കോടതി വിധിക്കുശേഷം കമാൽ മൗല മസ്ജിദിനുള്ളിൽ പൂജ നിർവഹിക്കുന്നു.പള്ളിയുടെ മിഹ്റാബും കാണാം

1980കളിൽ രാജ്യമാകെ ഹിന്ദുത്വവാദികൾ ഉയർത്തിയൊരു ആക്രോശ മുദ്രാവാക്യമുണ്ട്: ‘‘അയോധ്യ-ബാബരി സിർഫ് ജാൻകി ഹെ, കാശി-മഥുര അബ് ബാക്കി ഹെ!’’ ബാബരി മസ്ജിദ് ധ്വംസനവും തുടർന്ന് ബാബരി ഭൂമിയിൽ രാമക്ഷേത്ര നിർമാണവും അജണ്ടയാക്കി ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ നടത്തിയ ആ വിദ്വേഷവാക്കുകളെ സാമാന്യമായി ഇങ്ങനെ പരാവർത്തനം ചെയ്യാം: അയോധ്യയും ബാബരി മസ്ജിദും കേവലം മുന്നൊരുക്കം മാത്രമാണ്; കാശിയിലെയും മഥുരയിലെയും മുസ്ലിം ആരാധനാലയങ്ങൾ ഇനിയും ബാക്കികിടക്കുന്നു. അത് കേവല മുദ്രാവാക്യമായിരുന്നില്ലെന്ന് 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതോടെ വ്യക്തമായി.

2019 നവംബറിൽ, ബാബരി ഭൂമി രാമക്ഷേത്ര നിർമാണത്തിനായി വിട്ടുനൽകി ‘അയോധ്യ പ്രശ്നം’ അവസാനിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോഴും സംഘ്പരിവാർ നേതാക്കളും പ്രവർത്തകരും ഇതേ മുദ്രാവാക്യം ആവർത്തിച്ചു. കേവലമൊരു ആഹ്ലാദപ്രകടനത്തിന്റെ ആവേശത്തിൽ ഉയർന്നുകേട്ടതായിരുന്നില്ല അത്; കേന്ദ്രഭരണകൂടത്തിന്റെ തണലിൽ ഹിന്ദുത്വ അതിന്റെ അജണ്ടകൾ ഓരോന്നായി നടപ്പാക്കിത്തുടങ്ങുമെന്നതിന്റെ വിളംബരമായിരുന്നു അതെന്ന് വ്യക്തമായി.

ആദ്യം ബാബരി ഭൂമിയിൽ രാമക്ഷേത്രം തുറന്നുകൊടുത്തു; അതിനിടയിൽ, ബാക്കിവെച്ചുവെന്ന് വിളംബരം ചെയ്യപ്പെട്ട സ്ഥലങ്ങൾ കൈപ്പിടിയിലൊതുക്കാനുള്ള നടപടികൾക്കും തുടക്കംകുറിച്ചു. അങ്ങനെയാണ് വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ശാഹി ഈദ്ഗാഹ്, സംഭലിലെ ശാഹി ജമാ മസ്ജിദ് തുടങ്ങിയ മുസ്‍ലിം ആരാധനാലയങ്ങളെല്ലാം ‘തർക്ക മന്ദിര’ങ്ങളായതും അതിൽ ചിലതെല്ലാം ഹിന്ദുക്കൾക്ക് പൂജക്കായി തുറന്നുകൊടുത്തതും. അക്കൂട്ടത്തിൽ ഒടുവിലത്തേതാണ് മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്.

