ആനന്ദത്തിന്‍െറ ഇസ്ലാം ദര്‍ശനം

‘ഷാലിമാറി’ലുണങ്ങിക്കഴിഞ്ഞ
പാവമാമൊരില പറയുന്നു:
പോയ്മറഞ്ഞ വസന്തകാലത്തിന്‍
ശേഷിപ്പാണ് ഞാനൊന്നറിയുന്നേന്‍
പൂവളപ്പിതിന്‍ ചില്ലകള്‍ തന്‍െറ
സ്മാരകമായി ബാക്കിനില്‍ക്കുന്ന
എന്നെവന്ന് ചവിട്ടിനോവിക്കാ-
തൊന്ന് സൂക്ഷിക്കൂ സന്ദര്‍ശകാ നീ
ഇക്കരിയില തന്‍െറ പ്രസ്താവമെന്‍
ഹൃദയം പിളര്‍ത്തിക്കളഞ്ഞു
പോയ്മറഞ്ഞ വസന്തര്‍ത്തുവിന്‍െറ
ഓര്‍മയീ ശരത്കാലമുണര്‍ത്തി
.................................................
പിന്നെയെങ്ങുണ്ടൊരീദിന്‍െറ ഘോഷം
മിന്നുവാനെങ്ങെനിക്കു സന്തോഷം
(ഇപ്പെരുന്നാള്‍പിറന്ന നമ്മെ നോക്കി-
യിപ്പഴും കളിയാക്കിച്ചിരിപ്പൂ)
-ഇഖ്ബാല്‍
(‘ഈദാഘോഷം’; ബാങ്കെ ദറാ,
വിവ: പി.ടി. അബ്ദുറഹ്മാന്‍, പി.എ. കരീം,
ഇസ്ലാമിക് പബ്ളിഷിങ് ഹൗസ്)

ഈദാശംസ നേരാന്‍ അബൂബക്കര്‍ സിദ്ദീഖ് പ്രവാചകന്‍െറ വീട്ടില്‍ വന്നതായിരുന്നു. അപ്പോള്‍ ഒരുസംഘം ബാല്യക്കാരത്തികള്‍ പാട്ടുപാടിത്തിമിര്‍ക്കുന്നതാണ് അബൂബക്കര്‍ കണ്ടത്. ‘പ്രവാചകന്‍െറ വീട്ടിലോ ചെകുത്താന്‍െറ വീണവായന?’ നന്നായി അരിശം വന്ന അബൂബക്കര്‍ കയര്‍ത്തു. പാവം പെണ്‍കുട്ടികള്‍ വിരണ്ടുപോയി. അപ്പോള്‍ തന്‍െറ സാന്നിധ്യം ആ പാട്ടുകാരികള്‍ക്ക് തടസ്സമാവണ്ട എന്നു കരുതി ശയനമുറിയില്‍ മൂടിപ്പുതച്ചുകിടക്കുകയായിരുന്ന പ്രവാചകന്‍ പുതപ്പില്‍നിന്ന്  തലയുയര്‍ത്തി: ‘വേണ്ട അബൂബക്കര്‍, അവര്‍ പാടിക്കൊള്ളട്ടെ. എല്ലാ മതസ്ഥര്‍ക്കും ആഘോഷദിനങ്ങളുണ്ട്. ഇതു നമ്മുടെ ആഘോഷദിനമാണ്.’

ആത്മീയതയെക്കുറിച്ചുള്ള അബൂബക്കറിന്‍െറ തെറ്റിദ്ധാരണയെ തിരുത്തുകയായിരുന്നു പ്രവാചകന്‍. ഉല്ലാസരഹിതമായ ക്ളിഷ്ടജീവിതം എന്ന ആത്മീയ സങ്കല്‍പത്തെ നബി പൊളിച്ചെഴുതുന്നു. എല്ലാ മതസ്ഥര്‍ക്കും ആഘോഷമുണ്ട് എന്ന പ്രസ്താവത്തിലൂടെ ജീവിതാനന്ദം എന്നത് തന്‍െറ പുതിയൊരു മതാവിഷ്കാരമല്ളെന്നും ചിരപുരാതനകാലം മുതല്‍ക്കേ മതത്തിന്‍െറ പൈതൃകമായി നിലനില്‍ക്കുന്നതാണെന്നുംകൂടി പ്രവാചകന്‍ സൂചിപ്പിക്കുന്നു.
