ഭാരമാകുന്ന അവകാശ നിയമങ്ങള്‍

ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.എസ്. അല്‍ഷ ഇന്ന് പെണ്‍കുട്ടികള്‍ക്കിടയിലെ താരമാണ്. പെണ്‍കുട്ടികളെ മുടി ഇരുവശവും പിന്നിയിടാന്‍ നിര്‍ബന്ധിക്കരുതെന്ന ‘ആശ്വാസകരമായ’ ഉത്തരവ് കുമാരി അല്‍ഷ ബാലാവകാശ കമീഷനില്‍നിന്ന് സമ്പാദിച്ചതിന്‍െറ പിറ്റേ ദിവസം മുതല്‍ പ്രസ്തുത സ്കൂളിലെ കുട്ടികള്‍ ഇഷ്ടമുള്ള ‘ഹെയര്‍സ്റ്റൈല്‍’ സ്വീകരിച്ചുവരാന്‍ തുടങ്ങിയെന്ന വാര്‍ത്തകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ചിന്തോദ്ദീപകമായ ഇതിന്‍െറ ചില മറുവശങ്ങള്‍ വായനക്കാരുമായി പങ്കുവെക്കണമെന്നു തോന്നി.

പരാതി കൊടുക്കാന്‍ അല്‍ഷയെ പ്രേരിപ്പിച്ച ഒന്നാമത്തെ കാരണം ഇരുവശവും മുടി പിന്നിയിടുന്നത് ‘ഗുരുതരമായ’ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണല്ളോ! കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ ഇരുവശവും മുടി പിന്നിയിട്ടു വരുന്നതിന് ചുരുങ്ങിയത് നാലു പതിറ്റാണ്ടിന്‍െറയെങ്കിലും പാരമ്പര്യവും പഴക്കവുമുണ്ട്. ഇക്കാലയളവില്‍ ഇതിന്‍െറ പേരിലുള്ള ആരോഗ്യപ്രശ്നങ്ങളാല്‍ എത്ര പെണ്‍കുട്ടികള്‍ ചികിത്സ തേടിയെന്നറിയില്ല!

പെണ്‍കുട്ടികളെ ‘ഒരുക്കിയിറക്കാന്‍’ അമ്മമാര്‍ പ്രയാസപ്പെടുന്നുവെന്ന അതിവിചിത്രമായ മറ്റൊരു കാരണംകൂടി ബാലാവകാശ കമീഷന്‍ കണ്ടത്തെിയിരിക്കുന്നു. ഇക്കാലമത്രയും പ്രസ്തുത പ്രയാസങ്ങളെ മറികടക്കാനുള്ള പോംവഴികള്‍ രക്ഷിതാക്കള്‍ തന്നെ കണ്ടത്തെിയിരുന്നു. മക്കളെ, വിശേഷിച്ചും പെണ്‍കുട്ടികളെ അണിയിച്ചൊരുക്കേണ്ടത് അമ്മയല്ലാതെ മറ്റാരാണ്? മടിയില്‍ കിടത്തി പേനെടുത്തും മുടി ചീകി ക്കൊടുത്തും കുളിപ്പിച്ചുകൊടുത്തും പഴയകാല അമ്മമാര്‍ ചെയ്തിരുന്നത് യഥാര്‍ഥത്തില്‍ അവരോട് ചങ്ങാത്തം കൂടുകയായിരുന്നു. അവര്‍ തമ്മില്‍ വിശേഷങ്ങള്‍ പങ്കുവെക്കാനുള്ള സമയവും അവസരവും കൂടിയായിരുന്നു അത്. ഇന്ന് കുട്ടികളോട് സംസാരിക്കാന്‍പോലും അമ്മമാര്‍ക്ക് സമയവും സൗകര്യവും ഇല്ലാതായിരിക്കുന്നു. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയല്ല, ഒൗദ്യോഗിക-കുടുംബഭാരങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങളോടൊപ്പം ‘ആശ്വാസ’ത്തിനായി ദൃശ്യമാധ്യമങ്ങള്‍ക്കു മുന്നില്‍ ശേഷിക്കുന്ന സമയം ചടഞ്ഞുകൂടുന്നതുമാണതിന്‍െറ കാരണം. അമ്മമാരും മക്കളും തമ്മിലുള്ള കമ്യൂണിക്കേഷന്‍ കുറഞ്ഞതോടെ ഒറ്റപ്പെടലിന്‍െറ ബോറടി മാറ്റാന്‍ കുട്ടികള്‍ അഭയം പ്രാപിക്കുന്ന മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ ഗുരുതരമായ മറ്റു പല അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നതു കാണുമ്പോള്‍ കുട്ടിയോട് ചേര്‍ന്നുനില്‍ക്കാന്‍ കിട്ടുന്ന ശേഷിക്കുന്ന ഈയവസരം (മുടികെട്ടിക്കൊടുക്കുക) കൂടി നഷ്ടപ്പെടുത്തുന്നത് നന്നല്ല. അമ്മമാരും പെണ്‍കുട്ടികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍െറ കണ്ണി അറ്റുപോകുന്നിടത്താണ് പെണ്‍കുട്ടികള്‍ പലപ്പോഴും ചതിക്കുഴികളിലേക്ക് ആപതിക്കുക എന്ന നഗ്നസത്യം വെളിപ്പെടുംവിധമുള്ള സംഭവങ്ങള്‍ വര്‍ത്തമാനകാലത്ത് വര്‍ധിച്ചുവരുന്നുവെന്നത് നമ്മുടെ ഉറക്കംകെടുത്തുകയാണ്.

