???? ?????

പുതു ഹൃദയത്തിൽ പത്തരമാറ്റ് വിജയവുമായി ഫിനു ഷെറിൻ

ഒരുനാടും സ്കൂളും ഫിനു ഷെറി​െൻറ എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിനായി കാതോർത്തിരുന്ന ദിവസമായിരുന്നു ചൊവ്വാഴ്ച...പക്ഷേ ആരുടെയും പ്രതീക്ഷക്ക് അവൾ മങ്ങലേൽപ്പിച്ചിരുന്നില്ല...ഒമ്പത് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എ ഗ്രേഡും നേടിയാണ് മികച്ച വിജയം കൊയ്തത്. നാടിനും സ്കൂളിനും ആ വിജയം ശരിക്കും ആഘോഷമായിരുന്നു. കാരണം ആശങ്കയുടെയും പ്രതീക്ഷയുടെയയും പ്രാർഥനയുടെയും ചിറകേറിയായിരുന്നു അവൾ ജീവിതത്തിലേത്ത് തിരികെ വന്നതും ഇപ്പോൾ മിന്നുംവിജയം നേടിയതും... ഈ വിജയത്തിനെന്താ ഇത്ര തിളക്കം എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല. കാരണം ഹൃദയവീക്കത്തെ തുടർന്ന് മൂന്ന് വർഷത്തോളം തളർത്തിയ അസുഖത്തി​െൻറയും ചികിത്സയുടെ‍യും പിടിയിൽ നിന്ന് പുഞ്ചിരിയോടെയായിരുന്നു അവളുടെ തിരിച്ചുവരവ്...ഗ്രേസ് മാർക്കില്ലാതെ ദിനേനയുള്ള മരുന്നി​െൻറയും ഇടക്കുള്ള മെഡിക്കൽ ചെക്കപ്പിനെയും അതിജയിച്ചുള്ള പത്തരമാറ്റ് നേട്ടം തന്നെയാണത്.......

തുന്നിച്ചേർത്ത ഹൃദയം
കോഴിക്കോട്‌ ജില്ലയിലെ മടവൂർ- ചക്കാലക്കൽ ഹൈസ്കൂൾ പത്താം ക്ലാസ്‌ വിദ്യാർഥിനിയാണ് 17കാരി ഫിനു ഷെറിൻ. 2017ൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നതിനിടെ ഇടക്ക് മിടിക്കാൻ മടിച്ച് പിണങ്ങിയതായിരുന്നു അവളുടെ കുഞ്ഞുഹൃദയം. മനുഷ്യൻ ജനിക്കുന്നതിനു മുമ്പ് ഭ്രൂണാവസ്ഥയിൽ 22 ദിവസം പ്രായമാകുന്നതോടെ സ്പന്ദിച്ചു തുടങ്ങുന്ന ഹൃദയം മരണത്തോടെ മാത്രമാണു നിലയ്ക്കുന്നതെന്നാണ് ശാസ്ത്രം.

പക്ഷേ വിധിയുടെ മുമ്പിൽ ഫിനുവിൻറെ ഹൃദയം തളർന്നിരുന്നു. അവളുടെയും കുടുംബത്തി ​െൻറയും സന്തോഷങ്ങൾ തല്ലിക്കെടുത്തിയ ദിനങ്ങളായിരുന്നു പിന്നീട്. പക്ഷേ ആ വിധിയെയും തട്ടിത്തെറിപ്പിച്ചാണ് ഫിനു ജീവിതത്തിലേക്ക് തിരികെ വന്നത്. മിടിക്കാൻ മടിച്ച അവളുടെ ഹൃദയത്തിന് പകരം ഇന്ന് സ്പന്ദിക്കുന്നത് മറ്റൊരുഹൃദയമാണ്. ബൈക്ക് അപകടത്തിൽ മസ്തിഷ്ക്ക മരണം സംഭവിച്ച വളയനാട് സുനിൽ -ബീന ദമ്പതികളുടെ ഏക മകൻ വിഷ്ണുവിൻറെ ഹൃദയമാണ് ഭാവഭേദമില്ലാതെ ഫിനുവിലൂടെ സ്പന്ദിക്കുന്നത്. വർഷങ്ങളോളം മറ്റൊരു  ശരീരത്തിനൊപ്പം ചേർന്നുനിന്ന ഒരു ഹൃദയം ഫിനുവിലേക്ക് തുന്നിച്ചേർത്തതിൻരെ കഥ കൂടി പറയാനുണ്ട്

