കടപ്പാട്: Guillermo Arias / AFP - Getty Images

മതിലുകെട്ടി അമേരിക്ക; മതിലുചാടി കുടിയേറ്റക്കാർ

കുടിയേറ്റവും അനധികൃത കുടിയേറ്റവും ഒരു രാജ്യത്തെ വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. നിയമാനുസൃത കുടിയേറ്റം രാജ്യപുരോഗതിക്കും സാംസ്കാരിക-സാമൂഹിക ഉന്നമനത്തിനും കാരണമാകുന്നു. എന്നാൽ അനധികൃത കുടിയേറ്റം ഒരു രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സന്തുലനം അട്ടിമറിക്കുന്നു. അഭയാർഥി പലായനത്തിന്‍റെ വാർത്തകളിൽ വൈകാരികത മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും ചൂഷണങ്ങളുടെ ഒരു മറുപുറവും അതിനുണ്ട്.

അമേരിക്കയിൽ ജനാധിപത്യ ഭരണക്രമവും സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥയും സുലഭമായ തൊഴിൽസാധ്യതയും അനധികൃതമായി അതിർത്തി കടക്കുന്നതിന് മറ്റു രാജ്യക്കാരെ പ്രേരിപ്പിക്കുന്നു. എന്നാൽ, വ്യക്തമായ രേഖകളില്ലാതെ എത്തുന്നവർ തൊഴിലിടങ്ങളിൽ നേരിടുന്ന അടിമത്തവും വെറുപ്പും വിവേചനവും അതിദയനീയമാണ്. അതിനു പുറമെ അത്തരം ആളുകൾ താമസിക്കുന്ന ഇടങ്ങൾ പലപ്പോഴും മദ്യവും മയക്കുമരുന്നും കുറ്റകൃത്യങ്ങളുമായി ഒരു അധോലോകസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അടുത്ത തലമുറകളിലേക്കു നീളുന്ന ഈ പ്രവണത നിഷേധാത്മകമായ ഒരു സാമൂഹികാന്തരീക്ഷത്തിന് വഴിയൊരുക്കുന്നുണ്ട്.

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്നും തുടരുന്ന കുടിയേറ്റങ്ങളിൽ മുന്തിനിൽക്കുന്നത് മെക്സികോയിൽ നിന്നു തന്നെ. രാജ്യത്തെ ഏറ്റവും നീളം കൂടിയ മെക്സിക്കൻ അതിർത്തി ടെക്സസ് സംസ്ഥാനവുമായാണ്. മെക്സികോ-അമേരിക്കൻ യുദ്ധശേഷം ഈ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കങ്ങൾ രൂക്ഷമായി. ടെക്സസിന്റെ വിപുലീകരണം വേഗത്തിലായതോടെ, കരിങ്കൽ തൂണുകൾ കൊണ്ട് അതിർത്തികൾ നിശ്ചയിക്കപ്പെട്ടു. ചൈനീസ് കുടിയേറ്റക്കാരുടെ അമിത കടന്നുകയറ്റം സാമൂഹിക സന്തുലിതാവസ്ഥയെ ബാധിച്ചതിനെ തുടർന്ന് അവരെ പുറന്തള്ളാനുള്ള നിയമം നിലവിൽ വന്നു. അന്നുമുതൽ 'അനധികൃത കുടിയേറ്റം' അമേരിക്കൻ നിഘണ്ടുവിൽ ഇടംപിടിച്ചു. 1917 ൽ കുടിയേറ്റ നിയമം പ്രാബല്യത്തിലായതോടെ, മെക്സികോയിൽ നിന്ന് അമേരിക്കൻ അതിർത്തി കടക്കുന്നതിന് എട്ട് ഡോളർ നൽകേണ്ടിയിരുന്നു. തുടർന്ന് അതിർത്തികളിൽ സംസ്ഥാനങ്ങളുടെ ഏജന്റുമാർ അനധികൃത കുടിയേറ്റം തടയുന്നതിനു നിയമിതരായി.

