വെള്ളമില്ലെങ്കിൽ എന്ത് ജനകീയാസൂത്രണം?


ഓടുന്ന വെള്ളത്തെ നടത്തുക
നടക്കുന്ന വെള്ളത്തെ ഇരുത്തുക
ഇരിക്കുന്ന വെള്ളത്തെ കിടത്തുക
കിടക്കുന്ന വെള്ളത്തെ ഉറക്കുക...

 ഒമ്പതാം പഞ്ചവത്സരപദ്ധതിക്കാലത്ത്,  ജനകീയാസൂത്രണ പ്രസ്​ഥാനത്തി​െൻറ തുടക്കത്തിൽ, നീർത്തടാധിഷ്ഠിത വികസനവുമായി ബന്ധപ്പെട്ട്  ഏറെ ഉദ്ധരിക്കപ്പെട്ടതാണ് ഈ മന്ത്രം. 20 വർഷത്തിനുശേഷവും  മഴവെള്ളം നടക്കാനോ ഇരിക്കാനോ പഠിച്ചില്ല. അത് അതിവേഗം ഓടിക്കൊണ്ടിരിക്കുന്നു, കടൽ നിറക്കാമെന്ന വാശിയിൽ, ഭൂമിയിൽ നിൽക്കാനാവാതെ.

ഈ നീർത്തടവീക്ഷണം ഒരു സ്​പൂൺ കർമമെങ്കിലുമായി തീർന്നിരുന്നെങ്കിൽ ഇന്ന് കേരളം നേരിടുന്ന കൊടുംവരൾച്ചയെ ഒരു പരിധിവരെ പിടിച്ചുനിർത്താൻ പറ്റുമായിരുന്നു. ഒമ്പതാം പഞ്ചവത്സരപദ്ധതിക്കാലത്ത് (1996–2001) വിവിധ ജനവിഭാഗങ്ങളെയും സ്​ഥാപനങ്ങളെയും വിദഗ്ധരെയും അണിനിരത്തി ജനകീയാസൂത്രണത്തിന് ഒരു ജനകീയപ്രസ്​ഥാനത്തി​െൻറ രൂപഭാവങ്ങൾ നൽകുന്നതിൽ അന്നത്തെ ഇടതുപക്ഷസർക്കാർ ഒരു പരിധിവരെ വിജയിച്ചെന്ന്  പറയാൻ സാധിക്കും. കർമസമിതികൾ, ഗുണഭോക്തൃസമിതികൾ, ബ്ലോക്ക്തല സാങ്കേതിക സമിതികൾ, മൂല്യനിർണയസമിതികൾ, റിസോഴ്സ്​ പേഴ്സൻസ്​ തുടങ്ങിയ തുറസ്സുകൾ സൃഷ്​ടിച്ചുകൊണ്ട് പദ്ധതിയുടെ ആസൂത്രണ–നിർവഹണതലങ്ങളിൽ   ജനപങ്കാളിത്തവും സുതാര്യതയും ഉറപ്പുവരുത്താൻ ശ്രമിക്കുകയുണ്ടായി.

അതായത്, 1994ൽ പഞ്ചായത്തീരാജ് 73, 74 ഭരണഘടനാ ഭേദഗതിവഴി സജ്ജമായ പങ്കാളിത്തവികസനം എന്ന ആശയത്തിന് പ്രയോഗരൂപങ്ങൾ  നൽകാൻ അപ്രകാരം സാധിച്ചിരുന്നു. അഴിമതി വികേന്ദ്രീകരിച്ചു, ലോകബാങ്ക് അജണ്ട നടപ്പാക്കി, പതിവുപോലെ പാലവും റോഡുംതന്നെ വികസനപ്രവർത്തനങ്ങളായി തീർന്നു തുടങ്ങിയ വിമർശനങ്ങൾ വ്യാപകമായി ഉയർന്നുവെങ്കിലും പ്രാദേശികാസൂത്രണത്തിന് ലഭിച്ച ഈന്നൽ, പഞ്ചായത്തീരാജ് സ്​ഥാപനങ്ങൾക്കുണ്ടായ കൂടിയ വിഭവലഭ്യത, ജനപങ്കാളിത്തം, വികസനത്തിൽ ലിംഗനീതി ഒരു ഘടകമായി ഉൾക്കൊള്ളിക്കൽ, സ്​ത്രീകളുടെ സാമൂഹികമായ ദൃശ്യത എന്നിങ്ങനെ  കേരളത്തിൽ ഗുണപരമായ ധാരാളം ഫലങ്ങൾ ജനകീയാസൂത്രണത്തിന് സൃഷ്​ടിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, തുടർന്ന് 10, 11, 12 പഞ്ചവത്സരപദ്ധതിക്കാലത്ത് ഇടതു–വലത് സർക്കാറുകൾ മാറിമാറി ഭരിച്ചെങ്കിലും  ജനകീയാസൂത്രണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനോ അതിന്  തുടർച്ച സൃഷ്​ടിക്കുന്നതിനോ  പ്രത്യേകം താൽപര്യം പ്രകടിപ്പിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്.

