ഹജ്ജ് സബ്സിഡിക്കു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍

മുസ്ലിം സമുദായം ഹജ്ജ് സബ്സിഡി സ്വയം ഉപേക്ഷിക്കണമെന്നും സര്‍ക്കാറിന്‍െറ സബ്സിഡി വാങ്ങാതെ ഹജ്ജിന് പോകണമെന്നുമുള്ള മന്ത്രി കെ.ടി. ജലീലിന്‍െറ പ്രസ്താവനകള്‍, സര്‍ക്കാര്‍ ഖജനാവില്‍നിന്ന് അഥവാ, പൊതുസമൂഹത്തിന്‍െറ നികുതി പണത്തില്‍നിന്ന് ഭീമമായ തുക ചെലവഴിച്ചുകൊണ്ടാണ് ഓരോ തീര്‍ഥാടകനും ഹജ്ജിന് പോകുന്നതെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്നു. ഹജ്ജ് സീസണില്‍ മാത്രം ഇന്ത്യയില്‍നിന്ന് ജിദ്ദയിലേക്കുള്ള വിമാനയാത്ര കൂലി, സാധാരണ നിരക്കിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ച് എയര്‍ഇന്ത്യയും വ്യോമയാന വകുപ്പും തീര്‍ഥാടകരെ കൊടുംചൂഷണം ചെയ്യുന്നതിനെക്കുറിച്ച് മന്ത്രി മൗനം പാലിക്കുന്നു.

ഉത്സവ സീസണുകളില്‍ കച്ചവടവസ്തുക്കള്‍ക്ക് 20 ശതമാനത്തോളം വില വര്‍ധിപ്പിച്ച് പരസ്യവില രേഖപ്പെടുത്തിയശേഷം അഞ്ച് ശതമാനം ഡിസ്കൗണ്ട് നല്‍കുന്നത് പോലെയാണ് ഹജ്ജ് സബ്സിഡി എന്ന വസ്തുത വിസ്മരിക്കുന്നു. സാധാരണനിലയില്‍ നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടിയോളം ചാര്‍ജ് വര്‍ധിപ്പിച്ചുകൊണ്ടാണ് വ്യോമയാന വകുപ്പ് ഹജ്ജ് യാത്രക്കായുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിക്കുന്നത്. അതില്‍പിന്നെ അല്‍പം ഇളവ് അഥവാ, ഡിസ്കൗണ്ട് ഹാജിമാര്‍ക്ക് സബ്സിഡിയെന്ന പേരില്‍ പ്രഖ്യാപിക്കുന്നു. ഈ ഡിസ്കൗണ്ട് അഥവാ, സബ്സിഡി സ്വയം വേണ്ടെന്നുവെച്ച് എയര്‍ ഇന്ത്യക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ സാധാരണ നിരക്കിന്‍െറ മൂന്നിരട്ടി നല്‍കാന്‍ മുസ്ലിം സമുദായം സ്വയം തയാറാകണമെന്ന് പറയുന്നതിന്‍െറ അര്‍ഥം ചൂഷണത്തിന് തലവെച്ചുകൊടുക്കണമെന്നാണ്.

വിമാനചാര്‍ജിന്മേലുള്ള സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുമ്പോള്‍, സാധാരണ നിരക്കിനേക്കാള്‍ ഹജ്ജ് സീസണില്‍ മാത്രം അന്യായമായി മൂന്നിരട്ടിയോളം വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്കിന്മേലാണ് സബ്സിഡി അനുവദിക്കുന്നതെന്നും ഇപ്രകാരം സബ്സിഡി അനുവദിച്ച ശേഷമുള്ള ടിക്കറ്റ് നിരക്കുതന്നെയും സാധാരണനിരക്കിനേക്കാള്‍ ഇരട്ടിയോളം വരുമെന്ന വസ്തുത സുപ്രീംകോടതിയുടെ മുമ്പാകെ അവതരിപ്പിക്കുന്നതില്‍ സമുദായനേതൃത്വം പരാജയപ്പെട്ടു.

