കുമ്പസാരക്കൂട്ടില്‍

എപ്പോഴുമെപ്പോഴും പാപങ്ങള്‍ ചെയ്തിട്ട് പശ്ചാത്തപിക്കുവാന്‍ നേരമില്ല, ഇപ്പോഴീ പാപങ്ങള്‍ ചെയ്തുതീര്‍ക്കാം, പിന്നെ ഒന്നിച്ച് പശ്ചാത്തപിച്ചുകൊള്ളാം എന്ന് കവി പറഞ്ഞിട്ടുണ്ടല്ളോ. ഏതാണ്ട് അതേ മനോനിലയാണ് മിക്ക രാഷ്ട്രീയക്കാര്‍ക്കും. പ്രത്യേകിച്ചും ലോകനേതാക്കള്‍ എന്നു ഞെളിയുന്നവര്‍ക്ക്. അക്കൂട്ടത്തില്‍ ഒടുവിലത്തെയാളാണ് ടോണി ബ്ളെയര്‍. വയസ്സിപ്പോള്‍ അറുപത്തിരണ്ട്. പിന്നിട്ട ജീവിതത്തിലേക്കു പാളിനോക്കേണ്ട പ്രായമൊക്കെയായി. ആവുന്ന കാലത്ത് ലോകത്തിന്‍െറ ഭൂപടംതന്നെ മാറ്റിവരക്കാന്‍ പറ്റുന്ന പാകത്തിന് പാപങ്ങള്‍ ചെയ്തുകൂട്ടി. ഇപ്പോള്‍ പശ്ചാത്തപിക്കുന്നു. എന്‍െറ പിഴ, എന്‍െറ പിഴ, എന്‍െറ വലിയ പിഴ എന്നു വിലപിക്കുന്നു. അമേരിക്കയോട് കൂട്ടുകൂടി ഇറാഖിനെ ആക്രമിച്ചത് തെറ്റ് എന്നിപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പതിനായിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതിനും ഐ. എസ് എന്ന തീവ്രവാദിസംഘത്തെ വളര്‍ത്തിയതിനും ലോകജനതയോട് മാപ്പുചോദിച്ചിരിക്കുന്നു.
ബ്രിട്ടന്‍െറ ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയായിരുന്നു ഒരുകാലത്ത്. സ്ഥാനമൊഴിഞ്ഞ് കുറച്ചുകാലം കഴിയുമ്പോഴേക്കും ബ്രിട്ടീഷ് പൊതുജീവിതത്തിലെ ഏറ്റവും നിന്ദിക്കപ്പെടുന്ന, അധിക്ഷേപിക്കപ്പെടുന്ന വ്യക്തിയായി. വന്‍കിട കോര്‍പറേറ്റുകളുമായായിരുന്നു കൂട്ട്. ആയിരം കോടി പൗണ്ട് സമ്പാദിച്ചുവെച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്താ കാര്യം, ലണ്ടനിലെ പൊതുനിരത്തിലിറങ്ങാന്‍ പറ്റില്ല. അപ്പോഴേക്കും പ്ളക്കാര്‍ഡുകളും പൊക്കിപ്പിടിച്ച് ആളുകള്‍ ഓടിക്കും. ‘ഒരു യാത്ര: എന്‍െറ രാഷ്ട്രീയ ജീവിതം’ എന്ന പേരില്‍ ഓര്‍മക്കുറിപ്പുകള്‍ എഴുതി പുസ്തകമാക്കിയിരുന്നു, അഞ്ചുകൊല്ലം മുമ്പ്. അതിന്‍െറ പ്രകാശനംപോലും നേരാംവണ്ണം നടത്താന്‍ കഴിഞ്ഞില്ല. പ്രതിഷേധം പേടിച്ച് ചടങ്ങ് റദ്ദാക്കേണ്ടിവന്നു. ചാള്‍സിന്‍െറയും ഡയാനയുടെയും മകന്‍ വില്യമിന്‍െറ കല്യാണത്തിനുപോലും വിളിച്ചില്ല. കഴിഞ്ഞ കൊല്ലം ജനുവരിയില്‍ കുടുംബത്തെയും കൂട്ടി ഭക്ഷണം കഴിക്കാന്‍ റസ്റ്റാറന്‍റില്‍ കേറിയതാണ്. ഒരു വെയ്റ്റര്‍ വന്ന് ചുമലില്‍ കൈവെച്ച് പറഞ്ഞു, ‘നിങ്ങളൊരു യുദ്ധക്കുറ്റവാളിയാണ്. ഇറാഖിനെതിരെ ആക്രമിച്ച് ലോകസമാധാനം കെടുത്തിയ നിങ്ങളെ ഞാന്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത് ഒരു പൗരന്‍െറ അറസ്റ്റാണ്. എന്‍െറ കൂടെ പൊലീസ് സ്റ്റേഷന്‍ വരെ വരണം’ എന്ന്. മകന്‍ സെക്യൂരിറ്റിയെ വിളിക്കാന്‍ പോയതുകൊണ്ട് വെയ്റ്റര്‍ പിന്‍വാങ്ങി. അല്ളെങ്കില്‍ അന്ന് പൗരനാല്‍ അറസ്റ്റ് ചെയ്യപ്പെടുന്ന മുന്‍പ്രധാനമന്ത്രിയാകുമായിരുന്നു.
