമെന്റിലും മറ്റും പോളിസി തലത്തിലുള്ള ഇടപെടലുകൾ നടത്താന് മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു. ഇന്ത്യയിലെ ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ ക്ലാറ്റ് നടത്തിപ്പിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടു ബാർ കൗൺസിൽ ഓഫ് ഇന്ത്യയെ ചോദ്യം ചെയ്തു അദ്ദേഹം കഴിഞ്ഞ വര്ഷം സുപ്രീം കോടതിയിൽ ഹരജി നൽകുകയുണ്ടായി. നിയമ അധ്യാപകർക്ക് കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്നത് അധ്യാപന രംഗത്തും കോടതിക്കകത്തും ഗുണം ചെയ്യുമെന്ന ആശയം മുൻ നിർത്തി അക്കാദമീഷ്യന്മാർക്ക് പ്രാക്റ്റിസിനുള്ള ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിലക്ക് എടുത്ത് കളയണമെന്ന ആവശ്യം മുന്നോട്ട് വെച്ചു ബി.സി.ഐക്ക് കത്തെഴുതിയത് ഈയടുത്ത കാലത്താണ് .

2009ൽ കോൺവെന്റ് സ്കൂളിൽ പഠിക്കുന്ന ഒരു മുസ് ലിം വിദ്യാർഥി തനിക്ക് താടി വളർത്തണം എന്ന ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയപ്പോൾ ഈ രാജ്യത്ത് നമുക്ക് താലിബാനികളെ ആവശ്യമില്ലെന്നും നാളെ ഒരു വിദ്യാർഥിനി ബുർഖ ധരിക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാൽ എന്ത് ചെയ്യുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു തുറന്ന കോടതിയിൽ ചോദിച്ച സംഭവം ഏറെ വിവാദമാവുകയുണ്ടായി. അതിനെതിരെ പ്രതികരിക്കുകയും ഇത്തരം വാക്കുകൾ ഒരു സമുദായത്തിനെതിരായ മുൻവിധി വർധിപ്പിക്കാനേ സഹായിക്കൂ എന്നും മറ്റൊരു ബെഞ്ചിന് ഈ കേസ് വിടുകയും ഒരു വട്ടം കൂടി വാദം കേൾക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു അദ്ദേഹം. കേസിന്‍റെ മെറിറ്റുമായി ചേർന്ന് പോകുന്ന ഒന്നല്ലെന്നു മാത്രമല്ല ഒരു പക്ഷാപാതിത്വമില്ലാത്ത ന്യായാധിപൻ എന്ന പദവിക്ക് യോജിച്ച വാക്കുകൾ അല്ല അതെന്നും തന്‍റെ ബ്ലോഗിലെഴുതിയ അദ്ദേഹം നീതി നടപ്പിലാക്കുക മാത്രമല്ല നടപ്പിലാക്കിയതായി കാണപ്പെടുകയും വേണമെന്നും പറഞ്ഞാണ് വാക്കുകൾ അവസാനിപ്പിച്ചത്. ഇത്തരത്തിൽ വിയോജിപ്പ് പരസ്യമായി പറയുന്നതിൽ മടിയില്ലാത്ത ഒരാളായിരുന്നു അദ്ദേഹം.

എന്നാൽ, ബൗദ്ധിക സ്വത്തവകാശ രംഗത്തെ ഇടപെടലിനുമപ്പുറം പാർശ്വവത്കൃത സമൂഹങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ ഒരു അക്കാദമീഷ്യനെന്നതിനുമപ്പുറം സാമൂഹിക നീതിക്ക് വേണ്ടി നടത്തിയ പോരാട്ടമായി അടയാളപ്പെടുത്തപ്പെടേണ്ടതുണ്ട്. വരേണ്യ സ്വഭാവം പുലർത്തുന്ന ഇന്ത്യയിലെ ദേശീയ നിയമ യൂണിവേഴ്സിറ്റികളിൽ പാർശ്വത്കൃത സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം എന്ത് കൊണ്ടാണ് കുറയുന്നത് എന്ന ചോദ്യം ഉയർത്തിയ അദ്ദേഹം അവരെ നിയമ രംഗത്തെ ഉന്നത പാഠശാലകളിൽ എത്തിക്കുന്നതിനായി 2010ൽ 'ഇന്‍ക്രീസിങ് ഡൈവേഴ്‌സിറ്റി ബൈ ഇന്‍ക്രീസിങ് ആക്‌സസ് ടു ലീഗല്‍ എജ്യുക്കേഷന്‍ (ഐ.ഡി.ഐ.എ) എന്ന എൻ.ജി.ഒ സ്ഥാപിച്ചു. കൂടാതെ മുസ് ലിം വിദ്യാർഥികളെ നിയമ രംഗത്തെത്തിക്കുന്നതിനു വേണ്ടി ആക്സസ് റ്റു ലീഗൽ എഡ്യൂക്കേഷൻ ഫോർ മുസ് ലിം ഇൻ ഇന്ത്യ (Alem ഇന്ത്യ) എന്ന എൻ.ജി.ഓ യും അദ്ദേഹം രൂപീകരിച്ചിരുന്നു. ദളിത്, മുസ് ലിം തുടങ്ങിയ പാർശ്വവത്കൃത സമൂഹങ്ങളിൽ നിന്നും ഗ്രാമീണ മേഖലകളിൽ നിന്നുമുള്ള വിദ്യാർഥികളോടൊപ്പം തന്നെ ഭിന്നശേഷി വിദ്യാർഥികളുടെ വിദ്യാഭാസത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി.

