കമ്പോളത്തിന് കീഴ്പ്പെടുന്ന വിദ്യാഭ്യാസം

സി.ബി.എസ്.ഇ സ്കൂളുകളില്‍ പരിക്ഷ നിര്‍ബന്ധമാക്കുന്ന പുതിയ ഉത്തരവ് വിദ്യാഭ്യാസ മേഖലയില്‍ വലിയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. പുതിയ അന്വേഷണങ്ങളെ സജീവമാക്കുന്ന രണ്ട് വിശകലനങ്ങള്‍ ഈയിടെ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. പരീക്ഷ നിര്‍ബന്ധമാക്കുന്നത് വിദ്യാര്‍ഥികളില്‍ സമ്മര്‍ദവും സംഘര്‍ഷവും സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസം സന്തോഷം പ്രദാനംചെയ്യുന്ന പ്രവര്‍ത്തനമായി തീരണമെന്നും വിദ്യാഭ്യാസ വിചക്ഷണനും എന്‍.സി.ഇ.ആര്‍.ടി മുന്‍ ഡയറക്ടറുമായ കൃഷ്ണകുമാര്‍ വാദിക്കുന്നു. പരീക്ഷ ഒരിക്കലും വിദ്യാര്‍ഥിയുടെ പഠനത്തെ സഹായിക്കുന്ന ഒരു ഫലപ്രദമായ പ്രചോദകമല്ല. മാത്രമല്ല, പരീക്ഷയിലൂടെ പ്രചോദനം നല്‍കുക എന്നത് ഇപ്പോള്‍ തുടക്കം കുറിച്ച നിരന്തര മൂല്യനിര്‍ണയം (സി.സി.ഇ) നിര്‍ത്തലാക്കാനും ബോര്‍ഡ് എക്സാമിനേഷന്‍ പുന$സ്ഥാപിക്കാനുമുള്ള വ്യക്തമായ കാരണമല്ല. പരീക്ഷയെ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള നീക്കം ശിശുകേന്ദ്രീകൃത സംവിധാനത്തിലേക്കുള്ള വഴി അടച്ചുകളയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കൃഷ്ണകുമാറിന്‍െറ നിരീക്ഷണങ്ങളെ കുറച്ചുകൂടി വിസ്തൃതിയിലേക്ക് കൊണ്ടുപോവുകയാണ് ബംഗളൂരു അസിം പ്രേംജി യൂനിവേഴ്സിറ്റി പ്രഫസര്‍ റോഹിത് ദങ്കര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? കരിക്കുലം വിദ്യാര്‍ഥികള്‍ തീരുമാനിക്കുന്നതാണോ? കുട്ടികള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളാണോ പഠിപ്പിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ച് റോഹിത് ദങ്കര്‍ അമേരിക്കന്‍ തത്ത്വജ്ഞാനി ജോണ്‍ ഡ്യൂവേയുടെ സ്കൂള്‍ കരിക്കുലത്തെക്കുറിച്ചുള്ള സങ്കല്‍പം പങ്കുവെക്കുന്നു.

