റബര്‍ മേഖലയില്‍ സംഭവിക്കുന്നത്

240 രൂപ വിലയുണ്ടായിരുന്ന റബറിന്‍െറ നിലവിലെ വില 100ല്‍ താഴെയത്തെി. ഒൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് പ്രതിവര്‍ഷം കേരളത്തില്‍ എട്ടുലക്ഷം ടണ്‍ റബര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഒരു കിലോ റബറിന്‍െറ വരുമാനനഷ്ടം 140 രൂപയെന്ന് കണക്കാക്കിയാല്‍ റബര്‍ കര്‍ഷകരുടെ പ്രതിവര്‍ഷ നഷ്ടം 11,200 കോടി രൂപ. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള 12,26,000 ചെറുകിട നാമമാത്ര കര്‍ഷകര്‍ 5,96,360 ഹെക്ടര്‍ സ്ഥലത്ത് രാജ്യവ്യാപകമായി റബര്‍കൃഷി നടത്തുന്നുവെന്നാണ് 2015ലെ റബര്‍ ബോര്‍ഡിന്‍െറ കണക്ക്. വിലയിടിവ് കര്‍ഷക പ്രതിസന്ധി എന്നതിനെക്കാള്‍ കര്‍ഷകകുടുംബങ്ങളുടെ നിലനില്‍പിനത്തെന്നെ ചോദ്യം ചെയ്തിരിക്കുന്നു. 1994 മുതല്‍ 2015 വരെ ലോകത്തുണ്ടായ മാറ്റങ്ങള്‍ക്ക് അനുസൃതമായി ആഗോള, ആഭ്യന്തര, സാമ്പത്തിക, വാണിജ്യ വിഷയങ്ങളില്‍ തങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ ജനസമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മറ്റു സംഘടനകള്‍ക്കോ കഴിയാതെപോയി എന്നതാണ് സത്യം. ആഗോളീകരണത്തിന്‍െറ ഭാഗമായി ഒപ്പുവെച്ച ഗാട്ട്, ആസിയാന്‍ കരാറുകളാണ് റബര്‍ വിലയിടിവിന്‍െറ പ്രധാന കാരണമെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ വില ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രാദേശികമായല്ല, ആഗോളതലത്തിലാണ് ഉണ്ടാവേണ്ടത്. ഇക്കാര്യത്തില്‍ കേരളത്തിന് സ്വന്തം നിലക്ക് ഒന്നും ചെയ്യാനില്ല. മാത്രമല്ല, ഇന്നത്തെ സാഹചര്യത്തില്‍  കേന്ദ്ര സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഏറെ പരിമിതികളുമുണ്ട്. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്‍െറ കാലത്താണ് ആസിയാന്‍ രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിന് ശ്രമം തുടങ്ങിയത്. 1996ല്‍ ഐ.കെ. ഗുജ്റാലിന്‍െറ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയില്‍ സി.പി.ഐയെ പ്രതിനിധാനംചെയ്തിരുന്ന ചതുരാനനന്‍ മിശ്രയാണ് ഇന്ത്യയെ ആസിയാന്‍ റീജനല്‍ ഫോറത്തില്‍ അംഗമാക്കിയത്. 2002ല്‍ കംബോഡിയയില്‍ നടന്ന ഇന്ത്യ-ആസിയാന്‍ ഉച്ചകോടിക്കു ശേഷം മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചു. 2003ല്‍ സമ്പൂര്‍ണ സാമ്പത്തിക സഹകരണ കരാര്‍ ഒപ്പിട്ടു. ഏറ്റവും വലിയ റബര്‍ ഉല്‍പാദക രാജ്യങ്ങളാണ് ഇവ. ഇന്ത്യയടക്കമുള്ള മറ്റു പ്രധാന രാജ്യങ്ങളുടെയും റബര്‍ ഉല്‍പാദനം താരതമ്യം ചെയ്യുന്നതിന് ഇതോടൊപ്പം നല്‍കിയ ചാര്‍ട്ട് കാണുക.