IDIA, Alem ഇന്ത്യ തുടങ്ങിയ സംഘടനകൾ ഗ്രാമീണമേഖലകളിൽ മറ്റുമുള്ള സ്കൂളുകളിൽ നിയമ രംഗത്തെ സാധ്യതകളെ പറ്റി ക്ളാസുകളെടുത്ത് പാർശ്വവത്കൃത സമൂഹങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളെ തെരഞ്ഞെടുത്ത് അഖിലേന്ത്യാ നിയമ പ്രവേശന പരീക്ഷയായ ക്ലാറ്റിനുള്ള കോച്ചിങ് നൽകുന്നു. ഇത്തരത്തിൽ ഐഡിയ സ്കോളർസ്‌ ആയി ഇന്ന് ഇന്ത്യയിലെ പ്രമുഖ നിയമ സർവകലാശലാകളിൽ എത്തുന്ന വിദ്യാർഥികളേറെയാണ്. പഠനത്തിന് സ്കോളർഷിപ്പ് നൽകുകയെന്ന സ്ഥിരം എൻ.ജി.ഒ പ്രവർത്തന രീതിക്കുമപ്പുറം നിയമ വിദ്യാർഥികൾക്ക് വേണ്ട ഇന്റേൺഷിപ്പിനും മറ്റുമുള്ള അവസരം ഒരുക്കി കൊടുക്കാനും അവർക്ക് നിയമ രംഗത്ത് ഇഷ്ടമുള്ള മേഖലകളിൽ എത്തിപ്പെടാൻ അവസരമൊരുക്കുക, അതിനായി തന്‍റെ എല്ലാ സഹകരണവും നൽകുക എന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. അതിനൊരു ഉദാഹരണമാണ് IDIA പിന്തുണയോടെ ഒഡീഷ നിയമ സർവകലാശാലയിൽ നിന്നും നിയമ പഠനം പൂർത്തീകരിച്ച പൂർണമായും കാഴ്ചയില്ലാത്ത അറപ്പള്ളി നാഗാ ബാബു എന്ന അഭിഭാഷകന് വേണ്ടി അദ്ദേഹം നടത്തിയ നിയമ പോരാട്ടം. 2016ൽ മുൻസിഫ്‌ -മജിസ്‌ട്രേറ്റ് പരീക്ഷ എഴുതുന്നതിനു ആന്ധ്രാപ്രദേശ് ജുഡീഷ്യൽ സർവീസ് റോളുകൾ പ്രകാരമുള്ള വിലക്കിനെതിരെ നടത്തിയ പോരാട്ടത്തിനൊടുവിൽ നാഗാ ബാബുവിന് പരീക്ഷ എഴുതാൻ അവസരമൊരുങ്ങുകയും സഹായികളെയും മറ്റും നിശ്ചയിക്കാനും പരീക്ഷാ സമയത്തിൽ കൂടുതൽ ഇളവുകൾ നേടുന്നതിൽ വിജയിക്കുകയും ചെയ്തു അദ്ദേഹം.

