പ്രഗത്ഭനായ സാംസ്കാരിക സാമൂഹിക നായകന്‍

മത-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ ആറ് പതിറ്റാണ്ടുകാലം സജീവ സാന്നിധ്യമായി നിറഞ്ഞുനിന്ന കെ.എം. അബ്ദുര്‍റഹീം ഓര്‍മയായി. ചിന്തകന്‍, അധ്യാപകന്‍, നേതാവ്, പ്രസ്ഥാന നായകന്‍, വാഗ്മി, എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി ഒട്ടനേകം വിശേഷണങ്ങളാല്‍ പരിചയപ്പെടുത്താവുന്ന  വ്യക്തിത്വത്തിനുടമയായ അബ്ദുര്‍റഹീം ഒരു കാലഘട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ തിങ്ക്ടാങ്ക് ആയി നിലകൊണ്ടു. ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നീ സ്ഥാപനങ്ങളില്‍ ഇംഗ്ളീഷ്-സാമൂഹിക ശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ച അബ്ദുര്‍റഹീം ഫാറൂഖ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. എഴുപതുകളുടെ തുടക്കത്തില്‍ കുവൈത്തില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം വ്യാപാരി എന്നതിനേക്കാള്‍ അറിയപ്പെട്ടിരുന്നത് സര്‍വജന സമ്മതനായ മാതൃകാ വ്യക്തിത്വം എന്ന നിലക്കാണ്. കുവൈത്തില്‍ കേരള ഇസ്ലാമിക് ഗ്രൂപ്പിന്‍െറ സ്ഥാപകാംഗമായ അദ്ദേഹം രണ്ട് പതിറ്റാണ്ടുകാലം അതിന്‍െറ ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ് പദവികള്‍ അലങ്കരിച്ചു. എഴുപതുകളുടെ അന്ത്യപാദത്തില്‍ കുവൈത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മലയാളി സമാജം അതിന്‍െറ പ്രസിഡന്‍റായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തത് അബ്ദുര്‍റഹീമിനെയാണ്. പിന്നീട് 20 മലയാളിസംഘടനകളുടെ കൂട്ടായ്മയായ യുനൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍സ് (യു.എം.ഒ) രണ്ടുതവണ പ്രസിഡന്‍റായി തെരഞ്ഞെടുത്തതും അബ്ദുര്‍റഹീമിനത്തെന്നെ. ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സ്ഥാപിതമായ കാലം മുതല്‍ സജീവ പ്രവര്‍ത്തകനായി രംഗത്തുവരുകയും ക്രമത്തില്‍ നേതൃപദവിയിലുയര്‍ന്ന് സംസ്ഥാന ശൂറാ അംഗമായിത്തീരുകയും ചെയ്തു. പ്രശസ്തരായ സാഹിത്യ-സാംസ്കാരിക വ്യക്തിത്വങ്ങളുമായി ഉറ്റബന്ധം സ്ഥാപിച്ചു.  പരന്ന വായനയായിരുന്നു ഇഷ്ടവിനോദം. മലയാളത്തിലെ സാഹിത്യ കൃതികളുമായും ഇംഗ്ളീഷ് ക്ളാസിക് രചനകളുമായും അഗാധബന്ധം പുലര്‍ത്തിയ  അദ്ദേഹത്തിന്‍െറ പ്രിയപ്പെട്ട മറ്റൊരു പ്രവൃത്തി,  വായിച്ച കൃതികളുടെ ഉള്ളടക്കം ഇഷ്ടജനങ്ങളുമായി പങ്കുവെക്കുക എന്നതായിരുന്നു. സമകാലിക പ്രസിദ്ധീകരണങ്ങളായിരുന്നു ഉറ്റ ചങ്ങാതി.
‘മാധ്യമം’ ദിനപത്രത്തിന്‍െറ സ്ഥാപകരായ ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് അംഗമായ അദ്ദേഹം അതിന്‍െറ സഞ്ചാരപഥങ്ങളിലെ ഓരോ സ്പന്ദനത്തോടും ഹൃദയം ചേര്‍ത്തുവെച്ചു. ബഹുസ്വര സമൂഹത്തില്‍ പത്രത്തിന്‍െറ ഉള്ളടക്കത്തേയും ശൈലിയെയും വാര്‍ത്താവിന്യാസത്തെയും സംബന്ധിച്ച് വ്യക്തമായ അവബോധം കാത്തുസൂക്ഷിച്ച അദ്ദേഹം, ശിഷ്യന്മാര്‍തന്നെയായ പത്രാധിപന്മാരുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട്  അവരെ പ്രോത്സാഹിപ്പിച്ചു. പ്രബോധന പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, സാഹിത്യ സേവനങ്ങള്‍ തുടങ്ങി നിരവധി രംഗങ്ങളില്‍ പ്രശസ്തരായ ഉന്നത വ്യക്തിത്വങ്ങളുടെ ഗുരുവര്യനായ അബ്ദുര്‍റഹീമിന്‍െറ ശിഷ്യന്മാര്‍, തങ്ങള്‍ റഹീം സാഹിബിന്‍െറ ശിഷ്യഗണങ്ങളാണെന്ന് പറയുന്നതില്‍ അഭിമാനിക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാനും വിശേഷിച്ച് വടക്കേ മലബാറിലെ വനിതാ വിദ്യാഭ്യാസ രംഗത്ത് ഫലപ്രദമായ ഇടപെടലുകള്‍ നടത്താനും അദ്ദേഹം കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്  ജന്മദേശമായ പെരിങ്ങാടിയില്‍ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ സ്ഥാപിതമായ അല്‍ഫലാഹ് വനിതാ കോളജ്.