 


കെണിയായത് ലോക വ്യാപാര കരാര്‍
1990-94 കാലഘട്ടത്തില്‍ സ്വാഭാവിക റബറിന്‍െറ ഇറക്കുമതി തീരുവ 85 ശതമാനമായിരുന്നു. ലോക വ്യാപാര കരാറില്‍ ഒപ്പിട്ടപ്പോള്‍ റബറിന് 25 ശതമാനവും ലാറ്റക്സിന് 70 ശതമാനവും ബൗണ്ട് റേറ്റ് ഏര്‍പ്പെടുത്തി. ബൗണ്ട് റേറ്റ് എന്നത് ഉല്‍പന്നത്തിന് പരമാവധി സംരക്ഷണം എന്ന നിലയില്‍ മാറ്റപ്പെടാവുന്നതും അണ്‍ബൗണ്ട് റേറ്റ് എന്നത് അതത് രാജ്യങ്ങള്‍ക്ക് സ്വീകാര്യമായ രീതിയില്‍ മാറ്റാവുന്നതുമാണ്. ലാറ്റക്സ് ഇറക്കുമതി ഉണ്ടാകാതിരിക്കുകയും റബര്‍ ഇറക്കുമതി ഉണ്ടാവുകയും ചെയ്യുന്ന ഈ തീരുമാനം എടുക്കുമ്പോള്‍ പ്രണബ് മുഖര്‍ജി കേന്ദ്ര വാണിജ്യമന്ത്രിയും കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രിയുമായിരുന്നു. വ്യവസായിക ഉല്‍പന്നത്തിന് 40 ശതമാനവും അതിന് താഴെയുള്ളവക്ക് 25 ശതമാനവും എന്ന തീരുമാനമാണ് അന്ന് അട്ടിമറിക്കപ്പെട്ടത്. ചൈനയും തായ്ലന്‍ഡും സ്വാഭാവിക റബറിനെ അണ്‍ബൗണ്ട് റേറ്റിലും ഇന്തോനേഷ്യ 40 ശതമാനം ബൗണ്ട് റേറ്റിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1994ലെ കരാറില്‍ റബറിന് 40 ശതമാനം ബൗണ്ട് റേറ്റ് ചുമത്താന്‍ കഴിയുമെന്നിരിക്കെ 25 ശതമാനം മാത്രം ചുമത്തിയതിന്‍െറ പ്രത്യാഘാതം ഇപ്പോള്‍ കര്‍ഷകരും ഗുണം വ്യവസായികളും അനുഭവിക്കുകയാണ്. ആഗോള വിപണിയെ ആശ്രയിച്ചു മാത്രമേ ഇനി ആഭ്യന്തര വിപണിയില്‍ വിലവ്യതിയാനം ഉണ്ടാവൂ.

1994ലെ ഗാട്ട് കരാറില്‍ രണ്ട് ഉറപ്പുകള്‍ ഇന്ത്യ നല്‍കിയിരുന്നു. പ്രകൃതിദത്ത റബറിന്‍െറ ഇറക്കുമതി സംബന്ധിച്ച് അന്നു നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും സമയപരിധിക്കുള്ളില്‍ ഇല്ലാതാക്കാം എന്നതായിരുന്നു അതില്‍ ആദ്യത്തേത്. അതായത്, നിലവിലുള്ള ഇറക്കുമതി തീരുവ നല്‍കി ആര്‍ക്കും ലൈസന്‍സ് ഇല്ലാതെ ഗുണനിലവാരമുള്ള റബര്‍ എത്ര വേണമെങ്കിലും ഇറക്കുമതി ചെയ്യാം. ഇത് നിരോധിക്കാന്‍ ഒരു സര്‍ക്കാറിനും സാധ്യമല്ല. 2001 ഏപ്രില്‍ ഒന്നിന് നിലവില്‍വന്ന ഈ സ്ഥിതി കഴിഞ്ഞ 15 വര്‍ഷമായി നിലനില്‍ക്കുന്നു. ഇറക്കുമതി ചുങ്കം ക്രമാതീതമായി ഉയര്‍ത്തില്ല എന്നതായിരുന്നു രണ്ടാമത്തേത്. ലോക വ്യാപാര സംഘടനയില്‍ അംഗമാകുമ്പോള്‍ ഓരോ ഉല്‍പന്നത്തിനും പരമാവധി എത്ര ചുങ്കം ഏര്‍പ്പെടുത്തുമെന്ന് സൂചിപ്പിക്കുന്ന പട്ടിക നല്‍കേണ്ടതുണ്ട്. ഇത് ഒരിക്കല്‍ നല്‍കിയാല്‍ പിന്നെ മാറ്റം സാധ്യമല്ല. 1995ല്‍ ഇന്ത്യ നല്‍കിയ പട്ടികയില്‍ ലാറ്റക്സ് ഒഴികെയുള്ള എല്ലാത്തരം പ്രകൃതിദത്ത റബറിനും പരമാവധി 25 ശതമാനം മാത്രമേ ഇറക്കുമതി ചുങ്കം ചുമത്തൂ എന്ന് ഉറപ്പുകൊടുത്തു.