ഒരു മസ്ജിദ് തർക്ക മന്ദിരമാകുന്ന വിധം

14ാം നൂറ്റാണ്ടിൽ അലാഉദ്ദീൻ ഖിൽജിയുടെ കാലത്ത് ഇന്ദോറിലെ ധാറിൽ നിർമിച്ച പള്ളിയാണ് കമാൽ മൗല മസ്ജിദ്. 1306ൽ, ഹസ്റത്ത് കമാലുദ്ദീൻ ചിശ്തി സ്ഥാപിച്ച പള്ളിയാണിതെന്നാണ് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. അദ്ദേഹത്തിന്റേതുൾപ്പെടെ നിരവധി സൂഫിവര്യന്മാരുടെ ദർഗകൾകൂടി സ്ഥിതിചെയ്യുന്ന ഈ പള്ളി നൂറ്റാണ്ടുകളോളം പ്രദേശത്തെ മുസ്‍ലിംകൾ ആരാധനക്കായി ഉപയോഗിച്ചു. ഇന്ദോറിലെ പ്രധാന സൂഫീ കേന്ദ്രമായും ഇതറിയപ്പെട്ടു. 1903ൽ, ബ്രിട്ടീഷ് സർക്കാറിന്റെ ആർക്കിയോളജി വകുപ്പ്, പള്ളിയുടെ ചരിത്ര-പൈതൃക പ്രാധാന്യം മനസ്സിലാക്കി ഏറ്റെടുക്കുയും അവിടെ ആരാധനകൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പിന്നീട്, 1935 മുതൽ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിന് പള്ളി തുറന്നുകൊടുത്തു. 80കളുടെ അവസാനം വരെ കാര്യമായ പ്രശ്നങ്ങളില്ലാതെ പോവുകയായിരുന്നു. അപ്പോഴാണ് മേൽ സൂചിപ്പിച്ച ‘ബാബരി മുദ്രാവാക്യം’ ഉയർന്നുതുടങ്ങിയത്.

ഇന്ദോറിലും അത് ആഞ്ഞുമുഴങ്ങി; ബാബരി ധ്വംസനത്തോടെ പുതിയ കഥകളുടെയും പുരാവൃത്തങ്ങളുടെയും അകമ്പടിയോടെയായി അത്. അതിങ്ങനെയാണ്: 1034ൽ, അഥവാ ഖിൽജി ഭരണത്തിനും മൂന്ന് നൂറ്റാണ്ട് മുമ്പ് ഭോജ മഹാരാജാവ് സ്ഥാപിച്ച സരസ്വതീ ക്ഷേത്രത്തിന്റെ മുകളിലാണ് ആ പള്ളി സ്ഥാപിതമായത്. അങ്ങനെയാണ് അത് ഭോജ്ശാല ആയത്. പിന്നീട്, 1305 അലാഉദ്ദീൻ ഖിൽജി ക്ഷേത്രം ആക്രമിച്ചു. 1401ൽ, മാൽവ ഗവർണർ ദിൽവാർഖാൻ ക്ഷേത്രം പള്ളിയാക്കി മാറ്റി. പിന്നീട് സുൽത്താൻ മുഹമ്മദ് ഷാ ഖിൽജി ക്ഷേത്രാവശിഷ്ടങ്ങളെല്ലാം തച്ചുടച്ച് അതൊരു സമ്പൂർണ മസ്ജിദാക്കി മാറ്റി. ഈ ‘ചരിത്രം’ പ്രചരിക്കപ്പെട്ടതോടെയാണ് അയോധ്യ മോഡലിൽ അതൊരു നിയമ വ്യവഹാരമായി പരിണമിച്ചത്. 1995ൽ തുടങ്ങിയ പോരാട്ടമാണ് (ഇതേ സമയത്തുതന്നെയാണ് ഗ്യാൻവ്യാപിക്കായി അവകാശവാദമുന്നയിച്ച് ആദ്യ ഹരജി പോയത്). ഇക്കഴിഞ്ഞ മേയ് 15ന് മധ്യപ്രദേശ് ഹൈകോടതി വിഷയത്തിൽ വിധി പറഞ്ഞിരിക്കുന്നു.

കമാൽ മൗല മസ്ജിദും ദർഗയുമെല്ലാം ഉൾപ്പെടെയുള്ള ‘ഭോജ്ശാല സമുച്ചയം’ (ഈ പ്രയോഗം നിയമവ്യവഹാരങ്ങൾക്കുശേഷം രൂപപ്പെട്ടതാണ്) സരസ്വതി ക്ഷേത്രമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) കണ്ടെത്തൽ ശരിവെച്ചിരിക്കുകയാണ് മധ്യപ്രദേശ് ഹൈകോടതി. തുടർന്ന് അവിടെ ജുമുഅ നമസ്കാരം വിലക്കിക്കൊണ്ട് ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, അലോക് അവസ്ഥി എന്നിവരടങ്ങിയ രണ്ടംഗ ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം, പ്രത്യേക ഉത്തരവിലൂടെ ‘തർക്കസ്ഥലം’ ഹിന്ദു മതവിശ്വാസികൾക്ക് രണ്ടുനേരം നിത്യപൂജക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

