ചികിത്സാരംഗത്തെ അധാര്‍മികതകള്‍ക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍

മരുന്നുകമ്പനികളില്‍നിന്ന് പണമൊ സമ്മാനങ്ങളൊ സൗജന്യ വിദേശയാത്രയൊ സ്വീകരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) തീരുമാനിച്ചിരിക്കയാണ്. ഡോക്ടര്‍മാരും മരുന്നുകമ്പനികളും തമ്മിലുള്ള അനാശാസ്യങ്ങളായ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് വൈദ്യവൃത്തിയില്‍ പാലിക്കേണ്ട നൈതിക പെരുമാറ്റച്ചട്ടങ്ങളെപ്പറ്റി എം.സി.ഐ 2002 ല്‍ അംഗീകരിച്ച നിയമത്തില്‍ മരുന്നുകമ്പനികളില്‍നിന്ന് ഡോക്ടര്‍മാര്‍ പാരിതോഷികങ്ങളൊന്നും സ്വീകരിക്കാന്‍ പാടില്ളെന്ന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് 2012 ല്‍ മരുന്നുകമ്പനികളില്‍നിന്ന് സ്വീകരിക്കുന്ന എല്ലാ സമ്മാനങ്ങളുടെയും വില നിശ്ചയിച്ച് വരുമാനനികുതി ചുമത്തുന്നതാണെന്ന് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റും  ഉത്തരവിറക്കി. എന്നാല്‍, ഈ നിബന്ധനകളൊന്നും പാലിക്കപ്പെടുന്നില്ളെന്നതാണ് വസ്തുത. നാളിതുവരെ മരുന്നുകമ്പനികളില്‍നിന്ന് ഉപഹാരങ്ങള്‍ സ്വീകരിച്ചതിന്‍െറ പേരില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആര്‍ക്കുമെതിരെ നടപടിയെടുത്തിട്ടുമില്ല. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റ്  വരുമാന നികുതി ഈടാക്കിയിട്ടുമില്ല.

2009ല്‍ എം.സി.ഐ പുറപ്പെടുവിച്ച പുതുക്കിക മാര്‍ഗനിര്‍ദേശങ്ങളില്‍ മരുന്നുകമ്പനികളില്‍നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് കര്‍ശനമായി  വിലക്കിയിരുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഡോക്ടര്‍മാരുടെ കേസുകള്‍ അതത് സംസ്ഥാനങ്ങളിലെ എത്തിക്സ് കമ്മിറ്റിയെ അറിയിക്കുകമാത്രമാണ് നിബന്ധന ആക്കിയിട്ടുള്ളത്.  സംസ്ഥാന കൗണ്‍സിലുകള്‍ പൊതുവില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാറുമില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരായ ശിക്ഷാനടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാതിരുന്നതാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇങ്ങനെ പലകാരണങ്ങള്‍ കൊണ്ടും  മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുവില്‍ അവഗണിക്കപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് എം.സി.ഐ പുതിയ നടപടികളുമായി നീങ്ങുന്നത്.  ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രഫഷനല്‍ കണ്ടക്ട്് എറ്റികെറ്റ് ആന്‍ഡ് എത്തിക്സ് വിജ്ഞാപനം റെഗുലേഷന്‍ (ഭേദഗതി) 2015 എന്നുപേരിലുള്ള പുതിയ വിജ്ഞാപനം വൈകാതെ പുറപ്പെടുവിപ്പിക്കുമെന്നാണ് എം.സി.ഐ വ്യക്തമാക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ സ്വീകരിക്കുന്ന സൗജന്യത്തിന്‍െറയും സമ്മാനങ്ങളുടെയും കണക്കനുസരിച്ച് ശിക്ഷ നിശ്ചയിക്കാനാണ്  ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്.

പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മരുന്നുകമ്പനിയില്‍നിന്ന് 5000 മുതല്‍ 10,000 രൂപയൊ തത്തുല്യമായ സമ്മാനമോ വാങ്ങുന്ന ഡോക്ടര്‍മാരുടെ പേര് മൂന്നു മാസത്തേക്ക് രജിസ്റ്ററില്‍നിന്ന് നീക്കംചെയ്യും. ഇക്കാലയളവില്‍ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടിസ് നടത്താന്‍ പറ്റില്ല. 10,000 രൂപക്കുമേല്‍ അരലക്ഷം രൂപവരെ ആറുമാസത്തേക്കും ഒരു ലക്ഷം രൂപവരെ ഒരു വര്‍ഷത്തേക്കുമാണ് വിലക്കുണ്ടാവുക.  ഒരു ലക്ഷത്തില്‍ കൂടുതല്‍ സമ്മാനം സ്വീകരിച്ചവരുടെയും ഒരിക്കല്‍ ശിക്ഷിച്ചശേഷം  കുറ്റം ആവര്‍ത്തിക്കുന്നവരുടെയും കാര്യത്തില്‍  സംസ്ഥാനതല എത്തിക്സ് കമ്മിറ്റിക്ക് ഉചിതമായ തീരുമാനമെടുക്കാം എന്നും വ്യവസ്ഥ ചെയിതിരിക്കുന്നു. ഇതോടൊപ്പം മരുന്നുകമ്പനികള്‍ക്കുവേണ്ടി ഡോക്ടര്‍മാര്‍ നടത്തുന്ന  വൈദ്യ ഗവേഷണത്തെ സംബന്ധിച്ചും പുതിയ മാര്‍ഗരേഖകള്‍ ആവിഷ്കരിക്കാന്‍  എം. സി.ഐ തീരുമാനിച്ചിട്ടുണ്ട്. എം.സി.ഐയുടെ നീക്കത്തെ പൊതുസമൂഹവും ആരോഗ്യപ്രവര്‍ത്തകരും സ്വാഗതം ചെയ്തിട്ടുണ്ട്.

സാര്‍വലൗകിക പ്രശ്നം

ഡോക്ടര്‍മാരും മരുന്നുകമ്പനികളും തമ്മിലുള്ള അധാര്‍മികബന്ധങ്ങള്‍ ഒരു സാര്‍വലൗകിക പ്രശ്നമാണെന്ന് പറയാവുന്നതാണ്.  ലാന്‍സെറ്റ്, ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ തുടങ്ങിയ വിശ്രുത വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളും ഡോക്ടര്‍മാരും മരുന്നുകമ്പനികളും തമ്മിലുള്ള ബന്ധം പഠിക്കാനായി നിയോഗിക്കപ്പെട്ട നിരവധി സമിതികളും  മരുന്നുകമ്പനികളുടെ സ്വാധീനത്തിനുവഴങ്ങി വൈദ്യശാസ്ത്ര ധാര്‍മികതക്കും      ചികിത്സാതത്ത്വങ്ങള്‍ക്കും എതിരായിഡോക്ടര്‍മാര്‍ നടത്തിവരുന്നഅധാര്‍മിക ചികിത്സാരീതികളെ പറ്റി ഒട്ടനവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ഈ പ്രശ്നം ചര്‍ച്ചചെയ്യുന്ന ഒരു പ്രത്യേക പതിപ്പുതന്നെ പ്രസിദ്ധീകരിക്കയുണ്ടായി.

വലിയ ആര്‍ഭാടത്തോടെ നടത്താറുള്ള  മെഡിക്കല്‍ കോണ്‍ഫറന്‍സുകളും  തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടികളും സ്പോണ്‍സര്‍ ചെയ്യുന്നത് മരുന്നുകമ്പനികളാണ്.  മാത്രമല്ല, തങ്ങളുടെ ഒൗഷധങ്ങളും ചികിത്സാ ഉപകരണങ്ങളും  മികച്ചതെന്ന് പ്രചരിപ്പിക്കുന്നതിനായി  വ്യാജ   അക്കാദമിക് പേപ്പറുകള്‍ അവതരിപ്പിക്കുന്ന വിദഗ്ധരെ  മെഡിക്കല്‍ കമ്പനികള്‍ തുടര്‍മെഡിക്കല്‍ വിദ്യാഭ്യാസപരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള ഉപാധിയായി തങ്ങള്‍ നിര്‍ദേശിക്കുന്നവരെ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധാവതാരകരായി പങ്കെടുപ്പിക്കണമെന്ന് മരുന്നുകമ്പനികള്‍ ആവശ്യപ്പെടുന്നു.ഇവരുടെ പ്രഭാഷണത്തിനുള്ള സൈ്ളഡുകളും മറ്റും തയാറാക്കുന്നതുപോലും മെഡിക്കല്‍ കമ്പനികളാണ്. ഇങ്ങനെ തങ്ങള്‍ക്കുവേണ്ടി പ്രചാരവേല  നടത്താന്‍  തോട്ട് ലീഡേഴ് സ്,  സ്പീക്കേഴ്സ്  ബ്യൂറോ എന്നൊക്കെയുള്ള പേരില്‍ ഡോക്ടര്‍മാരുടെ സംഘത്തെതന്നെ  പല മരുന്നുകമ്പനികളും തയാറാക്കി  നിര്‍ത്തുന്നു. ഇതിനു പുറമേ വൈദ്യശാസ്ത്ര ജേണലുകളില്‍ തങ്ങളുടെ ഉല്‍പന്നങ്ങളും  രോഗനിര്‍ണയ ചികിത്സാ ഉപകരണങ്ങളും മികച്ചതെന്ന് വാദിക്കുന്ന ലേഖനങ്ങള്‍ ഇവരെക്കൊണ്ട് എഴുതിക്കുകയും ചെയ്യുന്നു.