വേണ്ടത് പുതിയ തന്ത്രങ്ങള്‍
റബര്‍ വിലയിടിവ് തടയാന്‍ ഇറക്കുമതി നിരോധിക്കണമെന്നാണ് കര്‍ഷകസംഘടനകള്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 442,130 ടണ്‍ റബര്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ഉല്‍പന്ന നിര്‍മാണത്തിന് വിനിയോഗിച്ച 10.2 ലക്ഷം ടണ്‍ റബറില്‍ 43 ശതമാനവും ഇറക്കുമതിയായിരുന്നു. 1973-79 കാലഘട്ടത്തില്‍ ഇറക്കുമതി പൂര്‍ണമായി നിരോധിച്ച ചരിത്രം ഇന്ത്യക്കുണ്ട്. മാത്രമല്ല, ആ കാലയളവില്‍ വിപണിയില്‍നിന്ന് സംഭരിച്ച 26,400 ടണ്‍ റബര്‍ നഷ്ടം സഹിച്ച് സര്‍ക്കാര്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. എന്നാല്‍, നിരോധമോ നിയന്ത്രണമോ ഏര്‍പ്പെടുത്താനുള്ള സ്വാതന്ത്ര്യം 2001 മുതല്‍ സര്‍ക്കാറിനില്ല. രാജ്യം ഗുരുതരമായ വിദേശനാണ്യ പ്രതിസന്ധി നേരിടുന്ന അപൂര്‍വം സാഹചര്യങ്ങളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയന്ത്രണമോ നിരോധമോ ആകാമെന്നാണ് ഗാട്ട് കരാറിലുള്ളത്. ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാമെന്ന വാദത്തിലും കഴമ്പില്ല. നിലവില്‍ ലാറ്റക്സ് ഒഴികെയുള്ള പ്രകൃതിദത്ത റബറിന് 25 ശതമാനം അഥവാ കിലോക്ക് 30 രൂപ, ഇവയില്‍ ഏതാണോ കുറവ് ആ നിരക്കിലാണ് ഇറക്കുമതി തീരുവ ഈടാക്കുന്നത്. 25 ശതമാനം എന്നതില്‍ മാറ്റം വരുത്താനാവില്ളെങ്കിലും 30 രൂപ എന്നത് പരിഷ്കരിക്കാം. പക്ഷേ, അന്താരാഷ്ട്ര വിപണിയില്‍ നിലവിലുള്ള വില അനുസരിച്ച് ഈ പരിധി മാറ്റുന്നതുകൊണ്ട് ഇറക്കുമതി ചെലവില്‍ മാറ്റമൊന്നും വരുന്നില്ല.

