അധികാരത്തിന്‍െറ വിവര്‍ണമുഖം

‘പുരട്ച്ചിത്തലൈവി ജയലളിതക്കുശേഷം എന്ത്?’ തമിഴകത്ത് മുഴങ്ങിക്കേള്‍ക്കുന്ന ആകാംക്ഷനിറഞ്ഞ ചോദ്യം. രണ്ടാഴ്ചമുമ്പ് പനിബാധയെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ പ്രവേശിപ്പിക്കുമ്പോള്‍ അഭ്യൂഹങ്ങള്‍ ഇത്രത്തോളം കത്തിപ്പടരുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍, അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുകഞ്ഞുപൊങ്ങുമ്പോള്‍ തമിഴകം അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നു. ജയലളിതക്കുശേഷം ആര് അല്ളെങ്കില്‍ എന്ത് എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നതും അതിനാലാണ്. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതത്വം മാത്രമല്ല, സംസ്ഥാനത്ത് ഉരുണ്ടുകൂടാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതാണ്.

അധികാരത്തിന്‍െറ നെടുംതൂണായ ജയലളിത തന്‍െറ മഹാസാമ്രാജ്യം കെട്ടിപ്പൊക്കിയതുതന്നെ രാഷ്ട്രീയ ഗോദയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സാക്ഷാല്‍ പുരട്ച്ചിത്തലൈവര്‍ എം.ജി. രാമചന്ദ്രന്‍െറ ശക്തി സാന്ദ്രമായ രാഷ്ട്രീയാടിത്തറയിലായിരുന്നു. ഇ.വി. രാമസ്വാമിനായ്ക്കരും അറിജ്ഞര്‍ അണ്ണാദുരൈയും പടുത്തുയര്‍ത്തിയ രാഷ്ട്രീയ പാരമ്പര്യത്തിലാണ് എം.ജി.ആറും മുത്തുവേല്‍ കരുണാനിധിയും തങ്ങളുടെ ചുവടുകള്‍വെച്ച് പോരിനിറങ്ങിയത്. എന്നാല്‍, ജയലളിതയെ സംബന്ധിച്ച് എം.ജി.ആറിന്‍െറ ‘വാത്സല്യ ലാളനകള്‍’ മാത്രമാണ് കൈമുതല്‍. അതായത്, രാഷ്ട്രീയത്തിന്‍െറ പിന്നാമ്പുറങ്ങളിലെ കാലിടര്‍ച്ചകളോ കാലുവാരലുകളോ അനുഭവിച്ചല്ല ജയലളിത രാഷ്ട്രീയഗോദയിലിറങ്ങുന്നത്.

എം.ജി.ആറിന്‍െറ സ്നേഹഭാജനം

എന്നാല്‍, അധികാരത്തിന്‍െറ കൊത്തളങ്ങളില്‍ എങ്ങനെ പിടിച്ചുനില്‍ക്കണമെന്നും ശത്രുക്കളെ ഏതുവിധത്തില്‍ അടുപ്പിച്ച് കാലുവാരണമെന്നും ജയലളിത പഠിച്ചത്, ആരെയും കൂസാത്ത സ്വന്തം നിശ്ചയദാര്‍ഢ്യപ്പെരുമയില്‍നിന്നുതന്നെയാണ്. വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ 140ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ച ഒരു നടിക്ക് രാഷ്ട്രീയത്തിലെ സൂക്ഷ്മമായ പാഠങ്ങള്‍ ആവശ്യമാണെന്ന അറിവ് പുലര്‍ത്തിയതുകൊണ്ടാണ് അണ്ണാദ്രാവിഡ മുന്നേറ്റ കഴകത്തിന്‍െറ (എ.ഐ.എ.ഡി.എം.കെ) പ്രൊപ്പഗണ്ട സെക്രട്ടറി പദത്തിലേക്ക് ജയലളിതയെ അവരോധിക്കാന്‍ എം.ജി.ആര്‍ മുന്‍കൈയെടുക്കുന്നത്. എന്നാല്‍, സ്വന്തം പാര്‍ട്ടിയിലെ ഉപജാപക സംഘങ്ങളെ തിരിച്ചറിഞ്ഞ് അടിച്ചുവീഴ്ത്താനും ശത്രുപാളയത്തെ ‘സര്‍ജിക്കല്‍ അറ്റാക്’ പ്രയോഗിച്ച് കീഴ്പ്പെടുത്താനും അവരുടെ സുദൃഢമായ വീക്ഷണങ്ങള്‍ സഹായകമായി. അതിലുപരി അവര്‍ നെഞ്ചിലേറ്റി നടന്ന പുരുഷ വിദ്വേഷവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നു എന്നത് വാസ്തവം.