ഫിനുവിനായി സ്പന്ദിച്ച ഹൃദയങ്ങൾ
‘ ചെറിയ കുട്ടിയല്ലേ. ഹാർട്ട് വീക്കാണ്. മാറ്റിവെക്കുകയല്ലാതെ മാർഗമില്ല’ കോഴിക്കോട് മെഡിക്കൽ കോളജിൽ ഫിനുവിനെ വിശദമായി പരിശോധിച്ച ശേഷം ഡോ: രാജേഷ് നായർ ഇങ്ങനെ പറഞ്ഞപ്പോൾ പ്രവാസിയായിരുന്ന പിതാവ് കെ.പി സിദ്ധീഖി​െൻറയും ഉമ്മ ഷെറീനയുടെയും ഹൃദയമിടിപ്പിന് ഭീതിയുടെ താളമായിരുന്നു. 20മുതൽ 30 ലക്ഷത്തിലേറെയാണ് ഹൃദയം മാറ്റിവെക്കുന്നതിന് ചെലവ് വരുന്നത്. അതും അനുയോജ്യ ഹൃദയം കിട്ടിയാൽ മാത്രം.

പഠനത്തിൽ മിടുക്കിയായിരുന്നു ഫിനു. കളിയും ചിരിയും ആട്ടും പാട്ടുമായി കൂട്ടുകാർക്കൊപ്പം തുള്ളിച്ചാടി നടന്നിരുന്ന ഒമ്പതാം ക്ലാസ്സുകാരിയുടെ വിളറിയ പുഞ്ചിരി സഹപാഠികളെയും അധ്യാപകരെയും നാട്ടുകാരെയും ഏറെ വേദനിപ്പിച്ചിരുന്നു. പക്ഷേ അവൾക്കായി സുമനസ്സുകൾ കൈകോർത്തു. ഒടുവിൽ മാസങ്ങളോളം ഒരു നാടി​െൻറയും സ്കൂളി​െൻറയും ഹൃദയ സ്പന്ദനം അവൾ മാത്രമായിരുന്നു. നാട്ടുകാർ, കൂട്ടുകാർ, അധ്യാപകർ, പ്രവാസികൾ  തുടങ്ങിയവരുടെ സഹായത്തോടെ  ചികിത്സാ പണം സമാഹരിച്ചു. 


തുടർന്ന് ശസ്ത്രക്രിയക്കായി കോഴിക്കോട് മെട്രോ കാർഡിയാക് സ​െൻററിലെ ഡോ. നന്ദകുമാറിൻറെ കീഴിലായിരുന്നു ഫിനുവിനെ അഡ്മിറ്റ് ചെയ്തത്. പക്ഷേ അപ്പോഴേക്കും കേരളത്തിൽ അവയവ ദാനം സങ്കീർണമാക്കിക്കൊണ്ട് ഉത്തരവിറങ്ങിയതോടെ സകല പ്രതീക്ഷയും അറ്റു. തുടർന്നാണ് അനുയോജ്യ ഹൃദയം തേടി ബാംഗ്ലൂർ നാരായണ ഹൃദയാലയത്തിലേക്ക് വിമാനം കയറിയത്. അവിടെ നാല് മാസത്തെ താമസത്തിനിടെ ലഭ്യമായ സമാന ഗ്രൂപ്പിലുള്ള ഹൃദയങ്ങളും ഭാരക്കൂടുതലുള്ളവരുടെതായതിനാൽ സർജറി അനന്തമായി നീണ്ടു. ഇതിനിടെയാണ് മെട്രോയിൽ നിന്ന് വീണ്ടും വിളി വന്നതും നാരായണയിൽ നിന്ന്  കാസർഗോഡുകാരൻ ഹനീഫയുടെ സഹായത്തോടെ നാലര മണിക്കൂർ കൊണ്ട് ആമ്പുലൻസിൽ ഫിനുവിനെ മെട്രോയിലെത്തിച്ചതും സർജറി നടത്തിയതും. ഫിനു ഇന്ന് പൂർണ്ണ ആരോഗ്യവതിയാണ്.