‘സാഹിദ് ഖുശ്ക് നഹി’ എന്നൊരു പഴഞ്ചൊല്ലുണ്ട് ഉര്‍ദുവില്‍. ഏതുസമയവും ഗൗരവത്തിലിരിക്കുന്ന ശുഷ്ക ഹൃദയനല്ല യോഗി എന്നര്‍ഥം. ആസക്തികളില്‍നിന്ന് മുക്തനാകുമ്പോഴും ഒരു യഥാര്‍ഥ യോഗി ലൗകികാനന്ദങ്ങള്‍ നിഷേധിക്കുന്നില്ല. നര്‍മബോധം അയാളെ കൈവെടിയുന്നില്ല. അതൊക്കെ അയാളുടെ ആത്മീയ ഭാവത്തിന് ശോഭപകരുന്നേയുള്ളൂ.

‘അങ്ങാടിയില്‍ നടക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്ന നബിയോ -ഇതെന്തൊരു നബി!’ എന്ന് മക്കയിലെ അവിശ്വാസികള്‍ അദ്ഭുതംകൂറിയതിനെ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അങ്ങാടിയില്‍ നടക്കുക എന്നത് നബിയുടെ ന്യൂനതയല്ല, പൂര്‍ണതയുടെ ഭാഗംതന്നെയാണെന്നാണ് ഖുര്‍ആന്‍ അവരെ ഖണ്ഡിക്കുന്നത്. ജനങ്ങള്‍ക്ക് അപ്രാപ്യമായ ഉയരത്തിലുള്ള ആത്മീയ ഗൗരവമല്ല പ്രവാചകന്‍. ചന്തയില്‍ നടക്കുമ്പോഴും ആള്‍ക്കൂട്ടത്തില്‍ ജീവിക്കുമ്പോഴും ആത്മീയമൂല്യങ്ങള്‍ പ്രസരിപ്പിക്കുന്ന ഒരു ലൗകികന്‍തന്നെയാണ് പ്രവാചകന്‍.
നബിയുടെ ജീവിതത്തില്‍, തമാശപറയുകയും നര്‍മസല്ലാപങ്ങളില്‍ കൗതുകംകൊള്ളുകയും ചെയ്യുന്ന ചിരിക്കുന്ന ഒരു നബിയുമുണ്ട്. പൊട്ടിച്ചിരിക്കാതെ തൂമന്ദഹാസം തൂകുന്ന നബി. ജീവിതത്തിന് വെളിച്ചം നല്‍കുന്ന അദ്ദേഹത്തിന്‍െറ മഹദ്വചനങ്ങളോടൊപ്പം നര്‍മത്തിന്‍െറ ഈ നറുവെട്ടങ്ങളും സമാഹരിക്കുന്നതില്‍ ശിഷ്യന്മാര്‍ ശുഷ്കാന്തി പുലര്‍ത്തിയിട്ടുണ്ട്. വൃദ്ധകളും കൊച്ചുകുട്ടികളുമായൊക്കെ അദ്ദേഹം നര്‍മം പങ്കിടുന്നു. കൊച്ചുകുട്ടിയായിരിക്കെ പാവകളുമായി കളിക്കുന്ന ആഇശയുടെ അരികിലൂടെ ഒരിക്കല്‍ അദ്ദേഹം നടന്നുപോകുന്നു. പാവകളുടെ കൂട്ടത്തില്‍ ഒരു കുതിര അദ്ദേഹത്തിന്‍െറ ശ്രദ്ധയാകര്‍ഷിക്കുന്നു. അതെന്താണെന്ന് അന്വേഷിക്കുന്ന നബിയോട് അത് കുതിരയാണെന്ന് അറിഞ്ഞുകൂടേ എന്നാണ് ആഇശയുടെ മറുപടി. അതല്ല, ഈ കുതിരകള്‍ക്കെന്താണു ചിറകുകള്‍ എന്നായി പ്രവാചകന്‍. ഇത് സുലൈമാന്‍ നബിയുടെ കുതിരയാണെന്ന് ആഇശ. കുതിരക്ക് ചിറക് മുളപ്പിച്ച ആ ബാലഭാവനയുടെ നിഷ്കളങ്കതയെ അഭിനന്ദപൂര്‍വം ആസ്വദിക്കുകയായിരുന്നു പ്രവാചകന്‍.