മെക്സികോ കരാറിൽ നിന്ന് മതിൽനിർമാണത്തിലേക്ക്

ടെക്സസ്-മെക്സികോ അതിർത്തി അടയാളപ്പെടുത്തി ഇടയിലൂടെ റിയോ ഗ്രാൻഡെ നദിയൊഴുകുന്നു. കുടിയേറ്റക്കാർ ഏറ്റവും കൂടുതൽ അതിർത്തി കടക്കുന്നത് ഇതു വഴിയാണ്. അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്തും ഡോളറിന്റെ കപടസ്വപ്നങ്ങളെ പിന്തുടർന്ന് വേശ്യാവൃത്തിയിലേക്കും അടിമപ്പണികളിലേക്കും എത്തിപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദുരവസ്ഥയും അതിർത്തിദേശങ്ങളിൽ കാണാം. ഗ്വാട്ടമാല-മെക്സികോ അതിർത്തിയിലെ വരുമാനമാർഗമാണ് അനധികൃത കുടിയേറ്റക്കാർ. അവിടങ്ങളിലെ കച്ചവടസ്ഥാപനങ്ങൾ കുടിയേറ്റക്കാരെ ആശ്രയിച്ചിരിക്കുന്നു.


ഒന്നാം ലോകയുദ്ധ ശേഷം അമേരിക്കയിലുടനീളം സാമൂഹിക അരക്ഷിതാവസ്ഥ വ്യാപിക്കുകയും കുടിയേറ്റക്കാർക്കെതിരെ അക്രമം വർധിക്കുകയും ചെയ്തതോടെ ലക്ഷക്കണക്കിന് മെക്സിക്കൻ പൗരന്മാരെ, സ്വദേശത്തേക്ക് തിരിച്ചയച്ചു. പകുതിയിലധികവും ടെക്സസിൽ നിന്നായിരുന്നു. എന്നാൽ അതോടെ തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായത് മെക്സികോയുമായി തൊഴിൽകരാറിൽ ഒപ്പുവെക്കാൻ അമേരിക്കയെ നിർബന്ധിതമാക്കി. 22 വർഷ കാലയളവിൽ ഏതാണ്ട് 40 ലക്ഷത്തോളം വ്യക്തിഗത കരാറുകൾ ഒപ്പുവെക്കപ്പെടുകയും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽകരാറായി ഈ ബ്രസെറോ കരാർ മാറുകയും ചെയ്തു. 1990 ആയതോടെ അതിർത്തികളിൽ ബോർഡർ പട്രോളിങ് ശക്തമാക്കി. നിരവധി അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചു. എങ്കിലും മെക്സികോയിൽ നിന്നുള്ള മനുഷ്യക്കടത്ത് വ്യാപകമാവുകയും വ്യക്തമായ രേഖകളില്ലാതെ എത്തുന്ന മെക്സികോക്കാർ കയോടിസ് എന്നറിയപ്പെടുകയും ചെയ്തു.

ബിൽ ക്ലിന്റൺ ഭരണത്തിൻകീഴിൽ മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമാണം പിന്നീട് വന്ന ജോർജ് ബുഷ് തുടർന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റവും കാരണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 2015ൽ ഒബാമ ഭരണകൂടത്തിനു കീഴിൽ ആകെ 652 മൈൽ അതിർത്തിമതിൽ പൂർത്തീകരിക്കപ്പെട്ടു. അമേരിക്കയിൽ മെക്സിക്കൻ കുടിയേറ്റക്കാരുടെ എണ്ണം വളരെയേറെ കുറഞ്ഞു. എന്നാൽ മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്കുള്ള കടന്നുകയറ്റത്തിന് മെക്സികോയെ ഉപയോഗിക്കാൻ തുടങ്ങിയതോടെ മെക്സികോ വഴി അനധികൃതമായി അമേരിക്കയിലെത്താൻ ശ്രമിക്കുന്നവരിൽ കൂടുതൽ ഇതര രാജ്യങ്ങളിൽ നിന്നുള്ളവരായി മാറി.