ആരാധനാലയ നിയമത്തിന് ദയാവധം

90കളിൽ ബാബരി ഭൂമിക്കുവേണ്ടി കോടതിക്കകത്തും പുറത്തും നടന്നുകൊണ്ടിരുന്ന മുറവിളികൾക്ക് സമാന്തരമായി മുന്നോട്ടുപോയ ‘കാശി-മഥുര ബാക്കി ഹെ’ കാമ്പയിൻ മറ്റൊരു തർക്കത്തിലേക്കും കലാപത്തിലേക്കും വഴിമാറുമെന്ന ഘട്ടത്തിൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ കോൺഗ്രസ് സർക്കാർ ഒരു നിയമം കൊണ്ടുവന്നു. അതാണ് വിഖ്യാതമായ ‘ആരാധനാലയ നിയമം’ (പ്ലേസസ് ഒാഫ് വർഷിപ് ആക്ട് 1991). ഈ നിയമമനുസരിച്ച്, രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്റ്റ് 15ന് ഉണ്ടായിരുന്ന അവസ്ഥയിൽതന്നെ നിലനിൽക്കും; ഇതുസംബന്ധിച്ച് കോടതി വ്യവഹാരങ്ങൾ പാടുള്ളതുമല്ല. അഥവാ, ഏതെങ്കിലുമൊരു ആരാധനാലയത്തിന് ഇതര വിശ്വാസികൾ അവകാശത്തർക്കമുന്നയിച്ചാൽ, കോടതി നോക്കുക 1947 ആഗസ്റ്റ് 15ന് പ്രസ്തുത ആരാധനാലയം ആരുടെ കൈവശമായിരുന്നു എന്നാണ്.

അവർക്കായിരിക്കും അതിന്റെ ഉടമസ്ഥാവകാശം. ഈ നിയമത്തിൽ ആകെ ഇളവ് ലഭിച്ചത് ബാബരി മസ്ജിദ് വിഷയത്തിൽ മാത്രമാണ്. ബാബരി ഭൂമിയിലേതിന് സമാനമോ അതിനേക്കാൾ ഭീകരമോ ആയേക്കാവുന്ന മറ്റനേകം ‘കർസേവ’കൾ ഒഴിവാക്കുന്നതിനും രാജ്യത്തെ പല ആരാധനാലയങ്ങളും അതുപോലെത്തന്നെ നിലനിൽക്കുന്നതിനും കാരണമായത് ഈ നിയമംമൂലമാണ്. അല്ലായിരുന്നുവെങ്കിൽ ‘അധിനിവേശ’ത്തിന്റെ ഇല്ലാകഥകൾ ചമച്ച് ന്യൂനപക്ഷ മതങ്ങളുടെ പല ആരാധനാലയങ്ങളും തകർക്കപ്പെട്ടേനെ. രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് വലിയൊരളവിൽ സുരക്ഷിതത്വം പ്രദാനം ചെയ്ത ആരാധനാലയ നിയമത്തെ ഇല്ലായ്മ ചെയ്യാൻ കുറച്ചുകാലമായി സംഘ്പരിവാർ ശ്രമിക്കുന്നുണ്ട്. അതിനിടയിലാണ്, ആ നിയമത്തെ നോക്കുകുത്തിയാക്കി ഹിന്ദുത്വർ ആരാധനാലയങ്ങൾ ‘വീണ്ടെടുക്കു’ന്നത്.