നാലുവര്‍ഷമായി ഇറക്കുമതി കുത്തനെ വര്‍ധിച്ചുവെങ്കിലും ഇത് ഡംപിങ് ആണെന്ന് ചൂണ്ടിക്കാട്ടി ആന്‍റി ഡംപിങ് ഡ്യൂട്ടി ചുമത്താനുമാവില്ല. ഡംപിങ് ആയി കണക്കാക്കണമെങ്കില്‍ കയറ്റുമതിചെയ്യുന്ന രാജ്യം ആ രാജ്യത്തെ ഉല്‍പാദനച്ചെലവിലും കുറഞ്ഞ നിരക്കിലാണ് കയറ്റുമതി നടത്തുന്നതെന്ന് തെളിയിക്കപ്പെടണം. ഇതില്‍ ഒരു രാജ്യം പോലും ഉല്‍പാദനച്ചെലവിലും കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലേക്ക് കയറ്റുമതി നടത്തിയതായി സംശയിക്കുന്നുപോലുമില്ല. ഈ സാഹചര്യത്തില്‍ ആന്‍റി ഡംപിങ് ഡ്യൂട്ടി ചുമത്താനുമാവില്ല. ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തുകയോ സേഫ്ഗാര്‍ഡ് ഡ്യൂട്ടി എന്ന പേരില്‍ അധിക തീരുവ ചുമത്തുകയോ ആണ് പിന്നെയുള്ള പോംവഴി. ഇറക്കുമതിമൂലം ഉല്‍പാദന മേഖല തകരുന്നുവെന്ന് വ്യക്തമായെങ്കില്‍ മാത്രമേ ഇതും സാധിക്കൂ. ഇറക്കുമതിയെ ചെറുക്കാനുള്ള മത്സരക്ഷമത ഇന്ത്യക്ക് കൈവരിക്കാനാവാത്തത് കയറ്റുമതി രാജ്യത്തിന്‍െറ കുറ്റമല്ല. അതിനാല്‍, സേഫ്ഗാര്‍ഡ് നടപടികളിലേക്ക് നീങ്ങാന്‍ ആ രാജ്യത്തിന്‍െറ അനുമതി വേണം. അതിനുവേണ്ടി നഷ്ടപരിഹാരം നല്‍കേണ്ടിയും വരും. സര്‍ക്കാര്‍ ഉയര്‍ന്ന വിലക്ക് റബര്‍ സംഭരിച്ചാല്‍ ലഭ്യത കുറഞ്ഞ് വിപണിവില ഉയരും. 1970 കള്‍ മുതല്‍ 90 കള്‍ വരെ പലപ്പോഴായി ഈ രീതി പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍, 2001ല്‍ ഇറക്കുമതി നിയന്ത്രണം ഇല്ലാതായതു മുതല്‍ സംഭരണവും ഫലപ്രദമല്ലാതായി.

വിലസ്ഥിരതാ ഫണ്ടിന്‍െറ ഗതി
വിപണിവില ഉയര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കി കര്‍ഷകന്‍െറ വരുമാനം ഉറപ്പാക്കാനാണ് മലേഷ്യയും മറ്റും ശ്രമിക്കുന്നത്. ഇതിന്‍െറ ചുവടുപിടിച്ചാണ് കേരളത്തിലും റബര്‍ സ്ഥിരതാ ഫണ്ടിന് രൂപം നല്‍കിയത്. കെ.എം. മാണിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ചില മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും മാനേജ്മെന്‍റ് വിദഗ്ധരും ചേര്‍ന്നാണ് പദ്ധതി തയാറാക്കിയത്. റബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വിപണിവിലയും 150 രൂപയും തമ്മിലെ വ്യത്യാസം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ , വിലയിടിവുകൊണ്ട് നട്ടംതിരിയുന്ന റബര്‍ കര്‍ഷകര്‍ ഇതിന് മുഖം നല്‍കാത്ത കാഴ്ചയാണ് മധ്യകേരളത്തില്‍ കാണുന്നത്. 2016 ജനുവരി 28ലെ കണക്കുപ്രകാരം  3,23,905 കര്‍ഷകര്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്.

