സാമൂഹികപരിവര്‍ത്തന ചരിത്രത്തിലെ അവിസ്മരണീയ അധ്യായം

ജാതി വിഭജനങ്ങളും അടിച്ചമര്‍ത്തലുകളും അക്രമങ്ങളും അധീശത്വം പുലര്‍ത്തിയിരുന്ന സമൂഹത്തില്‍ വിമോചനത്തിന്‍െറ പൊന്‍വെളിച്ചം പകര്‍ന്ന കര്‍മയോഗിയായിരുന്നു റവ. ജോസഫ് പീറ്റ്. മനുഷ്യബന്ധങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി അയിത്തം ആചരിക്കപ്പെട്ടിരുന്ന സമൂഹത്തില്‍ ‘ഭവന സന്ദര്‍ശനം’ നടത്തിയും അനാചാരങ്ങളുടെ തിമിരം ബാധിച്ചിരുന്ന ആളുകള്‍ക്ക് ക്രമീകൃതമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതീക്ഷകള്‍ നല്‍കിയും സാമൂഹിക സംഘാടനത്തിന് പുതിയ മാതൃക നല്‍കിയത് റവ. ജോസഫ് പീറ്റ് എന്ന പ്രതിഭയായിരുന്നു.
കേരളത്തില്‍ ആദ്യത്തെ പൊതുവഴി നിലവില്‍വന്നത് 1860ല്‍ ആണെന്ന് ചരിത്രരേഖകള്‍ പറയുന്നു. വഴി നടക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന ജനങ്ങള്‍ ഒരുവശത്തും എല്ലാ പദവികളും അനുഭവിച്ചിരുന്ന വരേണ്യ ന്യൂനപക്ഷം മറുവശത്തുമായി വിഭജിക്കപ്പെട്ടിരുന്ന സമൂഹത്തിലേക്ക് മനുഷ്യസമത്വത്തിന്‍െറ സന്ദേശവുമായി വന്നണഞ്ഞ മാര്‍ഗദര്‍ശിയായിരുന്നു  ജോസഫ് പീറ്റ്.

മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ശാസ്ത്രഗ്രന്ഥമായ ‘കേരളത്തിന്‍െറ ഭൂമിശാസ്ത്ര’ത്തിന്‍െറയും മലയാളത്തിലെ ആദ്യ വിവര്‍ത്തന നോവലായ ‘ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ’യുടെയും രചയിതാവ് 1801ല്‍ ഇംഗ്ളണ്ടില്‍ ജനിച്ച് 1833 മുതല്‍ കേരളത്തിലത്തെി പ്രവര്‍ത്തിച്ച വ്യാകരണ പണ്ഡിതനും നാവികനും മനുഷ്യസ്നേഹിയുമായിരുന്ന ജോസഫ് പീറ്റ് ആയിരുന്നു. അദ്ദേഹത്തിന്‍െറ 150ാം ചരമവാര്‍ഷികദിനമാണിന്ന്. കാതറിന്‍ ഹനമുല്ലന്‍സ് 1857ല്‍ ബംഗാളിയില്‍ രചിച്ച നോവലാണ് ‘ഫുല്‍മോനി കോരുണ’ എന്ന കൃതി. അതിന്‍െറ പരിഭാഷ മലയാളഭാവുകത്വത്തില്‍ നിര്‍ണായക ചലനങ്ങള്‍ക്ക് വഴിയൊരുക്കുകയുണ്ടായി.