കമാൽ മൗല മസ്ജിദിന്റെ ഉൾഭാഗം

കമാൽ മൗല മസ്ജിദിന്റെ കാര്യത്തിൽ ആരാധനാലയ നിയമം ബാധകമാകില്ലെന്നാണ് മധ്യപ്രദേശ് ഹൈകോടതിയുടെ നിരീക്ഷണം. ഏറെ വിചിത്രമായ നിരീക്ഷണമായി ഇത് നിയമവൃത്തങ്ങളിൽ ഇതിനകംതന്നെ വിലയിരുത്തപ്പെട്ടുകഴിഞ്ഞു. ആരാധനാലയ നിയമം ബാധകമാവുക ആരാധനാലയങ്ങൾക്ക് മാത്രമാണ്. ‘പൗരാണിക സ്മാരക-പൈതൃക കേന്ദ്ര നിയമത്തിന്റെ (ആൻഷ്യന്റ് മൊണ്യുമെന്റ് ആൻഡ് ആർക്കിയോളജിക്കൽ സൈറ്റ്സ് ആൻഡ് റിമൈൻസ് ആക്ട് 1958 -എ.എം.എ.എസ്.ആർ നിയമം) ഭാഗമായുള്ള കെട്ടിടങ്ങളും നിർമിതികളും ആരാധനാലയ നിയമത്തിന് പുറത്താണ്. നിയമത്തിലെ നാലാം സെക്ഷനിൽ ഇക്കാര്യം പറയുന്നുണ്ടത്രെ. അതായത്, ഭോജ്ശാല സമുച്ചയം എ.എം.എ.എസ്.ആർ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ, അത് ആരാധനാലയം എന്നതിനപ്പും ഒരു പൈതൃക കേന്ദ്രം മാത്രമാണ്. അപ്പോൾ ആരാധനാലയ നിയമത്തിന്റെ ആനുകൂല്യം അതിന് ലഭിക്കില്ല. അപ്പോൾ, ആരെങ്കിലും അവകാശത്തർക്കമുന്നയിച്ചാൽ അത് പരിഗണിക്കപ്പെടണം. ഇതാണ് കോടതിയുടെ ന്യായം. ഇത് അംഗീകരിച്ചാൽപോലും ചോദ്യങ്ങൾ ബാക്കിയാകും: ഒന്ന്, കമാൽ മൗല മസ്ജിദിൽ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നമസ്കാരം നടന്നിരുന്നു. ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്കും ആരാധന അനുവദിച്ചിരുന്നു. ഇപ്പോൾ കോടതി വിധിയെ തുടർന്ന് ഒരു വിഭാഗത്തിന് ആരാധന നിഷേധിക്കപ്പെടുകയും മറുവിഭാഗത്തിന് സ്വതന്ത്ര ക്ഷേത്രമെന്ന നിലയിൽ പൂജക്ക് അനുമതി നൽകുകയും ചെയ്തിരിക്കുന്നു. ഇത് എങ്ങനെ നീതീകരിക്കാനാകും? രണ്ട്, ഇത്തരമൊരു വിധി പ്രസ്താവം, ആരാധനാലയ നിയമത്തിന്റെ അന്തഃസത്ത ചോർത്തിക്കളയുന്നില്ലേ?

‘വീണ്ടെടുപ്പി’ന്റെ മോഡസ് ഓപറാണ്ടി; എ.എസ്.ഐയുടെ നിഗൂഢ ഇടപെടലുകളും

ന്യൂനപക്ഷങ്ങളുടെ, വിശേഷിച്ച് മുസ്‍ലിംകളുടെ, ആരാധനാലയങ്ങൾ ‘വീണ്ടെടുക്കു’ന്നതിന് ഹിന്ദുത്വക്ക് കൃത്യമായൊരു പ്രവർത്തന പദ്ധതിയുണ്ട്. ബാബരിയിലും ഗ്യാൻവാപിയിലും സംഭലിലും മഥുരയിലുമെല്ലാം ആ മോഡസ് ഓപറാണ്ടി വിജയകരമായി പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രവും പുരാവൃത്തവും കൂട്ടിക്കലർത്തി നല്ലൊരു കഥയുണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യുക. പണ്ട് അവിടെയൊരു ക്ഷേത്രമുണ്ടായിരുന്നു അല്ലെങ്കിൽ ഹിന്ദു മതവിശ്വാസികളുടെ പുണ്യ ആരാധനാപാത്രങ്ങളുടെ ജന്മസ്ഥലമോ മറ്റോ ആയി തർക്കസ്ഥലത്തെ ചിത്രീകരിക്കുക; പിന്നീട് അത് മുസ്‍ലിം ഭരണാധികാരികളുടെ അധിനിവേശത്തിലൂടെ തകർക്കപ്പെട്ടുവെന്ന് സിദ്ധാന്തിക്കുന്ന ‘ചരിത്ര’ങ്ങൾ നിർമിക്കുക.

