‘മാനുഷരെല്ലാരും ഒന്നുപോലെ’

1984 ഡിസംബർ രണ്ട്‌. ഭോപാൽ ജങ്​ഷൻ റെയിൽവേ സ്​റ്റേഷനിൽ ​െഡപ്യൂട്ടി സ്​റ്റേഷൻ മാസ്​റ്റർ ഗുലാം ദസ്‌തഗീർ പുലർച്ച ഒരു മണി വരെ തിരക്കിട്ട ജോലികളിലായിരുന്നു. അതിനിടയിൽ വെറുതെയൊന്ന് പുറത്തിറങ്ങിയതാണ്‌. പതിവില്ലാത്തൊരു ഗന്ധം അദ്ദേഹത്തെ വല്ലാതെ പ്രയാസപ്പെടുത്തി. കണ്ണിലും ചെവിയിലും പുകച്ചിൽ. ശ്വാസത്തിൽ വിങ്ങൽ. നിർത്താതെ ചുമച്ചു. സംഭവിക്കുന്നത്‌ എന്താണെന്നറിയാൻ ചുറ്റും നോക്കി. സ്​റ്റേഷ​​​െൻറ അരികിലുള്ള യൂനിയൻ കാർബൈഡ്‌ കമ്പനിയിൽനിന്ന് വാതകം ചോർന്നിരിക്കുന്നു! വലിയൊരു ദുരന്തം മുന്നിൽക്കണ്ട ഗുലാം ഓഫിസിനകത്തേക്ക്‌ ഓടി. കരൺപൂർ എക്‌സ്‌പ്രസ്‌ എത്തിച്ചേരാൻ ഏതാനും മിനിറ്റുകളേ ബാക്കിയുള്ളൂ. ആ ​െട്രയിനടക്കം ഒരു വണ്ടിയും ഭോപാലിലേക്ക്‌ വരരുതെന്ന് വിളിച്ചുപറഞ്ഞു. അപ്പോഴേക്ക്‌‌ ആയിരക്കണക്കിന്‌ മനുഷ്യർ സ്​റ്റേഷനിൽ തിങ്ങിക്കൂടിയിരുന്നു. അവർക്ക്‌ മരുന്നും സഹായങ്ങളും ഒരുക്കാൻ ഓടിനടന്നു. അതിനിടെ മകനടക്കം പ്രിയപ്പെട്ട പലരും നഷ്​ടമായതൊന്നും അദ്ദേഹമറിഞ്ഞില്ല. 2003ൽ മരിക്കുമ്പോഴും ഗുലാം ദസ്‌തഗീർ, ഭോപാൽ വിഷവാതക ദുരന്തത്തി​​​െൻറ കെടുതികൾ ശരീരത്തിലും മനസ്സിലും അനുഭവിച്ചു. നിറയെ യാത്രക്കാരുമായി പുറപ്പെട്ട കരൺപൂർ എക്‌സ്‌പ്രസ്‌ ഭോപാലിൽ എത്തിയിരുന്നെങ്കിൽ സംഭവിക്കാവുന്ന വലിയ ദുരന്തം ഒഴിവായതി​​​െൻറ കാരണം ഗുലാം ദസ്‌തഗീർ എന്ന മഹത്ത്വമുള്ള മനുഷ്യനായിരുന്നു.

കാവൽനിൽക്കാനും കരുതലാകാനും കുറച്ച്‌ മനുഷ്യരില്ലാതെ ഒരാൾക്കും ജീവിതം അത്രയെളുപ്പമല്ല. ഒരു മനുഷ്യനു കിട്ടാവുന്ന ഏറ്റവും നല്ല മരുന്ന് മറ്റൊരു മനുഷ്യൻതന്നെ. ഇളംചൂടുള്ളൊരു കൈത്തലമല്ലാതെ മറ്റെന്താണ്‌ നമ്മുടെ കണ്ണീരിനുള്ള തൂവാല? മറ്റൊരു ജീവജാലത്തിനും ഇത്രയധികം നിസ്സഹായത ഉണ്ടാകാനിടയില്ല. എന്നിട്ടും മനുഷ്യരുടെയത്ര ശത്രുത അന്യോന്യം പുലർത്തുന്നൊരു ജീവിവർഗമുണ്ടാകില്ല. എന്തെല്ലാം കാര്യങ്ങളുടെ പേരിലാണ്‌ നമ്മൾ അകന്നത്‌. അകലാനും അകറ്റാനുമുള്ള കാരണങ്ങൾ മാത്രമാണ്‌ അന്വേഷിച്ചുനടന്നത്‌‌. ഇന്ത്യയിലെ ഇതര ഭാഗത്തുള്ളവരേക്കാൾ വായിക്കാനും എഴുതാനും അറിയാമെന്നതിൽക്കവിഞ്ഞ്‌ വലിയ സാംസ്കാരിക ഔന്നത്യമൊന്നും നമുക്ക്‌ ബാക്കിയില്ലാതായിക്കഴിഞ്ഞിരുന്നു. സ്വാർഥതയുടെ കെട്ടുവെള്ളത്തിൽ കഴുത്തോളം മുങ്ങിക്കിടന്നു. അന്തിച്ചർച്ചകൾ നമ്മുടെ രാഷ്​ട്രീയ നിലവാരം കൃത്യമായി വിളിച്ചോതി. ആത്മീയതയുടെ ശാന്തിസൗന്ദര്യം പ്രകടമാക്കേണ്ട മതസംഘങ്ങൾ പോലും ധാർമികത്തകർച്ചയുടേയും കക്ഷി വഴക്കുകളുടേയും ഉദാരമായ പ്രദർശനശാലകളായി. വിലപ്പെട്ടതെന്തൊക്കെയോ നമ്മൾ കൈവിട്ടിരുന്നു. 