ഇറാഖിലെ യുദ്ധമുഖത്തേക്ക് അമേരിക്കന്‍ സര്‍ക്കാറിന്‍െറ  വിദേശനയം ന്യായീകരിക്കുന്നതിനായി പത്രറിപ്പോര്‍ട്ടര്‍മാരെ തന്ത്രപൂര്‍വം തിരുകിക്കയറ്റി അയച്ച കുപ്രസിദ്ധമായ എംബഡഡ്  പത്രപ്രവര്‍ത്തനരീതിയാണ് ഇക്കാര്യത്തില്‍ മരുന്നുകമ്പനികളും പിന്തുടരുന്നതെന്ന് പറയാവുന്നതാണ്. ഇതിന്‍െറയെല്ലാം ഫലമായി രോഗികളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവദിത്തം നിര്‍വഹിക്കുന്നതില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെടുന്നു. മരുന്നുകമ്പനികളുടെ സാമ്പത്തികലക്ഷ്യങ്ങളും  രോഗികളുടെ ആരോഗ്യ അവകാശവും  തമ്മിലുള്ള  താല്‍പര്യ വൈരുധ്യത്തില്‍ (കോണ്‍ഫ്ളിക്ട് ഓഫ് ഇന്‍ററെസ്റ്റ്) ഡോക്ടര്‍മാര്‍ മരുന്നുകമ്പനികളുടെ പക്ഷത്ത് ചേരുന്നതുകൊണ്ടാണ്ഇതെല്ലാം സംഭവിക്കുന്നതെന്ന് മേല്‍ സൂചിപ്പിച്ച ആധികാരിക പഠനങ്ങള്‍ വ്യക്തമാക്കുന്നു.
1988ല്‍ ചേര്‍ന്ന 41ാമത് ലോകാരോഗ്യ അസംബ്ളി ഒൗഷധ പ്രചാരണം നടത്തുമ്പോള്‍ പാലിച്ചിരിക്കേണ്ട  നൈതിക പെരുമാറ്റച്ചട്ടങ്ങള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചിരുന്നു. മിക്കരാജ്യങ്ങളും ഇതവഗണിച്ച സാഹചര്യത്തില്‍ 2007ല്‍ ചേര്‍ന്ന ലോകാരോഗ്യ അസംബ്ളി ഒൗഷധപ്രചാരണരീതികള്‍  നിരീക്ഷിക്കാന്‍ സ്ഥിരംസംവിധാനം ഏര്‍പ്പെടുത്തണമെന്നും  അധാര്‍മികവും തെറ്റിദ്ധരിപ്പിക്കുന്നവയുമായ ഒൗഷധപ്രചാരണരീതികള്‍ നിരോധിക്കണമെന്നും  ഡോക്ടര്‍മാര്‍ക്ക് ശാസ്ത്രീയമായ ഒൗഷധവിവരങ്ങള്‍ ലഭ്യമാക്കണമെന്നും അംഗരാജ്യങ്ങളോട്  ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയടക്കമുള്ള പലരാജ്യങ്ങളും ഇക്കാര്യത്തില്‍ വ്യക്തമായ നിയമനിര്‍മാണം നടത്താന്‍ തയാറായിട്ടില്ല.

ഡോക്ടര്‍മാരുടെ പ്രഫഷനല്‍ സംഘടനകള്‍തന്നെ ആന്തരികമായ നിയന്ത്രണ സംവിധാനങ്ങള്‍ (സെല്‍ഫ് റെഗുലേഷന്‍) ഏര്‍പ്പെടുത്തുകയാണ് കൂടുതല്‍ ഉചിതം. പല രാജ്യങ്ങളിലും  മരുന്നുകമ്പനികളില്‍നിന്ന് സാമ്പത്തിക സഹായവും പാരിതോഷികങ്ങളും സ്വീകരിക്കുന്നത് സംബന്ധിച്ച് വൈദ്യശാസ്ത്ര നൈതികതയിലൂന്നിയ സമീപനരീതികള്‍ ഡോക്ടര്‍മാരുടെ പ്രഫഷനല്‍ സംഘടനകള്‍ ആവിഷ്കരിച്ച് പിന്തുടര്‍ന്നുവരുന്നുണ്ട്.   പൊതുസമൂഹത്തെയും രോഗികളെയും അറിയിക്കാന്‍ വൈഷമ്യമുള്ള സാമ്പത്തിക സഹായങ്ങളൊന്നും മരുന്നുകമ്പനികളില്‍നിന്നും ഉപകരണനിര്‍മാതാക്കളില്‍നിന്നും സ്വീകരിക്കില്ല എന്ന നിലപാടാണ് മിക്ക മെഡിക്കല്‍ സംഘടനകളും സ്വീകരിച്ചിട്ടുള്ളത്.