ഈ ആഖ്യാനങ്ങൾ പ്രചരിച്ചുതുടങ്ങുന്നതോടെ ഏതെങ്കിലുമൊരു പ്രാദേശിക ഹിന്ദുത്വ സംഘടന മേഖലയിലെ മജിസ്ട്രേറ്റ് കോടതിയിൽ അവകാശവാദവുമായി എത്തിയിട്ടുണ്ടാകും. 1996ൽ, ഗ്യാൻവാപി തിരിച്ചുപിടിക്കാൻ കോടതിയിൽ പോയത് വാരാണസിയിലെ ഒരുകൂട്ടം സംഘ്പരിവാർ പ്രവർത്തകരായിരുന്നു. ഇങ്ങനെ എത്തുന്ന കേസുകൾ 90കളിൽ തള്ളിപ്പോകാറായിരുന്നു പതിവ്. എന്നാൽ, 2019ലെ ബാബരി വിധിയും ആരാധനാലയ നിയമത്തെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുകയും ചെയ്തതോടെ കാര്യങ്ങൾ ആകെ മാറി.

2019ൽ, ഹരിഹർ മന്ദിർ എന്ന ക്ഷേത്രം തകർത്താണ് ബാബർ ചക്രവർത്തി സംഭലിൽ ഷാഹി ജമാ മസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ട് അഡ്വ. ഹരിശങ്കർ ജയിൻ എന്ന അഭിഭാഷകൻ മുഖേന വിഷ്ണു ശങ്കർ എന്നയാൾ പ്രാദേശിക കോടതിയെ സമീപിച്ചതോടെയാണ് അവിടെ പുതിയൊരു വ്യവഹാരത്തിന് തുടക്കമാകുന്നത്. ഇത്തരം കേസുകൾ ഇപ്പോൾ കോടതിയിലെത്തിയാൽ പരിശോധനക്കായി എ.എസ്.ഐയെ ചുമതലപ്പെടുത്തുക എന്നതാണ് കോടതികൾ ചെയ്യാറുള്ളത്. ഗ്യാൻവാപിയുടെ കാര്യത്തിൽ അത് അലഹാബാദ് ഹൈകോടതിയാണ് ചെയ്തത്.

കമാൽ മൗല മസ്‍ജിദിന്റെ പുറം ഭാഗം (1924ൽ പകർത്തിയ ചിത്രം)

സംഭൽ വിഷയത്തിൽ മജിസ്ട്രേറ്റ് കോടതിതന്നെ ആ കൃത്യം നിർവഹിച്ചു. കമാൽ മൗല മസ്ജിദിന്റെ അടിത്തറ പൊളിക്കാൻ നിർദേശിച്ചത് മധ്യപ്രദേശ് ഹൈകോടതിയാണ്. ഇത്രയുമായാൽ, എ.എസ്.ഐയുടെ ജോലി ആരംഭിച്ചു. ഹിന്ദുത്വയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള റിപ്പോർട്ട് എപ്പോഴേ റെഡി എന്ന മട്ടിലാണ് അവരുടെ നീക്കങ്ങളത്രയും. പലകുറി അത് വെളിപ്പെട്ടിട്ടുണ്ട്. ഗ്യാൻവാപിയിലെ വുദുഗാനയിലെ ജലധാര ശിവലിംഗമായതൊക്കെ ഇത്തരം മാജിക്കുകളിലൂടെയാണ്.