മറ്റൊരിക്കല്‍ ഒരു വൃദ്ധ സ്വര്‍ഗ പ്രവേശത്തിനായി നബിയോടു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ സ്വര്‍ഗത്തില്‍ വൃദ്ധകള്‍ക്ക് സ്ഥാനമില്ളെന്ന് പ്രവാചകന്‍ പറയുന്നു. വൃദ്ധക്ക് സങ്കടമായി. അതുകണ്ട പ്രവാചകന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വൃദ്ധകള്‍ ബാല്യക്കാരത്തികളായാണു പ്രവേശിക്കുക എന്ന് ചിരിക്കുന്നു. ‘ചിരിക്കുന്ന നബി’ (അന്നബിയ്യുദ്ദാഹിക്) എന്ന പുസ്തകത്തില്‍ നബിയുടെ ഇത്തരം നര്‍മോക്തികള്‍ പലതും കാണാം.

നബിയുടെ നര്‍മബോധവും ജീവിതാനന്ദത്തിന്‍െറ ആത്മീയ സങ്കല്‍പവും അദ്ദേഹത്തില്‍നിന്ന് ശിഷ്യന്മാരും അനന്തരമെടുത്തു. തത്ത്വജ്ഞാന നിര്‍ഭരവും സാഹിത്യസമ്പുഷ്ടവുമായ ‘നഹ്ജുല്‍ ബലാഗ’യുടെ കര്‍ത്താവാണ് നബിയുടെ പ്രിയശിഷ്യനായ അലി. ഇന്നും അറബിസാഹിത്യ വിദ്യാര്‍ഥികളുടെ പാഠപുസ്തകമാണ് ഈ കൃതി.

സദാ ഗൗരവചിന്തയില്‍ മുഴുകാതെ ഇടക്കു നിങ്ങള്‍ മനസ്സിനെ രമിപ്പിച്ച് അതിന് വിശ്രാന്തി നല്‍കണം (‘റവ്വിഹൂ അന്‍ഫുസകും’) എന്നത് അലിയുടെ ഉദ്ധരിക്കപ്പെടുന്ന ഒരു ഉപദേശമാണ്. അലിയും പ്രവാചക പുത്രിയായ അദ്ദേഹത്തിന്‍െറ ഭാര്യ ഫാത്തിമയും തമ്മില്‍ കവിതകളിലൂടെ അന്യോന്യം കളിയാക്കി രസിക്കാറുണ്ടായിരുന്നു. ഫാത്തിമയുടെ പ്രപൗത്രിയായ സുകൈന കുശാഗ്രബുദ്ധിയും അസാമാന്യനര്‍മബോധത്താല്‍ അനുഗൃഹീതയുമായിരുന്നു. വീട്ടില്‍ കവികളെ ക്ഷണിച്ചുവരുത്തി കാവ്യോത്സവങ്ങള്‍ നടത്താറുണ്ടായിരുന്നു അവര്‍.
ആത്മീയതയെയും ലൗകികതയെയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന ഈ ജീവിതവീക്ഷണം പിന്‍തലമുറയും പാലിച്ചുപോന്നിട്ടുണ്ട്. ഒരിക്കല്‍ മസ്ജിദില്‍ വെച്ച് കവിതചൊല്ലിയ ഒരാളെ തടഞ്ഞപ്പോള്‍ നിങ്ങളെക്കാള്‍ ശ്രേഷ്ഠന്മാരുടെ കാലത്ത് ഞാനിത് ചെയ്തിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അയാള്‍ സ്വയം ന്യായീകരിച്ചത്. മസ്ജിദുകള്‍ അക്കാലത്ത് ആരാധനാലയങ്ങള്‍ മാത്രമായിരുന്നില്ല. ഭരണസിരാ കേന്ദ്രവും സാംസ്കാരിക മന്ദിരവും കൂടിയായിരുന്നു. മതവിഷയങ്ങള്‍ക്കു പുറമെ ഗോളശാസ്ത്രവും കവിതയടക്കമുള്ള സാഹിത്യകലകളും ഒരു കാലത്ത് മസ്ജിദില്‍ വെച്ചാണ് പഠിപ്പിച്ചുപോന്നിരുന്നത്. ഖലീല്‍ എന്ന വൈയാകരണന്‍ സംഗീതവിദ്വാന്‍ കൂടിയായിരുന്നു. മസ്ജിദില്‍വെച്ചായിരുന്നു അദ്ദേഹം പുതിയ സംഗീത രാഗങ്ങള്‍ കണ്ടത്തെിയിരുന്നത്.  ഈജിപ്ഷ്യന്‍ സിനിമാ സംഗീത സംവിധായകനായിരുന്ന അബ്ദുല്‍ വഹാബ് പുതിയൊരു സംഗീതം ചിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ നന്ദിസൂചകമായി മസ്ജിദില്‍ ചെന്ന് ബാങ്ക് വിളിക്കാറുണ്ടായിരുന്നുവത്രെ.