1983ല്‍ പ്രൊപ്പഗണ്ട സെക്രട്ടറിയായശേഷം ചെന്നൈയിലെ ഹേമമാലിനി കല്യാണമണ്ഡപത്തില്‍ (ഇന്നത്തെ എ.ഐ.എ.ഡി.എം.കെ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് സമീപം) വെള്ളരിപ്രാവുകളെ പറത്തി തന്‍െറ രാഷ്ട്രീയദൗത്യം ഗൂഢമായി സാക്ഷാത്കരിക്കുമ്പോള്‍ അവരുടെ നിശ്ചയദാര്‍ഢ്യം ആ മുഖത്ത് ഈ ലേഖകന്‍ നേരില്‍ കണ്ടതാണ്. എം.ജി.ആറിന്‍െറ ബലത്തില്‍ തമിഴകത്തിന്‍െറ ഭാഗധേയം തന്‍െറ കൈകളില്‍ സുരക്ഷിതമാകുമെന്ന ആത്മവിശ്വാസമാണ് ആ മുഖത്ത് പ്രകടമായത്. ഇതേ പ്രകടനപരതയാണ് മറ്റൊരു സന്ദര്‍ഭത്തിലും കാണാനായത്. എം.ജി.ആറിന്‍െറ ശവമഞ്ചത്തില്‍നിന്ന് (ഗണ്‍ഗാരേജ്) അദ്ദേഹത്തിന്‍െറ ബന്ധു അവരെ പിടിച്ച് പുറത്താക്കുന്ന വേളയില്‍. അതിനുശേഷം ശത്രുക്കളെ പതിയിരുന്ന് ആക്രമിക്കാന്‍ ജയലളിത കാണിച്ച വ്യഗ്രത തമിഴക രാഷ്ട്രീയ ചരിത്രത്തിലെ വസ്തുതകള്‍ മാത്രമാണ്.

1982ല്‍ ജയലളിത എ.ഐ.എ.ഡി.എം.കെയില്‍ അംഗമാകുമ്പോള്‍ ‘പെണ്ണിന്‍െറ പെരുമ’ എന്തെന്ന് തെളിയിക്കാന്‍ വേദികളില്‍ അമിതമായ ആവേശം കാണിച്ചിരുന്നു. 1984 മുതല്‍ 1989 വരെ രാജ്യസഭയിലേക്ക് അയക്കുമ്പോള്‍ ജയ രാഷ്ട്രീയത്തിന്‍െറ മെയ് വഴക്കം കൈക്കലാക്കുമെന്ന് എം.ജി.ആറിന് അറിയാമായിരുന്നു. ആ വിശ്വാസത്തെ തരിമ്പുപോലും തെറ്റിക്കാന്‍ ജയലളിത തയാറായിരുന്നില്ല.

1984ല്‍ എം.ജി.ആറിനെ പക്ഷാഘാതംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴും മൂന്നുവര്‍ഷം കഴിഞ്ഞ് അന്തരിക്കുമ്പോഴും ജയലളിതയായിരുന്നു തമിഴക രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന സുപ്രധാന കണ്ണി. തലൈവരുടെ മരണശേഷം പാര്‍ട്ടി രണ്ടുപക്ഷമായി നിന്നപ്പോള്‍ തന്ത്രപൂര്‍വം നിലയുറപ്പിച്ചായിരുന്നു ജയലളിത കരുക്കള്‍ നീക്കിയത്. 1989 മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവായ ജയലളിതക്ക് കരുണാനിധി മുഖ്യമന്ത്രിയായ നിയമസഭയില്‍നിന്ന് ലഭിച്ചത് നിഷ്ഠുര പീഡനമായിരുന്നു. വസ്ത്രംപോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ വനിതാ പ്രതിപക്ഷനേതാവ്. അവര്‍ നിയമസഭയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു ശപഥംചെയ്യാന്‍ മറന്നിരുന്നില്ല. ‘മുഖ്യമന്ത്രിയാകാതെ ഞാനിനി ഈ നിയമസഭയില്‍ പ്രവേശിക്കില്ല’.