റവ. ബഞ്ചമിന്‍ ബെയ്ലിയോടൊപ്പം പ്രവര്‍ത്തിച്ച വേളയിലാണ് പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാന്‍ തുടങ്ങിയത്. മുമ്പ് ബ്രിട്ടനില്‍ വില്യം വില്‍ബര്‍ ഫോഴ്സിന്‍െറ നേതൃത്വത്തില്‍ നടത്തിയ അടിമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്‍െറ അനുഭവജ്ഞാനംകൂടിയായപ്പോള്‍ റവ. പീറ്റിന് പുതിയ കര്‍മഭൂമി തുറന്നുകിട്ടുന്ന അനുഭവമായിരുന്നു. 1835 മാര്‍ച്ച് എട്ടിന് അടിമവിമോചനത്തിനായി പീറ്റ് പുറപ്പെടുവിച്ച വിളംബരം ലോകമെങ്ങുമുള്ള സാമൂഹിക സംഘാടനത്തിന്‍െറയും സാമൂഹിക പഠനത്തിന്‍െറയും പുത്തന്‍പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്നും പകര്‍ന്നുനല്‍കുന്നു.

അടിമ വ്യവസ്ഥിതി നിലവിലിരുന്ന കപ്പലുകളില്‍ യാത്രചെയ്യാതിരുന്ന പീറ്റ് സഞ്ചാരത്തിനായി അനവധി ത്യാഗങ്ങള്‍ സഹിച്ചു. കപ്പലുകളിലെ അടിമ വ്യവസ്ഥിതിക്കെതിരായി ശബ്ദം ഉയര്‍ത്തിയതിനാല്‍ കൂടുതല്‍ യാത്രക്കൂലി നല്‍കേണ്ടി വന്നു. കൂടുതല്‍ കാലവിളംബം നേരിടേണ്ടിവന്നു. കേരളത്തിലും വ്യവസ്ഥാപിതമായ സംവിധാനങ്ങള്‍ പലതും അദ്ദേഹത്തിന് എതിരായി. ബാര്‍ട്ടര്‍ സംവിധാനത്തിനെതിരായി പണവ്യവസ്ഥയുള്ളതും ജാതിരഹിതവുമായ കാര്‍ഷിക വിപണികള്‍ സംഘടിപ്പിച്ചപ്പോള്‍ രാജാധികാരത്തെ ചോദ്യംചെയ്യാനാണിതെന്ന് പ്രചാരണമുണ്ടായി. പീറ്റ് സ്വതന്ത്രമാക്കിയ അടിമകളുടെ വസ്തുവകകള്‍ക്കും കുടിലുകള്‍ക്കുംനേരെ നിരന്തരം ആക്രമണങ്ങള്‍ അരങ്ങേറി.
ഉള്‍ക്കരുത്തിന്‍െറയും ദൈവത്തിലുള്ള  അചഞ്ചല വിശ്വാസത്തിന്‍െറയും പ്രതീകമായിരുന്ന പീറ്റ് തളര്‍ന്നുപോകാതെ പ്രവര്‍ത്തിക്കാനുള്ള അഭിപ്രേരണകള്‍ നല്‍കിക്കൊണ്ടേയിരുന്നു. ഉന്നതകുലജാതര്‍ക്ക് മാത്രം പ്രവേശം അനുവദിക്കപ്പെട്ടിരുന്ന സ്കൂളുകളില്‍ അധ$സ്ഥിതരെ പ്രവേശിപ്പിച്ചു. 1833ല്‍ കാസ്റ്റ് സ്കൂളുകള്‍ക്ക് പകരമായി പുതിയ സ്കൂളുകള്‍ ആരംഭിച്ചു. പുതിയ ബോധന മാതൃകകളുമായി അവതരിപ്പിക്കപ്പെട്ട സ്കൂളുകളില്‍ ആദ്യം പ്രചരിപ്പിച്ച പുസ്തകങ്ങള്‍ തിരുക്കുറലും തിരുവാസകവുമായിരുന്നുവെന്ന് ചരിത്രരേഖകള്‍ പറയുന്നു. പാശ്ചാത്യലോകത്തെ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്ന സമുദ്ര പര്യവേക്ഷകനായ പീറ്റ്, കേരളത്തിലത്തെി ഭാഷ പഠിച്ച്, ജനക്ഷേമകരങ്ങളായ ഒട്ടേറെ പദ്ധതികളും, പ്രത്യേകിച്ച് അന്ന് പാശ്ചാത്യ സര്‍വകലാശാലയില്‍ പ്രചരിച്ച ശാസ്ത്രവിഷയങ്ങളും കേരളത്തില്‍ അവതരിപ്പിച്ചു എന്നതും  മതേതര പശ്ചാത്തലത്തിലുള്ള പുസ്തകങ്ങള്‍ പ്രചരിപ്പിച്ചു എന്നതും ആശ്ചര്യകരമായിരുന്നു.
1841ല്‍ മലയാളത്തിന് വ്യാകരണ ഗ്രന്ഥം നല്‍കിയ അദ്ദേഹം 1855ല്‍ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി.