ഖുര്‍റം ജാ മുറാദ്, ഖുര്‍ശിദ് അഹ്മദ്, അഹ്മദ് ദീദാത്ത്, ഡോ. സുഗ്ലൂല്‍ നജ്ജാര്‍, ഡോ. ഹസ്സാന്‍ ഹത്ഹൂത്ത്, ശൈഖ് നാദിര്‍ നൂരി എന്നീ പ്രമുഖ വ്യക്തികളുമായി അഗാധ സ്നേഹബന്ധം കാത്തുസൂക്ഷിച്ച അബ്ദുര്‍റഹീം കുവൈത്തിലെ പ്രശസ്ത വ്യാപാരിയും വ്യവസായിയും ആയിരുന്ന അബ്ദുല്ലാ അലി അല്‍മുത്വവ്വ എന്ന അബൂബദ്റിന്‍െറ മാനസപുത്രനായിരുന്നു. അബ്ദുര്‍റഹീമിന്‍െറ അഭിപ്രായങ്ങള്‍ക്കും സാക്ഷ്യങ്ങള്‍ക്കും അദ്ദേഹത്തിന്‍െറ തൊഴില്‍ ഉടമയായിരുന്ന അബൂബദ്ര്‍ വലിയ വിലകല്‍പിച്ചു. അബ്ദുര്‍റഹീം എന്ന സംബോധനയില്‍ സ്നേഹത്തിന്‍െറയും ശാസനയുടെയും ശബ്ദം തിരിച്ചറിഞ്ഞ അബ്ദുര്‍റഹീമിനും അദ്ദേഹം പിതൃസ്ഥാനീയനായിരുന്നു. മനുഷ്യ സേവന-ജീവകാരുണ്യ രംഗത്ത് കുവൈത്തിലെ ഗവണ്‍മെന്‍റ്-ഗവണ്‍മെന്‍േറതര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും സംഭാവനകളും ഏകോപിപ്പിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച അദ്ദേഹം ഭരണസിരാ കേന്ദ്രങ്ങളിലെ ഉന്നത ശീര്‍ഷരുമായി ഉറ്റബന്ധം സ്ഥാപിച്ചു. ഐ.പി.സിയുടെ രൂപവത്കരണത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍നിന്ന് പങ്കുവഹിച്ചവര്‍ ഞങ്ങള്‍ രണ്ടുപേരുമായിരുന്നു. 1958ല്‍ ആദ്യത്തെ പ്രഭാഷണം എഴുതി കാണാതെ പഠിപ്പിച്ച് സ്റ്റേജില്‍ അവതരിപ്പിക്കാന്‍ പ്രാപ്തനാക്കിയത് മുതല്‍ ആരംഭിച്ചതാണ് ഞങ്ങളുടെ ബന്ധം.
എഴുപതുകളുടെ അവസാനത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്ക് കുവൈത്തിലെ പൗരസമൂഹം നല്‍കിയ സ്വീകരണത്തിന് നേതൃത്വം നല്‍കി. അദ്ദേഹത്തെ നന്നായി അറിയുന്ന കൃഷ്ണയ്യര്‍, ‘റഹീമിനെ പോലുള്ള പ്രതിഭാധനരുടെ സിദ്ധികള്‍ ഗള്‍ഫിലെ മരുഭൂമികളില്‍ വരണ്ടുണങ്ങുന്ന’തില്‍ പരിതപിച്ചെങ്കിലും കാലം കെടുത്താത്ത സര്‍ഗ തേജസ്സിനുടമയാണ് താനെന്ന് സ്വദേശത്തും വിദേശത്തുമുള്ള നിസ്തുല സംഭാവനകളിലൂടെ അദ്ദേഹം തെളിയിച്ചു. ആറ് പതിറ്റാണ്ടുകള്‍ നീണ്ട കര്‍മസപര്യക്ക് അന്ത്യശ്വാസത്തോടെ വിരാമം വീണെങ്കിലും അബ്ദുര്‍റഹീം വിട്ടേച്ചുപോയ പാദമുദ്രകള്‍ ആ നാമം ചിരസ്മരണീയമാക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.