ആരാധനകള്‍ക്ക് പ്രത്യേകം മന്ദിരങ്ങള്‍ പണിത പ്രവാചകന്‍തന്നെ ഭൂമി മുഴുവന്‍ എനിക്ക് മസ്ജിദാണെന്നും പ്രസ്താവിച്ചതായി കാണാം. ആത്മീയതയില്‍ ലൗകികതയും ലൗകികതയില്‍ ആത്മീയതയും സമന്വയിപ്പിക്കുന്ന ഇസ്ലാംദര്‍ശനം ഭൂമിയില്‍ മുഴുവന്‍ ആത്മീയതയുടെ ചൈതന്യം പ്രസരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ആനബി വേദത്തിന്‍െറ അന്ത$ശ്രുതി.

ധ്യാനത്തിലൂടെ ദിവ്യാനന്ദത്തിലേക്ക് ആരോഹണം ചെയ്യുന്ന സൂഫികള്‍ അവിടെനിന്ന് ജനങ്ങളിലേക്ക് ഇറങ്ങിവന്ന് അവരുടെ സമരങ്ങള്‍ നയിക്കുന്നത് നാം ചരിത്രത്തില്‍ വായിക്കുന്നു. ‘മുജാഹദ’യും (ധ്യാനം) ‘ജിഹാദും’ (ധര്‍മയുദ്ധം) ഉള്ളടങ്ങിയതാണ് സൂഫിയുടെ ജീവിതം. ഫ്രഞ്ച് അധിനിവേശത്തിനെതിരെ ജനകീയസമരം നയിച്ച സൂഫി പോരാളി അമീര്‍ അബ്ദുല്‍ ഖാദിര്‍ ജസാഇരിയുടെ ജീവിതത്തെക്കുറിച്ചു ഫ്രാങ്കോഫോണ്‍ എഴുത്തുകാരനായ വാസിനി അഅ്റജിന്‍െറ നോവലായ ‘കിതാബുല്‍ അമീറി’ല്‍ അതിന്‍െറ മനോഹരകാന്‍വാസുകള്‍ കാണാം. സുഡാനിലെ മഹ്ദിയുടെയും ലിബിയയിലെ സനൂസിയുടെയും ജീവിതങ്ങളും അതാണ് ഉദാഹരിക്കുന്നത്. ധ്യാനത്തിലൂടെ അദൈ്വതാവസ്ഥ (വഹ്ദതുല്‍ വുജൂദ്) പ്രാപിക്കുന്ന സൂഫി അവിടെനിന്ന് തിരിച്ചിറങ്ങാത്തപക്ഷം ധ്യാനം നിഷ്ഫലമായിപ്പോകുമെന്ന് അദൈ്വതത്തെ വിശദീകരിച്ചുകൊണ്ട് സര്‍ഹിന്ദി ശിഷ്യന്മാര്‍ക്ക് എഴുതുന്നുണ്ട്. ദൈവത്തിലേക്ക് എത്തിച്ചേരാന്‍ പണിയുന്ന പാലം ജനങ്ങളിലേക്ക് തിരിച്ചിറങ്ങാന്‍ കൂടിയുള്ളതാണ്. ഇസ്ലാമിലെ എല്ലാ അനുഷ്ഠാനങ്ങളും സൂക്ഷ്മതലത്തില്‍ ഈ തത്ത്വം ഉള്‍ക്കൊള്ളുന്നുണ്ട്.