ഒരു സമൂഹം എന്ന നിലയിലുള്ള കേരളത്തിന്‍െറ വളര്‍ച്ചക്ക് പീറ്റിന്‍െറ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ത്വരകമായി. കേരളത്തില്‍, പ്രത്യേകിച്ച് മധ്യകേരളത്തില്‍ പുസ്തകം വായിച്ച് കേള്‍പ്പിക്കുന്ന വായനക്കാരെയും ധാര്‍മിക ബോധനം നടത്തുന്ന കാറ്റക്കിസ്റ്റുകളെയും (Catechists) അച്ചടി ദുര്‍ലഭമായിരുന്നതിനാല്‍ പുസ്തകങ്ങളുടെ പകര്‍പ്പ് എഴുതി പ്രചരിപ്പിക്കുന്ന എഴുത്തുകാരെയും നിയോഗിച്ചു.
അവര്‍ പിന്നീട് അധ്യാപകരായി. ചിലര്‍ സഭയിലെ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുണ്ടായിരുന്ന പീറ്റര്‍ ക്രൂഗര്‍, ജെയിംസ് റോഡ് എന്നിവര്‍ അക്കാലത്തെ ഏറ്റവും മുന്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി പീറ്റിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

കാര്‍ഷിക മേഖലയിലും പീറ്റിന്‍െറ ശ്രദ്ധ പതിഞ്ഞിരുന്നു. അഷ്ടമുടി മുതല്‍ അരൂര്‍ വരെയുള്ള കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചും പുതിയ കൃഷിരീതികള്‍ അവതരിപ്പിച്ചും കര്‍ഷകത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയും കാര്‍ഷിക വിഭവങ്ങള്‍ സംഭരിക്കാന്‍ വ്യാപാരികള്‍ തമ്പടിച്ചിരുന്ന സ്ഥലങ്ങളില്‍ ‘ദൈവത്താന്‍ നാടകങ്ങള്‍’ അവതരിപ്പിച്ചും അധ$സ്ഥിത ജനവിഭാഗങ്ങളെ സഭയിലും സ്കൂളിലും പ്രവേശിപ്പിച്ചും അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു നിശ്ശബ്ദ വിപ്ളവത്തിന് തിരിതെളിയിച്ചു. അക്രമങ്ങള്‍ക്കും ദുഷ്പ്രചാരണത്തിനും പരിഹാസത്തിനും മുന്നില്‍ പതറാതെ സുവിശേഷ വചനങ്ങളില്‍നിന്ന് ഊര്‍ജം സംഭരിച്ച് ജനതകളെ സാമൂഹിക നവീകരണത്തിന് പ്രേരിപ്പിച്ച ക്രാന്തദര്‍ശിയായിരുന്നു ജോസഫ് പീറ്റ്. ‘ബദല്‍ വിദ്യാഭ്യാസത്തിന്‍െറ പിതാവ്’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്‍െറ ജീവിതവും കര്‍മമാതൃകയും പുതിയ തലമുറകള്‍ക്ക് ദിശാബോധവും സമന്വയ ശക്തിയും പകരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.