ഇപ്പോൾ കമാൽ മൗല മസ്ജിദിന്റെ കാര്യത്തിലും ഇതേ കള്ളക്കളി അരങ്ങേറിയെന്നാണ് എ.എസ്.ഐ സംഘത്തിൽ മസ്ജിദ് കമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത അബ്ദുസ്സമദ് പറയുന്നത്. 14ാം നൂറ്റാണ്ടിന് മുമ്പുള്ള നാണയങ്ങളുടെയും വിഗ്രഹങ്ങളുടെയും അവശിഷ്ടങ്ങൾ തങ്ങൾക്ക് ലഭിച്ചുവെന്നും അത് വ്യക്തമാക്കുന്നത് മസ്ജിദിന് മുമ്പേ അവിടെയൊരു ക്ഷേത്രമുണ്ടായിരുന്നുവെന്നുമാണ് 2183 പേജുള്ള എ.എസ്.ഐ റിപ്പോർട്ടിന്റെ മർമം. ഇക്കാര്യം തെളിയിക്കുന്ന ചില എഴുത്തുകളും അവർ കണ്ടെടുത്തുവത്രെ. എന്നാൽ, വിഗ്രഹങ്ങളും മറ്റും കൃത്യമായി കാർബൺ ഡേറ്റിങ് പോലുള്ള ശാസ്ത്രീയ പരിശോധനക്ക് ഇതുവരെയും അവർ വിധേയമാക്കിയിട്ടില്ലെന്നാണ് സമദിന്റെ വാദം. അതുകൊണ്ടുതന്നെ, കണ്ടെടുത്തു എന്ന് പറയുന്ന വസ്തുക്കളുടെ കൃത്യമായ കാലപ്പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല.

ഏറ്റവും കൂടുതൽ വസ്തുവകകൾ കണ്ടെത്തിയത് പള്ളിയിലെ പായകളും കാർപറ്റുമെല്ലാം സൂക്ഷിച്ചിരുന്ന മുറിയുടെ തറ പൊളിച്ചപ്പോഴാണ്. ഈ മുറി വർഷങ്ങളായി ആർക്കിയോളജി ഡിപ്പാർട്മെന്റ് അവരുടെ സി.സി.ടി.വി മുറിയായിട്ടാണ് ഉപയോഗിക്കുന്നത്. അവിടെ നേരത്തേതന്നെ എ.എസ്.ഐ പൊളിച്ചിട്ടുണ്ട്. അപ്പോഴൊന്നും കിട്ടാത്ത വസ്തുവകകൾ ഇപ്പോൾ എങ്ങനെ കിട്ടി എന്ന ചോദ്യത്തിനും ഉത്തരമില്ല. തറ പൊളിച്ചപ്പോൾ മദ്യക്കുപ്പികളുടെയും പുകയില പാക്കറ്റുകളുടെയും അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് ആ മുറി സമീപകാലത്ത് ആരോ പൊളിക്കുകയും അവിടെ പിൽക്കാലത്ത് കണ്ടെടുക്കേണ്ട വസ്തുക്കൾ നിക്ഷേപിക്കുകയും ചെയ്തു എന്നാണ്. മസ്ജിദ് പരിസരത്തുനിന്ന് കിട്ടിയ ബുദ്ധ പ്രതിമയെക്കുറിച്ചും എ.എസ്.ഐക്ക് മിണ്ടാട്ടമില്ല. നിർഭാഗ്യവശാൽ, കോടതി ഇതൊന്നും പരിഗണിച്ചില്ല. പൂർണമായും എ.എസ്.ഐയെ വിശ്വാസത്തിലെടുത്ത് വിധി പുറപ്പെടുവിച്ചുകഴിഞ്ഞു.