ഈദാഘോഷത്തിനു മുമ്പ് പത്തു ദിവസം ലൗകികവ്യവഹാരങ്ങളൊക്കെ വെടിഞ്ഞ് മസ്ജിദില്‍ പൂര്‍ണധ്യാനത്തില്‍ നിമഗ്നമാകുന്ന ഐച്ഛിക അനുഷ്ഠാനമാണ് ‘ഇഅ്തികാഫ്’. റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ അതിന് പ്രത്യേകം പ്രാധാന്യം കല്‍പിക്കപ്പെടുന്നു. ദൈവത്തോടു കൂടുതല്‍ അടുക്കാനുള്ള അവസരമാണിത്. ആ ആത്മീയാനന്ദത്തില്‍നിന്ന് ഈദിന്‍െറ അനുഭൂതിയിലേക്കാണ് പിന്നെ ഭക്തന്മാര്‍ നേരിട്ടിറങ്ങിവരുന്നത്. അതുവരെ ആരാധനകള്‍ നിര്‍വഹിക്കപ്പെട്ടിരുന്ന മസ്ജിദ് ഈദ് ദിനത്തില്‍ പൊതുമൈതാനിയിലേക്ക് ഇറങ്ങിവരുകയാണ്. മസ്ജിദില്‍ വിലക്കുള്ള ഋതുമതികള്‍ക്കും അവിടെ സന്നിഹിതരാകാം. നമസ്കാരമൊഴികെയുള്ള ചടങ്ങുകളിലെല്ലാം പങ്കെടുക്കാം. കാരണം, ആബാലവൃദ്ധം സ്ത്രീ-പുരുഷന്മാര്‍ക്ക് ആനന്ദിക്കാനുള്ള ദിനമാണ് ഈദ്.
ഈ ദിനത്തില്‍ ഒരു വീടിനും ആനന്ദം നിഷേധിക്കപ്പെടരുതെന്നാണ് പ്രവാചകന്‍െറ നിര്‍ദേശം. ഈദില്‍ പട്ടിണികിടക്കുന്ന ഒരു വീടും ഉണ്ടാകരുത്. ഫിത്്ര്‍ സകാത് നിശ്ചയിക്കപ്പെട്ടത് അതിനാണ്. അന്നത്തെ അന്നത്തിന്‍െറ വക കഴിച്ച് മിച്ചമുള്ളവരെല്ലാം ഒരു നിശ്ചിത വിഹിതം ധാന്യം പാവപ്പെട്ടവര്‍ക്കായി നീക്കിവെക്കണം. ധനികന്‍െറ മാനദണ്ഡം അന്ന് മാറുന്നു. ആ ദിവസത്തെ ചെലവ് കഴിച്ചു മിച്ചമുള്ളവരെല്ലാം ആ ദിനം ധനികരാണ്.

തൊട്ടു മുമ്പത്തെ മുപ്പത് നാളുകള്‍ വ്രതം നിര്‍ബന്ധമായിരുന്നെങ്കില്‍ ഈദ് ദിനം വ്രതം നിഷിദ്ധമാണ്. പുണ്യപാപങ്ങളുടെ നിര്‍ണയരീതി ഇവിടെ മാറുകയാണ്. ഇന്ന് പട്ടിണികിടക്കുന്നത് ദൈവത്തിനുവേണ്ടിയാണെങ്കിലും അതു പാപമാണ്. ആനന്ദമാണ് ഇന്ന് പുണ്യം.   ദൈവത്തിന്‍െറ പ്രീതിയാണ് പുണ്യപാപങ്ങളുടെ മാനദണ്ഡം. ആത്യന്തികമായ പുണ്യമെന്നാല്‍ ദൈവത്തിനുള്ള സമര്‍പ്പണമാണ്. പട്ടിണികിടക്കുന്നതും ആഹരിക്കുന്നതും ഒരുപോലെ പുണ്യമാകുന്നത് ഈ സമര്‍പ്പണത്തിലൂടെയാണ്. രതിപോലും ഇസ്ലാമില്‍ ഉപാസനയാണ്. ഞങ്ങളിലൊരാള്‍ ഭാര്യയെ ഭോഗിക്കുന്നത് ഉപാസനയോ എന്നു സംശയിക്കുന്ന ശിഷ്യനോട് പ്രവാചകന്‍ ചോദിക്കുന്നത് അവിഹിത വേഴ്ചയാണെങ്കില്‍ അത് പാപമായിരിക്കില്ളേ എന്നാണ്. ദൈവാനുശാസനത്തിനുള്ള സമര്‍പ്പണം എന്നതാണ് ദാമ്പത്യ സുഖത്തിലെ പുണ്യത്തിന്‍െറയും മര്‍മം.