എത്ര വേഗമാണ്‌ ഒരു ദുരിതം മനുഷ്യനെ ശരിയായ മനുഷ്യനാക്കിയത്‌. കുറച്ചു ദിവസത്തേക്കെങ്കിലും നമ്മുടെ തർക്കങ്ങളൊക്കെ അവധിയിലായി‌. വീടിനും ആരാധനാലയത്തിനും ശ്മശാനങ്ങൾക്കുമിടയിൽ നമ്മളുയർത്തിയ മതിലുകൾ മഴ കൊണ്ടുപോയി. അന്യർക്ക്‌ പ്രവേശനമില്ലെന്ന ബോർഡുകൾ വായിക്കാൻ മഴ കാത്തുനിന്നതേയില്ല. ദുരന്തമുഖത്തും ദുരിതാശ്വാസ ക്യാമ്പിലും വീർപ്പിലും വിയർപ്പിലും വിശപ്പിലും ‘മാനുഷരെല്ലാരും ഒന്നുപോലെ’.അതിനിടയിൽ സന്തോഷത്താലും അഭിമാനത്താലും ഉള്ളു നനക്കുന്ന അനേകം കാഴ്ചകൾ കണ്ടു. ദുരിതത്തിനിടയിൽ മനുഷ്യത്വത്തി​​​െൻറ ചങ്ങാടങ്ങൾ ഒഴുകുന്ന ദൃശ്യങ്ങൾ. മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞു വാരിപ്പുണർന്നു. മൂന്ന് അയൽക്കാർ മരിച്ചുകിടക്കുന്നുവെന്ന് പറഞ്ഞ്‌ നെഞ്ചുപൊട്ടുന്ന മനുഷ്യനെ കണ്ടു. ഒരാൾ മറ്റൊരാൾക്കു വേണ്ടി കരയുന്നു. അന്യരെല്ലാം അനുജരാകുന്ന കാഴ്ചയുടെ സുകൃതം.