1812ല്‍ അധികാരത്തിലേറിയ ലോര്‍ഡ് ലിവര്‍പൂളിനുശേഷമുള്ള ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. അമേരിക്കന്‍ സ്റ്റൈല്‍ മുന്‍ ഭരണാധികാരിയാകാനാണ് ശ്രമിച്ചത്. ജിമ്മി കാര്‍ട്ടറും ബില്‍ ക്ളിന്‍റനുമെല്ലാം സ്ഥാനമൊഴിഞ്ഞതിനുശേഷവും പൊതുജീവിതത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ്. ബ്രിട്ടനില്‍ അങ്ങനെയല്ല. മുന്‍ ഭരണാധികാരികളെല്ലാം പതിയെ ചരിത്രത്തിലേക്കു പിന്‍വാങ്ങുകയാണ് പതിവ്. ജോണ്‍ മേജറും മാര്‍ഗരറ്റ് താച്ചറുമൊന്നും കസേരയില്‍നിന്നിറങ്ങിയതിനുശേഷം പൊതുനയം സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ബ്ളെയര്‍ പക്ഷേ പതിവായി അതൊക്കെ ചെയ്യാറുണ്ടായിരുന്നു. ആഗോള ഭീകരതയെയും ഇറാഖിരാഷ്ട്രീയത്തെയും കുറിച്ച് വാതോരാതെ സംസാരിച്ചു. 2008ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പ്രസംഗകനായിരുന്നു. 90 മിനിറ്റ് പ്രസംഗത്തിന് വാങ്ങിയ പ്രതിഫലം 2,50,000 ഡോളര്‍. ഒരുപാട് സന്നദ്ധ സംഘടനകള്‍ സ്ഥാപിച്ചു. ബില്‍ ക്ളിന്‍റനെപ്പോലെ പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടത്തെി. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളില്‍ രാജ്യങ്ങള്‍ക്ക് തന്ത്രപരമായ ഉപദേശങ്ങള്‍ കൊടുത്ത് പണം വാങ്ങാന്‍ ‘ടോണി ബ്ളെയര്‍ അസോസിയേറ്റ്സ്’ എന്ന കമ്പനി തന്നെയുണ്ടാക്കി. ആദ്യ ക്ളയന്‍റ് കുവൈത്ത് ആയിരുന്നു. കസാഖ്സ്താന്‍, അസര്‍ബൈജാന്‍ സര്‍ക്കാറുകളെയൊക്കെ ഉപദേശിക്കുന്ന പണിയുണ്ടായിരുന്നു. അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍െറയും റഷ്യയുടെയും ഐക്യരാഷ്ട്രസഭയുടെയും പശ്ചിമേഷ്യന്‍ ദൂതനായിരിക്കെയാണ് ഈ പണിയില്‍ ഏര്‍പ്പെട്ടത്.   