എന്നാല്‍, ഏറ്റവും കൂടുതല്‍ റബര്‍കൃഷിയുള്ള കോട്ടയം ജില്ലയിലെ (1,34,750 ഹെക്ടര്‍) 47,893 പേര്‍ മാത്രമാണ് ഇതിലുള്ളത്. ഇതിന്‍െറ നാലിലൊന്ന് മാത്രം റബര്‍ കൃഷിയുള്ള കണ്ണൂരില്‍ (32,796 ഹെക്ടര്‍) 42,943 പേര്‍ അംഗങ്ങളായിട്ടുണ്ട്. കൊല്ലത്ത് 39,842 ഹെക്ടറില്‍ കൃഷിയുണ്ട്. ഇവിടെ 42,456 പേര്‍ അംഗങ്ങളാണ്. കേവലം 26,372 ഹെക്ടര്‍ കൃഷിയുള്ള മലപ്പുറത്ത് പോലും 25,725 അംഗങ്ങളുണ്ട്. കോട്ടയത്ത് 11,80,71,571 രൂപ വിതരണംചെയ്തപ്പോള്‍ മലപ്പുറത്ത് 9,62,19,796 രൂപയാണ് നല്‍കിയത്. കണ്ണൂരില്‍ 9,29,44,349 രൂപയും നല്‍കി. 43,443 ഹെക്ടര്‍ കൃഷിയിറക്കുന്ന ഇടുക്കിയില്‍ 10,989  പേര്‍ക്കായി 4,75,76,227 രൂപയും 61,297 ഹെക്ടറുള്ള പത്തനംതിട്ടയിലെ 33,022 അംഗങ്ങള്‍ക്കായി 4,36,41,697 രൂപയും നല്‍കി. പദ്ധതിയില്‍നിന്ന് ഒമ്പതുതവണ പണം കിട്ടിയ 31 പേരും എട്ടുതവണ ആനുകൂല്യം ലഭിച്ച 424 പേരും സംസ്ഥാനത്തുണ്ട്.

1751 പേര്‍ക്ക് ഏഴുതവണയും 3733 പേര്‍ക്ക് ആറുതവണയും 7211 പേര്‍ക്ക് അഞ്ചുതവണയും 12,909 പേര്‍ക്ക് നാലുതവണയും 21,545 പേര്‍ക്ക് മൂന്നുതവണയും ആനുകൂല്യം കിട്ടി. കാര്യങ്ങള്‍ ഇതായിട്ടും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കര്‍ഷകസംഘടനകള്‍ സമരത്തിലാണ്. വിലസ്ഥിരതാ ഫണ്ട്  മുതല്‍ റബര്‍ ഇറക്കുമതി നിരോധം വരെയുള്ള വിഷയങ്ങള്‍ കാട്ടി നിരാഹാരം മുതല്‍ ഹര്‍ത്താല്‍ വരെ നടക്കുന്നു. മുല്ലപ്പെരിയാര്‍-കസ്തൂരിരംഗന്‍ വിഷയങ്ങളില്‍ മുതലെടുപ്പ് മധ്യകേരളത്തില്‍ നടത്തിയ ഇളക്കി മറിക്കലിന് തുല്യമാണ് റബര്‍ മേഖലയില്‍ നടന്നുവരുന്ന പ്രചാരണങ്ങള്‍. റബറിന് വേണ്ടി ഇത്രയും മുറവിളി കൂട്ടുമ്പോള്‍തന്നെ പ്രദേശത്തെ സാധാരണ കര്‍ഷകര്‍ അംഗങ്ങളായ ഡസനോളം റബര്‍മാര്‍ക്കറ്റിങ് സൊസൈറ്റികളും ഫാക്ടറികളും സര്‍ക്കാര്‍ സഹായം കിട്ടാതെ അടച്ചുപുട്ടലിലേക്ക് നീങ്ങുകയാണ്. വന്‍കിട സ്വകാര്യ ഫാക്ടറികള്‍ക്ക് ബദലായി നില്‍ക്കുന്ന ഇവയെ സഹായിക്കാന്‍ ഒരു സംഘടനയും രംഗത്തു വന്നിട്ടുമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.