പുതിയ തലമുറയിലെ കുട്ടികള്‍ നിയന്ത്രണങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇതിന്‍െറയൊക്കെ പിന്നിലെ യഥാര്‍ഥ വസ്തുത. യൂനിഫോമിന്‍െറ കാര്യത്തില്‍ സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിക്കുന്ന ചിട്ട പാലിക്കാതിരിക്കാന്‍ കുട്ടികള്‍ കാണിക്കുന്ന ബദ്ധപ്പാടുതന്നെ ഇതിന്‍െറ പ്രത്യക്ഷ തെളിവാണ്. ആണ്‍കുട്ടികളുടെ ഹെയര്‍സ്റ്റൈലും ഡ്രസ്കോഡും അധ്യാപകരിലും രക്ഷിതാക്കളിലും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തലവേദനക്ക് ആക്കംകൂട്ടുന്ന ഒന്നാണ് പെണ്‍കുട്ടികളുടെ കാര്യത്തിലുണ്ടായ ഈ പുതിയ അവകാശവാദം. സിനിമാ താരങ്ങളെയും ടി.വി അവതാരകരെയും അനുകരിച്ച് താടിയും മുടിയും പാടവരമ്പുകള്‍പോലെ തലങ്ങും വിലങ്ങും വരകള്‍ തീര്‍ത്ത് വികൃതമാക്കിയും മുള്ളന്‍പന്നിയുടെ മുള്ളുകള്‍ കണക്കെ എഴുന്നേറ്റുനില്‍ക്കുന്ന തരത്തിലുള്ള മുടികൊണ്ടും കാഴ്ചയില്‍ അറപ്പുതോന്നുന്ന സ്റ്റൈലുകള്‍ കണ്ട് മുതിര്‍ന്നവര്‍ സഹികെട്ടുനില്‍ക്കുന്നതിനിടയിലാണ് ഈ പുതിയ തലവേദനകൂടി കടന്നുവരുന്നത്.

ഡ്രസ്കോഡും ഹെയര്‍സ്റ്റൈലും വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും സമൂഹജീവിയായ മനുഷ്യന്‍ സമൂഹത്തോടു പുലര്‍ത്തേണ്ട മാന്യതയുടെയും പ്രതിബദ്ധതയുടെയും മുഖംകൂടി അത് വ്യക്തമാക്കുന്നുണ്ട്. അറപ്പും വെറുപ്പും തോന്നുന്ന വേഷഭൂഷാദികളും പെരുമാറ്റവും ഉപക്ഷേിക്കുക എന്നത് മനുഷ്യന്‍െറ സാമൂഹികബോധത്തിന്‍െറയും ബാധ്യതയുടെയും നിദര്‍ശനം കൂടിയാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്‍െറ മറവില്‍ പ്രസ്തുത സാമൂഹിക ബോധത്തോട് നിഷേധാത്മക രീതി സ്വീകരിക്കുന്നത് സമൂഹജീവിയായ മനുഷ്യന് അനുഗുണമല്ല.

വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും പാലിക്കേണ്ട ചിട്ടവട്ടങ്ങളുടെയും ശീലങ്ങളുടെയും പരിശീലനക്കളരി കൂടിയാണ് വിദ്യാഭ്യാസം. അതിനാല്‍ വിദ്യാലയങ്ങളിലെ അച്ചടക്ക നിയമങ്ങള്‍ ശിലീക്കാനും നിയമങ്ങളെ മാനിക്കാനും കൂടിയാണ് കുട്ടികളെ പഠിപ്പിക്കുക. ഓരോന്നോരോന്നായി അവ എടുത്തുമാറ്റുന്നതിലൂടെ കുട്ടികളില്‍ അമിത സ്വാതന്ത്ര്യബോധം വളരാന്‍ ഇടയാകുന്നു.

മാനസിക-വൈകാരിക പക്വതയത്തൊത്ത ഇളംപ്രായത്തില്‍ ചുമതലാബോധവും നിയമബോധവും സൃഷ്ടിക്കേണ്ടത് വീടും വിദ്യാലയങ്ങളും തന്നെയാണ്. അവരെ തിരുത്തുകയും വഴികാണിക്കുകയും ചെയ്യേണ്ടത് അധ്യാപകരും രക്ഷിതാക്കളുമാണ്. അവരാകട്ടെ, ദേഷ്യപ്പെടാനോ ശാസിക്കാനോ എന്തിന് ശബ്ദമുയര്‍ത്തി സംസാരിക്കാനോ പോലുമാകാതെ നിസ്സഹായരായിപ്പോകുന്ന കാഴ്ചയാണ് പുതിയകാലത്തെ ഏറ്റവും വലിയ അപചയം. എന്തിനും ഏതിനും ബാലാവകാശ കമീഷനുകളെ സമീപിക്കാമെന്ന ധാരണ സൃഷ്ടിക്കുംവിധം കുട്ടികളുടെ മേലുള്ള സകല നിയന്ത്രണങ്ങളും എടുത്തു മാറ്റുന്നത് അപകടം തന്നെയാണ്.

ഇതെഴുതുമ്പോഴാണ് മകനെ 20 ദിവസത്തോളം ഭക്ഷണവും വെള്ളവും കൊടുക്കാതെ ക്രൂരമായ ശിക്ഷാമുറകള്‍കൊണ്ട് മുറിവേല്‍പിച്ച മാതാപിതാക്കളെ അറസ്റ്റ്ചെയ്തുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഷഫീഖിന്‍െറ പിന്‍ഗാമിയായി നൗഫല്‍ കൂടി കടന്നുവരുമ്പോള്‍ അപൂര്‍വമായി നടക്കുന്ന ഇത്തരം സംഭവങ്ങളെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മര്‍ദകരുടെ മുഖംനല്‍കുന്ന തരത്തില്‍ സാമാന്യവത്കരിക്കുന്നത് ശരിയല്ല. അനിവാര്യ ഘട്ടങ്ങളില്‍പോലും ശിക്ഷിക്കാനോ തെറ്റുതിരുത്താനോ കഴിയാതെ മുതിര്‍ന്നവര്‍ നിസ്സഹായരാകുന്നത് അവിടെയാണ്. അടിമാലിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ പുതിയ കേസില്‍ കുട്ടിയുടെ പിതാവ് രണ്ടുമാസം മുമ്പുതന്നെ കഞ്ചാവുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡിലാണ്. ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ പലപ്പോഴും വില്ലനായി പ്രവര്‍ത്തിക്കുന്ന മദ്യവും മയക്കുമരുന്നും കുടുംബ പ്രശ്നങ്ങളുമൊക്കെ മാറ്റിവെച്ച്, അവയെ കേവലം ബാലാവകാശ പ്രശ്നമായി കണ്ട് ചികിത്സ തേടുന്നത് ശുദ്ധമണ്ടത്തമാണ്.

നിയമവും സംരക്ഷണവുമൊക്കെ അനിവാര്യം തന്നെ. ക്രൂരത കാണിക്കുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ, അത് കുട്ടികള്‍ക്ക് കൂടുവിട്ട് പറക്കാനുള്ള അമിത സ്വാതന്ത്ര്യം നല്‍കാനുള്ള പഴുതുകള്‍ സൃഷ്ടിച്ചുകൊണ്ടാകരുതെന്നു മാത്രം. വീട്ടിലും വിദ്യാലയത്തിലും ഇപ്പോള്‍ കുട്ടികളാണ് യജമാനന്മാര്‍. സ്കൂളിലെ അച്ചടക്കനിയമം ലംഘിച്ചതിന് ശകാരിച്ചപ്പോള്‍ ഏഴാം ക്ളാസുകാരിയായ പെണ്‍കുട്ടി ടീച്ചറോട് പറഞ്ഞതിങ്ങനെ: ‘എന്‍െറ ഉമ്മ ടീച്ചറെ വിളിക്കാനിരിക്കുകയാണ്. ചീത്തപറയാന്‍!’