ഈ ജനുവരി 21ന്  തൃശൂരിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 13ാം പഞ്ചവത്സരപദ്ധതി (2017–2022)  ജനകീയാസൂത്രണം രണ്ടാം ഘട്ടം എന്ന നിലയിൽ നടപ്പാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. ഒമ്പതാം പഞ്ചവത്സരപദ്ധതിക്കാലത്ത് ജനകീയാസൂത്രണത്തിന് മുഖ്യമായും നേതൃത്വം കൊടുത്ത തോമസ്​ ഐസക് ഉൾപ്പെടെ അരഡസൻ മന്ത്രിമാരെയും, തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളിലെ ജനപ്രതിനിധികളും സന്നദ്ധസേവകരും ഉദ്യോഗസ്​ഥരുമടങ്ങുന്ന ഭാരിച്ച സദസ്സിനെയും മുൻനിർത്തി മുഖ്യമന്ത്രി ഈ പ്രസ്​താവന നടത്തിയപ്പോൾ അന്തരീക്ഷത്തിൽ പ്രത്യേകിച്ച് ഒരു ആവേശവും അനുഭവപ്പെട്ടില്ല. ഒരു സർക്കാർവിലാസം പദ്ധതി പ്രഖ്യാപനം നടത്തുമ്പോഴുണ്ടാവുന്ന ഒരു തണുത്ത പ്രതികരണം മാത്രമാണ് കാണാൻ കഴിഞ്ഞത്. ഒരുപക്ഷേ ആശയപരമായും പ്രായോഗികമായും രണ്ടാം ഘട്ടം എങ്ങനെയാകണമെന്നതിനെ സംബന്ധിച്ച സുവ്യക്തചിത്രം രൂപപ്പെടാത്തതുകൊണ്ടാകാം അത്. തൽക്കാലം ആ ആശങ്ക മാറ്റിവെച്ചാലും ജനകീയാസൂത്രണ പ്രസ്​ഥാനത്തി​െൻറ പരിമിതികളെക്കുറിച്ചുള്ള വിലയിരുത്തലിൽ ഒരു വലിയ വിടവുണ്ട് എന്ന കാര്യം പറയാതെവയ്യ.

രണ്ടാംഘട്ട ജനകീയാസൂത്രണത്തി​െൻറ ഭാഗമായി പരിശീലനാർഥികൾക്കുവേണ്ടി തയാറാക്കിയ കൈപ്പുസ്​തകത്തി​െൻറ ആമുഖത്തിൽ മൂന്ന് പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആസൂത്രണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാതിരിക്കൽ, പദ്ധതിക്കുവേണ്ടി പദ്ധതി തയാറാക്കൽ, ആസൂത്രണപ്രക്രിയയിൽ ജനപങ്കാളിത്തത്തി​െൻറ കുറവ് എന്നിങ്ങനെ. ഈ നിരീക്ഷണങ്ങൾ വസ്​തുതപരമല്ലെന്ന് ആരും പറയില്ല. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്തുകൊണ്ട് പരാമർശിക്കപ്പെട്ടില്ല എന്ന ചോദ്യം ബാക്കിനിൽക്കുന്നു. ഉദ്ഘാടനസമ്മേളനത്തിലും അക്കാര്യം ആരും സൂചിപ്പിക്കുകയുണ്ടായില്ല. ഒമ്പതാം പഞ്ചവത്സരപദ്ധതിക്കാലത്ത് ഏറെ മുഴങ്ങിക്കേട്ട നീർത്തടാധിഷ്ഠിതവികസനം  എന്ന സങ്കൽപത്തിന് എന്ത് സംഭവിച്ചു എന്ന കാര്യം? മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയുടെ സുസ്​ഥിരവിനിയോഗത്തിനും പരിപോഷണത്തിനും പറ്റിയ വികസനയൂനിറ്റ് വാർഡല്ല, വാട്ടർഷെഡ് ആണ് എന്നാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. 20 വർഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ അക്കാര്യത്തിൽ എന്തു സംഭവിച്ചു എന്നു പറയേണ്ട ബാധ്യത എന്തായാലും സർക്കാറിനുണ്ട്.