ഷംനാദ് ബഷീറിന്‍റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ എന്താണ് നമ്മുടെ ദേശീയ നിയമ സർവകലാശാലകളിലെ വിദ്യാർഥികളുടെ സാമൂഹിക ചുറ്റുപാട് എന്നും ഏതൊക്കെ മേഖലകളിൽ നിന്നുള്ളവർക്കാണ് ഇത്തരം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ സാധിക്കുന്നത് എന്ന നോട്ടം അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടാൻ അനിവാര്യമാണ്. 2015 ൽ ബെംഗളൂരുവിലെ ദേശീയനിയമ സർവകലാശാലയായ NLSUI വിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇന്ത്യയിലെ പ്രമുഖ ദേശീയ നിയമ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സാമ്പത്തിക- സാമൂഹിക ചുറ്റുപാടുകളും മതം-ജാതി എന്നിവ തിരിച്ചുള്ള പഠനം നടത്തുകയുണ്ടായി. ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച പ്രസ്തുത പഠനം പുറത്തു വിട്ട കണക്കുകൾ എന്താണ് ഈ രാജ്യത്തിൽ 'മെറിറ്റ്' എന്നത് വെളപ്പെടുത്തുന്നുണ്ട്. 15 ശതമാനം വിദ്യാർഥികളുടെയും കുടുംബത്തിന്‍റെ വാർഷിക വരുമാനം 36 ലക്ഷം രൂപയുടെ മുകളിലാകുമ്പോൾ 50 % പേരുടെയും കുടുംബ വാർഷിക വരുമാനം 12 ലക്ഷം രൂപയുടെ മുകളിൽ ആണെന്ന് റിപ്പോർട്ട് പറയുന്നു. 82 % വിദ്യാർഥികളും ഹിന്ദു സമുദായത്തിൽ (ദളിത് വിഭാഗത്തെ കൂടി ഉൾപ്പെടുത്തി) നിന്നുള്ളവരും 5 % പേര് ജനസംഖ്യയിൽ ൦.5 % മാത്രമുള്ള ജൈന സമുദായത്തിൽ നിന്നുള്ളവരുമാകുമ്പോൾ ജനസംഖ്യയിൽ 14 % മുള്ള മുസ് ലിംകളിൽ നിന്ന് കേവലം ൦.5 % ആളുകൾ മാത്രമാണ് നിയമ രംഗത്തെ ഇത്തരം ഉന്നത പഠന കേന്ദ്രങ്ങളിൽ എത്തുന്നുള്ളൂ എന്നത് തികച്ചും ഞെട്ടിക്കുന്ന കണക്കാണ്. ഇന്ത്യയിലെ ലോ സ്കൂളുകൾ ഒന്നാകെ കണക്കാക്കിയാൽ ഏതാണ്ട് 2.14 % മാത്രമാണ് മുസ് ലിം വിദ്യാർഥികളെന്നു മറ്റൊരു പഠനവും ചൂണ്ടി കാണിക്കുന്നുണ്ട്. മാത്രമല്ല ഇത്തരം സർവകലാശാലകളിൽ 65 % വരെ സവർണ ജാതികളിൽ പെട്ടവരും അതിൽ തന്നെ 27 % പേര് ബ്രാഹ്‌മണരായി അടയാളപ്പെടുത്തിയവരുമാണ് എന്നും പഠനം സൂചിപ്പിക്കുന്നു.

ഇതിനോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ടുന്ന ഒന്നാണ് സീനിയർ അഭിഭാഷക ഇന്ദിരാ ജയ്‌സിങ് 2015 ൽ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിലെ ചില കണക്കുകൾ. സീനിയർ അഭിഭാഷകൻ എന്ന പദവി നൽകുന്നതിലെ സുതാര്യതയില്ലായ്മ ചൂണ്ടി കാണിച്ചു നൽകിയ ഹരജിയിൽ പറഞ്ഞ പ്രകാരം 2015 വരെ ദളിത് സമുദായത്തിൽ നിന്ന് ഒരാൾക്കും മുസ് ലിം സമുദായത്തിൽ നിന്ന് രണ്ടാൾക്കും മാത്രമാണ് 2000 - 2015 വരെയുള്ള കാലഘട്ടത്തിൽ പ്രസ്തുത പദവി നൽകിയിട്ടുള്ളൂ. ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് തുടങ്ങിയ പിന്നാക്ക സംസ്ഥാങ്ങളിൽ നിന്ന് ഒരാളെയും സീനിയർ അഭിഭാഷകൻ എന്ന പദവി നൽകിയില്ലെന്നും ഗ്രാമീണ പശ്ചാത്തലമുള്ള അഭിഭാഷകരെ പൂർണമായും അവഗണിച്ചുവെന്നും തിരഞ്ഞെടുക്കപ്പെട്ടവരിൽ തന്നെ അഞ്ചിൽ നാല് പേരും ഒരേ ജാതിയിൽ പെട്ടവരാണെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. ഇത്തരം കണക്കുകളും പഠനങ്ങളും ഷംനാദിന്‍റെ പ്രവർത്തനങ്ങളുടെ പ്രാധാന്യം കൂടുതൽ മുന്നോട്ട് കൊണ്ട് പോകേണ്ടതിന്‍റെ ആവശ്യകത എടുത്ത് കാണിക്കുന്നു. IDIA യുടെയും Alem Indiaയുടെയും പ്രവർത്തന മേഖല കേന്ദ്രീകരിച്ചിരിക്കുന്ന സമുദായങ്ങളിൽ നിന്നുള്ള വിവിധ വിദ്യാഭ്യാസ സംഘടനകൾ ഇത്തരം സംരംഭങ്ങളുമായി സഹകരിച്ചു നിയമരംഗത്തെ വിവിധ മേഖലകൾ പാർശ്വവത്കൃത സമൂഹങ്ങൾ കൂടി പ്രതിനിധീകരിക്കപ്പെടും വണ്ണം വൈവിധ്യവൽക്കരിക്കാൻ മുൻകൈ എടുക്കേണ്ടതുണ്ട്. അത് വഴി ജുഡീഷ്യറി നമ്മുടെ സമൂഹത്തെ എല്ലാ തുറകളെയും പ്രതിനിധീകരിക്കും വിധം ജനാധിപത്യവൽക്കരിക്കപ്പെടുന്നതിലൂടെ മാത്രമേ ഭരണഘടനയുടെ അന്തസത്ത പ്രായോഗിക തലത്തിൽ പുലർന്ന് കാണൂ.

Tags:    
News Summary - Life and Career of Shamnad Basheer, Indian legal scholars -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.