കടയ്ക്കൽ (കൊല്ലം): യുവാവിന്‍റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം. കുറ്റിക്കാട് പാറയിൽ വീട്ടിൽ ബൈജു (44) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ആറുമാസം മുമ്പ് ബൈജുവിന്‍റെ കാലിൽ തെരുവുനായ് നക്കിയിരുന്നതായി ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞു. ചൊവ്വാഴ്ച പകൽ ബൈജു ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളെയും തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന്, പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ, ബൈജു പോയില്ല. അന്നേദിവസം രാത്രിയോടെ ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് വീണ്ടും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കടയ്ക്കൽ പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. തുടർന്നാണ് പേവിഷബാധയേറ്റാണ് ബൈജു മരിച്ചതെന്ന സ്ഥിരീകരണം ആരോഗ്യവകുപ്പിനും പൊലീസിനും ലഭിച്ചത്. ബൈജുമായി സമ്പർക്കമുണ്ടായിരുന്ന ആൾക്കാരും ഇൻക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും പേവിഷബാധ വാക്സിനെടുക്കാൻ നിർദേശിച്ചിരിക്കുകയാണ്.
ബൈജു മരിച്ച ദിവസം ഡോക്ടർ സംശയമുന്നയിച്ചതിനെ തുടർന്ന് സമ്പർക്കമുണ്ടായ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ മുൻകരുതൽ എന്ന നിലയിൽ പേവിഷ ബാധക്കെതിരെയുള്ള ആദ്യ ഡോസ് വാക്സിൻ എടുത്തിരുന്നു. ഇക്കാലയളവിൽ ബൈജുവുമായി ഇടപഴകിയിട്ടുള്ളവർ അടിയന്തരമായി വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.