പഞ്ചായത്തുകൾക്ക് നൽകിയ പ്ലാൻഫണ്ട് വാർഡ് അടിസ്​ഥാനത്തിൽ വീതംവെക്കുന്ന പരിപാടിയാണ് കഴിഞ്ഞ നാലു പഞ്ചവത്സരപദ്ധതിക്കാലത്തും നടന്നത് എന്നതാണ് സത്യം. ഒറ്റപ്പെട്ട ചില ശ്രമങ്ങൾ മാത്രമാണ് നീർത്തടവികസനത്തി​െൻറ കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്. ശാസ്​ത്രീയമായും ഉദ്ഗ്രഥിതസ്വഭാവത്തോടുകൂടിയും നീർത്തടാധിഷ്ഠിത പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നെങ്കിൽ ഈ വരൾച്ചക്കാലം സുഗമമായി നമുക്ക് അതിജീവിക്കാൻ സാധിക്കുമായിരുന്നു. ആഗോളതാപനം, കാലാവസ്​ഥ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ആഗോളകരാറുകൾ ഏട്ടിലെ പശുവായിക്കൊണ്ടിരിക്കുന്ന കാലത്ത് ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ശരണം. കേരളത്തിൽ കുടിവെള്ളക്ഷാമം ഇപ്പോൾതന്നെ  ആരംഭിച്ചുകഴിഞ്ഞു. 

കഴിഞ്ഞ നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് കേരളം നേരിടുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. സാധാരണഗതിയിൽ  ശരാശരി  3000 മില്ലിമീറ്റർ വർഷപാതമാണ് കേരളത്തിൽ ലഭിക്കുന്നത്. അതിൽ 60 ശതമാനവും തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽനിന്നാണ്. എന്നാൽ, ഈ വർഷം അതിൽനിന്ന് ലഭിച്ചത് വെറും 34 ശതമാനമാണ്. തുലാവർഷവും വളരെ ശോഷിച്ചു. ഇനി പൂർണമായ അളവിൽ മഴ ലഭിച്ചാലും അത് മണ്ണിൽ തങ്ങുന്നില്ല. റോഡുകൾ, കോൺക്രീറ്റുകൾ സിമൻറ്മുറ്റങ്ങൾ എന്നിവ കേരളത്തി​െൻറ സിംഹഭാഗവും അപഹരിച്ചിരിക്കുന്നതിനാൽ വെള്ളം കുത്തനെ ഒലിച്ചുപോകുന്നു. കേരളം പടിഞ്ഞാറോട്ട് കുത്തനെ ചരിഞ്ഞുകിടക്കുന്നതുമൂലം മഴവെള്ളത്തി​െൻറ 40 ശതമാന വും സാധാരണഗതിയിൽ കടലിൽ ചെന്നു ചേരുകയാണ് പതിവ്. നേരത്തേ സൂചിപ്പിച്ച രീതിയിലുള്ള വികസനം അതി​െൻറ അളവ് വളരെ കൂട്ടുകയും ചെയ്തിരിക്കുന്നു. ഈ ഒഴുക്കിനെ നിയന്ത്രിക്കുകയും  (നിർത്തുകയല്ല) പെയ്യുന്ന മഴയുടെ കുറച്ചു ഭാഗമെങ്കിലും  ഭൂഗർഭത്തിലേക്ക് പറഞ്ഞയക്കുകയും ചെയ്താൽതന്നെ വലിയ അളവിൽ വാട്ടർ ഡെപ്പോസിറ്റ് നമുക്ക് ഉണ്ടാക്കാൻ സാധിക്കും. ജലത്തി​െൻറ ബാങ്ക് ഭൂഗർഭമാണ്. അത് പരിപോഷിപ്പിച്ച് അതി