അര്‍ഹമായ ആദരവും അംഗീകാരവും ലഭിച്ചിരുന്ന പഴയകാല അധ്യാപകര്‍, കിട്ടുന്ന ശമ്പളത്തെക്കാളുപരിയായി പണിയെടുത്തിരുന്നു. കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിലും സംസ്കരണത്തിലും അവര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. അതിനവര്‍ക്ക് സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഒപ്പിടുക, ശമ്പളം വാങ്ങുക, പഠിപ്പിച്ചു തീര്‍ക്കുക, പരീക്ഷ നടത്തി വിജയ പരാജയങ്ങള്‍ നിശ്ചയിക്കുക എന്നതിനപ്പുറം കൂടുതലായി ഒരു കാര്യത്തിലും ഇടപെടാന്‍ കഴിയാത്തവിധം അധ്യാപകരെ നിഷ്ക്രിയരും നിസ്സഹായരുമാക്കിയതില്‍ രക്ഷിതാക്കളുടെയും ചൈല്‍ഡ്ലൈന്‍, ബാലാവകാശ കമീഷനുകളുടെയും അനാരോഗ്യകരമായ ഇടപെടലുകള്‍ക്കും ഭീഷണികള്‍ക്കും നല്ളൊരു പങ്കുണ്ട് എന്നു പറയാതെ വയ്യ. അതുകൊണ്ടുതന്നെയാണ് മയക്കുമരുന്ന് മാഫിയയും റാഗിങ് വിദഗ്ധരും പല വിദ്യാലയമുറ്റങ്ങളിലും അഴിഞ്ഞാടുമ്പോള്‍ അധ്യാപകര്‍ അവര്‍ക്കുമുന്നില്‍ തോറ്റുപോകുന്നതും.

അവകാശത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കടമകള്‍ മറക്കുന്നുവെന്ന പൊതുതത്ത്വമാണ് ഇവിടെ കുട്ടികളുടെ കാര്യത്തിലും സംഭവിക്കുന്നത്. രക്ഷിതാക്കളോടും അധ്യാപകരോടും മുതിര്‍ന്നവരോടുമുള്ള അവരുടെ സമീപനത്തില്‍ സംഭവിച്ച വലിയ മാറ്റങ്ങള്‍ ഇതിന്‍െറ പ്രകടമായ തെളിവാണ്. തെരുവുനായ് പ്രശ്നത്തില്‍ മനുഷ്യജീവനെ മറന്നുകൊണ്ട് സംസാരിക്കുന്ന മൃഗസ്നേഹികളുടെ വര്‍ത്തമാനംപോലെ ഖേദകരമാണ് അവകാശങ്ങളുടെ മറവില്‍ അധ്യാപകരെയും ചിലപ്പോള്‍ രക്ഷിതാക്കളെവരെ മുള്‍മുനയില്‍ നിര്‍ത്തി ആനന്ദിക്കുന്ന കുട്ടികളുടെ അവസ്ഥ. മുതിര്‍ന്നവരെ ചോദ്യംചെയ്യാനും പ്രതിക്കൂട്ടില്‍ നിര്‍ത്താനുമുള്ളതാണ് ബാലാവകാശ നിയമങ്ങളെന്ന ധാരണ കുട്ടികളില്‍ ഗുണത്തെക്കാളേറെ ദോഷഫലങ്ങളാണുണ്ടാക്കുക.