വംശീയതയുടെ ഇരുട്ട്

അമേരിക്കയുടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വംശീയതയുടെ ഇരുട്ട് എന്നുമുണ്ടായിരുന്നു. അത്തരത്തിൽ ഉടലെടുക്കുന്ന വിഭാഗീയതക്ക് വിവിധ കുടിയേറ്റവംശങ്ങളും അവരെ ആശങ്കയോടെ കണ്ട വെള്ള ദേശീയവാദികളും കൂടുതൽ രൂക്ഷത പകർന്നു. കോർപറേറ്റ് മാഫിയയുടെ സ്വാധീനവും മയക്കുമരുന്ന് വ്യാപാരസംഘങ്ങളും അമേരിക്കൻ സാമൂഹികാന്തരീക്ഷത്തിൽ വംശീയതയെ അവരുടെ കച്ചവടത്തിന്റെ നങ്കൂരമാക്കി മാറ്റി. അതിൽ രാഷ്ട്രീയം പ്രധാന പങ്ക് വഹിക്കുന്നുമുണ്ട്. ഒബാമ ഭരണത്തിന് കീഴിൽ അമേരിക്കൻ രാഷ്ട്രീയത്തിലും ജനങ്ങൾക്കിടയിലും ചേരിതിരിവ് ശക്തമായിരുന്നു. തുടർന്ന് വന്ന ട്രംപ് ഭരണകൂടം കുടിയേറ്റ നിയമത്തെ മാറ്റിമറിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദേശീയതയും യാഥാസ്ഥിതികത്വവും കൈമുതലായുള്ള ട്രംപ് ഭരണകൂടത്തെ, അനധികൃത കുടിയേറ്റത്തിന് മാനുഷികപരിവേഷമണിയിച്ച് ചൂഷണം ചെയ്യുന്നവർ മുതലെടുത്തു എന്നു വേണം പറയാൻ.


അമേരിക്കയുടെ അനധികൃത കുടിയേറ്റം വർഷങ്ങളായി ഇവിടത്തെ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് പ്രചാരണത്തെയും സ്വാധീനിക്കുന്നു. അപകടകരമായ സാമൂഹികാവസ്ഥയും ഭരണകർത്താക്കളുടെ അഴിമതിയും ദാരിദ്ര്യവും മറ്റൊരു രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റത്തിനുള്ള കുറുക്കുവഴികളാകരുത്. വ്യക്തമായ രേഖകളോടെ, നിയമപരമായി അമേരിക്കയിലെത്താനുള്ള മാർഗമുണ്ടെന്നിരിക്കെ അനധികൃത കുടിയേറ്റത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കേണ്ടതില്ല. അത്തരത്തിൽ എത്തിപ്പെടുന്നവർ മോശമായ ജീവിതസാഹചര്യങ്ങളിലൂടെയാകും കടന്നുപോവുക.

ഇരുപത് വർഷം മുമ്പ് റിയോ ഗ്രാൻഡെ നദി നീന്തിക്കടന്നെത്തിയവരിൽ പലരുടെയും കുട്ടികൾ മികച്ച വിദ്യാഭ്യാസം ലഭിക്കാതെ പഴയതലമുറയുടെ കഠിനമായ തൊഴിൽപാത ഇന്നും പിന്തുടരേണ്ടിവരുകയാണ്. അതുകൊണ്ടൊക്കെയാവാം അതിർത്തികളിൽ കൂടുതൽ നിയമഭേദഗതികളുമായി നടപടികൾ ശക്തമാക്കുകയാണ് മെക്സികോ. അമേരിക്കയിലേക്കുള്ള അനധികൃത കടന്നുകയറ്റത്തിനുള്ള പ്രധാനമാർഗമായി രാജ്യത്തെ ഉപയോഗിക്കുന്നത് തടയാൻ അതിർത്തികളിൽ വിസ നിർബന്ധമാക്കിയും രേഖ പരിശോധന കർശനമാക്കിയും വിവിധ പദ്ധതികളാവിഷ്കരിക്കുകയാണ് മെക്സികോ.

Tags:    
News Summary - America building Walls; immigrants jumping above it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.