​െൻറ പലിശകൊണ്ട് ജീവിക്കുന്നതിന് പകരം കുഴൽക്കിണറുകൾ വ്യാപിപ്പിച്ച് വിത്ത് കുത്തി തിന്നുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്.  നീർത്തടാധിഷ്ഠിതരീതിയിൽ മണ്ണ്–ജലസംരക്ഷണത്തിനുള്ള ഒരു നീക്കവും നടക്കുന്നില്ല. രാമേശ്വരംക്ഷൗരംപോലെയുള്ള ജലസംരക്ഷണപ്രവർത്തനങ്ങളാണ് ഇപ്പോഴും നടക്കുന്നത്.

നീർത്തടാധിഷ്ഠിതസമീപനം ഫലപ്രദമല്ല എന്ന വിചാരംകൊണ്ടാണോ സർക്കാർ അതിന് പ്രാധാന്യം നൽകാതിരിക്കുന്നത്. അതാകാൻ തരമില്ല. കാരണം മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിന്  ഈ സമീപനരീതി എത്രമാത്രം ഫലപ്രദമാണെന്ന് തെളിയിച്ച ജീവസ്സുറ്റ ഉദാഹരണമാണ് അട്ടപ്പാടി. കേരളത്തിൽ എല്ലായിടത്തും ഭൂഗർഭജലം കുറഞ്ഞുകൊണ്ടിരുന്നപ്പോൾ അത് അതിവേഗം പരിപോഷിച്ചുകൊണ്ടിരുന്ന ഒരു പ്രദേശമാണ് അട്ടപ്പാടിയെന്ന് കേരള യൂനിവേഴ്സിറ്റിക്കുവേണ്ടി ഡോ. രാജേഷ് നടത്തിയ പഠനം  വ്യക്തമാക്കിയിരുന്നു. വർഷങ്ങൾക്കുമുമ്പ് വറ്റിപ്പോകുകയും മഴപെയ്യുമ്പോൾ മാത്രം ഒഴുകുകയും ചെയ്തിരുന്ന

കൊടങ്ങരപ്പള്ളം പുനർജനിക്കാൻ തുടങ്ങിയതും അന്ന് വാർത്തയായിരുന്നു. അഹാഡ്സ്​ സ്വീകരിച്ച നീർത്തടാധിഷ്ഠിത വികസനത്തി​െൻറയും അതിന് പാകത്തിൽ രൂപവത്കരിച്ച ജനകീയസമിതികളുടെയും ഫലമായിരുന്നു അട്ടപ്പാടിയിലെ ഈ നേട്ടങ്ങൾ. കേരളത്തിലെ ചില പഞ്ചായത്തുകളിലെങ്കിലും ഒറ്റപ്പെട്ട രീതിയിലാണെങ്കിലും, നീർത്തടാധിഷ്ഠിതരീതികൾ പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുണ്ട് എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

അതുകൊണ്ട് കാലത്തി​െൻറ ശബ്ദം സത്യസന്ധമായി കേൾക്കുന്നുവെങ്കിൽ 13ാം പഞ്ചവത്സരപദ്ധതി നീർത്തടാധിഷ്ഠിതരീതിയിൽ നടപ്പാക്കാൻ നിഷ്കർഷിക്കേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങളുടെ പരിപാലനത്തിന് ശാസ്​ത്രീയവും സുസ്​ഥിരവുമായ സമീപനം അനിവാര്യമാണ്. നീർത്തടാധിഷ്ഠിതസമീപനം തൃണമൂൽതലത്തിൽതന്നെ പിന്തുടരുക മാത്രമാണ് അതിനുള്ള പോംവഴി. രണ്ടാം പഞ്ചവത്സരപദ്ധതി ആ ദിശയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വഴികളെക്കുറിച്ചാണ് സർക്കാർ ചിന്തിക്കേണ്ടത്. കേരളത്തി​െൻറ മുഴുവൻ പ്രദേശങ്ങളുടെയും നീർത്തടമാപ്പുകൾ ഒമ്പതാം പഞ്ചവത്സരപദ്ധതിക്കാലത്തുതന്നെ കേരള പ്ലാനിങ് ബോർഡ് തയാറാക്കിയിട്ടുള്ളതാണ്.

Tags:    
News Summary - if not water then why for public planing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.