മനുഷ്യസമുദായം അറിവായി സ്വീകരിക്കപ്പെടുന്നത് വിദ്യാര്‍ഥിയുടെ ജീവിതാനുഭവമായിത്തീരുന്നു. അതിനാല്‍, അധ്യാപകന്‍െറ അറിവ് വിദ്യാര്‍ഥിയുടെ ജീവിതത്തില്‍ ഏത് മൂല്യബോധത്തെയാണ് സ്വാംശീകരിക്കേണ്ടതെന്ന തിരിച്ചറിവ് പ്രദാനം ചെയ്യുന്നതാവണം. ആ അര്‍ഥത്തില്‍ അവന് ആവശ്യമുള്ള അറിവുനേടാന്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് വിദ്യാഭ്യാസത്തിന്‍െറ അന്ത$സത്തയെന്ന് ഡ്യൂവേ അഭിപ്രായപ്പെടുന്നു. സന്ദര്‍ഭാനുസരണം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന സ്വതന്ത്രരായ അധ്യാപകരെയാണ് ഇത് ആവശ്യപ്പെടുന്നത്. പക്ഷേ, നിലവിലെ സ്കൂള്‍ സംവിധാനത്തില്‍ അതിനുള്ള സാഹചര്യം നല്‍കുന്നില്ളെന്ന യാഥാര്‍ഥ്യമാണ് ദങ്കര്‍ പങ്കുവെക്കുന്നത്. നിലവിലെ അയവില്ലാത്ത സ്കൂള്‍ അധികാരഘടനയില്‍ ഒരര്‍ഥത്തിലും അധ്യാപകരെ പരിശീലിപ്പിക്കാന്‍ സാധ്യമല്ല.  അതിനാല്‍, അധ്യാപകര്‍ക്ക് ഇപ്പോഴുള്ള അറിവും വൈദഗ്ധ്യവുംകൊണ്ട് നിലവിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാനും സാധ്യമല്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്ക് ഏറെ സമ്മര്‍ദം സൃഷ്ടിക്കുന്ന പരീക്ഷയെ ഒഴിവാക്കാന്‍ ഗൗരവതരമായ അന്വേഷണം നടത്തുന്നെങ്കില്‍ ഇപ്പോഴും തുടര്‍ന്നുപോരുന്ന, തീര്‍ത്തും അയവില്ലാത്ത സ്കൂള്‍ ഘടനയെയും കരിക്കുലത്തെയും പൊളിച്ചെഴുതുകതന്നെ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഈ രണ്ട് നിരീക്ഷണങ്ങളും പരീക്ഷയെ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെടുന്നു. കൃഷ്ണകുമാര്‍ നിലവിലുള്ള സംവിധാനത്തില്‍ അധ്യാപകരെ പരിശീലനം ചെയ്യിച്ച് സി.സി.ഇ സംവിധാനം മുന്നോട്ടുകൊണ്ടുപോകാമെന്ന് അഭിപ്രായപ്പെടുമ്പോള്‍ രോഹിത് ദങ്കര്‍ അഭിപ്രായപ്പെടുന്നത് സ്കൂള്‍ ഘടനയും കരിക്കുലവും ഉടച്ച് വാര്‍ക്കണമെന്നാണ്. എങ്കില്‍ മാത്രമേ യഥാര്‍ഥ മൂല്യനിര്‍ണയം പ്രയോഗത്തില്‍ വരുത്താന്‍ കഴിയൂ. സത്യത്തില്‍ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ ധാരാളം പരിമിതികളും പ്രയാസങ്ങളും നേരിടുന്നുണ്ട്. പക്ഷേ, ഘടനാപരമായ പരിവര്‍ത്തനങ്ങളിലൂടെയോ കരിക്കുലം പരിഷ്കരണത്തിലൂടെയോ ഈ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുകയില്ല. കാരണം, വിദ്യാഭ്യാസ മേഖലയില്‍ നാം നടത്തിയ പരിഷ്കാരങ്ങള്‍ അത്ര വിപുലമാണ്. എന്തുകൊണ്ട് വിദ്യാഭ്യാസം ചിലരെ ആധുനിക ലോകത്തിന് അനുയോജ്യരും ചിലരെ ഒന്നിനും കൊള്ളാത്തവരുമായി മാറ്റിത്തീര്‍ക്കുന്നു? ഈ ചോദ്യത്തിനുള്ള ഉത്തരം അന്വേഷിക്കുമ്പോള്‍ വിദ്യാഭ്യാസത്തെക്കുറിച്ച ചില മൗലികമായ ചോദ്യങ്ങളിലേക്ക് നമ്മുടെ അന്വേഷണങ്ങളെ കൊണ്ടുപോവേണ്ടതുണ്ട്.