എത്രവലിയ കമ്പനികളിലും തൊഴിലാളികള്‍ക്ക് പ്രത്യേക ഡ്രസ്കോഡും ഹെയര്‍സ്റ്റൈലും നിഷ്കര്‍ഷിക്കുന്ന ഇക്കാലത്ത് ചെറുപ്പത്തില്‍ തന്നെ ഇത്തരം ചിട്ടകള്‍ ശീലിക്കുന്നത് എന്തുകൊണ്ടും നല്ലതുതന്നെയാണ് (ജോലിക്കുവേണ്ടി എന്ത് വേഷം കെട്ടാനും നാം തയാറാണല്ളോ). എന്നു മാത്രമല്ല, നിയമത്തെ മാനിക്കാനും നിയന്ത്രണങ്ങളെ ഉള്‍ക്കൊള്ളാനുമുള്ള മനസ്സ് വളര്‍ന്നുവരാന്‍ അതേറെ ഉപകരിക്കുകയും ചെയ്യും. അല്ലാത്തപക്ഷം, ഭാവിയില്‍ നമ്മുടെ മക്കള്‍ എത്തിപ്പെടുന്ന പുത്തന്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ ചിലപ്പോള്‍ പിന്‍വാങ്ങേണ്ടതായി വരുമെന്നോര്‍ക്കുക. എല്ലാ കാര്യങ്ങളും കുട്ടികളുടെ ഹിതവും താല്‍പര്യവുമനുസരിച്ച് പൂര്‍ത്തീകരിച്ചുകൊടുക്കുന്നതുകൊണ്ടു തന്നെയാണ് പുതിയതലമുറ ഗുരുതരമായ അഡ്ജസ്റ്റ്മെന്‍റ് പ്രോബ്ളംസ് അനുഭവിക്കുന്നത്.

വാക്കുകൊണ്ടോ നോട്ടംകൊണ്ടോപോലും കുട്ടിയെ ശാസിക്കുന്നതിനും ശകാരിക്കുന്നതിനും വരെ വിലക്കുകളുണ്ടാകുമ്പോള്‍ കുട്ടിക്ക് ലഭിക്കുന്ന പരിപൂര്‍ണ സ്വാതന്ത്ര്യം അവന്‍െറ/അവളുടെ മാനസികാരോഗ്യത്തെ വളര്‍ത്തുകയല്ല, തളര്‍ത്തുകയാണ് ചെയ്യുക. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. വിനയവും വിധേയത്വവും ശീലിച്ചവര്‍ക്കേ ജീവിതത്തിന്‍െറ പ്രതിസന്ധികളെ വകഞ്ഞുമാറ്റി മുന്നോട്ടുപോകാന്‍ കഴിയൂ. ജയിക്കാന്‍ മാത്രം പഠിച്ചവര്‍ പരുക്കന്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോകുന്നത് അതുകൊണ്ടാണ്. പഠനം കഴിഞ്ഞ് സമൂഹത്തിലേക്കിറങ്ങുമ്പോള്‍ അലോസരപ്പെടുത്തുന്ന ഒന്നിനെയും സഹിക്കാനാവാതെ വൈകാരികമായി പ്രതികരിക്കുകയോ മനം തകര്‍ന്ന് ആത്മഹത്യയില്‍ അഭയം തേടുകയോ ചെയ്യുന്ന പ്രവണത പുതുതലമുറയില്‍ വര്‍ധിക്കാനുള്ള കാരണവും മറ്റൊന്നല്ല.

തെറ്റുചെയ്യുക, നിയമം ലംഘിക്കുക എന്നത് കുട്ടികളുടെ പ്രകൃതമാണ്. അതിനെ തിരുത്താനും വേണ്ടി വന്നാല്‍ ശിക്ഷിക്കാനുള്ള അധികാരവും അവകാശവുമുള്ള അധ്യാപകരെയും രക്ഷിതാക്കളെയും നിഷ്ക്രിയരും നിസ്സഹായരുമാക്കുന്ന അവകാശനിയമങ്ങളല്ല നമുക്കാവശ്യം. കുട്ടികളെ കൈകാര്യംചെയ്യുന്ന വിഷയത്തില്‍ ആവശ്യമായ ബോധവത്കരണം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുന്നതോടൊപ്പം അവകാശ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകകൂടി ചെയ്യേണ്ടതുണ്ട്. അനാവശ്യമായും അനവസരത്തിലും അധ്യാപകരെ ചോദ്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രക്ഷിതാക്കളും അവര്‍ ഇരുകൂട്ടരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കാത്തുനില്‍ക്കുന്ന കുട്ടികളുമാണ് ബാലാവകാശ നിയമ പരിരക്ഷയിലൂടെ വളര്‍ന്നുവരുന്നതെങ്കില്‍ അവസാന വിശകലനത്തില്‍ അത് സമൂഹത്തിന് ശാപവും ഭാരവും തന്നെയാണ്, തീര്‍ച്ച!

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.