‘‘നമസ്കാരം. സുഖമാണോ. നിങ്ങൾ വിഷമിക്കരുത്‌. നഷ്​ടപ്പെട്ടതെല്ലാം നമുക്ക്‌ തിരിച്ചുനേടണം. നിങ്ങളോടൊപ്പം ഞങ്ങളും ശ്രമിക്കും. ഞങ്ങളുടെ സഹായം എപ്പോഴും ഉണ്ടാകും’ -ഒരു കുഞ്ഞെഴുതിയ കത്താണ്‌. ദുരിതസ്ഥലങ്ങളിലേക്ക്‌ ശേഖരിച്ച കിറ്റുകൾക്കിടയിൽ കണ്ടത്‌. ‌സൈക്കിൾ വാങ്ങാൻ ഒരുക്കിവെച്ച പണമെല്ലാം കൈയിൽ പൊത്തിപ്പിടിച്ചു വരുന്ന അനുപ്രിയ മനസ്സിൽനിന്ന് മായുന്നില്ല. വസ്ത്രം ചോദിച്ചപ്പോൾ എല്ലാമെടുത്തോളൂ എന്ന് പറഞ്ഞ ചങ്ങരംകുളത്തെ ചെറുപ്പക്കാരനായ കച്ചവടക്കാരനെ വായിച്ചു. ‘‘കൃഷിക്കാരനായ ഞങ്ങളുടെ അച്ഛൻ ഞങ്ങളുടെ നാളേക്കു വേണ്ടി കരുതിവെച്ചതിൽനിന്ന് നൂറ്​ സ​​െൻറ്​ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുന്നു’’വെന്ന് ഹെഡ്മാഷിനെഴുതിയ പയ്യന്നൂരിലെ സ്വാഹയും ബ്രഹ്മയും ആരുടെ കണ്ണുകളെയാണ്‌ നനയിക്കാത്തത്‌! സുബ്രഹ്മണ്യനെ സംസ്കരിക്കാൻ സെമിത്തേരിയിൽ സ്ഥലമൊരുക്കിയ പള്ളിവാസലിലെ പള്ളിക്കാരും, മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലം തുറന്നിട്ട അടൂരിലെ കുരുവിള സാമുവേലും, മുതുക്‌ ചവിട്ടുപടിയാക്കിയ ആ നീലക്കുപ്പായക്കാരൻ ജൈസലും, മറ്റൊന്നും ചിന്തിക്കാതെ ജീവിതോപാധിയായ വള്ളമെടുത്ത്‌ പ്രളയപ്പേമാരിയിലേക്ക്‌ തുഴഞ്ഞുപോയ മത്സ്യത്തൊഴിലാളികളും മനുഷ്യ​​​െൻറ മഹത്ത്വമാണ്‌ വിളംബരം ചെയ്തത്‌‌. ആൻഫ്രാങ്ക്‌ പറഞ്ഞതുപോലെ, മനുഷ്യനിൽ വിശ്വസിക്കാനും പ്രതീക്ഷ പുലർത്താനും പിന്നെയും പിന്നെയും നമ്മെ  പ്രേരിപ്പിക്കുകയാണിവർ.

ഒരൊറ്റ ഇടിമിന്നൽ കാരണം ജീവകോശങ്ങൾ ഉദ്ദീപിക്കപ്പെട്ട്‌‌ പൂത്തുപോയ ഉണക്കമരത്തെക്കുറിച്ച്‌ വായിച്ചിട്ടുണ്ട്‌. അനേകം മനുഷ്യരുടെ ജീവകോശങ്ങൾക്ക്‌ ഉദ്ദീപനം നൽകിയ ഇടിമിന്നലുകളാണ്‌ ഇവരെല്ലാം. ‘എനിക്കറിയാമായിരുന്നു, നീ വരുമെന്ന്’ എന്ന് കൂട്ടുകാരനോട്‌ പറഞ്ഞു മരിച്ചുപോയവ​​​െൻറ കഥ പറയുന്നുണ്ട്‌ ആന്തണി ഡിമെല്ലോ. എത്രയോ മനുഷ്യർ എത്രയോ മനുഷ്യരോട്‌ മരണത്തി​േൻറയും ജീവിതത്തി​േൻറയുമിടയിലെ നേർത്തവരയിൽനിന്ന് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും കഴിഞ്ഞ ദിവസങ്ങളിൽ. വെള്ളംകേറാത്ത വെളിച്ചത്തി​​​െൻറ കരയിലേക്ക്‌ കൈപ്പിടിച്ച ആ മനുഷ്യരുണ്ടല്ലോ, അവർതന്നെയാണ്‌ നമ്മുടെ ചുറ്റുമുള്ള ഓരോ മനുഷ്യനും. അത്രമേൽ ആദരവോടെ കാണേണ്ടവരാണ്‌. അത്രയധികം ഈ കുഞ്ഞുജീവിതം അനിശ്ചിതമാണ്‌, നിസ്സഹായമാണ്‌. ഇനിയെങ്കിലും നമുക്ക്‌ സ്നേഹത്തി​​​െൻറ കഥയും കാഴ്ചയും മതി. നെരൂദ പറഞ്ഞതിൽ സത്യമുണ്ട്‌: ‘‘മരണത്തിൽനിന്ന് മനുഷ്യനെ രക്ഷിക്കാൻ ആർക്കും കഴിയില്ല. എന്നാൽ, സ്നേഹത്തിന്‌ കഴിയും, ജീവിതത്തിൽനിന്ന് ആരെയും രക്ഷിക്കാൻ.’’ മനുഷ്യനിലേക്ക്‌ കുറച്ചുകൂടി ചേർന്നിരിക്കാം. ഈദും ഓണവും ചേരുമ്പോഴുള്ള ഈണം നമുക്കിടയിലും നിലക്കാത്ത നിലാവ്‌ പരത്തട്ടെ.

Tags:    
News Summary - All are Same - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.