കാരണം, വിദ്യാഭ്യാസം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് വ്യക്തികള്‍ക്ക് അവരുടെ ഉള്ളില്‍തന്നെയുള്ള കഴിവുകളെ പുറത്തുകൊണ്ടുവരുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ്. അതിനാല്‍, അവര്‍ക്ക് അവരുമായും അവരുടെ സാമൂഹിക ചുറ്റുപാടുകളുമായും ബോധപൂര്‍വമായബന്ധം സ്ഥാപിക്കാന്‍ കഴിയും. ഒൗപചാരിക പഠനത്തിന്‍െറ ആദ്യഘട്ടം എത്തുന്നതുവരെ നാം അതിജീവിക്കണമെങ്കില്‍ ഈ ലോകത്തിലേക്ക് നമ്മെ സ്വാഗതം ചെയ്ത് ഭക്ഷണം നല്‍കി ആരോഗ്യത്തോടെ വളര്‍ത്തി സംരക്ഷിക്കപ്പെടണം. ഇതൊരുതരത്തിലുള്ള അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ഈ അനിശ്ചിതത്വം നീങ്ങണമെങ്കില്‍ പിറന്നനാള്‍ മുതല്‍ നമുക്ക് വിദ്യാഭ്യാസം അനിവാര്യമാണ്. അതിനാല്‍, വ്യക്തിയുടെ സ്വാഭാവിക വളര്‍ച്ച ആരംഭിക്കുന്നത് വിദ്യാഭ്യാസത്തില്‍ക്കൂടിയാണെന്ന് ചുരുക്കം. ഇന്ന് വിദ്യാഭ്യാസവും അധ്യാപനമേഖലയും അഭിമുഖീകരിക്കുന്ന സംശയങ്ങളും പ്രയാസങ്ങളും പുതിയ പരിഹാരശ്രമങ്ങളെയാണ് തേടുന്നത്. ചില മന$ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സൈദ്ധാന്തികര്‍ വിദ്യാഭ്യാസത്തിന്‍െറ ഘടനയിലും രീതിശാസ്ത്രത്തിലും സാങ്കേതികത്വത്തിലുമാണ് ഊന്നല്‍നല്‍കുന്നത്. അവര്‍ പ്രശ്നങ്ങളുടെ സ്വഭാവത്തെക്കുറിച്ച് പഠിക്കുകയും പുതിയ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

അമിത സാങ്കേതികവത്കരണം
ഇന്ന് വിദ്യാഭ്യാസലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചുള്ളതാണ്. പാഠ്യപദ്ധതികള്‍ മാറുന്നു. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നു. വിദ്യാഭ്യാസത്തിന്‍െറ അലകുംപിടിയും മാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍, വിദ്യാഭ്യാസത്തെക്കുറിച്ച ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത ഉത്തരങ്ങള്‍ ലഭിക്കുന്നത് വ്യവസായികളില്‍നിന്നും ടെക്നോക്രാഫ്റ്റുകളില്‍നിന്നുമാണ്. ഇവര്‍ ഗ്രേഡ്, കരിക്കുലം, വയസ്സ്, അധ്യാപകരുടെ റോള്‍ എന്നിവ വിലയിരുത്തുകയും പുതിയ പരിഷ്കരണങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഇവിടെ ടെക്നോക്രാറ്റുകള്‍ വിദ്യാഭ്യാസ പ്രക്രിയയില്‍നിന്ന് സര്‍ഗാത്മകതയെ മാറ്റിനിര്‍ത്തി പകരം യാന്ത്രികത അടിച്ചേല്‍പിക്കുന്നു. പ്രാപ്തിയും ഘടനയും കേന്ദ്രസ്ഥാനത്ത് വരുകയും പുതിയ സാങ്കേതികവിദ്യയുടെ ഫലമായി വിവരത്തിന്‍െറയും അറിവിന്‍െറയും ആധിക്യം വിദ്യാര്‍ഥിയുടെ മനസ്സിനെ സ്വാധീനിക്കുകയും ചോദ്യങ്ങള്‍ചോദിക്കാന്‍ കഴിയാതെ ഒരുതരത്തിലുള്ള നിഷ്ക്രിയത്വം സൃഷ്ടിക്കുകയും ചെയ്യുന്നു. അറിവിനെ നിരന്തരം കാലഹരണപ്പെടുത്തി സ്വതന്ത്ര വിപണിക്കും അധികാരത്തിനും വേണ്ടി വിദ്യാഭ്യാസത്തെ ഒരുക്കുമ്പോള്‍ ഉല്‍പാദിപ്പിക്കുന്നത് എന്താണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിവിശേഷത്തിലാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനം മുന്നോട്ടുപോകുന്നത്.