ഫിനു ഷെറിൻ കുടുംബത്തോടൊപ്പം
 


മരണം ബാക്കിവെച്ചത്
നിങ്ങളുടെ അവയവങ്ങൾ സ്വർഗത്തിലേക്ക് കൊണ്ടുപോകേണ്ട. ദൈവത്തിനറിയാം അവയുടെ ആവശ്യം ഭൂമിയിലുണ്ടെന്ന്. മരണത്തിനുശേഷവും സ്വന്തം ജീവൻ മറ്റൊരാൾക്കായി പകുത്തുകൊടുക്കുകയാണ് അവയദാനത്തിലൂടെ ഒരാൾ ചെയ്യുന്നത്. അതിനെക്കാൾ വലിയ നന്മയില്ല. സദാ പുഞ്ചിരിക്കുന്ന മുഖവുമായി കാൽപന്തുകളിയെ പ്രണയിച്ച് നടന്നിരുന്ന നെല്ലിക്കോട് പൂതംകുഴി മീത്തൽ വിഷ്ണു മരണത്തെ തോൽപ്പിച്ചത് സ്വന്തം അവയവദാനത്തിലൂടെയായിരുന്നു.

ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഏക മകൻ  വിഷണുവി​െൻറ അവയവങ്ങൾ ദാനം ചെയ്യാൻ പിതാവ് സുനിൽകുമാറിനും അമ്മ ബീനക്കും മറുത്തൊന്നും ചിന്തിക്കേണ്ടി വന്നിരുന്നില്ല. മകൻ ഭൂമിയിൽ നിന്നും പെട്ടെന്ന് ഇല്ലാതെയാകുന്നതിനേക്കാൾ മറ്റൊരാളിലെ ഒരു ഹൃദയത്തുടിപ്പെങ്കിലുമായി അവശേഷിക്കുന്നത് കാണാൻ സങ്കടക്കയത്തിലും ഇരുവരും കൊതിച്ചിരുന്നു. ഫിനു ഉൾപ്പെടെ ആറോളം പേർക്ക് ഈ ലോകത്തു തുടരാൻ അവസരമൊരുക്കിയാണ് വിഷ്ണു മണ്ണോട് ചേർന്നത്.
 

വിജയം അച്ഛനും അമ്മക്കും ചേട്ടനും
ത ​െൻറ വിജയം ഹൃദയം തന്ന ചേട്ടനും അവരുടെ അച്ഛനും അമ്മക്കും താങ്ങായി നിന്ന നാട്ടുകാർ വീട്ടുകാർ ഉൾപ്പെടെ എല്ലാവർക്കുമാണ് ഫിനു സമർപ്പിക്കുന്നത്. എ ഗ്രേഡ് ലഭിച്ച ഇംഗ്ലീഷ് പേപ്പർ റീ വാല്വേഷന് നൽകാനുള്ള ഒരുക്കത്തിലുമാണ്. പ്ലസ്ടുവിന് സയൻസ് എടുക്കാനാണ് താത്പര്യം. ഭാവിയിൽ ടീച്ചറാവണമെന്നാണ് ആഗ്രഹം...

Tags:    
News Summary - sslc herat transplanted student-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.