സംഭവിച്ചത് ഇത്രയുമാണ്

  • 1951: പൗരാണിക സ്മാരക-പൈതൃക കേന്ദ്ര നിയമത്തിന്റെ (ആൻഷ്യന്റ് മോണ്യുമെന്റ് ആൻഡ് ആർക്കിയോളജിക്കൽ സൈറ്റ്സ് ആൻഡ് റിമൈൻസ് ആക്ട് 1958 -എ.എം.എ.എസ്.ആർ നിയമം) ഭാഗമായി മസ്ജിദ് ഏറ്റെടുത്തു. എങ്കിലും വെള്ളിയാഴ്ച പ്രാർഥനക്ക് അനുമതി നൽകി; മറ്റു ദിവസങ്ങളിൽ പള്ളിയും ദർഗയും സന്ദർശിക്കാനും അനുമതി നൽകി.
  • 1962: പ്രാർഥനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുദ്ദീൻ എന്നയാൾ കേന്ദ്ര സർക്കാറിനെതിരെ കോടതിയിൽ പോയി. കേസ് തള്ളിയെങ്കിലും ഹിന്ദു മഹാസഭ നേതാവ് ഠാക്കൂർ നിഹാൽ എന്നയാൾ വീണ്ടും കോടതിയിലെത്തി. അതും തള്ളി.
  • 1995-97: ബാബരി ധ്വംസനാനന്തരം കമാൽ മൗല മസ്ജിദിനുനേരെയും അവകാശ തർക്കമുണ്ടായി. പ്രശ്ന പരിഹാരത്തിനായി, ചൊവ്വാഴ്ചകളിലും വസന്ത പഞ്ചമി നാളിലും ഹിന്ദുമത വിശ്വാസികൾക്ക് പൂജക്ക് അനുമതി നൽകി. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിനുള്ള അനുമതി തുടരുകയും ചെയ്തു.
  • 1998 ഫെബ്രുവരി ആറ്: ഭോജ് ശാലയിൽ ഹിന്ദുക്കൾക്കുള്ള പ്രവേശനം എ.എസ്.ഐ ഡിപ്പാർട്ട്മെന്റ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കി.
  • 2003 ഫെബ്രുവരി: വിലക്ക് ലംഘിച്ച് വസന്ത പഞ്ചമി നാളിൽ പൂജക്കെത്തിയ വിശ്വാസികളും ഭോജ്ശാല അധികാരികളും തമ്മിൽ സംഘർഷം. രണ്ടുമരണം.
  • 2003 ഏപ്രിൽ: എ.എസ്.ഐ തങ്ങളുടെ ഓർഡർ പിൻവലിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനും മൂന്നിനുമിടയിലുള്ള സമയം മുസ്‍ലിം മതവിശ്വാസികൾക്കും ചൊവ്വാഴ്ചയും വസന്ത പഞ്ചമി നാളിലും ഹിന്ദുക്കൾക്കും ആരാധനക്കായി തുറക്കാൻ തീരുമാനിച്ചു.
  • 2006: ഇരുവിഭാഗവും തമ്മിൽ സംഘർഷം. വസന്ത പഞ്ചമി നാളും വെള്ളിയാഴ്ചയും ഒരുമിച്ചുവന്ന ദിവസം നടക്കേണ്ട ആരാധനയെച്ചൊല്ലിയാണ് തർക്കമുണ്ടായത്.
  • 2022: വർഷം മുഴുവൻ പ്രാർഥനക്ക് അനുമതി നൽകണമെന്നും ‘തർക്ക സ്ഥല’ത്ത് എ.എസ്.ഐ ഉദ്ഖനനം നടത്തണമെന്നുമാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ മധ്യപ്രദേശ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചു.
  • 2024 മാർച്ച്: എ.എസ്.ഐ സർവേക്ക് ഹൈകോടതിയുടെ ഇന്ദോർ ബെഞ്ചിന്റെ നിർദേശം.
  • 2024 ജൂലൈ: 98 ദിവസത്തെ സർവേക്കുശേഷം എ.എസ്.ഐ റിപ്പോർട്ട് സമർപ്പിച്ചു. മസ്ജിദ് നിൽക്കുന്നിടത്ത് മുമ്പ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് ‘കണ്ടെത്തൽ’. എന്നാൽ, റിപ്പോർട്ട് സീൽ ചെയ്തതിനാൽ ഉള്ളടക്കം ലഭ്യമായിരുന്നില്ല.
  • 2026 ജനുവരി: കേസിൽ അന്തിമ വാദം തുടങ്ങി.
  • 2026 ഏപ്രിൽ: എ.എസ്.ഐ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിടാൻ സുപ്രീംകോടതി അനുമതി.
  • 2026 മേയ് 15: ഭോജ്ശാല സമുച്ചയം സരസ്വതീ ക്ഷേത്രമെന്ന് ഹൈകോടതി. മുസ്‍ലിംകൾക്ക് അനുവദിച്ചിരുന്ന വെള്ളിയാഴ്ച പ്രാർഥനക്കുള്ള അനുമതിയും റദ്ദാക്കി.
  • 2026 മേയ് 16: എല്ലാ ദിവസവും രണ്ടുനേരം പൂജ നടത്താൻ പുരാവസ്തു വകുപ്പിന്റെ അനുമതി.
  • 2026 മേയ് 22: ഹൈകോടതി വിധിക്കെതിരെ കമാൽ മൗല മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു.
Tags:    
News Summary - Faster than Babri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.