അമിത  സാങ്കേതികവത്കരണം വരിയുടച്ച ആള്‍രൂപങ്ങളെ നിര്‍മിക്കാനുള്ള വേദിയായി വിദ്യാഭ്യാസരംഗത്തെ മാറ്റുകയും ചെയ്തു. ഇത് ഒരു വ്യക്തിയെ തന്‍െറ സ്വത്വത്തില്‍നിന്നും ക്രമേണ സമൂഹത്തില്‍നിന്നും അന്യവത്കരിക്കാനും വിദ്യാര്‍ഥിയും വിദ്യാഭ്യാസവും സാമൂഹിക ദുരന്തമായി പരിണമിക്കാനും കാരണമാകുന്നു. ഓരോരുത്തരും കഴിവിനും ആവശ്യത്തിനും അനുസരിച്ച് വളരുക എന്നതാണ് മനുഷ്യന്‍െറ വളര്‍ച്ച കൊണ്ട് അര്‍ഥമാക്കുന്നത്. അതിനാല്‍ ഓരോരുത്തരും സമുദായത്തിന് നല്‍കുന്ന സംഭാവനകള്‍ വ്യത്യസ്തമായിരിക്കും എന്നുള്ളത് ഒരു സാമാന്യ മനുഷ്യ തത്ത്വമാണ്. എന്നാല്‍, ഈ മാനുഷിക തത്ത്വം കണക്കിലെടുക്കാതെ മനുഷ്യേതര വസ്തുക്കളെപ്പോലെ മനുഷ്യനെ കണക്കാക്കി മാര്‍ക്കറ്റ് ഇക്കോണമി വിദ്യാര്‍ഥിയെയും വിദ്യാഭ്യാസത്തെയും അപമാനവീകരണത്തിന് വിധേയമാക്കുന്നു. ഒരു ജീവി എന്ന നിലയില്‍ മനുഷ്യന് അനന്തമായ വൈവിധ്യവും സമൃദ്ധമായ അനുഭവവും,  യാഥാര്‍ഥത്തില്‍ ജീവിതം തന്നെയും നഷ്ടമാക്കിക്കൊണ്ടിരിക്കുന്നു.

നിപുണതയുള്ള യന്ത്രങ്ങളെ പടച്ചുവിടുന്ന ഫാക്ടറിയായി വിദ്യാഭ്യാസം മാറിയപ്പോള്‍ മാനവികതയെ എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്ന മൗലികചോദ്യമാണ് സത്യത്തില്‍ ഉന്നയിക്കേണ്ടത്. ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടവരും ഉത്തരം നല്‍കേണ്ടവരുമായ തത്ത്വചിന്തകന്മാര്‍ രംഗം വിട്ടപ്പോള്‍ പകരം കയറി ഇരുന്നത് വ്യവസായികളും ടെക്നോക്രാറ്റുകളുമാണ് എന്നത് അത്യന്തം നിര്‍ഭാഗ്യകരമാണ്. ഇവരില്‍നിന്ന് വിദ്യാഭ്യാസത്തെ മോചിപ്പിച്ചില്ളെങ്കില്‍ തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ദുരന്തത്തിന് സമൂഹം സാക്ഷ്യം വഹിക്കേണ്ടിവരും. അതിനാല്‍ തത്ത്വചിന്തകന്മാര്‍ ഉടന്‍ വിദ്യാഭ്യാസരംഗത്തേക്ക് തിരിച്ചുവരണം. സ്വതന്ത്രചിന്തക്ക് ഇടംനല്‍കുന്നത് തത്ത്വചിന്തയാണ്. തത്ത്വചിന്തയില്ളെങ്കില്‍ ലോകത്ത് ധൈഷണിക മുന്നേറ്റങ്ങളോ സാമൂഹിക മുന്നേറ്റങ്ങളോ ഉണ്ടാവില്ല. മാത്രമല്ല ആശയം ഉല്‍പാദിപ്പിക്കാത്തിടങ്ങളില്‍ മനുഷ്യജീവിതം തരിശുഭൂമിയാകും. കമ്പോള കേന്ദ്രീകൃത യുക്തി ഒരു തത്ത്വചിന്താ വിരോധം സൃഷ്ടിക്കുകയും വിദ്യാഭ്യാസ മേഖലയില്‍നിന്ന് തത്ത്വചിന്തയെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു.