നേരിട്ടും അല്ലാതെയും പല മതവിഭാഗങ്ങളുടെയും തീര്‍ഥാടനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സഹായം നല്‍കാറുണ്ട്. ഹരിദ്വാറിലും ഉജ്ജൈനിലും മറ്റു പലയിടങ്ങളിലും നടക്കുന്ന കുംഭമേളകള്‍ക്കും മറ്റും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടികള്‍ ചെലവഴിക്കാറുണ്ട്. 2014ല്‍ 1,150 കോടി കേന്ദ്ര സര്‍ക്കാറും 11 കോടി ഉത്തര്‍പ്രദേശ് സര്‍ക്കാറും ചെലവഴിച്ചതായും ഉജ്ജൈനില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളക്ക് 3,400 കോടി രൂപ മധ്യപ്രദേശ് സര്‍ക്കാര്‍ ചെലവഴിച്ചതായും വാര്‍ത്തകള്‍ വന്നതാണ്. മുസ്ലിം സമുദായം ഇതിനെ ഒട്ടും വിമര്‍ശിച്ചിട്ടില്ല.

ഹജ്ജ് തീര്‍ഥാടകരുടെ വിമാനയാത്രകൂലി കേന്ദ്ര വ്യോമ മന്ത്രാലയം നിശ്ചയിക്കുന്നു. ഇപ്രകാരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന കൂലിയും ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈടാക്കുന്ന വിമാനക്കൂലിയും തമ്മിലുള്ള വ്യത്യാസത്തെയാണ് ഹജ്ജ് സബ്സിഡിയായി ചിത്രീകരിക്കുന്നത്. അങ്ങനെ ഹജ്ജ് സബ്സിഡി രാഷ്ട്രീയ വിഷയമാക്കി വോട്ടാക്കി മാറ്റാന്‍ മുസ്ലിംകളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപോലെ ശ്രമിക്കുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ വല്ല സബ്സിഡിയും ഹജ്ജ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നുണ്ടോ? 2016ല്‍ 450 കോടി രൂപയാണ് ഹജ്ജ് സബ്സിഡിക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയതെന്ന് പറയുന്നു.

 

ഒരു ലക്ഷം പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 2016ല്‍ ഹജ്ജിന് പോയത്. അപ്പോള്‍ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനുപോയ ഓരോരുത്തര്‍ക്കും വിമാന യാത്രക്കൂലിയിനത്തില്‍ 45,000 രൂപ ഇളവ് (സബ്സിഡി) ലഭിച്ചുവെന്ന് പൊതുജനം മനസ്സിലാക്കുന്നു. ഇത് യഥാര്‍ഥമാണോ? നേരത്തേ സൂചിപ്പിച്ച പോലെ ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍നിന്നുള്ള ഹജ്ജ് യാത്രക്കൂലി കേന്ദ്ര വ്യോമയാന വകുപ്പ് നിശ്ചയിക്കുന്നു. 2016ല്‍ ഇപ്രകാരം വിവിധ വിമാനത്താവളങ്ങളില്‍നിന്ന് ഹജ്ജ് യാത്രക്ക് നിശ്ചയിച്ച വിമാനക്കൂലിയുടെ ചാര്‍ട്ട് ശ്രദ്ധിക്കുക.

ഇപ്രകാരം നിശ്ചയിച്ചശേഷം 2016ല്‍ ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് 45,000 രൂപയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വിമാനക്കൂലിയായി ഈടാക്കിയത്. ഇപ്രകാരം വ്യോമയാന വകുപ്പ് നിശ്ചയിച്ച വിമാനക്കൂലിയും ഹജ്ജ് കമ്മിറ്റി ഈടാക്കിയ വിമാനക്കൂലിയും തമ്മിലുള്ള വ്യത്യാസത്തെ ഹജ്ജ് സബ്സിഡിയായി വിലയിരുത്തുന്നു. ഇത് പെരുപ്പിച്ച കണക്കുകളാണ്. യഥാര്‍ഥത്തില്‍ വിമാനക്കൂലി ഇത്രയും വരുമോ? ഉദാഹരണമായി കേരളത്തില്‍നിന്നുള്ള (നെടുമ്പാശ്ശേരി) വിമാനക്കൂലി പരിഗണിക്കാം. നെടുമ്പാശ്ശേരിയില്‍നിന്ന് ഹാജിമാര്‍ക്കുള്ള വിമാനക്കൂലിയായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത് 60,185 രൂപയാണ്. എന്നാല്‍, 25,000 രൂപക്ക് താഴെയാണ് ഹജ്ജ് സീസണ്‍ അല്ലാത്തപ്പോഴുള്ള സാധാരണ നിരക്ക്.

ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ സംഘടിപ്പിക്കുന്ന ഉംറ തീര്‍ഥാടനത്തിന് വിമാനക്കൂലിയും താമസവാടകയും ഭക്ഷണചെലവും മറ്റു ചെലവുകളും അവരുടെ ലാഭവും എല്ലാം ഉള്‍പ്പെടെ ഈടാക്കുന്നത് 50,000  മുതല്‍ 55,000  രൂപ വരെയാണ്. ഹജ്ജ് കമ്മിറ്റി വിമാനക്കൂലിയായി 60,185 രൂപ നിശ്ചയിച്ചുകൊണ്ട് സബ്സിഡി കഴിച്ച് 45,000 രൂപ ഈടാക്കുന്ന സ്ഥാനത്താണ് ട്രാവല്‍ ഏജന്‍സികള്‍ വിമാനക്കൂലിയും താമസസ്ഥലത്തെ വാടകയും ഭക്ഷണചെലവും മറ്റെല്ലാ ചെലവുകളും അവരുടെ ലാഭവിഹിതവും എല്ലാം ഉള്‍പ്പെടെ 55,000 രൂപ മാത്രം ഈടാക്കുന്നത്. അപ്പോള്‍ യഥാര്‍ഥത്തില്‍ ഹാജിമാര്‍ക്ക് ലഭിക്കാത്ത ഈ ‘സബ്സിഡി’ എങ്ങോട്ടാണ് പോകുന്നത്? പൊതുമേഖല സ്ഥാപനമായ എയര്‍ഇന്ത്യയല്ളേ ഈ ഹജ്ജ് സബ്സിഡിയുടെ ഗുണഭോക്താവ്. എയര്‍ ഇന്ത്യയുടെ നഷ്ടം (?) നികത്താന്‍ സര്‍ക്കാര്‍ വല്ലതും നല്‍കുന്നുവെങ്കില്‍ അതിന് ഹജ്ജ് സബ്സിഡിയെന്ന് പേര്‍ വിളിക്കുന്നത് മുസ്ലിംകളെ പ്രീണിപ്പിക്കാനും മുസ്ലിം വിരുദ്ധരെ പ്രകോപിപ്പിക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ.

ഹജ്ജ് സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതോടെ ‘സബ്സിഡി’ നിരക്ക് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയും ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കകം പൂര്‍ണമായും അവസാനിക്കുകയും ചെയ്യാനിരിക്കുകയാണ്. അപ്പോള്‍ പിന്നെ കേന്ദ്ര വ്യോമയാന വകുപ്പ് നിശ്ചയിക്കുന്ന വന്‍തുക വിമാനക്കൂലിയായി ഹജ്ജ് തീര്‍ഥാടകര്‍ നല്‍കേണ്ടിവരും. എയര്‍ ഇന്ത്യക്ക് ലാഭമുണ്ടാക്കാന്‍ ഹജ്ജ് തീര്‍ഥാടകരെ ചൂഷണം ചെയ്യുമെന്നര്‍ഥം. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഒരു സബ്സിഡിയും വേണ്ട. എന്നാല്‍, വിമാനക്കമ്പനികളുടെ കൊള്ളലാഭത്തിന് ചൂഷണം ചെയ്യപ്പെടാതിരിക്കുകയും വേണം. ഇതെല്ലാം മറച്ചുവെച്ച് മുസ്ലിം സമുദായത്തിനുവേണ്ടി ഹജ്ജ് സബ്സിഡിയായി കേന്ദ്ര സര്‍ക്കാര്‍ ഭീമമായ തുക ചെലവഴിക്കുന്നുവെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.

(സംസ്ഥാന ഹജ്ജ് കമ്മിറ്റി മുന്‍. അസി. സെക്രട്ടറിയാണ്​ ലേഖകൻ )

 

Tags:    
News Summary - haj subsidy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.