ഗുരുവായൂർ അമ്പലനടയിൽ...

ഗുരുവായൂർ ക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുകയെന്ന ആവശ്യമുന്നയിച്ച് 1931-32 കാലത്താണ് ഗുരുവായൂർ സത്യഗ്രഹം നടന്നത്.ക്ഷേത്രത്തിന് 200 വാര അകലെ തീയരുടെ അമ്പലം എന്നറിയപ്പെട്ടിരുന്ന വിളക്കുമാടത്തിനടുത്തുനിന്ന് തൊഴാനേ അവർണർക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. വടകരയിൽ നടന്ന കെ.പി.സി.സി യോഗത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവിഭാഗം ഹിന്ദുക്കൾക്കും പ്രവേശനം അനുവദിക്കണമെന്ന് ക്ഷേത്രചുമതലക്കാരനായ സാമൂതിരിക്കുമുന്നിൽ ആവശ്യമെത്തി.

എന്നാൽ, അദ്ദേഹം അതിന് കൂട്ടാക്കിയില്ല. തുടർന്നാണ് സമരം ആരംഭിച്ചത്. കെ. കേളപ്പൻ, മന്നത്ത് പത്മനാഭൻ, എ.കെ. ഗോപാലൻ, പി. കൃഷ്ണപ്പിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരായിരുന്നു സമര കമ്മിറ്റി നേതാക്കൾ. ഇവർ നാടൊട്ടുക്കും സഞ്ചരിച്ച് അയിത്തത്തിനെതിരെ പ്രചാരണം നടത്തി. എ.കെ.ജിയായിരുന്നു സത്യഗ്രഹ വളന്റിയർമാരുടെ ക്യാപ്റ്റൻ. സത്യഗ്രഹത്തിനായി ക്ഷേത്രത്തിനടുത്ത് ക്യാമ്പ് പണിയുകയും ചെയ്തു. എന്നാൽ, ഇതിനെതിരെ മറ്റൊരു വിഭാഗം ശക്തമായ എതിർപ്പുമായി രംഗത്തെത്തി.

സത്യഗ്രഹത്തെ നേരിടാൻ ക്ഷേത്രാധികാരികളും വൻ ഒരുക്കങ്ങൾ നടത്തി. അതിന്റെ ഭാഗമായി അമ്പലത്തിനുചുറ്റും മുള്ളുവേലികൾ കെട്ടി. 1931 നവംബർ ഒന്നിന് ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ചു. പല സ്ഥലത്തുനിന്നും ആളുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി. അതിനിടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതിരുന്ന പല സ്ഥലങ്ങളും എല്ലാവർക്കുമായി തുറന്നുകൊടുത്തു. എന്നാൽ, ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കാൻ അധികാരികൾ തയാറായില്ല.

ശ്രീകോവിലിന് മുന്നിലെ മണി അബ്രാഹ്മണർക്ക് തൊടാൻ പാടില്ല എന്ന നിയമമുണ്ടായിരുന്നു. ഇതിനെ മറികടന്ന് മണിയടിച്ച പി. കൃഷ്ണപ്പിള്ളയെ ഗുണ്ടകൾ ക്രൂരമായി മർദിച്ചു. 'ഉശിരുള്ള നായർ മണിയടിക്കും, ഇലനക്കി നായർ പുറത്തടിക്കും' എന്നായിരുന്നു തന്നെ ആക്രമിച്ചവരോട് കൃഷ്ണപ്പിള്ള പ്രതികരിച്ചത്. പിന്നീട് എ.കെ.ജിയും അതിഭയാനകമായ മർദനങ്ങൾക്കിരയായി.

സത്യഗ്രഹികളുടെ ആവശ്യം അംഗീകരിക്കപ്പെടുന്നില്ലെന്ന് വന്നപ്പോൾ കെ. കേളപ്പൻ മരണംവരെ നിരാഹാരസമരം പ്രഖ്യാപിച്ചു. 1932 സെപ്റ്റംബർ 21ന് ആരംഭിച്ച നിരാഹാര സത്യഗ്രഹം ഗാന്ധിജിയുടെ അഭ്യർഥന മാനിച്ച് പത്താം നാൾ അവസാനിപ്പിച്ചു. തുടർന്ന് പൊതുജന അഭിപ്രായമാരായാൻ പൊന്നാനി താലൂക്കിൽ നടത്തിയ വോട്ടെടുപ്പിൽ 80 ശതമാനം പേരും ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു.

എന്നാൽ, സത്യഗ്രഹ ലക്ഷ്യം സഫലമാവാൻ പിന്നെയും ഒരുപാടുകാലം കാത്തിരിക്കേണ്ടിവന്നു. 1947 ജൂൺ 12ന് മദിരാശി സർക്കാറിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവിഭാഗം ഹിന്ദുക്കൾക്കും കയറാൻ അനുമതിയായത്.

Tags:    
News Summary - At Guruvayoor temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.