എല്ലാ തത്ത്വചിന്താ സിദ്ധാന്തങ്ങള്‍ക്കും അവയുടേതായ ലക്ഷ്യമുണ്ടെങ്കിലും ആത്യന്തികമായി നന്മയുള്ള മനുഷ്യനെ വളര്‍ത്തിയെടുക്കലാണ് അതിന്‍െറ അന്തസ്സത്ത. അവന്‍െറ സ്വച്ഛന്ദമായ  വളര്‍ച്ചയെ തടയുന്ന നിലവിലെ കമ്പോളബോധത്തില്‍നിന്ന് വിദ്യാഭ്യാസത്തെ രക്ഷിച്ചെടുക്കണം. സ്വതന്ത്രചിന്തയും അസ്തിത്വവുമുള്ള വ്യക്തിയെ സൃഷ്ടിക്കണമെങ്കില്‍ വിമര്‍ശനാത്മക ബോധനശാസ്ത്രം വിദ്യാഭ്യാസത്തിന്‍െറ അടിസ്ഥാനമായിരിക്കണം. നവോത്ഥാന കാലഘട്ടത്തില്‍ അറിവിന്‍െറ സ്വാംശീകരണത്തിലായിരുന്നു മുഖ്യമായ ഊന്നല്‍. അതിനാല്‍ അടിച്ചേല്‍പിക്കുന്ന ആദര്‍ശത്തില്‍നിന്നുള്ള മോചനം മുഖ്യലക്ഷ്യമായിരുന്നു. ഇന്ന് അറിവിന്‍െറയും വിവരത്തിന്‍െറയും അടിച്ചേല്‍പിക്കല്‍ വ്യാപകമാണ്.

ഗുണനിലവാരത്തെക്കുറിച്ച് മാത്രം സംസാരിക്കുകയും പ്രകടനപരതയില്‍ അഭിരമിക്കുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് വിദ്യാഭ്യാസത്തിന്‍െറ മാനവികതയാണ്. ജനാധിപത്യസ്വഭാവം സമൂഹത്തിന് അന്യമായിരിക്കുന്നിടത്തോളം കാലം മാനവിക വിരുദ്ധത തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നാല്‍, ഇന്ന് ലോകത്തെല്ലായിടത്തും ജനാധിപത്യധ്വംസനത്തിന്‍െറ ഇടങ്ങളായി വിദ്യാഭ്യാസരംഗം മാറിയിരിക്കുന്നു. അതിനാല്‍ ജനാധിപത്യത്തിനുള്ള നിലമൊരുക്കല്‍ പ്രക്രിയ വിദ്യാലയങ്ങളില്‍ പുന$സ്ഥാപിക്കണം. ഉന്നതനായ മനുഷ്യനെ രൂപപ്പെടുത്തേണ്ടുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം.  വ്യക്തിനിര്‍മിതിയും സമൂഹനിര്‍മിതിയുമാണ് വിദ്യാഭ്യാസത്തിന്‍െറ ലക്ഷ്യമെന്ന് റസല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  വിമോചനം സാധ്യമാവണമെങ്കില്‍ അടിസ്ഥാനപരമായി വിദ്യാഭ്യാസത്തെ തന്നെ അധീശ വര്‍ഗബോധത്തില്‍നിന്ന് അഥവ കമ്പോളബോധത്തില്‍നിന്ന് രക്ഷിച്ചെടുക്കാനുള്ള സ്വതന്ത്രചിന്ത ഉയര്‍ന്നുവരണം.

Tags:    
News Summary - education dector issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.