ഒരു ദുഃഖപുത്രിയുടെ കഥ

ഒരു സിഖ് പെണ്‍കുട്ടിയുടെ കഥയാണിത്. വിഭജനത്തിന്‍െറ മുറിപ്പാടുകളേറ്റ് വാടിക്കരിഞ്ഞ അനേകം പെണ്‍കുട്ടികളിലൊരുവള്‍. വിഭജനവുമായി ബന്ധപ്പെട്ട് ഏറ്റവും രൂക്ഷമായ പീഡനങ്ങള്‍ക്കിരകളായത് സ്ത്രീ സമൂഹമായിരുന്നുവല്ളോ. റാവല്‍പിണ്ടിക്കാരിയാണ് കഥാനായിക. മുസ് ലിം ഭൂരിപക്ഷ പട്ടണമായ റാവല്‍പിണ്ടിയില്‍ കുറേയേറെ സിഖ് കുടുംബങ്ങളും താമസിച്ചിരുന്നു.
വിഭജനകാലംവരെ മുസ് ലിംകളും സിഖുകാരും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ചു. എന്നാല്‍, വിഭജനവാദം ഉയര്‍ന്നതോടെ ഒറ്റരാത്രികൊണ്ട് ഇരുസമുദായങ്ങളും രണ്ടുചേരികളായി. നൂറ്റാണ്ടുകളായി നിലനിന്ന മൈത്രിയും സ്നേഹവും ഒറ്റയടിക്ക് തിരോധാനംചെയ്തു.
അനായാസം തിരിച്ചറിയാമെന്നതിനാല്‍ സിഖ് കുടുംബങ്ങള്‍ എളുപ്പത്തില്‍ ആക്രമണങ്ങള്‍ക്കിരയായി. സിഖ് സ്ത്രീകളില്‍ അരക്ഷിതബോധം വ്യാപകമായി. ചില സ്ത്രീകള്‍ കിണറ്റില്‍ ചാടി മരിച്ചു. അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ മാതാവും സഹോദരിയും കിണറ്റില്‍ ചാടിയതിന് ദൃക്സാക്ഷിയായ ഒരു സിഖ് ബാലിക അതിജീവനത്തിനുവേണ്ടി ദൃഢനിശ്ചയം ചെയ്തതിനാല്‍ മാതാവിന്‍െറ ആത്മഹത്യാരീതി അവലംബിക്കാതെ മാറിനിന്നു.
അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ ഓടിയോടി നാഴികകള്‍ പിന്നിട്ട ആ ബാലികക്ക് റാവല്‍പിണ്ടിയിലെ ഭക്തരായ ഒരു മുസ്ലിം കുടുംബം അഭയം നല്‍കി. അവര്‍ ബാലികയെ ദത്തെടുത്തു. അവളെ മദ്റസയില്‍ പഠനത്തിനയച്ചു. അവള്‍ ഖുര്‍ആന്‍ മന$പാഠമാക്കി. മുസ് ലിം പെണ്‍കുട്ടിയായി ആ വീട്ടില്‍ വളര്‍ന്നു.
ഖുര്‍ആനിലെ അവളുടെ വ്യുല്‍പത്തി മസ്സിലാക്കിയ അധ്യാപകര്‍ അവള്‍ക്ക് പഠിച്ച മദ്റസയിലെതന്നെ അധ്യാപികയായി നിയമനം നല്‍കി. അവള്‍ സിഖുകാരിയാണെന്ന് ഒരാള്‍പോലും മനസ്സിലാക്കിയിരുന്നില്ല. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ സര്‍വഥാ യോഗ്യ എന്നത് മാത്രമായിരുന്നു ജനങ്ങള്‍ മനസ്സിലാക്കിയ യാഥാര്‍ഥ്യം. അവള്‍ അറബിക്ഭാഷ കൂടുതല്‍ അഭ്യസിക്കുകയും കൂടുതല്‍ ഇസ് ലാമിക വിജ്ഞാനീയങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്തു. സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങിത്തിരിക്കെ കൈവശം വെച്ചിരുന്ന ചെറിയൊരു പെട്ടിയിലെ സാമഗ്രികള്‍ക്കിടയില്‍ ഗുരുനാനാക്കിന്‍െറ ഒരു ഫോട്ടോയും ഉള്‍പ്പെട്ടിരുന്നു. അതീവരഹസ്യമായി ഈ പെട്ടി തുറന്ന് ആ ഫോട്ടോയില്‍ ദൃഷ്ടിപതിപ്പിച്ച് തന്‍െറ വേരുകള്‍ ഓര്‍മിക്കാനും ഇടക്ക് അവള്‍ സമയം കണ്ടത്തെുമായിരുന്നു.
ഒരു മുസ് ലിം അധ്യാപകനെ വിവാഹം ചെയ്തശേഷവും ഗുരുനാനാക്കിന്‍െറ ചിത്രം അവള്‍ ഉപേക്ഷിച്ചില്ല. ആ ഫോട്ടോ മാത്രമായിരുന്നു തന്‍െറ പാരമ്പര്യവുമായി ബന്ധം നിലനിര്‍ത്തുന്ന ഏകകണ്ണി. തന്‍െറ സ്വത്വം നിര്‍ണയിക്കുന്ന സിഖുമതത്തില്‍ അവള്‍ അഭിമാനിക്കുകയും ചെയ്തു.