ഇറാഖ് ആക്രമണത്തിനുശേഷം യുദ്ധകുറ്റകൃത്യങ്ങളുടെ പേരില്‍ ബ്ളെയര്‍ വിചാരണ ചെയ്യപ്പെടണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിട്ടുണ്ട്. ബിഷപ് ഡെസ്മണ്ട് ടുട്ടുവും എഴുത്തുകാരായ ഹരോള്‍ഡ് പിന്‍ററും അരുന്ധതി റോയിയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ബ്ളെയറിനെ വിചാരണചെയ്യണമെന്ന് ആവശ്യപ്പെട്ടു. 2011ല്‍ ക്വാലാലംപുര്‍ യുദ്ധകുറ്റകൃത്യ കമീഷന്‍ സൃഷ്ടിച്ച മോക് ട്രൈബ്യൂണല്‍ ബുഷിനെയും ബ്ളെയറിനെയും യുദ്ധക്കുറ്റവാളികളെന്നു വിധിച്ചു. തന്നെ വെള്ളപൂശാനാണ് ഓര്‍മക്കുറിപ്പുകള്‍ എഴുതിയത്. പുസ്തകത്തിന് റോയല്‍റ്റിയും അഡ്വാന്‍സുമൊക്കെയായി കിട്ടുന്ന 4.6 ദശലക്ഷം പൗണ്ട് യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികര്‍ക്ക് നല്‍കുമെന്ന് ബ്ളെയര്‍ പ്രഖ്യാപിച്ചു. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളില്‍ നഷ്ടപ്പെട്ട ജീവനുകള്‍ക്കായുള്ള ചോരപ്പണമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. കുറ്റബോധത്തില്‍നിന്നുണ്ടായ തീരുമാനമെന്നും വിലയിരുത്തപ്പെട്ടു. 2010 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ആത്മകഥ നന്നായി വിറ്റുപോയി. അയര്‍ലന്‍ഡില്‍ ഒരഭിമുഖം കൊടുക്കാന്‍ എത്തിയ ബ്ളെയറിനെ പ്രതിഷേധക്കാര്‍ നേരിട്ടു. ചീമുട്ടയും ഷൂസുംകൊണ്ട് ഏറുകിട്ടിയത് ഡബ്ളിനിലെ ഈസണ്‍ ബുക്സ്റ്റോറില്‍ തന്‍െറ പുസ്തകം ഒപ്പിട്ടുനല്‍കാനത്തെിയപ്പോള്‍. സുരക്ഷാവലയം ഭേദിച്ചുകടന്ന ഇരുനൂറില്‍പരം യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ ‘യുദ്ധക്രിമിനല്‍’ എന്ന് ആര്‍ത്തുവിളിച്ചു. ‘നോക്കൂ, ആ കൈകളില്‍ ചോരപുരണ്ടിരിക്കുന്നു’ എന്ന് മുദ്രാവാക്യം മുഴക്കി. 1956ല്‍ ഈജിപ്തിനെ കീഴടക്കാന്‍ ബ്രിട്ടീഷ് സൈനികരെ അയച്ച ആന്‍റണി ഈഡനുശേഷം ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി എടുത്ത ഏറ്റവും തര്‍ക്കമേറിയ വിദേശനയ തീരുമാനമായിരുന്നു, ഇറാഖ് ആക്രമണത്തിന് സൈനികരെ അയക്കാനുള്ള നടപടി.
സ്വന്തം പാര്‍ട്ടിയില്‍പോലും ഗതിയില്ലാത്ത സ്ഥിതിയാണിന്ന്. സ്വന്തം അനുയായികളുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ തലമുറ ലേബര്‍ എം.പിമാര്‍ ബ്ളെയറിനെ വകവെക്കുന്നില്ല. 1997 മുതല്‍ 2007 വരെ പ്രധാനമന്ത്രിയായിരുന്ന ഒരാള്‍ക്ക്, അതും മൂന്നുതവണ ലേബര്‍ പാര്‍ട്ടിയെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച നേതാവിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടി. ലോകം മുഴുവന്‍ പ്രൈവറ്റ് ജെറ്റ് വിമാനങ്ങളില്‍ പറന്നുനടന്ന് തങ്ങളുടെ മുന്‍ നേതാവ് ഇത്രയും പണമുണ്ടാക്കുന്നതെന്തിനെന്ന് ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.
ആന്‍റണി ചാള്‍സ് ലിന്‍റണ്‍ ബ്ളെയര്‍ എന്നാണ് യഥാര്‍ഥ പേര്. 1980ല്‍ വിവാഹം കഴിച്ചു. ചെറി ബൂത്ത് ആണ് ഭാര്യ. നാലു കുട്ടികള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.