ഡോക്ടര്‍മാര്‍ക്കിടയിലെ ബോധവത്കരണം

 2015 ഫെബ്രുവരിയില്‍  ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറോളം ഡോക്ടര്‍മാര്‍ യോഗംചേര്‍ന്ന് ചികിത്സാരംഗത്തെ അധാര്‍മിക പ്രവണതകളെയും അതില്‍ ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്കിനെയും പറ്റി വിശദമായി ചര്‍ച്ചചെയ്തു.  
തുടര്‍ന്ന് ആരോഗ്യമേഖലയുടെ വാണിജ്യവത്കരണത്തെ എതിര്‍ക്കുകയും ചികിത്സയില്‍ ധാര്‍മിക നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന  ഡോക്ടര്‍മാരുടെ ഫോറം (ഡോക്ടേഴ്സ് ഫോര്‍ ഡീ കമേഴ്സ്യലൈസ്ഡ്, എത്തിക്കല്‍ ആന്‍ഡ് റാഷനല്‍ ഹെല്‍ത്ത് കെയര്‍) രൂപവത്കരിച്ച്  ചികിത്സാരംഗത്തെ അധാര്‍മികരീതികളെ സംബന്ധിച്ച്  നിരവധി ഡോക്ടര്‍മാര്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ രേഖപ്പെടുത്തിയ ഒരു പുസ്തകം (വോയിസ് ഓഫ് കോണ്‍ഷന്‍സ് ഫ്രം ദ മെഡിക്കല്‍ പ്രഫഷന്‍) യോഗത്തില്‍ പ്രകാശനം ചെയ്തിരുന്നു. സമാന ചിന്താഗതിക്കാരായ കേരളത്തിലെ ഡോക്ടര്‍മാരുടെ യോഗങ്ങള്‍  ഫോറത്തിന് നേതൃത്വം നല്‍കുന്ന ഡോ. അഭയ ശുക്ള, ഡോ. അരുണ്‍ ഗാദ്രേ  എന്നിവരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്തും ആലുവയിലും കഴിഞ്ഞവര്‍ഷം വിളിച്ചുചേര്‍ത്തിരുന്നു. ധാരാളം യുവ ഡോക്ടര്‍മാര്‍ രണ്ടു സമ്മേളനങ്ങളിലും പങ്കെടുത്തു.

വൈദ്യശാസ്ത്ര നൈതികത ഉയര്‍ത്തിപ്പിടിച്ച് കിക്ബാക് സംസ്കാരത്തിനും മരുന്നുകമ്പനികളും ഉപകരണ നിര്‍മാതാക്കളുമായുള്ള അധാര്‍മിക ബന്ധങ്ങള്‍ക്കുമെതിരെ ഡോക്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തില്‍ ചേര്‍ന്ന യോഗങ്ങളില്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ എത്തിക്സ് കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. എന്നാല്‍, പൊതുസമൂഹത്തിന്‍െറ വിശ്വാസം നേടിയെടുക്കാന്‍ ഐ.എം.എ ക്ക്  ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിബദ്ധതയോടെ ഇക്കാര്യത്തില്‍ ഐ.എം.എ ഇടപെടുമെന്ന് പ്രതീക്ഷിക്കാം. വൈദ്യസമൂഹവും വൈദ്യശാസ്ത്ര നൈതികത സംരക്ഷിക്കാനും ചികിത്സാരംഗത്തെ ചൂഷണങ്ങളെ ചെറുക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത് പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം  ഏറെ ആശ്വാസകരവും ശുഭാപ്തിവിശ്വാസം നല്‍കുന്നതുമാണ്.

ഏതായാലും എം.സി.ഐ വളരെ വൈകിയാണെങ്കിലും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുന്നത് സ്വാഗതാര്‍ഹംതന്നെ. പക്ഷേ , ഇതെങ്ങനെ നടപ്പാക്കുമെന്നത് ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കയാണ്.  
രോഗചികിത്സക്കുള്ള ചികിത്സാമാനദണ്ഡങ്ങളും നിര്‍ദേശതത്ത്വങ്ങളും ഇതോടൊപ്പം നടപ്പാക്കിയില്ളെങ്കില്‍ മരുന്ന് നിര്‍ദേശം സാമ്പത്തിക താല്‍പര്യത്തിനായിട്ടാണെന്ന് തെളിയിക്കുക ബുദ്ധിമുട്ടായിരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.