നാട്ടുകാരോ ഭര്‍ത്താവോ ഏകമകനോ ഒന്നും അവളുടെ സിഖ് ഉല്‍പത്തിയെക്കുറിച്ച് ഒന്നും മനസ്സിലാക്കിയിരുന്നില്ല. അവളെ സംബന്ധിച്ച് ആരും നേരിയ സംശയംപോലും പുലര്‍ത്തുകയുണ്ടായില്ല. ഇന്ത്യ^പാക് അതിര്‍ത്തിവഴിയുള്ള യാത്ര അക്കാലത്ത് വര്‍ത്തമാനഘട്ടത്തിലേതുപോലെ വിലക്കുകളാല്‍ ദുഷ്കരമായി മാറിയിരുന്നില്ല.
അതിര്‍ത്തിക്കിരുപുറവുമുള്ള ബന്ധുക്കള്‍ കുടുംബങ്ങളെ കാണാന്‍ വിലക്കുകളില്ലാതെ യാത്രകള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷേ, അതിര്‍ത്തികളിലെ ഈ സ്വാതന്ത്ര്യം അവളുടെ ജീവിതത്തില്‍ അപരിഹാര്യമായൊരു അട്ടിമറിക്ക് ഹേതുവായിത്തീര്‍ന്നു.
കിണറില്‍ ചാടാതെ രക്ഷപ്പെട്ട തന്‍െറ സഹോദരിയെ കണ്ടത്തൊന്‍ ഇറങ്ങിത്തിരിച്ച സിഖ് യുവാവ് ^റാവല്‍പിണ്ടിയില്‍നിന്ന് പലായനംചെയ്ത് അമൃത്സറില്‍ താമസമാക്കിയ^ യാത്രാന്ത്യത്തില്‍ കഥാനായികയെ റാവല്‍പിണ്ടിയിലെ ആ മുസ് ലിം ഗൃഹത്തിലത്തെി തിരിച്ചറിഞ്ഞു. സഹോദരിയെ കണ്ട സംതൃപ്തിയില്‍ അയാള്‍ തിരിച്ചുമടങ്ങി.
പക്ഷേ, അത് ആ യുവതിക്ക് നല്‍കിയ പ്രഹരം മാരകമായിരുന്നു. യുവതിയുടെ സിഖ് ഉല്‍പത്തി നാട്ടുകാരില്‍ അമ്പരപ്പും വിസ്മയവും സൃഷ്ടിച്ചു. സംഭവം സ്ഥിരീകരിക്കാന്‍ പലരും അവളുടെ വീട്ടിലേക്കൊഴുകി.
അവള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതോടെ ഭര്‍ത്താവ് അവളെ എതിര്‍പ്പ് കൂടാതെ സ്വീകരിച്ചു. പക്ഷേ, പുത്രന്‍ നാണക്കേട് സഹിക്കാനാകാതെ രോഷംകൊണ്ടു. സഹപാഠികള്‍ക്കുമുന്നില്‍ തല ഉയര്‍ത്താനാകാതെ അവന്‍ വിവശനായി.
തന്‍െറ ജീവിതം തകരാന്‍ ഈ സംഭവം കാരണമാകുമോ എന്ന ആശങ്കമൂലം അവന്‍ മാതാവില്‍നിന്ന് അകലം ദീക്ഷിച്ചു. വിഭജന സാഹചര്യവും താന്‍ പ്രാണനുംകൊണ്ട് ഓടി രക്ഷപ്പെട്ട സംഭവവും അവള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ, വാശിവിടാത്ത മകനുമുന്നില്‍ ഒഴികഴിവുകള്‍ സ്വീകരിക്കപ്പെട്ടില്ല.
അവള്‍ നിധിപോലെ സൂക്ഷിച്ചുപോന്ന ആ കൊച്ചുപെട്ടി ഒരുദിവസം അവന്‍ രഹസ്യമായി കൊണ്ടുപോയി. പെട്ടിയിലെ സര്‍വവസ്തുക്കളും കനാലില്‍ ഒഴുക്കിക്കളഞ്ഞു. ഗുരുനാനാക്കിന്‍െറ ഫോട്ടോ ഒഴുകിപ്പോകുന്നത് അവന്‍ നോക്കിനിന്നു. മകന്‍െറ പെരുമാറ്റം അവളെ അത്യധികം വേദനിപ്പിച്ചു. ഭര്‍ത്താവ് അവളുടെ വേദനകള്‍ മനസ്സിലാക്കി.
കാലക്രമേണ മാനംതെളിയുമെന്ന് അയാള്‍ സമാശ്വസിപ്പിച്ചു. സിഖ് കുടുംബത്തില്‍ ജനിച്ച് മുസ് ലിമായി നടിച്ച വഞ്ചന പൊറുക്കാത്ത മകനോട് എന്തുപ്രായശ്ചിത്തം ചെയ്യുമെന്ന ആകുലത വിഴുങ്ങാന്‍ ശ്രമിച്ചിട്ടും സാധ്യമാകാതിരുന്നപ്പോള്‍ അവള്‍ അമ്മയുടെയും സഹോദരിയുടെയും പാത പിന്തുടരാന്‍തന്നെ തീരുമാനിച്ചു. അവര്‍ സ്വയം ജീവനൊടുക്കിയ അതേ കിണറ്റില്‍ ചാടി ഒരുദിവസം അവളും സ്വയം ജീവന്‍ കവര്‍ന്നു. കിണറ്റില്‍ പൊങ്ങിക്കിടന്ന മൃതദേഹം ആദ്യം കണ്ടവരിലൊരാള്‍ അവളുടെ മകന്‍ തന്നെ ആയിരുന്നു. ഒരുപക്ഷേ, അവന്‍െറ പക അതോടെ അവസാനിച്ചിട്ടുണ്ടാകാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.