രാജീവ് ഗാന്ധി വധത്തിനുശേഷം നടന്ന 1991ലെ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ സഖ്യം 234 സീറ്റില്‍ 225ഉം നേടി. ജയലളിത മുഖ്യമന്ത്രിയായി എത്തുമ്പോള്‍ ശപഥത്തിന്‍െറ അര്‍ഥവ്യാപ്തി ജനം കണ്ടു. മാത്രമല്ല, അവര്‍ ലോക്സഭയില്‍ 39 സീറ്റും പിടിച്ചടക്കി ഡി.എം.കെയെ നിലംപരിശാക്കി. പക്ഷേ, 1991-96 കാലഘട്ടം അഴിമതിയില്‍ കുളിച്ചുനിന്നു. വളര്‍ത്തുപുത്രനും ശശികലയുടെ ബന്ധുവുമായ സുധാകരന്‍െറ കോടികള്‍ ചെലവിട്ട ആര്‍ഭാട വിവാഹം, കളര്‍ ടി.വി കുംഭകോണം, താന്‍സി ഭൂമി ഇടപാട് തുടങ്ങി നിരവധി അഴിമതിക്കേസുകള്‍ ജയാമ്മക്കെതിരെ തലപൊക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ തമിഴ്മക്കള്‍ അവരെ കൈയൊഴിഞ്ഞു. 168 സീറ്റില്‍ നാലെണ്ണത്തിലേ എ.ഐ.എ.ഡി.എം.കെക്ക് വിജയിക്കാനായുള്ളൂ. അവരുടെ നിശ്ചയദാര്‍ഢ്യത്തിന് ക്ഷതമേറ്റ കാലമായിരുന്നു തുടര്‍ന്നുവന്നത്.

ജയില്‍വാസം

ജയലളിതയുടെ ആത്മവിശ്വാസത്തില്‍ രണ്ടുതവണ വിള്ളല്‍വീണു. ടി.വി കുംഭകോണക്കേസില്‍ 1996 ഡിസംബര്‍ ഏഴുമുതല്‍, 97 ജനുവരി മൂന്നുവരെ 27 ദിവസം അവര്‍ക്ക് ജയിലില്‍ കഴിയേണ്ടിവന്നു. രണ്ടാംതവണ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് 2014ല്‍ സെപ്റ്റംബര്‍ 27 മുതല്‍ 22 ദിവസം അനധികൃത സ്വത്തുസമ്പാദന കേസില്‍ ബംഗളൂരു അഗ്രഹാര ജയിലില്‍ പോകേണ്ടിവന്നത്. ആര്‍ഭാടം നിറഞ്ഞ പ്രതാപത്തിന്‍െറ ഉന്നതങ്ങളില്‍നിന്നായിരുന്നു ജയാമ്മ രണ്ടുതവണയും തുറുങ്കിലത്തെുന്നത്. ബംഗളൂരു ജയിലില്‍നിന്ന് മടങ്ങിയ അവര്‍ പൊതുവേദികളില്‍ വിരളമായിമാത്രം പ്രത്യക്ഷപ്പെട്ടു. ഇനി സുപ്രീംകോടതി വിധി എന്താകുമെന്ന് അവര്‍ ഉറ്റുനോക്കുകയാണ്.

ജയാമ്മയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഉയരുന്നത് വീണ്ടും മുഖ്യമന്ത്രിയായശേഷമാണ്. ഭരണയന്ത്രങ്ങള്‍ നിശ്ചലമാണെന്ന് കരുണാനിധി കുറ്റപ്പെടുത്തി. ഇപ്പോള്‍ ആശുപത്രിയിലെ ചികിത്സയെക്കുറിച്ചും കൂടുതല്‍ സംശയങ്ങള്‍ പുറത്തുവിടുന്നതും കലൈജ്ഞര്‍തന്നെ. ആശുപത്രിയിലെ ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് കരുണാനിധി പറയുന്നു. 1984ല്‍ മുഖ്യമന്ത്രി എം.ജി.ആര്‍ ആശുപത്രിയില്‍ കിടന്നപ്പോഴും കരുണാനിധി ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിരുന്നു എന്നത് മറ്റൊരു തമാശ.