ഇസ്ലാമിലെ ഓരോ അനുഷ്ഠാനത്തിലും സാമൂഹികമോ വൈയക്തികമോ ആയ ഏതോവിധത്തിലുള്ള ധര്‍മം അതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. ‘നിങ്ങളര്‍പ്പിക്കുന്ന ബലിയുടെ രക്തമോ മാംസമോ ദൈവത്തിങ്കലത്തെുന്നില്ല, നിങ്ങളുടെ ധര്‍മബോധം (തഖ്വ) മാത്രമാണ് എത്തുന്നത്’ എന്ന് ഖുര്‍ആന്‍ പറയുന്നു.  ‘അസ്റാര്‍’ എന്നറിയപ്പെടുന്ന മതാനുഷ്ഠാനങ്ങളുടെ ആന്തരതത്ത്വങ്ങള്‍ പഴയ പണ്ഡിതന്മാരും ആധുനിക പണ്ഡിതന്മാരുമൊക്കെ അനാവരണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇമാം ഗസ്സാലിയുടെ ‘ഇഹ്യാഉം’ മൗദൂദിയുടെ ‘ഖുത്തുബാത്തും’ അബുല്‍ ഹസന്‍ അലി നദ്വിയുടെ ‘അര്‍ക്കാനെഅര്‍ബഅ’യുമൊക്കെ അത്തരം ഗ്രന്ഥങ്ങളാണ്. പാരമ്പര്യ മതപണ്ഡിതനല്ലാത്ത ഇറാനിലെ സോഷ്യോളജിസ്റ്റ് അലി ശരീഅത്തിയുടെ ‘ഹജ്ജ്’ ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട കൃതിയാണ്. മുന്‍ സൂചിപ്പിച്ച ‘ദൈവത്തിലേക്കും അവിടെനിന്ന് ജനങ്ങളിലേക്കും’ എന്ന ഉള്‍സാരം ഹജ്ജനുഷ്ഠാനങ്ങളില്‍ പുലരുന്നതിന്‍െറ മനോഹര ചിത്രങ്ങള്‍ ആ കൃതിയില്‍ ശരീഅത്തി വരച്ചിടുന്നുണ്ട്.  

ഈദില്‍ ദൈവദാസന്മാര്‍ ഈശ്വരനെ ഉച്ചത്തില്‍ മഹത്ത്വപ്പെടുത്തുന്നു  -‘അല്ലാഹു അക്ബര്‍’, അല്ലാഹുവാണ് മഹാനെന്ന്. സ്വന്തം എളിമത്വത്തിന്‍െറ വിളംബരമാണിത്. ദിവസവും പഞ്ചനമസ്കാരങ്ങളില്‍ പലതവണയായി ഇത് ആവര്‍ത്തിക്കപ്പെടുന്നുണ്ട്. പെരുന്നാള്‍ ദിനത്തില്‍ അത് സംഘമായി ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. സഹജീവികളെക്കാള്‍ പെരുമ നടിക്കാന്‍ തന്നില്‍ ഒന്നുമില്ളെന്ന വിനയത്തിലേക്ക് അത് ഉരുവിടുന്നവന്‍ നയിക്കപ്പെടുന്നു. ദൈവത്തിന്‍െറ മുന്നില്‍ എല്ലാ മനുഷ്യരും സമന്മാരാണെന്ന ബോധം അത് ഉദ്ദീപിപ്പിക്കുന്നു. അപ്പോള്‍ അവന്‍െറ ഉള്ളില്‍നിന്ന് ‘ഞാന്‍’ ഇറങ്ങിപ്പോവുകയും ‘നമ്മള്‍’ എന്ന സമ്യക്ബോധം സ്ഥാനാന്തരപ്പെടുകയും ചെയ്യുന്നു. ഉച്ചനീചത്വമില്ലാത്ത ഒരു സമൂഹം ആവിഷ്കരിക്കപ്പെടുമ്പോഴുള്ള ആനന്ദമൂര്‍ച്ഛയിലാണ് ഈദിന്‍െറ യഥാര്‍ഥ സാക്ഷാത്കാരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.