ജയക്കുശേഷം ആര്, എന്ത് എന്ന ചോദ്യം വീണ്ടും ഉയരുമ്പോള്‍ എ.ഐ.എ.ഡി.എം.കെ അണികള്‍തന്നെ കിതക്കുകയാണ്. കരുണാനിധിക്കുശേഷം മകന്‍ സ്റ്റാലിനോ മകള്‍ കനിമൊഴിയോ അതുപോലുള്ള നിരവധി നേതാക്കളോ രംഗത്തുണ്ട്. എന്നാല്‍, എ.ഐ.എ.ഡി.എം.കെയില്‍ മറ്റൊരു നേതാവിനെ ചൂണ്ടിക്കാട്ടി  ‘ഇതാ നില്‍ക്കുന്നു എനിക്കുശേഷമുള്ള അവകാശി’ എന്ന് പറയാന്‍ ജയലളിതക്ക് ആരുമില്ല. തനിക്കുശേഷം പ്രളയം എന്ന മനോഭാവമാണ് അവര്‍ ഇത്രയുംകാലം സൂക്ഷിച്ചിരുന്നത്. ഫ്ളക്സ് ബോര്‍ഡുകളിലും പോസ്റ്ററുകളിലും മറ്റൊരു നേതാവിന്‍െറ ചിത്രവും അച്ചടിക്കാന്‍ പാടില്ല എന്ന അലിഖിത കല്‍പന ജയ പുറപ്പെടുവിച്ചത് മൂന്നുവര്‍ഷം മുമ്പായിരുന്നു.

2016 മേയ് 19ന് അവര്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നത് അതിലെ ദൃഢനിശ്ചയംകൊണ്ടാണ്. ‘ഞാനൊരുത്തനെയും പുല്ലുപോലും ബഹുമാനിക്കില്ല’ എന്ന് നളചരിതത്തിലെ കലി പറയുന്നതുപോലെ ജയ പറഞ്ഞ വാക്കുകള്‍ പ്രതിപക്ഷങ്ങളുടെ ചങ്കിലാണ് ഏറ്റത്. ‘10 കക്ഷികള്‍ എനിക്കെതിരെ സഖ്യം തീര്‍ത്തുവന്നാലും എന്നെ തളര്‍ത്താനാവില്ല. ഞാന്‍ ജനങ്ങളുമായുള്ള സഖ്യത്തിലാണ്. ഞാന്‍ അവരെയും അവര്‍ എന്നെയും അത്രമേല്‍ വിശ്വസിക്കുന്നു’. തനിക്കെതിരെ വാളോങ്ങുന്നവരെ നിയമം കൊണ്ട് ഭീഷണിപ്പെടുത്താന്‍ അവര്‍ എന്നും ബദ്ധശ്രദ്ധയായിരുന്നു. ഇരുനൂറിലധികം മാനനഷ്ടക്കേസുകളാണ് രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അവര്‍ ഫയല്‍ ചെയ്തത്. അവര്‍ പലപ്പോഴും ധിക്കാരിയുടെ കാതല്‍ ആകുന്നത് പ്രവൃത്തിയുടെ മുന്‍തൂക്കത്തിലൂടെയാണ്.

ജയലളിതയുടെ ജീവന്‍ നിശ്ചലമായാല്‍ എ.ഐ.എ.ഡി.എം.കെ എന്ന പാര്‍ട്ടി അനാഥമാകുമെന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് മന്ത്രിമാരെ ഇടക്കിടെ പുറത്താക്കിയും നേതാക്കളെ സസ്പെന്‍ഡ് ചെയ്തുമൊക്കെ അവര്‍ ഭീതി പടര്‍ത്തുന്നത്. ഒരു ചീട്ടുകൊട്ടാരംപോലെ പാര്‍ട്ടി ശിഥിലമാകുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. ശശികല അടങ്ങുന്ന ‘മണ്ണാര്‍ക്കുടി മാഫിയ’ക്ക് പാര്‍ട്ടിയെ രക്ഷിക്കാനാവില്ല. ഇനി ആശുപത്രി കിടക്കയില്‍നിന്ന് പുറത്തുവന്നാല്‍തന്നെ പൂര്‍വാധികം ശക്തിയോടെ എതിര്‍പ്പുകളെ നേരിടാന്‍ അവര്‍ക്ക് ആകുമോ? അപ്പോളോ ആശുപത്രിയുടെ മുന്നില്‍ ആകാംക്ഷയോടെ തടിച്ചുകൂടി നില്‍ക്കുന്ന സാധാരണക്കാരന്‍െറ മുഖത്ത് ഈ ചോദ്യം നിഴലിക്കുകയാണ്.

Tags:    
News Summary - jayalalitha mgr relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.